Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്വാറി മാഫിയ കേരളത്തിന്റെ മലനിരകളെ ഒന്നടങ്കം വിഴുങ്ങാതിരിക്കാൻ പ്രതികരിക്കൂ..! ക്വാറികളുടെ സുരക്ഷിത ദൂരപരിധിയിലെ ഹിതപരിശോധന അട്ടിമറിക്കാൻ ക്വാറി ഉടമകളുടെ ശ്രമം ശക്തം; ഓൺലൈൻ സർവേ തങ്ങൾക്ക് അനുകൂലമാക്കാൻ ആസൂത്രിത സൈബർ പ്രചരണം; വേണ്ടത് 21 ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരങ്ങൾ

ക്വാറി മാഫിയ കേരളത്തിന്റെ മലനിരകളെ ഒന്നടങ്കം വിഴുങ്ങാതിരിക്കാൻ പ്രതികരിക്കൂ..! ക്വാറികളുടെ സുരക്ഷിത ദൂരപരിധിയിലെ ഹിതപരിശോധന അട്ടിമറിക്കാൻ ക്വാറി ഉടമകളുടെ ശ്രമം ശക്തം; ഓൺലൈൻ സർവേ തങ്ങൾക്ക് അനുകൂലമാക്കാൻ ആസൂത്രിത സൈബർ പ്രചരണം; വേണ്ടത് 21 ചോദ്യങ്ങൾക്ക് നിങ്ങളുടെ ഉത്തരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനവാസ മേഖലകളിൽ നിന്നു കരിങ്കൽ ക്വാറികൾക്കു സുരക്ഷിത അകലം നിശ്ചയിക്കാൻ സംസ്ഥാനത്തു രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം നടത്തി വരികയാണ്. തിരഞ്ഞെടുത്ത ക്വാറികളിലെ സ്‌ഫോടനത്തിന്റെ ആഘാതം പ്രത്യേകം പഠിക്കുന്നതിനൊപ്പം പൊതുജനങ്ങളിൽ നിന്നും അഭിപ്രായം രൂപീകരിക്കാനുമാണ് നീക്കം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരമുള്ള ഈ നീക്കം തുടരവേ തന്നെ ക്വാറികളുടെ സുരക്ഷിത ദൂരപരിധി സംബന്ധിച്ച ഹിതപരിശോധന അട്ടിമറിക്കാനുള്ള നീക്കം ക്വാറി മാഫിയയുടെ ശക്തമാക്കി.

നയവുമായി അഭിപ്രായം പറയാതെ സർക്കാർ ഉഴപ്പുന്നതിലും ക്വാറി മാഫിയക്ക് വേണ്ടിയാണ് എന്നാണ് ആരോപണം ശക്തമാകവേയാണ് ക്വാറി മാഫിയയും അട്ടിമറി നീക്കം സജീവമാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ പൊതുജനഅഭിപ്രായം തേടാനായി ഹരിതട്രിബ്യൂണൽ ഓൺലൈൻ സർവ്വേ ആരംഭിച്ചിട്ടുണ്. എന്നാൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുള്ള സർവേയിൽ അട്ടിമറി നടത്തി സർവ്വേ തങ്ങൾക്ക് അനുകൂലമാക്കാനുള്ള നീക്കങ്ങൾ ക്വാറി മാഫിയ ആരംഭിച്ചു കഴിഞ്ഞു.

സർവേയിൽ ചോദിക്കുന്ന ചോദ്യങ്ങളും അതിൽ ക്വാറി മാഫിക്ക് അനുകൂലമായ രീതീയിലുള്ള ഉത്തരങ്ങളും രേഖപ്പെടുത്തിയ പി.ഡി.എഫ് ഫയൽ വാട്ട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയാണ് ഇവർ. ഈ ഉത്തരങ്ങളിൽ നിന്നുമുള്ളതിന്റെ ഭൂരിപക്ഷ അഭിപ്രായത്തെ ആയിരിക്കും ക്വാറികളുടെ സുരക്ഷിത ദൂരപരിധി സംബന്ധിച്ച വിഷയത്തിൽ ഹരിത ട്രിബ്യൂണൽ പരിഗണിക്കുക. അതുകൊണ്ട് തന്നെ ഈ സർവ്വേ അട്ടിമറിക്കാനുള്ള നീക്കത്തെ ഗൗരവപൂർണ്ണമായി കാണേണ്ടതുണ്ട്.

ട്രിബ്യൂണലിന്റെ ഓൺലൈൻ സർവ്വേയുടെ പി.ഡി.എഫ് കോപ്പിയിൽ 4 മുതൽ 21 വരെയുള്ളതാണ് വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. നിങ്ങൾ പാറമടയുടെ അടുത്ത് താമസിക്കുന്നവരാണോ എന്ന ചോദ്യത്തിനോട് ചേർന്ന് പാടമടയുടെ സമീപത്ത് താമസിക്കുന്നവരുടെ അഭിപ്രായത്തിനായിരിക്കും മുൻഗണന അതിൽ സൂക്ഷിച്ച് ഉത്തരം നൽകുക എന്നാണ് നിർദ്ദേശം. നിങ്ങൾ പാറമടയിൽ ജോലി ചെയ്യുകയോ പാറമടയുമായ എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരാണോ എന്ന ചോദ്യത്തിൽ പാറമടയുമായി ബന്ധമുള്ളവരുടെ അഭിപ്രായത്തിന് പരിഗണന നൽകില്ല അതിനാൽ ശ്രദ്ധിക്കുക.

ഖനനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ പാറമടകൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ എന്ന ചോദ്യത്തിന് പാറമടകൾ വിവിധ ഔദ്യോഗിക വകുപ്പുകളുടെ നിയമനടപടികൾക്കും അനുമതികൾക്കും അനുസൃതമായിട്ടാണ് പ്രവർത്തിക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്ന് ടൈപ്പ് ചെയ്യണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള നിർദ്ദേശം പ്രചരിപ്പിക്കുന്ന പി.ഡി.എഫ് ഫയലിൽ നൽകിയിരിക്കുന്നു. തങ്ങൾക്ക് അനുകൂലമായ വിധത്തിൽ ഓൺലൈൻ പെറ്റീഷൻ അനുകൂലമാക്കാനാണ് ക്വാറി ഉടമകളുടെ ശ്രമം. ഇതിന് പ്രതികൂലമായി ക്വാറികൾക്കെതിരെ അഭിപ്രായവും രേഖപ്പെടുത്തും. അതിനായി ഓൺലൈൻ സർവ്വേയിൽ പങ്കെടുക്കത്തു അഭിപ്രായം രേഖപ്പെടുത്തുകയാണ് വേണ്ടത്.

അതേസമയം നേരിട്ടെ അഭിപ്രായം രേഖപ്പെടുത്താനും അവസരം ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ഇതിന്റെ അഭിപ്രായ രൂപീകരണത്തിനായുള്ള സിറ്റിംഗുകൾ നടത്തി വരികയാണ്. മധ്യകേരളത്തിലുള്ളവർക്ക് കൊച്ചിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ ട്രൈയിനിങ്ങ് സെന്ററിൽ ഇന്നലെ സിറ്റിംഗ നടന്നു. ദക്ഷിണ കേരളത്തിൽ നിന്നുള്ളവർക്കായി ഇന്ന് തിരുവനന്തപുരത്ത് പ്രിയദർശനി സ്‌പേസ് പ്ലാനിറ്റോറിയം ഹാളിലും തെളിവെടുപ്പു നടന്നു.

മണ്ണ്, ഖനന സമയത്തെ മണ്ണിന്റെ ഇളക്കം, ശബ്ദത്തിന്റെ അളവ്, വായു മലിനീകരണ തോത്, കെട്ടിടങ്ങൾ, മനുഷ്യർ വന്യ ജീവികൾ എന്നിവയും ആഘാത പഠനത്തിൽ ഉൾപ്പെടുന്നു. പങ്കെടുക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വിവരങ്ങൾ നൽകാം. ഈ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ക്വാറികളുടെ ദൂരപരിധി സർക്കാർ നിശ്ചയിക്കുക. ഓരോ പ്രദേശത്തെയും ക്വാറിയുടെ ദുരിതങ്ങൾ പലതരത്തിലാണെന്നും അതിനാൽ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് പ്രശ്‌നങ്ങളെ കുറിച്ച് വിദഗ്ധ സമിതി മുമ്പാകെ രേഖാമൂലം ബോധിപ്പിക്കാൻ ഈ സന്ദർഭം എല്ലാവരും ഉപയോഗിക്കേണ്ടതാണ്.

വായു മലിനീകരണം, ജല മലിനീകരണം, ജല സ്രോതസ്സുകൾ വറ്റുന്നത്, കിണറുകൾ ഇടിഞ്ഞു താഴുന്നതും ജലവിതാനം കുറയുന്നത്, ഗ്രാമീണ റോഡുകളുടെ തകർച്ച, ക്വോറികളുടെ അമിതമായ താഴ്ച, ബഞ്ച് കട്ടിങ് ഉറപ്പ് വരുത്താത്തത്, ക്വാറികൾക്ക് അടുത്ത് ഉണ്ടായ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, കല്ലുകൾ വീഴുന്നത് മൂലമുള്ള അപകടം, ക്വാറി മാലിന്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ, കാർഷിക മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും സമിതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്. ഇത് തെളിയിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അതിന്റെ കോപ്പി നൽകണം. ബന്ധപ്പെട്ട ഫോട്ടോകൾ, പഠനങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയ എല്ലാ തെളിവുകളുടെയും കോപ്പികൾ ഹാജരാക്കാം.

നിലവിൽ 50 മീറ്ററാണ് സർക്കാർ നിശ്ചയിച്ച ക്വാറി ദൂരപരിധി. ഇത് സംബന്ധിച്ച് ഓൺലൈൻ സർവേയും ഉണ്ട്. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് ക്വാറികൾക്കു സുരക്ഷിത അകലം എന്ന വിഷയത്തിൽ വിദഗ്ധ പഠനത്തിനു സമിതിക്കു നിർദ്ദേശം നൽകിയത്. സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും, സ്‌ഫോടനം ഇല്ലാതെയുള്ള ഖനനത്തിന് 100 മീറ്ററും വീതം അകലം ജനവാസ മേഖലയിൽ നിന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. കേരളത്തിൽ ജനവാസ മേഖലയിൽ (റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ ഉൾപ്പെടെ) നിന്നു 100 മീറ്ററായിരുന്നു ക്വാറികൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ദൂരപരിധി. ഇ.പി.ജയരാജൻ മന്ത്രിയായിരുന്നപ്പോൾ അതു 50 മീറ്ററാക്കി കുറച്ചെങ്കിലും ഹരിത ട്രിബ്യൂണൽ 2020 ൽ അതു റദ്ദാക്കി.

ദൂരപരിധി കുറച്ചപ്പോൾ 2500ൽപരം ക്വാറികൾക്കു പുതുതായി ലൈസൻസ് നൽകിയത് ആരോപണത്തിന് ഇടയാക്കിയെങ്കിലും ക്വാറികൾ വ്യവസായമാണെന്നായിരുന്നു സർക്കാർ നിലപാട്. ദൂരപരിധി കുറച്ച തീരുമാനം റദ്ദാക്കിയ ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന് പുതുതായി ലൈസൻസ് നൽകിയ ക്വാറികൾ അടച്ചുപൂട്ടേണ്ട നില ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ട്രിബ്യൂണലിന്റെ അന്തിമവിധി വരുന്നതു വരെ കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റിയുടെ തീരുമാനം.

ഓൺലൈൻ സർവ്വെയിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP