Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നോ? പിടി കൊടുക്കാതെ ഒഴിഞ്ഞുമാറി രാഹുൽ; സോണിയ ഗാന്ധിയുടെ മനസ്സിൽ അശോക് ഗെഹ്ലോത്ത് എന്ന് സൂചന; രാജസ്ഥാൻ മുഖ്യമന്ത്രി സോണിയയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തം

കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നോ? പിടി കൊടുക്കാതെ ഒഴിഞ്ഞുമാറി രാഹുൽ; സോണിയ ഗാന്ധിയുടെ മനസ്സിൽ അശോക് ഗെഹ്ലോത്ത് എന്ന് സൂചന; രാജസ്ഥാൻ മുഖ്യമന്ത്രി സോണിയയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നാകുമെന്ന സൂചനകൾ ശക്തമായി. രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ വിമുഖത പ്രകടിപ്പിച്ചതോടെ, ആരാകും പുതിയ അദ്ധ്യക്ഷനെന്ന കാര്യത്തിൽ പാർട്ടി അണികൾക്കും ആകാംക്ഷ ഏറിയിരിക്കുകയാണ്. സെപ്റ്റംബർ 21 ഓടെ പാർട്ടി തലപ്പത്ത് പുതിയ നേതാവ് ഉണ്ടാകണമെന്ന കണക്കുകൂട്ടലിലാണ് അന്തിമ ഷെഡ്യൂൾ തയ്യാറാക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോത് പുതിയ അദ്ധ്യക്ഷനാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗെഹ്ലോത് താൽക്കാലിക അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ചികിത്സാവശ്യത്തിനായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകും മുമ്പ് ഗഹ്ലോതുമായി ചർച്ച നടത്തിയതാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണം. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ തീയതി നിശ്ചയിക്കാൻ പാർട്ടി പ്രവർത്തക സമിതി ഞായറാഴ്ച വിളിച്ചു ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പരിശോധനകൾക്കായി വിദേശത്തേക്ക് പോകുന്ന സോണിയയെ മക്കളായ രാഹുലും പ്രിയങ്കയും അനുഗമിക്കും.

എന്നാൽ, അശോക് ഗെഹ്ലോത്തിന് പാർട്ടി അദ്ധ്യക്ഷനാകാൻ താൽപര്യം ഇല്ലെന്നും സൂചനയുണ്ട്. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. 'രാഹുൽ തലപ്പത്ത് എത്തിയാൽ മാത്രമേ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയു. അദ്ദേഹം ഇല്ലെങ്കിൽ ആളുകൾ നിരാശരാകും. അണികൾ വീട്ടിലിരുന്നാൽ പാർട്ടി ദുർബലമാകും. താൻ പാർട്ടിയെ നയിക്കണമെന്ന വികാരം ഉൾക്കൊണ്ട് അദ്ദേഹം പദവി ഏറ്റെടുക്കണം', ഗെഹ്ലോത്ത് ഡൽഹി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹലിന് മേലുള്ള സമ്മർദ്ദം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, രാഹുൽ അദ്ധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിന്നാൽ, അദ്ദേഹത്തെ നിർബന്ധിക്കാനാവില്ലെന്ന് മുതിർന്ന നേതാവും, പ്രവർത്തക സമിതി അംഗവുമായ ദിഗ് വിജയ് സിങ് പറഞ്ഞു. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അന്തിമ തീയതി പ്രഖ്യാപിക്കാൻ ഇരിക്കെയാണ് സോണിയ അടക്കമുള്ള നേതാക്കൾ വിദേശത്തേക്ക് പോകുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെയാണ്, സെപ്റ്റംബർ 7 മുതൽ രാഹുൽ അഞ്ച് മാസം നീളുന്ന ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ മാറ്റം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. സെപ്റ്റംബർ നാലിന് ഡൽഹിയിൽ നടക്കുന്ന റാലിയെ രാഹുൽ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ വരണമെന്ന മുറവിളി

2019 ലെ കോൺഗ്രസിന്റെ കനത്ത തോൽവിയെ തുടർന്നാണ് നിരാശനായ രാഹുൽ, അദ്ധ്യക്ഷ പദവി ഒഴിഞ്ഞത്. തുടർന്നുള്ള മൂന്നുവർഷങ്ങളിലും കോൺഗ്രസിന് ഒരു തിരഞ്ഞെടുപ്പിലും ജയിച്ചുകയറാനായില്ല. മുതിർന്ന നേതാക്കളും, വിശ്വസ്തരും, പാർട്ടി അദ്ധ്യക്ഷന്റെ പദവി ഏറ്റെടുത്ത് കോൺഗ്രസിന് സ്ഥിരത നൽകാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, രാഹുൽ മനസ്സ് തുറന്നിട്ടില്ല.

പല നേതാക്കളും കരുതുന്നത്, ഒടുവിൽ രാഹുൽ, പദവി ഏറ്റെടുക്കും എന്നുതന്നെയാണ്. കോൺഗ്രസിലെ നേതൃത്വ പ്രശ്നം പരിഹരിക്കേണ്ടത് പ്രതിപക്ഷ സഖ്യത്തിന്റെ നിലനിൽപ്പിനും അനിവാര്യമാണ്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബിജെപി വിരുദ്ധ കൂട്ടായ്മയ്ക്ക് കരുത്ത് പകരാൻ കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

മധ്യപ്രദേശ് അദ്ധ്യക്ഷൻ കമൽനാഥിനെയാണ് പലരും പ്രതീക്ഷയോടെ കണ്ടിരുന്നത്. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ, അദ്ദേഹത്തോട് വിമതർ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ, തനിക്ക് നാല് വർഷം സംസ്ഥാനത്ത് തുടർന്ന ശേഷം ഉടൻ ഡൽഹിയിലേക്ക് പോകാൻ ആവില്ലെന്നായിരുന്നു കമൽനാഥിന്റെ മറുപടി. മുതിർന്ന നേതാവെന്ന നിലയിൽ കമൽനാഥ് ഗാന്ധി കുടുംബത്തോട് വളരെ അടുത്തുനിൽക്കുന്നയാളും, മറ്റുനേതാക്കൾക്ക് സ്വീകാര്യനുമാണ്.

ഒരുമുതിർന്ന ദളിത് നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നും നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. മുൻ കേന്ദ്ര മന്ത്രി സുശീൽ കുമാർ ഷിൻഡെ, മല്ലികാർജ്ജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ കേൾക്കുന്നു. ഒപ്പം മുൻ സ്പീക്കർ മീരാ കുമാറിന്റെ പേരും നേതാക്കൾ ചർച്ച ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP