Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുഷ്പ'യേക്കാൾ വലുത്; 'പുഷ്പ 2'ന് ഹൈദരാബാദിൽ ആരംഭം; പൂജ ചടങ്ങുകൾ അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും അസാന്നിധ്യത്തിൽ

'പുഷ്പ'യേക്കാൾ വലുത്; 'പുഷ്പ 2'ന് ഹൈദരാബാദിൽ ആരംഭം; പൂജ ചടങ്ങുകൾ അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും അസാന്നിധ്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്:കഴിഞ്ഞ വർഷത്തെ ഇന്ത്യൻ റിലീസുകളിൽ ഏറ്റവും ശ്രദ്ധേയ വിജയങ്ങളിൽ ഒന്നായിരുന്നു അല്ലു അർജുനെ ടൈറ്റിൽ കഥാപാത്രമാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ. ഫഹദ് ഫാസിൽ പ്രതിനായകനായെത്തിയ ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. കൊവിഡിനു ശേഷം ബോളിവുഡ് ചിത്രങ്ങളുടെ പരാജയം തുടർക്കഥയായപ്പോൾ പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

രണ്ട് ഭാഗങ്ങളായുള്ള ഫ്രാഞ്ചൈസിയാണെന്ന് നേരത്തേ അറിയിച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർക്കിടയിൽ അന്നു മുതൽ കാത്തിരിപ്പ് ഉള്ളതാണ്. ഇപ്പോഴിതാ പുഷ്പ രണ്ടാം ഭാഗത്തിന് തുടക്കമായിരിക്കുകയാണ്. പൂജ ചടങ്ങോടെ ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ചിത്രീകരണം ആരംഭിച്ചിട്ടില്ല. അത് ഉടൻ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു.അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും അസാന്നിധ്യത്തിൽ ആയിരുന്നു പൂജ ചടങ്ങുകൾ.

അല്ലു നിലവിൽ ന്യൂയോർക്കിൽ ആണ്. ആദ്യ ഭാഗം വൻ വിജയം നേടിയതുകൊണ്ടുതന്നെ മുൻപ് കെജിഎഫ് സീക്വലിന് ഉണ്ടായിരുന്നതുപോലെ ഒരു പാൻ ഇന്ത്യൻ കാത്തിരിപ്പ് പുഷ്പ 2 നായും ഉണ്ട്. ഇത് മനസിലാക്കി ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളർച്ചയായിരുന്നു ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത്. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തിൽ. പുഷ്പ ദ് റൂൾ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.

ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വിജയ് സേതുപതി രണ്ടാം ഭാഗത്തിൽ ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇത്തരത്തിലൊരു കാസ്റ്റിങ് സംഭവിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ വിവരം. മൈത്രി മൂവി മേക്കേഴ്‌സ് പുറത്തിറക്കിയ ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന താരനിരയിൽ സേതുപതിയുടെ പേരില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP