Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'മക്കയിലേക്ക് നടക്കുന്നതിനിടയിൽ ആകാശത്ത് അള്ളാഹു എന്ന് എഴുതിയത് തെളിഞ്ഞു'; കേരളത്തിൽനിന്ന് നടന്ന് ഹജ്ജിനുപോകുന്നു മലയാളി യുവാവ് ശിഹാബിന്റെ വീഡിയോ വൈറലാക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ; ആകാശത്തെ അത്ഭുദത്തിന്റെ യാഥാർഥ്യമെന്ത്?

'മക്കയിലേക്ക് നടക്കുന്നതിനിടയിൽ ആകാശത്ത് അള്ളാഹു എന്ന് എഴുതിയത് തെളിഞ്ഞു'; കേരളത്തിൽനിന്ന് നടന്ന് ഹജ്ജിനുപോകുന്നു മലയാളി യുവാവ് ശിഹാബിന്റെ വീഡിയോ വൈറലാക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ; ആകാശത്തെ അത്ഭുദത്തിന്റെ യാഥാർഥ്യമെന്ത്?

എം റിജു

കോഴിക്കോട്: വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ ശിഹാബ് എന്ന യുവാവ് ഇന്ന് ലോക പ്രശസ്തനായത് ഇന്ത്യയിൽനിന്ന് നടന്ന് ഹജ്ജിനുപോകുന്ന വ്യക്തിയാണ് എന്ന നിലയിലാണ്. ഇരുപത്തിയൊമ്പതുകാരനായ ശിഹാബ് നാട്ടിൽനിന്ന് നടന്ന് ഏഴ് രാജ്യങ്ങൾ താണ്ടി, വാഗാ അതിർത്തിവഴി പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് തുടങ്ങി രാജ്യങ്ങളിലുടെയാണ് സൗദിയിലെത്തുക. 8640 കിലോമീറ്റാണ് യുവാവ് നടന്ന് താണ്ടുന്നത്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവർഷത്തെ ഹജ്ജ് ആണു ശിഹാബിന്റെ ലക്ഷ്യം. ജൂൺ മൂന്നിന് തുടങ്ങിയ ശിഹാബിന്റെ യാത്ര സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്.

അതിനിടെ ശിഹാബിന്റെ വീഡിയോയിലെ ഒരു അത്ഭുദം ലോകമെമ്പാടുമുള്ള ഇസ്ലാമിക ഗ്രൂപ്പുകളിൽ വലിയ ചർച്ചയായി. ശിഹാബ് നടക്കുന്നതിനിടയിൽ ആകാശത്ത് അള്ളാഹുവെന്ന് എഴുതിക്കാണിച്ചു എന്നതായിരുന്നു അത്. വീഡിയോയിൽ എഴുത്ത് വ്യക്തമല്ലെങ്കിലും, ശിഹാബുംകൂടെയുള്ള ആളും ക്യാമറ ഷൂട്ട് ചെയ്യുന്ന ആളും, ഒരു മിനിട്ട് എഴുതിയത് കണ്ടുവെന്നും, പിന്നെ മാഞ്ഞുപോയി എന്ന് പറയുന്നുണ്ട്. ഈ വീഡിയോ ഒരുപാട് പേര് മഹാത്ഭുദമായി വിശേഷപ്പിക്കയാണ്. ലോകമെമ്പാടുമുള്ള ഇസ്ലാമിക ഗ്രൂപ്പുകൾ ഇത് വൈറലാക്കുയാണ്.

പാരഡോളിയ എന്ന ശാസ്ത്ര സത്യം

എന്നാൽ ഇത് വെറും വിശ്വാസ കൗതുകം മാത്രം ആണെന്നും ശാസ്ത്രീയമായി നോക്കുമ്പോൾ യാതൊരു പിൻബലവും ഇല്ലെന്നും സ്വതന്ത്രചിന്തകരും, ശാസ്ത്രപ്രചാരകരും ചൂണ്ടിക്കാട്ടുന്നു. മജീഷ്യനും ദിവ്യാത്ഭുദ അനാവരണം ചെയ്യുന്ന യൂ ട്യൂബറുമായി ഫാസിൽ ബഷീർ തന്റെ ട്രിക്ക്സ് എന്ന ചാനലിൽ ഈ വിഷയം പ്രത്യേകമായി ചെയ്തിട്ടുണ്ട്.

ശാസ്ത്രം പാരഡോളിയ എന്ന് വിളിക്കുന്ന ഒരു പാറ്റേൺ സീക്കിങ്ങ് മാത്രമാണ് ഇത്തരം പ്രതിഭാസങ്ങൾ എന്ന് ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടുന്നു. ''എട്ടുകാലി വലയിൽ അള്ളാഹു എന്ന് എഴുതി വീഡിയോ നേരത്തെ വൈറൽ ആയിരുന്നു. മരങ്ങളിൽ, മേഘങ്ങളിൽ, തൊട്ട് മീൻ മുറിക്കുമ്പോൾവരെ അള്ളാഹു എന്ന് എഴുതിയത് കണ്ടു എന്ന വാർത്ത ഇടക്കിടെ വരാറുണ്ട്. ഇത് ഒരു മതത്തിന്റെ പ്രത്യേകയല്ല. മേഘപാളികൾക്കടിൽ യേശുവിന്റെ രൂപം കണ്ടു, മഞ്ഞിൽ മഹാദേവന്റെ രൂപ കണ്ടു, എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ ഉണ്ടാവാറുണ്ട്. ഇങ്ങനെ മേഘങ്ങളിലും മഞ്ഞിലും മീനിലുമൊക്കെ, കുതിര, ആന, പക്ഷികൾ എന്നിവയോട് സാദൃശ്യമുള്ള രൂപങ്ങൾ കാണാൻ കഴിയും. അതെല്ലാം കേവലം യാദൃശ്ചികം എന്ന് കണ്ടെത്തി നാം തമാശയായി തള്ളിക്കളയും. എന്നാൽ മതവുമായി ബന്ധപ്പെട്ട ബിംബങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് അത് ദിവ്യാത്ഭുദമായി മാറുന്നത്്''- ഫാസിൽ ബഷീർ ചൂണ്ടിക്കാട്ടി.

ഇൻനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ അറിയാം, പൊറോട്ടയിലും നക്ഷത്ര ആമയിലും, മരങ്ങളിലുമെല്ലാം ദൈവരൂപങ്ങൾ കാണുന്ന നിരവധി സംഭവങ്ങൾ കാണാം. ഇവിടെ ശിഹാബും ഇതുപോലെ ഒരു മേഘരൂപം മാത്രമായിരിക്കും കണ്ടത്. ബാക്കിയെല്ലാം അവരുടെ ഭാവനയാണ് എന്ന് വ്യക്തമാണ്.

ഇപ്പോൾ രാജസ്ഥാനിലാണ് ശിഹാബ് ഉള്ളത്. തനിക്ക് തന്ന കനത്ത സുരക്ഷക്ക് രാജസ്ഥാൻ പൊലീസിന് നന്ദി പറഞ്ഞ് ഇദ്ദേഹം വീഡിയോ കഴിഞ്ഞ ദിവസും ചെയ്തിരുന്നു. ദിവസവും 25 കിലോമീറ്ററെങ്കിലും നടന്നാണ് ശിഹാബിന്റെ യാത്ര. വൻ ജനാവലിയാണ് ഇദ്ദേഹത്തെ അനുഗമിക്കുന്നത്. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലാണ്. അഞ്ച് രാജ്യങ്ങളുടെയും വിസ ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. സൗദിയിൽച്ചെന്നശേഷം 2023ലെ ഹജ്ജിന് അപേക്ഷിക്കുമെന്നാണ് ശിഹാബ് പറയുന്നത്.

ശിഹാബിനെതിരെ പ്രതിഷേധം

അതിനിടെ തന്റെ യൂട്യൂബ് ചാനലിനും 25ലക്ഷത്തോളം ഫോളോഫേഴ്സുള്ള ഇൻസ്റ്റ്ഗ്രാം പേജിലും ആളെകൂട്ടാനുള്ള നടപടിയാണ് ശിഹാബ് ചെയ്യുന്നത് എന്നും വിമർനം ഉണ്ട്. ലക്ഷങ്ങളാണ് ശിഹാബിന് ഇപ്പോൾ യു ട്യൂബ് വരുമാനം. അതൊന്നും പോരാഞ്ഞിട്ട് ഇപ്പോൾ വിശ്വാസികളെ അജ്ഞത മുതലടുക്കയായാണ് ഈ ദിവ്യാത്ഭുത കഥയിലൂടെയെന്നും വിമർനം ഉയരുന്നുണ്ട്. സുന്നികൾ പിന്തുണക്കുമ്പോൾ, മുജാഹിദുകൾ ശിഹാബിനെതിരെയാണ്, നേരത്തെതന്നെ നിലപാട് എടുത്തത്. പ്രശസ്ത മുജാഹിദ് പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരി ശിഹാബിനെതിരെ രംഗത്ത് എത്തിയിരുന്നു. ശിഹാബിന്റെ നടന്നുള്ള ഹജ്ജിനുപോകൽ, ശരീരം പീഡനം ആണെന്നും അത് അനിസ്ലാമികം ആണെന്നുമാണ് ബാലുശ്ശേരി പറയുന്നത്. ശിഹാബ് വിമാനത്തിൽ പോയാണ് ഹജ്ജ് നിർവഹിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ് -'' ശിഹാബിന് നല്ലതുപറഞ്ഞുകൊടുക്കാൻ ആളുകൾ ഇല്ലാതെ പോയി. മോനെ, ശിഹാബെ, മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ. നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ. കാരണം മുത്തു നബി ഹജ്ജിന് വെറും 400 കിലോമീറ്റർ നടക്കാൻ പറഞ്ഞ സ്ത്രീയോട് പറഞ്ഞത് അള്ളായ്ക്ക് നിന്റെ ഈ നടത്തം ആവശ്യമില്ല എന്നാണ്. അള്ളായ്ക്ക് നിന്റെ ഈ ശരീര പീഡനം ആവശ്യമില്ല. എങ്കിൽ പറയൂ, 400 കിലോമീറ്റർ നടക്കുന്ന അള്ളാക്ക് ഇഷ്ടമില്ലെങ്കിൽ, 8400 കിലോമീറ്റർ, എന്റെ പ്രിയപ്പെട്ട അനുജാ ശിഹാബെ, നിന്നെ നടക്കാൻ നിർബന്ധിച്ചത് ഈ പുരാഹിത വർഗമാണ്. മോനെ നീ തിരിച്ചു നടക്ക്. നിന്റെ വീട്ടിലേക്ക് നടക്ക്. എന്നിട്ട് കോൺകോഡ് വിമാനത്തിൽ കയറി, ഏറ്റവും വേഗത്തിൽപോയി ഹജ്ജ് ചെയ്യ് മോനെ.

രണ്ട മക്കളുടെ ഷോൾഡറിൽ തൂങ്ങി ഒരു ബാപ്പ ഹജ്ജ് ചെയ്യുകയാണ്. എന്നിട്ടങ്ങനെ പ്രയാസപ്പെട്ടപ്പോൾ, ലോകത്തിന്റെ വെളിച്ചമായ റസൂൽ ചോദിച്ചത് എന്താണ് നിങ്ങളുടെ ബാപ്പയുടെ പ്രശ്നം എന്നാണ്. മക്കൾ പറയുന്നത് ബാപ്പ നടന്നുകൊണ്ട് ഹജ്ജ് ചെയ്യാമെന്ന് നേർച്ച നേർത്താണ് എന്നാണ്. റസൂൽ അത് അനുവദിച്ചില്ല. റസൂലിനെ ധിക്കരിച്ചുകൊണ്ടാണ് നമ്മുടെ ശിഹാബ് നടക്കുന്നത്. ആ മോന് അത് അറിയില്ല. ശിഹാബിന്റെ നടത്തമാണോ ഇബാദത്ത്, ശിഹാബിന്റെ ഹജ്ജ് ആണോ ഇബാദത്ത്. പഞ്ചസ്തംഭങ്ങളിൽ ഹജ്ജാണോ പ്രാധാനം. അല്ലെങ്കിൽ നടത്തം ഹജ്ജാണോ. ഹജ്ജിലേക്കുള്ള വസീറയാണ് നടത്തം. ഹജ്ജ് ആരോഗ്യത്തോടുകൂടി ചെയ്യേണ്ട കാര്യമാണ്.അവിടെ 8000 കിലോമീറ്റർ നടന്ന് നമ്മുടെ ശിഹാബ് എങ്ങാനും പാക്കിസ്ഥാന്റെ ബോർഡറിൽ വീണ് മരിച്ചാൽ, പുരോഹിതന്മാരെ നിങ്ങൾ എങ്ങനെയാണ്, അള്ളാന്റെ മുന്നിൽ നിൽക്കുക. ഇന്ന് നബിയെങ്ങാനും മലപ്പുറം വളാഞ്ചേരിയിൽ ഉണ്ടായിരുന്നെങ്കിൽ, പറയുമായിരുന്നു. മോനെ ശിഹാബെ, ഞാൻ അള്ളാന്റെ റസൂൽ ആണ് മോനെ. ഞാൻ 400 കിലോമീറ്റർ നടക്കാൻ അനുവദിച്ചിട്ടില്ല മോനെ. ഞാൻ വെറുതെ പറയില്ല മോനെ. അഭീഷ്ടമനുസരിച്ച് ഞാൻ സംസാരിക്കാറില്ല മോനെ എന്ന് പറഞ്ഞേനെ.'' - മുജാഹിദ് ബാലുശ്ശേരി ചൂണ്ടിക്കാട്ടി.

എന്നാൽ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ കേരളത്തിലെ സുന്നി ഗ്രൂപ്പുകൾ അംഗീകരിക്കുന്നില്ല. അവരുടെ ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പുകളിൽ ബാലുശ്ശേരിക്കെതിരായ പ്രചാരണങ്ങൾ നിറയുകയാണ്. എസ്‌കെഎസ്എസ്എഫും എസ്എസ്എഫും ശിഹാബ് ചോറ്റൂരിന് ഒപ്പമാണ്. പക്ഷേ എന്നാൽ ഇപ്പോൾ അന്ധവിശ്വാസ പ്രചാരണം എന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിൽ ഈ സംഘടനകൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP