Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സരിതയെ മാതാവാക്കിയ ഫേസ്‌ബുക്ക് പോസ്റ്റ്:  കട്ടവനെ ഉപേക്ഷിച്ച് കണ്ടവനെ കുരുക്കി മനോരമ; കഥയറിയാതെ ആട്ടം കണ്ട് പള്ളിയും പട്ടക്കാരും: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ നടന്ന ഏറ്റവും പുതിയ ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു

സരിതയെ മാതാവാക്കിയ ഫേസ്‌ബുക്ക് പോസ്റ്റ്:  കട്ടവനെ ഉപേക്ഷിച്ച് കണ്ടവനെ കുരുക്കി മനോരമ; കഥയറിയാതെ ആട്ടം കണ്ട് പള്ളിയും പട്ടക്കാരും: തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഒറ്റപ്പെടുത്താൻ നടന്ന ഏറ്റവും പുതിയ ഗൂഢാലോചനയുടെ ചുരുൾ അഴിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനെ മോശക്കാരനാക്കാൻ അവസരം കാത്ത് കഴിയുകയാണ് ഒട്ടുമിക്ക മാദ്ധ്യമങ്ങളും മതനേതാക്കളും. ശ്രീനാരായണ ഗുരു പ്രതിമയുടെ പേരിൽ വിവാദം ഉയർത്തി കുറച്ച് വോട്ടുസമ്പാദിക്കാനായ സംഘം പിന്നീട് വൻ വിവാദമാക്കിയത് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സരിതയെ മാതാവാക്കി എന്ന പേരിലായി വിവാദം. സരിതയുടെ മുഖം ചേർത്ത മാതാവിന്റെ വാർത്ത മനോരമ അടക്കമുള്ള പത്രങ്ങളുടെ ഒന്നാം പേജിലാണ് വന്നത്. ഈ വാർത്തയെ തുടർന്ന് കേരളത്തിലെ പള്ളികളിൽ വൻ പ്രതിഷേധങ്ങൾ നടന്നു. സരിതയെ മാതാവിനോട് ഉപമിച്ചു എന്ന തരത്തിൽ വിശ്വാസികൾക്കിടയിൽ ഒരു ധാരണ വളർത്തി എടുക്കാൻ ഇത് ഒരു പരിധി വരെ സഹായിച്ചു. എന്നാൽ യഥാർത്ഥത്തിൽ നടന്നത് എന്താണെന്നുള്ള അന്വേഷണം ഇതിന്റെ പിന്നിലെ രാഷ്ട്രീയ മാദ്ധ്യമ ഗൂഢാലോചനയാണ് പുറത്തുകൊണ്ടു വന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന അതിഭീതിതമായ ട്രോളിങ്ങുകളെ വച്ചുനോക്കുമ്പോൾ ഈ പോസ്റ്റ് ഇത്രമാത്രം ശ്രദ്ധ നേടിയത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോഴാണ് വിവാദത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത്.

സംഭവം റിപ്പോർട്ട് ചെയ്ത മനോരമയുടെ ബ്രേക്കിങ് ന്യൂസ് ഇങ്ങനെയായിരുന്നു ' മാതാവിന്റെ രൂപത്തിൽ സരിതയുടെ ചിത്രം; ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റിൽ വിവാദം'. ഇതിൽ തുടങ്ങിയ വിവാദം പള്ളികളും ഏറ്റെടുടുത്തതോടെ സംഭവം കൊഴുത്തു. പേരാവൂരിലെ ഡിവൈഎഫ്‌ഐയുടെ സാധാരണ പ്രവർത്തകനായ അരുൺ പേരാവൂരിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വർഗീയ പ്രശ്‌നമാക്കിയതിന്റെ പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുള്ളത് വ്യക്തമാണ്. ഐവൈസി, പേരാവൂർ എന്ന ഫേസ്‌ബുക്ക് പേജിലെ അരുണിന്റെ പോസ്റ്റിനെ കുറിച്ച് അരുണിന്റെ സുഹൃത്തുക്കളോടും ഐവൈസി പ്രവർത്തകരോടും അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ യാഥാർഥ്യം മനസിലായത്.

പരിശുദ്ധമാതാവിന്റെ ചിത്രത്തിൽ സരിതാ നായരുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനല്ലെന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനായ അരുൺ പേരാവൂർ. സംഭവത്തിന്റെ യാഥാർഥ്യം അരുണും അരുണിന്റെ സുഹൃത്തുക്കളും മറുനാടൻ മലയാളിയോട് വിശദീകരിച്ചതിങ്ങനെ ' തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പേരാവൂർ എന്ന ഫേസ്‌ബുക്ക് പേജിൽ ചർച്ചകൾ സാധാരണമാണ്. കോൺഗ്രസ്-സിപിഐഎം തെരഞ്ഞെടുപ്പ് മൽസരവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ ചർച്ച നടക്കുമ്പോൾ ഞാൻ ഇത് പോസ്റ്റ് ചെയ്തു.

അപ്പോൾ തന്നെ ഈ ചിത്രം ഇവിടെ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചിത്രം നീക്കം ചെയ്യണമെന്നും പേജ് അഡ്‌മിൻ ആവശ്യപ്പെട്ടു. ഗൗരവം മനസിലായതോടെ ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാര്യം മനസിലാക്കി ഡിലീറ്റ് ചെയ്തതിന് അവർ നന്ദി അറിയിക്കുകയും ചെയ്തു. പോസ്റ്റ് പിൻവലിച്ചിട്ടും മനോരമയടക്കമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ വാർത്തയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ ജനങ്ങളിലെ വിശ്വാസത്തെ മുതലെടുക്കുക എന്ന ഗൂഢാലോചന കൂടി സംഭവത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. 

ഈ ചിത്രം ഞാൻ മോർഫ് ചെയ്തതല്ല. എനിക്ക് മറ്റാരിൽ നിന്നോ ആണ് ഈ ഫോട്ടോ എനിക്ക് ലഭിച്ചത്. ഞാനത് പിൻവലിച്ചിട്ടും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത് ഇപ്പോഴും ഷെയർ ചെയ്തും വാർത്തയാക്കിയും വിവാദമാക്കാൻ ശ്രമിക്കുകയാണ്. ആരാണ് മാതാവിന്റെ മുഖം മാറ്റി സരിതാ നായരുടെ മുഖം മോർഫ് ചെയ്തതെന്ന് സൈബർ സെൽ അന്വേഷിച്ചാൽ ലഭിക്കുമല്ലോ. എന്റെ പേരിൽ ഇപ്പോൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും' അരുൺ പേരാവൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാതാവിന്റെ ചിത്രത്തിൽ മാതാവിന്റെ മുഖം മാറ്റി സരിത നായരുടെ മുഖം ചേർത്ത് അതിനു മുന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുട്ടുകുത്തി നിന്ന് പൂമാലയുമായി പ്രാർത്ഥിക്കുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിക്കാൻ തുടങ്ങിയത്. ' അടിയങ്ങൾ വിചാരിച്ചതിലും കൂടുതൽ സീറ്റ് തന്ന് അനുഗ്രഹിക്കണമേ ന്റെ സരിത മാതാവേ ' എന്ന പ്രാർത്ഥനയും ചിത്രത്തിലുണ്ട്.

ചിത്രം പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ അരുൺ പേരാവൂർ പേജിൽ നിന്നും നീക്കം ചെയ്‌തെങ്കിലും ഇത് നല്ലൊരു ആയുധമാണെന്ന് മനസിലാക്കിയതോടെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ ഫേസ്‌ബുക്ക് വിവാദം. മാതാവിന്റെ മുഖത്തിന് പകരം സരിതയുടെ മുഖം മോർഫ് ചെയ്തതിലൂടെ ക്രൈസ്തവ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്ന ഒരു വിഭാഗം ആൾക്കാരുടെ ഗൂഢാലോചനയാണ് സംഭവത്തെ വിവാദമാക്കിയത്. ഐവൈസി പേരാവൂരിന്റെ അഭ്യർത്ഥനയെ തുടർന്ന് ചിത്രം ഉടൻ തന്നെ അരുൺ പേരാവൂർ ഡിലീറ്റ് ചെയ്തതോടെ ഐവൈസിയും ഇക്കാര്യത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നില്ല. എന്നാൽ ഫേസ്‌ബുക്കിലെ പോസ്റ്റുകൾ വാർത്തയും വിവാദവും ആകുന്ന സാഹചര്യത്തിൽ ഇതും രാഷ്ട്രീയമായി മുതലടുക്കുകയായിരുന്നു.

ഫേസ്‌ബുക്ക് വിവാദത്തിന് രാഷ്ട്രീയ മാനം വന്നതോടെ പള്ളികളും വിഷയം ഏറ്റെടുത്തു. പേരാവൂർ പള്ളിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെസിവൈഎം തലശേരി അതിരൂപത കമ്മറ്റിയും പ്രതിഷേധവുമായി രംഗത്തെത്തി. പേരാവൂരിൽ വാഹനങ്ങളുടെ ഇലക്ട്രിക്കൽ ജോലി ജോലിയാണ് അരുൺ ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ മുതൽ അരുൺ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

ഫേസ്‌ബുക്ക് പോസ്റ്റ് വാർത്ത; പാർട്ടിയെ അപമാനിക്കാനുള്ള മനോരമയുടെ ശ്രമം: സിപിഐ എം

'ഡി വൈ എഫ് ഐ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ' എന്ന തലക്കെട്ടിൽ മലയാള മനോരമ ഒരു വാർത്ത ഒക്ടോബർ 21ാം തീയതി ഒന്നാം പേജിൽ പ്രാധാന്യത്തോടുകൂടി പ്രസിദ്ധീകരിച്ചു. മറ്റു ചില പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു. ഇത് സിപിഐ എമ്മിനെയും ഡി വൈ എഫ് ഐയേയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി സംഘടനക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെ ഫേസ്‌ബുക്ക് പേജിൽ വർക്ക്‌ഷോപ്പ് തൊഴിലാളിയായ പേരാവൂർ സ്വദേശി ഇട്ട പോസ്റ്റാണ് യഥാർത്ഥത്തിൽ ഈ ഫോട്ടോ. ഇതിനിട്ട കമന്റിന്റെ പേരിലാണ് ഫേസ്‌ബുക്ക് പോസ്റ്റ് ബോധപൂർവ്വം വിവാദമാക്കിയത്. വിവാദമായ സാഹചര്യത്തിൽ കമന്റ് ഇട്ട അരുൺ പേരാവൂർ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു.

ഇത് ഇപ്പോൾ വിവാദമാക്കാൻ ശ്രമിക്കുന്നത് മുമ്പ് ചെയ്തതുപോലെ സിപിഐ എമ്മിനെയും ഡിവൈഎഫ്‌ഐയെയും അപമാനിക്കാനും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുമാണ്. വിവാദ പോസ്റ്റിട്ട അരുൺ പാർട്ടി മെമ്പറോ ഡിവൈഎഫ്‌ഐ പ്രവർത്തകനോ പ്രാദേശിക ഭാരവാഹിയോ അല്ല. കേരളത്തിൽ ഡി വൈ എഫ് ഐക്ക് 49,35,517 മെമ്പർമാരുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം 5,93,206 മെമ്പർമാരുമുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയിലെ അനുഭാവിക്കും ഡി വൈ എഫ് ഐ മെമ്പർഷിപ്പ് എടുക്കാം. അങ്ങനെ സ്വമേധയാ മെമ്പർഷിപ്പ് എടുത്തവരിൽ പാർട്ടി വിരുദ്ധരുമുണ്ടാകും. ഇത്തരം ആൾക്കാർ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ഉത്തരവാദിത്വം പാർട്ടിക്കോ ഡി വൈ എഫ് ഐക്കോ ഏറ്റെടുക്കാൻ കഴിയില്ല. മതവിശ്വാസികളുടെ വിശ്വാസത്തെ വെല്ലുവിളിക്കാനോ പരിഹസിക്കാനോ ഒരിക്കലും പാർട്ടി അനുവദിക്കില്ല. ഇത് അറിയാവുന്ന ചില മാദ്ധ്യമങ്ങളാണ് ഈ വാർത്ത തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

തളിപ്പറമ്പിൽ നടന്ന ബാലസംഘത്തിന്റെ ഘോഷയാത്രയിൽ ഒരു വായനശാലാ കമ്മിറ്റി പ്രദർശിപ്പിച്ച നിശ്ചലദൃശ്യത്തെ ഗുരുനിന്ദയായി രൂപപ്പെടുത്തുന്നതിൽ കാട്ടിയ ദുരുദ്ദേശത്തോടുകൂടിയ പ്രവർത്തനത്തിന്റെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇനിയും തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ഉണ്ടാവും. ജനങ്ങൾ ഇത് തിരിച്ചറിയണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട യുഡിഎഫിനെ സംരക്ഷിക്കാൻ ഇതുകൊണ്ട് കഴിയില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP