Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരിക്കലും ബിജെപിക്കാരനാകില്ല; ആംആദ്മിയെ പോലെ എന്നെ ആഗ്രഹിക്കുന്ന വേറേയും പ്രാദേശിക പാർട്ടികളുണ്ട്; ലോക്സഭയിലേക്ക് പാർട്ടി സീറ്റ് തന്നാൽ വീണ്ടും മത്സരിക്കും; വാക്കു തന്നാൽ അത് ചെയ്യുന്ന പിണറായിയെ ഞാൻ ബഹുമാനിക്കുന്നു; കടൽ കയറുന്നത് ഗുരുതര പ്രശ്നം; തീരശോഷണം തുറമുഖം കാരണമെന്ന് വിശ്വസിക്കുന്നുമില്ല; എന്തും സംഭവിക്കാമെന്ന് തരൂർ; കോൺഗ്രസ് നേതാവ് നിലപാട് പറയുമ്പോൾ

ഒരിക്കലും ബിജെപിക്കാരനാകില്ല; ആംആദ്മിയെ പോലെ എന്നെ ആഗ്രഹിക്കുന്ന വേറേയും പ്രാദേശിക പാർട്ടികളുണ്ട്; ലോക്സഭയിലേക്ക് പാർട്ടി സീറ്റ് തന്നാൽ വീണ്ടും മത്സരിക്കും; വാക്കു തന്നാൽ അത് ചെയ്യുന്ന പിണറായിയെ ഞാൻ ബഹുമാനിക്കുന്നു;  കടൽ കയറുന്നത് ഗുരുതര പ്രശ്നം; തീരശോഷണം തുറമുഖം കാരണമെന്ന് വിശ്വസിക്കുന്നുമില്ല; എന്തും സംഭവിക്കാമെന്ന് തരൂർ; കോൺഗ്രസ് നേതാവ് നിലപാട് പറയുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസിനെ വിട്ട് ശശി തരൂർ ബിജെപിയിൽ ചേരുമോ? കേരള രാഷ്ട്രീയത്തിൽ ഏറെ നാളായി ചർച്ചയാകുന്ന ചോദ്യമാണ് ഇത്. അതിന് കൃത്യമായ മറുപടി നൽകുയാണ് തരൂർ. ഒരിക്കലും ബിജെപിക്കൊപ്പം താനുണ്ടാകില്ലെന്ന് തരൂർ പറയുന്നു. ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയം തരൂർ വിശദീകരിക്കുന്നത്.

ബിജെപിയുടെ ആശയവുമായി ഒരിക്കലും ഒത്തുപോകാനാകില്ല. എന്നാൽ ആംആദ്മിയെ പോലുള്ള പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമോ എന്ന് ചോദ്യത്തിന് അങ്ങനെയുണ്ടാകില്ലെന്ന് പറയുന്നതുമില്ല. തന്റെ മുമ്പിൽ ഒരു പാട് സാധ്യതകളുണ്ടെന്നും അതൊന്നും ഇപ്പോൾ ഊഹാപോഹങ്ങളായി ചർച്ചയാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ ഉത്തരേന്ത്യൻ ജനകീയത അടക്കം തരൂർ തിരിച്ചറിയുന്നുണ്ട്. ഹിന്ദി ബെൽറ്റിൽ ബിജെപി സംഘടനാ പരമായി സുശക്തമാണ്. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് കടന്നു കയറാനാകില്ലെന്നും തരൂർ പറയുന്നു. മൂന്നാ മുന്നണിക്ക് അപ്പുറം പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്നും തരൂർ വിശദീകരിക്കുന്നു. ബിജെപിയാണ് ഏറ്റവും വലിയ പാർട്ടി. പക്ഷേ എന്തും എപ്പോഴും സംഭവിക്കാം. അതിനായി തയ്യാറായിരിക്കണമെന്നും തരൂർ പറയുന്നു.

കേരളത്തിൽ ജനങ്ങളുടെ പൾസ് അറിയാവുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. പിണറായി വിജയൻ പ്രാപ്തിയുള്ള ഗൗരവക്കാരനാണ്. മുഖ്യമന്ത്രിയുമായി ഇടപെട്ട കാര്യങ്ങളിൽ ഒന്നും അസബന്ധങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു വാക്കു തന്നാൽ അത് നടത്തുന്ന വ്യക്തിയാണ് പിണറായി. എനിക്ക് പിണറായിയോട് വലിയ ബഹുമാനമുണ്ട്-തരൂർ വിശദീകരിക്കുന്നു.

കെ സുധാകരനും വിഡി സതീശനും ചേർന്ന് കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പിസം കുറച്ചുവെന്ന വിലയിരുത്തലും തരൂരിനുണ്ട്. 2026ൽ എല്ലാം ശരിയാകുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ കെസി വേണുഗോപാൽ ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി വിവേകശൂന്യമാകുമെന്ന സൂചനയാണ് തരൂർ നൽകിയത്.

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ മത്സരിക്കില്ലേ എന്നൊന്നും തരൂർ വ്യക്തമായി പറയുന്നില്ല. സോണിയാ ഗാന്ധിയെ എപ്പോഴും കാണാറുണ്ടെന്നും ആശയ വിനിമയം നടത്തുന്നുവെന്നും സമ്മതിക്കുന്ന തരൂർ രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തിൽ ആഴമുണ്ടെന്ന മറുപടി നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിൽ ജി 23 എന്ന ഗ്രൂപ്പില്ലെന്നും അതു വെറുമൊരു മാധ്യമ സൃഷ്ടിയാണെന്നും തരൂർ വിശദീകരിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനും തരൂരിന് മോഹമുണ്ട്. എന്നാൽ ഇതെല്ലാം പാർട്ടി തീരുമാനിക്കുമെന്നാണ് വിശദീകരിക്കുന്നു.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നത് ഗുരുതര പ്രശ്നമാണ്. എന്നാൽ കടൽ കയറുന്നതിന് കാരണം തുറമുഖമല്ലെന്നും തരൂർ പറയുന്നു. ചൈന അതിർത്തി കൈയേറുന്നതിന് സമാനമാണ് തീര ശോഷണവും. നമ്മുടെ ഭൂമിയാണ് കടലെടുക്കുന്നത്. ഇതിനെതിരെ ജാഗ്രത വേണമെന്ന് പാർലമെന്റിൽ നിരന്തരം പറയുന്നു. പക്ഷേ നടപടിയുണ്ടാകുന്നില്ലെന്നും തരൂർ പറഞ്ഞു.

തുറമുഖം മൂലമാണ് കേടുപാടുകൾ സംഭവിച്ചതെന്ന വാദം വിദഗ്ധ സമിതിയിലൂടെ പരിശോധിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന് ഒരു ചെറിയ വിദഗ്ധ സമിതി രൂപീകരിക്കാൻ കഴിയും, അവർ സമുദായ പ്രതിനിധികളുമായി സംസാരിക്കണം. പക്ഷേ, യഥാർത്ഥത്തിൽ കടലിലെ മണ്ണൊലിപ്പ് പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ, അന്തർദേശീയ - ദേശീയ തലത്തിൽ വിദഗ്ധരായവരുടെ സഹായം തേടണം. അവർ വന്ന് ശരിയായ പഠനം നടത്തട്ടെ. എന്നാൽ ജോലി നിർത്തണമെന്ന് ഇതിനർത്ഥമില്ല.

തുറമുഖം പണിയുന്ന കമ്പനിക്കെതിരെ നിർമ്മാണത്തിന് വേഗം പോരെന്ന പേരിൽ കേസെടുക്കുന്ന അതേ ഘട്ടത്തിൽ അതേ സർക്കാർ എങ്ങനെ അവരോട് പണി നിർത്താൻ പറയും?

'എനിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാൻ കഴിയില്ല. ഡൽഹിയിലോ കേരളത്തിലോ എന്റെ പാർട്ടി അധികാരത്തിലില്ല. എനിക്കുള്ളത് ജനപ്രതിനിധി എന്ന നിലയിൽ കുറച്ച് സ്വാധീനവും ധാർമ്മിക അധികാരവുമാണ്', ശശി തരൂർ പറയുന്നു. പ്രവർത്തിക്കാൻ അധികാരമുള്ളത് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും മാത്രമാണ്. അതുകൊണ്ട് എനിക്ക് പന്ത് അവരുടെ കോർട്ടിൽ ഇടണമെന്നും തരൂർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP