Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം ദേശീയ വിദ്യാഭ്യാസ നയം 2020ന് അടിയറയവെയ്ക്കുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുക- എ.ഐ.ഡി.എസ്.ഒ

സ്വന്തം ലേഖകൻ

ദേശീയ വിദ്യാഭ്യാസ നയം 2020നെ എതിർക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന സിപിഐഎമ്മും സംസ്ഥാന സർക്കാരും പുരോഗമന മുഖംമൂടി അണിഞ്ഞു കൊണ്ട് നയം സുഗമമായി കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുകയുമാണ്. ദേശീയതലത്തിൽ വേൾഡ് ബാങ്ക്, എ.ഡി.ബി. (ADB ), ഐ.എം.എഫ് (IMF) ഉൾപ്പെടെയുള്ള വിദേശ ഫണ്ടിങ് ഏജൻസികളെ എതിർക്കുകയും എന്നാൽ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഫണ്ടിങ്ങോടുകൂടിയുള്ള ഡി.പി.ഇ.പി (DPEP ), എസ്.എസ്.എ (SSA), ആർ.എം.എസ്.എ (RMSA ), റൂസ ( RUSA), എൻ.എസ്.ക്യൂ.എഫ് (NSQF), സ്റ്റാർസ് (STARS) തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയ ചരിത്രമാണ് സിപിഎമ്മിന് ഉള്ളത്. ഇതിന്റെ തുടർച്ചയായാണ് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് അനുരോധമായ നടപടികൾ കേരളത്തിൽ സ്വീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുവാനെന്ന പേരിൽ സർക്കാർ നിയോഗിച്ച ശ്യാം ബി മേനോൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള പരിഷ്‌കാരങ്ങളൊന്നും കമ്മീഷന്റെ തനതായ സംഭാവനകളല്ല. ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസ രംഗം സമ്പൂർണമായും വാണിജ്യവത്ക്കരിക്കുവാനുതകുന്ന പൊളിച്ചെഴുത്താണ് കമ്മീഷൻ റിപ്പോർട്ട്. ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ നിലനിൽക്കുന്ന അവശേഷിപ്പുകൾ പോലും തുടച്ചുമാറ്റുകയാണ് റിപ്പോർട്ട് ലക്ഷ്യം വെയ്ക്കുന്നത്. കമ്പോളത്തിന്റെ നിർബാധമായ വിനിമയമാണ് പരിഷ്‌കരണമെന്ന വിധത്തിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
നാലുവർഷ ഡിഗ്രി, അക്കാഡമിക്ക് ബാങ്ക് ഓഫ് ക്രെഡിറ്റ് (ABC), ബോർഡ് ഓഫ് ഗവേണൻസ്, മൾട്ടിപ്പിൾ എൻട്രി എക്‌സിറ്റ്, സർവ്വകലാശാലകൾക്കും കോളേജുകൾക്കുമുള്ള ഫണ്ട് വെട്ടിക്കുറക്കൽ, വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കൽ, സ്ഥിരാ അദ്ധ്യാപക നിയമനങ്ങൾ ഇല്ലാതാക്കൽ എന്നിവയാണ് കമ്മീഷന്റെ പ്രധാന ശുപാർശകൾ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ബ്ലേണ്ടെഡ് മോഡ് ഓഫ് എഡ്യൂക്കേഷൻ, ഓൺലൈൻ എക്‌സാമിനേഷൻ, ഓട്ടോണോമസ് കോളജുകളെ ഡീംഡ് യൂണിവേഴ്‌സിറ്റിയായിട്ട് ഉയർത്താനുള്ള പദ്ധതി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ മൂലധന നിക്ഷേപം, ഇരട്ട ഡിഗ്രി തുടങ്ങിയവ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും അതിനോട് അനുബന്ധിച്ച് ദേശീയ തലത്തിൽ വന്നിട്ടുള്ള പരിഷ്‌കാരങ്ങളുടെയും നിർദ്ദേശങ്ങളാണ്.

സർവ്വകലാശാലകളുടെ ജനാധിപത്യപരമായ നിലനിൽപ്പിന് ആവശ്യമായിട്ടുള്ള സെനറ്റിനെയും സിൻഡിക്കേറ്റിനെയും അപ്രധാനമാക്കിക്കൊണ്ട് രൂപീകരിക്കാൻ പദ്ധതിയിടുന്ന ബോർഡ് ഓഫ് ഗവേണൻസ് തികച്ചും ഏകധിപത്യപരമായ ഒരു ബോഡിയാണ്. സർവ്വകലാശാലകൾക്ക് പകുതിയും കോളജുകൾക്ക് 60 ശതമാനവും ഫണ്ടുകൾ വെട്ടി കുറയ്ക്കാനും 20 മുതൽ 35 ശതമാനം വരെ സാമ്പത്തികം വിദ്യാർത്ഥികളുടെ ഫീസിൽ നിന്ന് കണ്ടെത്താനുമൊക്കെയുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ മേഖല സമ്പൂർണ്ണമായി കൈയൊഴിയുന്നതിന്റെ ഭാഗമായിട്ടാണ്. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയും കോളജുകളുടെ നടത്തിപ്പിനു വേണ്ടിയും മറ്റ് ഏജൻസികളുടെയും എൻജിഒകളുടെയും സഹായം സ്വീകരിക്കുകയെന്നതും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ലോകബാങ്കിന്റെയും നിർദ്ദേശങ്ങളാണ്.

ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പഠിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ പ്രഭാത് പട്‌നായിക് അധ്യക്ഷനായി 2020 ൽ നിയോഗിച്ച കമ്മീഷന്റെ നിഗമനം അനുസരിച്ച് തന്നെ പ്രസ്തുത നയം പിന്തിരിപ്പനും (retrograde), എക്‌സ്‌ക്ലൂസീവും, ഫെഡറൽ സംവിധാനത്തെ ലംഘിക്കുന്നതും, സാമൂഹ്യനീതി ഉറപ്പാക്കാൻ സാധിക്കാത്തതുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായി സിപിഐഎമ്മും പോഷകസംഘടനകളും ദേശീയ തലത്തിൽ സമരരംഗത്തുമാണ്.
എന്നാൽ അധികാരമുള്ള ഒരേയൊരു സംസ്ഥാനമായ കേരളത്തിൽ, രാജാവിനെ കവിഞ്ഞ രാജഭക്തിയോടെ ദേശീയ വിദ്യാഭ്യാസനയം അതിവേഗത്തിൽ നടപ്പിലാക്കുകയാണ് സിപിഐഎം. ഈ നീക്കത്തിന്‌ടെ ഭാഗമാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പടെ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന എല്ലാ നടപടികളും.

വിദ്യാഭ്യാസത്തെ കമ്പോളത്തിന് തീറെഴുതുന്ന വഞ്ചനാത്മകമായ നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് എ.ഐ.ഡി.എസ്.ഒ സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം സമ്പൂർണമായി കച്ചവടത്തിന് വിട്ടു നൽകുന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് നിരുപാധികം തള്ളിക്കളയണം. ദേശീയ വിദ്യാഭ്യാസ നയത്തിന് കേരളത്തെ അടിയറവെയ്ക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ സമരരംഗത്ത് അണിനിരക്കണമെന്ന് വിദ്യാർത്ഥികളോടും വിദ്യാഭ്യാസ സ്‌നേഹികളോടും എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് അലീന എസ് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP