Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങൾ പ്രാദേശിക ഭീഷണികളെ കൂടി കണക്കിലെടുത്ത് ഏർപ്പെടുത്തും; കരുതൽ തടങ്കൽ എന്നത് വസ്തുതാ വിരുദ്ധമെന്ന് മറപുടി; നടപടി ക്രിമിനൽ നടപടി ക്രമം വകുപ്പ് 151 പ്രകാരമെന്ന് മറ്റൊരു ഉത്തരം; നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നത് മനസ്സിലാകാതെ പ്രതിപക്ഷം

ഇസെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങൾ പ്രാദേശിക ഭീഷണികളെ കൂടി കണക്കിലെടുത്ത് ഏർപ്പെടുത്തും; കരുതൽ തടങ്കൽ എന്നത് വസ്തുതാ വിരുദ്ധമെന്ന് മറപുടി; നടപടി ക്രിമിനൽ നടപടി ക്രമം വകുപ്പ് 151 പ്രകാരമെന്ന് മറ്റൊരു ഉത്തരം; നിയമസഭയിൽ മുഖ്യമന്ത്രി പറയുന്നത് മനസ്സിലാകാതെ പ്രതിപക്ഷം

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലും സഞ്ചരിക്കുന്ന വഴിയരികിലും നിൽക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വയ്ക്കുന്നു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് പിണറായി വിജയൻ. ഇസെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ സംവിധാനങ്ങൾ പ്രാദേശിക സുരക്ഷ ഭീഷണികളെ കൂടി കണക്കിലെടുത്ത് ഏർപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് തടയാനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പൊലീസ് കരുതൽ തടങ്കലിലെടുത്തത് 25 ഓളം പേരെയാണ്. അതുകൊണ്ടാണ് ഇത് നിയമസഭാ ചോദ്യമായി പ്രതിപക്ഷ എം എൽ എ മാർ ഉന്നയിച്ചത്. എന്നാൽ ആരോപണം വസ്തുതാ വിരുദ്ധമെന്ന് പറയുന്ന ആതേ മറുപടിയുടെ മൂന്നാം ചോദ്യത്തിന് ഉത്തരമായി ക്രിമിനൽ നടപടി ക്രമം വകുപ്പ് 151 പ്രകാരമാണ് നടപടിയെന്നും വിശദീകരിക്കുന്നു. അതായത് എംഎൽഎമാർക്കുള്ള നടപടിയിൽ തന്നെ കരുതൽ തടങ്കൽ എന്നത് ശരിയും തെറ്റുമെന്ന് വിശദീകരിക്കുകയാണ് മുഖ്യമന്ത്രി. സണ്ണി ജോസഫും കെ ബാബുവും തിരുവഞ്ചൂർ രാധാകൃഷ്ണനും എം വിൻസന്റുമാണ് പ്രസ്തുത ചോദ്യം ഉന്നയിച്ചത്.

സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ കരുതൽ തടങ്കൽ നിയമം സർക്കാരുകൾ പ്രയോഗിക്കരുത് എന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കരുതൽ തടങ്കൽ അറസ്റ്റ് . സുപ്രീംകോടതി വിധിപ്രസ്താവിച്ച ജൂലായ് മാസത്തിൽത്തന്നെയാണ് കേരളത്തിൽ കരുതൽ നടപടിയായി പൊലീസ് അറസ്റ്റ് നടന്നിരിക്കുന്നതെന്നതും എടുത്തു പറയേണ്ടതാണ്. സർക്കാരുകൾക്കുള്ള അസാധാരണ അധികാരമാണ് കരുതൽ തടങ്കൽ നിയമം. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഈ നിയമം വളരെ മിതമായി മാത്രമേ പ്രയോഗിക്കാവൂ എന്നും ജൂലൈ നാലിന് ജസ്റ്റിസ് സി ടി രവികുമാർ പുറപ്പെടുവിച്ച വിധിയിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിലുള്ളവരെയും പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി സ്ഥലത്തെത്തുന്നവരെയും ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടു പോവുകയാണ്. കരിങ്കൊടി പ്രതിഷേധക്കാരോടൊപ്പം റോഡരുകിൽ ചായ കുടിച്ച് നിന്നവരേയും ഖദർ ധാരികളേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. കുമാരനാശാന്റെ 150-ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് ജൂലൈ 23-ന് തോന്നയ്ക്കലിൽ നടന്ന ചടങ്ങിൽ നിന്ന് ഡിസിസി ജനറൽ സെക്രട്ടറി എസ് കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ഇതെല്ലാം വിവാദമായിരുന്നു.

സ്വാഗതസംഘം വൈസ് ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗേറ്റിന് മുമ്പിൽ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കരുതൽ തടങ്കലിലെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ എത്തിയെന്ന സന്ദേശം ലഭിച്ച ശേഷം വൈകീട്ട് ഏഴു മണിയോടെയാണ് തന്നെ വിട്ടയച്ചതെന്ന് കൃഷ്ണകുമാർ പറയുന്നു. കണിയാപുരത്ത് റോഡരികിൽ ചായ കുടിച്ചു നിൽക്കുകയായിരുന്ന ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീറിനെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്ത് നീക്കിയിരുന്നു. മുഖ്യമന്ത്രി തോന്നയ്ക്കലിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിന് മുമ്പായിരുന്നു ഇവരുടെ അറസ്റ്റ്.

മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമാണ് ഇവരെ പൊലീസ് വിട്ടയക്കാൻ തയ്യാറായത്. ജൂലൈ 20-ന് മുഖ്യമന്ത്രി പങ്കെടുത്ത വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലെ പരിപാടിക്കു മുന്നേ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി എംആർ ബൈജു, പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. സമാനമായി ജൂലൈ 30ന് എറണാകുളം സർക്കാർ പ്രസിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കു മുന്നോടിയായി ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ പരിപാടി നടക്കുന്നതിന് നാലു ദിവസം മുമ്പെ കുന്ദംകുളത്ത് നിന്ന് മൂന്നുപേരേയും കരുതൽ തടങ്കലിലെടുത്തിരുന്നു.

എല്ലാ തരത്തിലുള്ള സമാധാന ലംഘനങ്ങൾക്കും കരുതൽ തടങ്കൽ നിയമം പ്രയോഗിക്കേണ്ട പൊതു ക്രമക്കേടായി കാണാനാവില്ലെന്നും സാധാരണ ക്രമസമാധാന പ്രശ്നങ്ങൾ അതിന്റേതായ നിയമംവഴി നേരിടണമെന്നുമാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്. വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഹനിക്കുന്ന ഈ നിയമം സാധാരണ സാഹചര്യത്തിൽ ഉപയോഗിക്കാനുള്ളതല്ല. അസാധാരണ സാഹചര്യങ്ങളിൽ സർക്കാറിന് ഉപയോഗിക്കുന്നതിനാണ് ഇത്തരമൊരു അസാധാരണ നിയമം സർക്കാറുകൾക്ക് നൽകിയിട്ടുള്ളതെന്നും ജസ്റ്റിസ് സി.ടി. രവികുമാർ, സുധാൻസു ധുലിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP