Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

43 റൺസ്.. മൂന്നു ക്യാച്ചും ഒരു റണ്ണൗട്ടും ; പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവുമായി നിറഞ്ഞാടി സഞ്ജു സാംസൺ; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ചത് 5 വിക്കറ്റിന്; മൂന്നാം മത്സരം തിങ്കളാഴ്‌ച്ച

43 റൺസ്.. മൂന്നു ക്യാച്ചും ഒരു റണ്ണൗട്ടും ;  പ്ലെയർ ഓഫ് ദ മാച്ച് പ്രകടനവുമായി നിറഞ്ഞാടി സഞ്ജു സാംസൺ; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയവും പരമ്പരയും; രണ്ടാം ഏകദിനത്തിൽ സിംബാബ്‌വേയെ തോൽപ്പിച്ചത് 5 വിക്കറ്റിന്; മൂന്നാം മത്സരം തിങ്കളാഴ്‌ച്ച

സ്പോർട്സ് ഡെസ്ക്

ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ആതിഥേയരായ സിംബാബ്വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 43 റൺസെടുത്ത് പുറത്താവാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ പത്തുവിക്കറ്റിന് സിംബാബ്വെയെ തകർത്തിരുന്നു.

സിംബാബ്വെ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ശുഭ്മാൻ ഗില്ലിന് പകരം നായകൻ കെ.എൽ.രാഹുലാണ് ശിഖർ ധവാനൊപ്പം ഓപ്പൺ ചെയ്തത്. എന്നാൽ രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒരു റൺ മാത്രം നേടിയ രാഹുലിനെ വിക്ടർ ന്യായുച്ചി വിക്കറ്റിന് മുന്നിൽ കുടുക്കി. രാഹുലിന് പകരം ഗിൽ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വിജയം സമ്മാനിച്ച ഗില്ലും ധവാനും ചേർന്ന് സ്‌കോർ ഉയർത്തി.

ധവാനായിരുന്നു കൂടുതൽ അപകടകാരി. ട്വന്റി 20 ശൈലിയിലാണ് താരം ബാറ്റേന്തിയത്. എന്നാൽ ടീം സ്‌കോർ 47-ൽ നിൽക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാൻ പുറത്തായി. ഷിവാൻഗയുടെ പന്തിൽ സിക്സ് നേടാനുള്ള ധവാന്റെ ശ്രമം ഇന്നസെന്റിന്റെ കൈയിലൊതുങ്ങി. 21 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 33 റൺസെടുത്ത് ധവാൻ മടങ്ങി.

ധവാന് പകരം വന്ന ഇഷാൻ കിഷൻ നിരാശപ്പെടുത്തി. 13 പന്തുകൾ നേരിട്ട കിഷൻ വെറും ആറുറൺസ് മാത്രമെടുത്ത് മടങ്ങി. ലൂക്ക് യോങ്വെയുടെ പന്ത് കിഷന്റെ ബാറ്റിൽ തട്ടി വിക്കറ്റ് പിഴുതു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഗിൽ നന്നായി ബാറ്റുവീശി. എന്നാൽ 14-ാം ഓവറിൽ അനാവശ്യ ഷോട്ട് കളിച്ച് ഗില്ലും പുറത്തായി. 34 പന്തുകളിൽ നിന്ന് ആറുബൗണ്ടറികൾ സഹിതം 33 റൺസെടുത്ത ഗില്ലിനെ യോങ്വെ പുറത്താക്കി. ഇതോടെ ഇന്ത്യ 97 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ഇതോടെ ഇന്ത്യയെ വിറപ്പിക്കാമെന്ന് സിംബാബ്വെ സ്വപ്നം കണ്ടെങ്കിലും അത് സ്വപ്നമായി അവശേഷിച്ചു. ആറാമനായി ക്രീസിലിറങ്ങിയ സഞ്ജു സാംസണും പിന്തുണ നൽകിയ ദീപക് ഡൂഡയും ചേർന്ന് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് നയിച്ചു. സീൻ വില്യംസിനെ തുടർച്ചയായി സിക്‌സിന് പറത്തിയ സഞ്ജു തന്നെക്കാൾ മുന്നെ ഇറങ്ങിയ ഹൂഡയെ പിന്നിലാക്കി കുതിച്ചു. വിജയത്തിന് അരികെ ഹൂഡ(25) മടങ്ങിയെങ്കിലും സഞ്ജുവിന്റെ ഫിനിഷിംഗിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ധോണി സ്‌റ്റൈലിൽ സിക്‌സർ അടിച്ചായിരുന്നു സഞ്ജുവിന്റെ ഫിനിഷിങ്.

39 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും പറത്തിയാണ് സഞ്ജു 43 റൺസെടുത്തത്. ഏഴ് പന്തിൽ ആറ് റൺസുമാി അക്‌സർ പട്ടേൽ വിജയത്തിൽ സഞ്ജുവിന് കൂട്ടായി.സിംബാബ്വെയ്ക്ക് വേണ്ടി ലൂക്ക് യോങ്വെ രണ്ടുവിക്കറ്റെടുത്തപ്പോൾ ടനക ഷിവാൻഗ, വിക്ടർ ന്യായുച്ചി, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 38.1 ഓവറിൽ 161 റൺസിന് ഓൾ ഔട്ടായി. 42 റൺസെടുത്ത സീൻ വില്യംസാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി ശാർദൂൽ ഠാക്കൂർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയ്ക്ക് താളം കണ്ടെത്താനായില്ല. ഓപ്പണിങ് വിക്കറ്റിൽ തകുട്സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും ചേർന്ന് 20 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എട്ട് ഓവർ വരെ ഇരുവരും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ചു.

എന്നാൽ ഒൻപതാം ഓവർ ചെയ്ത മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്വെയുടെ ആദ്യ വിക്കറ്റ് നേടി.ഏഴുറൺസെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി.പിന്നീട് ശാർദൂൽ ഠാക്കൂറിന്റെ ഊഴമായിരുന്നു. ദീപക് ചാഹറിന് പകരം ടീമിലിടം നേടിയ ശാർദൂൽ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കായ്യയെ സഞ്ജുവിന്റെ കൈയിലെത്തിച്ചു. 16 റൺസാണ് താരത്തിന്റെ സമ്പാദ്യം.

അതേ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിൽ നന്നായി ബാറ്റുവീശിയ സിംബാബ്വെ നായകൻ റെഗിസ് ചക്കാബ്വയെയും മടക്കി ശാർദൂൽ ആതിഥേയർക്ക് തലവേദന സൃഷ്ടിച്ചു. വെറും രണ്ട് റൺസാണ് നായകന്റെ സമ്പാദ്യം. പിന്നാലെ രണ്ട് റൺസെടുത്ത വെസ്ലി മധേവെറെയേയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സിംബാബ്വെയുടെ ബാറ്റിങ് നിരയെ തകർത്തു. ഇതോടെ ആതിഥേയർ 31-ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നീട് ക്രീസിലൊന്നിച്ച സിക്കന്ദർ റാസയും സീൻ വില്യംസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇരുവരും ടീം സ്‌കോർ 50 കടത്തി. എന്നാൽ ഈ കൂട്ടുകെട്ടിനും ആയുസ്സുണ്ടായില്ല. 16 റൺസെടുത്ത റാസയെ കുൽദീപ് ഇഷാൻ കിഷന്റെ കൈയിലെത്തിച്ചു. റാസയ്ക്ക് പകരം റയാൻ ബേൺ ക്രീസിലെത്തി. ബേളിനെ കൂട്ടുപിടിച്ച് വില്യംസ് ടീം സ്‌കോർ മുന്നോട്ടുനയിച്ചു. സിംബാബ്വെ സ്‌കോർ 100 കടത്തിയത് ഈ കൂട്ടുകെട്ടാണ്.

എന്നാൽ അനാവശ്യ ഷോട്ട് കളിച്ച് സീൻ വില്യംസ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 42 പന്തുകളിൽ നിന്ന് 42 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. ഇതോടെ ടീമിന്റെ രക്ഷാചുമതല ബേൾ ഏറ്റെടുത്തു. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ബേൾ പിടിച്ചുനിന്നു. മറുവശത്ത് യൂക്ക് യോങ്ങിനെ (6) ശാർദൂൽ ഠാക്കൂറും ബ്രാഡ് ഇവാൻസിന്റെ അക്ഷർ പട്ടേലും (9) ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന വിക്ടർ ന്യായുച്ചിയും (0) ടനക ഷിവാൻഗയും (4) റൺ ഔട്ടായി. ഇതോടെ സിംബാബ്വെയുടെ ബാറ്റിങ്ങിന് തിരശ്ശീല വീണു. 47 പന്തുകളിൽ നിന്ന് 39 റൺസെടുത്ത റയാൻ ബേൾ പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ശാർദൂൽ ഠാക്കൂർ മൂന്നുവിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീത് വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP