Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്മർദ്ദമില്ലാതെ ഹരാരയിൽ സഞ്ജു കളിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ കളിയിലെ കേമനായി; പിന്നാലെ സിംബാബ് വെയിലെ നഷ്ടം നികത്തി കെസിഎ ജോയിന്റ് സെക്രട്ടറി; ജയേഷ് ജോർജിന്റെ അതിവിശ്വസ്തൻ ഏഷ്യാ കപ്പ് ടീമിനൊപ്പം യുഎഇയിലേക്ക്; ഇന്ത്യൻ ടീമിന്റെ മാനേജരായി തിരുവനന്തപുരത്തുകാരൻ; സഞ്ജുവില്ലാത്ത ടീമിലേക്ക് രജിത്ത് രാജേന്ദ്രൻ എത്തുമ്പോൾ

സമ്മർദ്ദമില്ലാതെ ഹരാരയിൽ സഞ്ജു കളിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ കളിയിലെ കേമനായി; പിന്നാലെ സിംബാബ് വെയിലെ നഷ്ടം നികത്തി കെസിഎ ജോയിന്റ് സെക്രട്ടറി; ജയേഷ് ജോർജിന്റെ അതിവിശ്വസ്തൻ ഏഷ്യാ കപ്പ് ടീമിനൊപ്പം യുഎഇയിലേക്ക്; ഇന്ത്യൻ ടീമിന്റെ മാനേജരായി തിരുവനന്തപുരത്തുകാരൻ; സഞ്ജുവില്ലാത്ത ടീമിലേക്ക് രജിത്ത് രാജേന്ദ്രൻ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിംബാബ് വെ പര്യടത്തിൽ ടീം മാനേജരാകാനായിരുന്നു അഡ്വ രജിത്ത് രാജേന്ദ്രന്റെ ആഗ്രഹം. കേരളാ ക്രിക്കറ്റിന് കിട്ടിയതായിരുന്നു ഈ മാനേജർ പദവി. എന്നാൽ തിരുവനന്തപുരത്തുകാരനെത്തിയാൽ അത് സഞ്ജു വി സാസംണിന്റെ പ്രകടനത്തെ ബാധിക്കില്ലേ എന്ന സംശയം ഉയർന്നു. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ കരുതൽ എടുത്തു. വിവാദങ്ങളൊഴിവാക്കാൻ സിംബാബ് വേയിലേക്ക് മലയാളിയെ വിടേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. അങ്ങനെ സഞ്ജുവിന് സമ്മർദ്ദം കുറഞ്ഞു. ഇന്ത്യ പരമ്പര ഉറപ്പിച്ച കളിയിൽ മാൻ ഓഫ് ദി മാച്ചുമായി. തൊട്ടു പിന്നാലെ രജിത്ത് രാജേന്ദ്രനെ തേടി അംഗീകാരമെത്തുന്നു. ഏഷ്യാ കപ്പ് ടീമിന്റെ മാനേജരാണ് തിരുവനന്തപുരത്തുകാരൻ.

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളത്തിന്റെ പ്രതീക്ഷയാണ് സഞ്ജു വി സാംസൺ. സിംബാബ് വെ പര്യടനത്തിൽ സഞ്ജു ടീമിലുണ്ട്. ഏകദിന ടീമിലെ പ്രധാന മുഖമായി സഞ്ജു മാറാനും സാധ്യതയുണ്ട്. 27 വയസ്സ് മാത്രമുള്ള സഞ്ജുവിന് മുന്നിൽ ഇനിയും അവസങ്ങൾ ഏറെയുണ്ട്. ഇത് മനസ്സിലാക്കി സിംബാബ് വെയിൽ സഞ്ജുവിനെ തളർത്താൻ ആളെത്തുമോ? ഇതാണ് കേരളാ ക്രിക്കറ്റിൽ സഞ്ജുവിനെ സ്‌നേഹിക്കുന്നവർ രണ്ടാഴ്ച മുമ്പ് ഉയർത്തിയ ചോദ്യം. കേരളാ ക്രിക്കറ്റിലെ ഒരു വിഭാഗവും സഞ്ജുവും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ല. ചില മുതിർന്ന ക്രിക്കറ്റ് താരങ്ങൾ അസോസിയേഷനിലെ ചിലർക്കെതിരെ രംഗത്തുണ്ട്. ഇതിന് പിന്നിൽ സഞ്ജുവാണെന്ന പ്രചരണവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ തളർത്താൻ സിംബാബ് വെയിലേക്ക് പ്രതിനിധിയെ അയക്കാനുള്ള ചിലരുടെ നീക്കം വിവാദമായത്. ഇതാണ് രജിത്തിന് സിംബാബ് വെയാത്ര നഷ്ടമായത്. എന്നാൽ ബിസിസിഐ അടുത്ത അവസരം കേരളത്തിന് നൽകി.

ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ് കൊച്ചിക്കാരനായ ജയേഷ് ജോർജ്. ജയേഷിന്റെ കേരളത്തിലെ അതിവിശ്വസ്തനാണ് കെസിഎ ജോയിന്റ് സെക്രട്ടറിയായ രജിത്ത് രാജേന്ദ്രൻ. കെസിഎ സെക്രട്ടറിയായി രജിത്ത് രാജേന്ദ്രനെ കൊണ്ടു വരാനാണ് ജയേഷിന് ആഗ്രഹം. കൊച്ചിക്കാരനായ കാർത്തിക് വർമ്മയും തിരുവനന്തപുരം സെക്രട്ടറി വിനോദും അടക്കമുള്ളവർക്കാണ് സെക്രട്ടറി സ്ഥാനത്തെ ചർച്ചകളിൽ മുൻതൂക്കം. എന്നാൽ രജിത്തിനെ സെക്രട്ടറിയാക്കി മേധാവിത്വം നിലനിർത്താനാണ് ജയേഷിന്റെ താൽപ്പര്യം. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ടീമിന്റെ മാനേജർ പദവി രജിത്തിന് കിട്ടുന്നത്. ഇന്ത്യൻ ടീമിന്റെ മാനേജർ പദവിയിൽ വിരലിൽ എണ്ണാവുന്ന മലയാളികളെ എത്തിയിട്ടുള്ളൂവെന്നതാണ് വസ്തുത.

കേരളത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററുടെ മകന്റെ ക്രിക്കറ്റ് ഭാവി തകർത്ത ആളിനെയാണ് സിംബാബ് വെയിലേക്ക് കെ സി എ നിയോഗിക്കാൻ തയ്യാറെടുക്കുന്നത് എന്ന മറുനാടൻ വാർത്ത കാരണമാണ് ഏഷ്യാകപ്പിലേക്ക് രജിത്തിന് നറുക്കു വീഴുന്നത്. ഏഷ്യാകപ്പ് ടീമിൽ സഞ്ജുവില്ല. അതുകൊണ്ട് തന്നെ സഞ്ജുവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇനി രജിത്ത് രാജേന്ദ്രൻ എത്തുകയുമില്ല.

തിരുവനന്തപുരത്തെ പരിശീലന തർക്കങ്ങളാണ് ഇതിനെല്ലാം കാരണം. തിരുവനന്തപുരത്ത് മുതിർന്ന കളിക്കാരുടെ നേതൃത്വത്തിൽ പരിശീലന കേന്ദ്രം തയ്യാറായി കഴിഞ്ഞു. ഇവിടെയാണ് പ്രധാന യുവതാരങ്ങളെല്ലാം ഇപ്പോൾ പരിശീലനത്തിന് കൂടുതലായി എത്തുന്നത്. ഈ സാഹചര്യത്തിലാണ് സെലക്ഷൻ കമ്മറ്റിയെ നിയോഗിച്ചപ്പോൾ പോലും ചില കരുതലുകൾ എടുത്തത്. ഈ തർക്കങ്ങൾക്ക് പിന്നിൽ സഞ്ജുവിന് പങ്കുണ്ടെന്നാണ് കേരളാ ക്രിക്കറ്റിലെ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. അതുകൊണ്ടു കൂടിയാണ് എല്ലാ വിധത്തിലും കരുതലുകൾ കേരളാ ക്രിക്കറ്റിലെ ചിലർ എടുക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന.

രോഹിത് ശർമ്മയും വിരാട് കോലിയും ദിനേശ് കാർത്തിക്കും അടക്കമുള്ള താരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും ഉടൻ വിരമിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സഞ്ജുവിനെ പോലുള്ളവർക്ക് സാധ്യത ഏറെയാണ്. ബാറ്റിംഗിൽ ഫോം നിലനിർത്തിയാൽ ഭാവി ഇന്ത്യൻ നായകനായി പോലും സഞ്ജു മാറും. ഇതിനെല്ലാം നിർണ്ണായകമാണ് സിംബാബ് വെ പര്യടനം. രണ്ടാം മത്സരത്തിലെ കളിയിലെ കേമൻ പദവിയിലൂടെ സഞ്ജു ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഏകദിന ടീമിൽ ഇന്ത്യൻ മധ്യനിരയുടെ കരുത്തായി സഞ്ജു. വിക്കറ്റ് കീപ്പിംഗിലും മികവ് കാട്ടി.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുലും വിരാട് കോലിയും തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായി രാഹുൽ തിരിച്ചെത്തുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാഹുലാണ് സഹനായകൻ. ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. മൂന്ന് റിസർവ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവരാണ് റിസർവ് ലിസ്റ്റിലുള്ളത്.

ഓഗസ്റ്റ് 27 മുതൽ യു.എ.ഇയിലാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ട്വന്റി 20 മത്സരങ്ങളായാണ് ടൂർണമെന്റ് നടക്കുന്നത്. ഈ ടൂർണ്ണമെന്റിലെ ഇന്ത്യൻ പ്രകടനം അതിനിർണ്ണായകമാണ്. സിംബാബ് വെയിലെ പ്രകടനവും ഏഷ്യാകപ്പിലെ മത്സരവും തമ്മിൽ താരതമ്യം ചെയ്താകും ലോകകപ്പ് 2020ക്കുള്ള ടീമിനെ നിശ്ചയിക്കുക.

ഏഷ്യാ കപ്പിനുള്ള ടീം ഇന്ത്യ: രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP