Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്.എ.ടി.യിൽ ഐസിയു സംവിധാനം മൂന്നിരട്ടിയോളമാക്കി; ഫോൺ വഴി ലാബ് പരിശോധനാ ഫലം യാഥാർത്ഥ്യമാക്കി

എസ്.എ.ടി.യിൽ ഐസിയു സംവിധാനം മൂന്നിരട്ടിയോളമാക്കി; ഫോൺ വഴി ലാബ് പരിശോധനാ ഫലം യാഥാർത്ഥ്യമാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ നാട് ആഗ്രഹിച്ച ചികിത്സാ സംവിധാനത്തിൽ ഏറ്റവും പ്രധാന ഇടപെടലിന്റെ സാക്ഷാത്ക്കാരമാണ് പുതിയ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എസ്.എ.ടി. ആശുപത്രി നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുട്ടികൾക്ക് തീവ്ര പരിചരണത്തിന് കിടക്ക മതിയാകാതെ വരുന്നത്. മാതാപിതാക്കളുടെ പ്രയാസവും സ്വകാര്യ ആശുപത്രികളിൽ പോകുമ്പോഴുള്ള സാമ്പത്തിക ബാധ്യതയും മനസിലാക്കിയാണ് 32 ഐസിയു കിടക്കകൾ സജ്ജമാക്കിയത്. മുമ്പ് പീഡിയാട്രിക് ഐസിയുവിൽ 18 കിടക്കകളായിരുന്നു ഉണ്ടായത്. അതാണ് 50 ആക്കിയത്. ഇത് എസ്.എ.ടി.യുടെ ചികിത്സാ സേവനത്തിൽ കരുത്താകുമെന്നും മന്ത്രി വ്യക്തമാക്കി. എസ്.എ.ടി.യിൽ കുട്ടികളുടെ തീവ്രപരിചരണ വിഭാഗം, മെഡിക്കൽ കോളേജിൽ ഇ ഹെൽത്ത് ഓൺലൈൻ ലാബ് റിപ്പോർട്ടിങ്, നവീകരിച്ച പ്രവേശന കവാടം, എമർജൻസി വിഭാഗത്തിലെ നിരീക്ഷണ ക്യാമറ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വെല്ലുവിളി മാറിയെങ്കിലും ഇപ്പോഴും പകർച്ച വ്യാധികൾ നിലനിൽക്കുകയാണ്. ചുമയോടു കൂടിയ വൈറൽ ഇൻഫെക്ഷൻ കാണുന്നുണ്ട്. ഇത്തരം വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ നെഗറ്റീവ് പ്രഷർ സംവിധാനം തീവ്രപരിചരണ വിഭാഗത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

എസ്.എ.ടി. ആശുപത്രിയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. 12 കിടക്കകളുള്ള ഡയാലിസിസ് യണിറ്റ് സജ്ജമാക്കി. എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എസ്.എം.എ. ബാധിച്ച 21 കുഞ്ഞുങ്ങൾക്കുള്ള മരുന്ന് നൽകാൻ തീരുമാനിച്ചു. പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിൽ ഇജിജി ലാബ് സജ്ജമാക്കിവരുന്നു. സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷേറ്റീവ് അംഗീകാരം ഉയർന്ന സ്‌കോറോടെ എസ്.എ.ടി. ആശുപത്രി കരസ്ഥമാക്കി. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി എസ്.എ.ടി യിൽ പുതിയ ബ്ലോക്കും കൂടുതൽ സൗകര്യങ്ങളും ലഭ്യമാക്കും. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോട് കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ഒരു വർഷം കൊണ്ട് അമ്പതിലധികം ശസ്ത്രക്രിയകൾ നടത്തി. ഓക്സിജൻ പ്ലാന്റ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. സമർപ്പിത പീഡിയാട്രിക് കാത്ത് ലാബ് സജ്ജമാക്കി വരുന്നു.

മെഡിക്കൽ കോളേജിലും വലിയ വികസന പ്രവർത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. ആർദ്രം പദ്ധതിയുടെ ഭാഗമായി മികച്ച റിസപ്ഷൻ ഏരിയയാണ് ഐപി ബ്ലോക്കിൽ സജ്ജമാക്കിയത്. പലപ്പോഴും ലാബ് ഫലങ്ങൾ വാങ്ങാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫോണിൽ ലാബ് പരിശോധനാ ഫലം ലഭിക്കുന്ന ഇ ഹെൽത്ത് ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനം സജ്ജമാക്കിയത്. ഇ ഹെൽത്തിലൂടെ ഓൺ ലൈൻ വഴി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദീൻ എന്നിവർ പങ്കെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു സ്വാഗതവും എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു കൃതജ്ഞതയും രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കലാ കേശവൻ റിപ്പോർട്ടവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP