Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൂറു രൂപ പ്രതിമാസ പോക്കറ്റ് മണി സർക്കാറിൽ നിന്ന് വാങ്ങി വളർന്ന സിഎച്ചിന്റെ മകൻ; നിലവിളക്ക് ഹറാമല്ലെന്ന് പറഞ്ഞ മതേതരവാദി; ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയുടെ കരട്; താലബാന്റെ പേരിലും വധ ഭീഷണി; ഇപ്പോൾ പിണറായിയോട് പാവാട ഉടുക്കാൻ പറഞ്ഞത് അടക്കമുള്ള വിവാദങ്ങൾ; പുരോഗമനപക്ഷത്തു നിന്ന് മൃദു താലിബാനിസത്തിലേക്കോ? ഡോ എം കെ മുനീറിന്റെ പരിണാമ കഥ

നൂറു രൂപ പ്രതിമാസ പോക്കറ്റ് മണി സർക്കാറിൽ നിന്ന് വാങ്ങി വളർന്ന സിഎച്ചിന്റെ മകൻ; നിലവിളക്ക് ഹറാമല്ലെന്ന് പറഞ്ഞ മതേതരവാദി; ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയുടെ കരട്; താലബാന്റെ പേരിലും വധ ഭീഷണി; ഇപ്പോൾ പിണറായിയോട് പാവാട ഉടുക്കാൻ പറഞ്ഞത് അടക്കമുള്ള വിവാദങ്ങൾ; പുരോഗമനപക്ഷത്തു നിന്ന് മൃദു താലിബാനിസത്തിലേക്കോ? ഡോ എം കെ മുനീറിന്റെ പരിണാമ കഥ

എം റിജു

കാഫ്ക്കയുടെ മെറ്റാമോർഫോസിസ് എന്ന ലോക പ്രശസ്തമായ കഥയിൽ ഗ്രിഗർസാംസയെന്ന നായകൻ ഒരു സുപ്രഭാതത്തിൽ ഒരു ഷഡ്പദമായി പരിണമിച്ചതുപോലുള്ള രാഷ്ട്രീയ പരിണാമം ഒരുപാട് നാം കണ്ടിട്ടുണ്ട്. നക്സലേറ്റിനെ സായിബാബ ഭക്തനായും, പഴയ മതേതരവാദികളെ തീവ്ര വർഗീയവാദികളുടെ കൂടാരത്തിലും, നാം നിരവധി തവണ കണ്ടിട്ടുണ്ട്. അതുപോലെ ഒരു രാഷ്ട്രീയ പരിണാമം, കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്, ഡോ എം കെ മുനീർ എന്ന മുസ്ലിം ലീഗ് നേതാവിലുടെയാണ്. ഒരുകാലത്ത് കേരള ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ശക്തമായ മതേതര മുഖം ആയിട്ടാണ് മുനീർ നിലകൊണ്ടിരുന്നത്. എഴുത്തുകാരൻ, വാഗ്മി, പ്രസാധകൻ, ചാനൽ ചെയർമാൻ എന്നീ നിലകളിലൊക്കെ മറ്റ് മുസ്ലിംലീഗ് നേതാക്കൾക്ക് ഒരിക്കലും കിട്ടാതിരുന്ന പേരും പ്രശസ്തിയും, പുരോഗമന ജനാധിപത്യ സമൂഹത്തിന്റെ പിന്തുണയും മുനീറിന് ഉണ്ടായിരുന്നു.

മുസ്ലിം ലീഗിന്റെ കരിസ്മാറ്റിക്ക് നേതാവ് ആയിരുന്നു സി എച്ച് മുഹമ്മദ് കോയയുടെ മകൻ എന്ന ലേബലിലാണ് രാഷ്ട്രീയത്തിൽ എത്തിയത് എങ്കിലും, വളരെ പെട്ടെന്നുതന്നെ അദ്ദേഹം തൻേറതായ വ്യക്തിത്വം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയെടുത്തു. മുസ്ലിം ലീഗിനെ പിടിച്ചുകുലുക്കിയ, 'നിലവിളക്ക് കൊളുത്താമോ' എന്ന വിവാദം ഓർമ്മയില്ലേ. ആ സമയത്തുകൊളുത്താം എന്ന് അഭിപ്രായപ്പെട്ട നേതാവ് ആയിരുന്നു മുനീർ. പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സമയത്തൊക്കെ അദ്ദേഹം ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ ശക്തമായ നിലപാടാണ് എടുത്തത്. അതിന്റെ പേരിൽ പലതവണ വധ ഭീഷണിയുണ്ടായി. മതതീവ്രതയുമായി മുജാഹിദ് ബാലുശ്ശേരിമാർ പിടിമുറക്കുന്ന കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ ഒരു ശുഭ പ്രതീക്ഷയായാണ് ഡോ എം കെ മുനീറിനെ പൊതുസമുഹം കണ്ടത്.

എന്നാൽ അടുത്തകാലത്ത് ഉണ്ടായ വിവാദങ്ങൾ നോക്കുക. ജൻഡർ ന്യൂട്രൽ യൂണിഫോമിനെ അതിനിശിതമായി അപഹസിക്കയാണ് മുനീർ ചെയ്യുന്നത്. ഈയിടെയായി അദ്ദേഹത്തിന്റെ നിലപാടുകളിലൊക്കെ മതമൗലികാവാദത്തിൽ ഘടകങ്ങൾ കയറി വരുന്നുണ്ട്. ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിന് എന്ന് ചോദിച്ച് ഇപ്പോൾ മുനീർ വീണ്ടും വിവാദത്തിൽ പെട്ടിരിക്കയാണ്. താൻ അങ്ങനെല്ല, പറഞ്ഞത് എന്ന വിശദീകരണം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വന്നെങ്കിലും, ലിംഗ നീതി, സ്ത്രീ സ്വാതന്ത്ര്യം, എൽജിബിടി പൊൽറ്റിക്സ് എന്നിവയിലൊക്കെ തീർത്തും പിന്തിരപ്പനായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. മതേതരനായി ഒരു നേതാവ് പതുക്കെ പതുക്കെ മൃദുതാലിബാനിസത്തിലേക്ക് നീങ്ങുന്നതിന്റെ വിചിത്രമായ കാഴ്ചയാണ്, മുനീറിന്റെ ജീവിതം പഠിക്കുമ്പോൾ കാണാൻ കഴിയുക.

സർക്കാറിന്റെ പോക്കറ്റ്മണി കിട്ടിയ വിദ്യാർത്ഥി

സി എച്ച് മുഹമ്മദ് കോയയുടെയും കെ ആമിനയുടെയും മകനായി, 1962 ഓഗസ്റ്റ് 26നാണ് മുനീർ ജനിച്ചത്. ഹൗസിയ, ഫരീദ എന്നീ രണ്ടു സഹോദരിമാർക്ക് ഒപ്പം, പിതാവിന്റെ രാഷ്ട്രീയ ജീവിതം കണ്ടുകൊണ്ട് അദ്ദേഹം വളർന്നു. മുസ്ലിം ലീഗിലെ മാത്രമല്ല, കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാൾ ആയിരുന്നു സി എച്ച് മുഹമ്മദ് കോയ. ഒരു ഭരണാധികാരിയെന്ന നിലയിലും മനുഷ്യസ്നേഹിയെന്ന നിലയിലുമെല്ലാം ഏവർക്കും ഏറെ പ്രിയങ്കരനായ നേതാവ്. 1983ൽ സി എച്ച് മരിച്ചപ്പോൾ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. പിതാവ് മരിക്കുമ്പോൾ വെറും 21 വയസ്സുമാത്രമായിരുന്നു മുനീറിന്റെ പ്രായം.

മുസ്ലീലീഗിന്റെ മറ്റ് നേതാക്കളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയിൽ ആയിരുന്നു സി എച്ച് ഏറെ ശ്രദ്ധിച്ചിരുന്നത്. തന്റെ മകനെയും എംബിബിഎസ് പഠിപ്പിച്ചു. സിഎച്ച് മരിക്കുമ്പോൾ മുനീർ കർണാടകയിൽ മെഡിസിന് പഠിക്കായിരുന്നു. അക്കാലത്ത് ഏറെ മോശമായിരുന്നു കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ. എല്ലാം പൊതുകാര്യത്തിനായി ചെലവിട്ട സി എച്ചിന് കടുംബത്തിന് വേണ്ടി കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ സർക്കാറിന്റെ സഹായം ആ കടുംബത്തിനുണ്ടായി.

'സിഎച്ച് കുടുംബത്തിന് സാമ്പത്തിക സഹായം' എന്ന പേരിലുള്ള ആ വാർത്തയുടെ കട്ടിങ്ങ് ഇന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1983 ഒക്ടോബർ 25ന് കെ കുരണാകരൻ മന്ത്രിസഭയുടെ തീരുമാനം റിപ്പോർട്ട് ചെയ്യുന്ന വാർത്ത ഇങ്ങനെയാണ്. ''അന്തരിച്ച സി എച്ച് മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങൾക്ക്, സാമ്പത്തിക സഹായം നൽകാൻ ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സിഎച്ചിന്റെ ഭാര്യക്ക് പ്രതിമാസം 500ക യും, ഉമ്മക്ക് പ്രതിമാസം 250ക യും അവരുടെ ജീവിതകാലം മുഴുവൻ ഗവൺമെന്റ് നൽകുന്നതാണ്. സിഎച്ചിന്റെ മകൻ മുനീറിന് ഇന്ത്യയിൽ എവിടെയും വിദ്യാഭ്യാസം നടത്താനുള്ള ചെലവിന് പുറമേ, പ്രതിമാസം 100 ക വീതം പോക്കറ്റ് മണിയായും നൽകും. കർണാടകയിലെ മെഡിക്കൽ കോളജിൽ പഠിക്കുകയാണ് മുനീർ. ആ വിദ്യാർത്ഥിയെ കേരളത്തിലേക്ക് മാറ്റാണും തീരുമാനും ആയിട്ടുണ്ട്. ''-

വാർത്ത നോക്കുക. പോക്കറ്റ് മണിയായിപ്പോലും സർക്കാർ മുനീറിന് പണം കൊടുത്തിട്ടുണ്ട്. ആ അർഥത്തിൽ സർക്കാറിന്റെ ഒരു ദത്തുപുത്രൻ എന്ന നിലയിലാണ് അദ്ദേഹം വളർന്നത്. വാർത്തക്ക് ഒപ്പമുള്ള പഴയ ഫോട്ടോ കണ്ടാൽ അറിയാം മുനീറിന്റെ മുഖത്തെ ദൈന്യത. പക്ഷേ സിഎച്ചിന്റെ കുടുംബത്തെ സഹായിച്ചത് അന്ന് പ്രതിപക്ഷം പോലും വിവാദമാക്കിയില്ല. കാരണം അത്രക്കായിരുന്നു അദ്ദേഹത്തിന്റെ ജനകീയത. ( ഇന്ന് പിണറായി സർക്കാറിന്റെ ധുർത്തിനെയും, ക്ഷേമത്തിന്റെ പേരിലുള്ള വെട്ടിപ്പുകളേയും യുഡിഎഫ് നേതാക്കൾ വിമർശിക്കുമ്പോൾ ഈ കട്ടിങ്ങ് ഉയർത്തിയാണ് സിപിഎം പ്രതിരോധം! )

എംബിബിസ് പഠിച്ച് ഡോക്ടർ ആയെങ്കിലും, ജനത്തെ സേവിക്കാനും ചികിത്സിക്കാനുമായിരുന്നു മുനീറിന് താൽപ്പര്യം. സി എച്ചിന്റെ പൈതൃകം രാഷ്ട്രീയത്തിൽ തുടരണമെന്ന് പാർട്ടിയിൽനിന്നും സമ്മർദം ഉയർന്നു. അങ്ങനെ 1987ൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിച്ച് ജയിച്ചാണ് മുനീറിന്റെ അരങ്ങേറ്റം. നഗരസഭാംഗമായപ്പോൾ പ്രായം വെറും 26 വയസ്സ്. തുടർന്നങ്ങോട്ട് എംഎൽഎ, മന്ത്രി, ഇപ്പോൾ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ, അറുപതുവയസ്സിനിടയിൽ താക്കോൽ സ്ഥാനങ്ങൾ തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയത്.

1991ൽ ഇപ്പോൾ സൗത്ത് മണ്ഡലം ആയി മാറിയ കോഴിക്കോട് രണ്ടിൽനിന്നാണ് ആദ്യമായി എംഎൽഎ ആവുന്നത്. യുഡിഎഫും എൽഡിഎഫും മാറിമാറി ജയിക്കുന്ന മമണ്ഡലമായിരുന്നു അത്. പക്ഷേ കന്നിപേരാട്ടത്തിൽ, സിപിഎമ്മിലെ ജനകീയ നേതാവ് സി പി കുഞ്ഞുവിന്റെ തോൽപ്പിക്കാൻ മുനീറിന് തുണയായത്, സിഎച്ചിന്റെ മകൻ എന്ന ഇമേജ് കൂടിയാണ്. പിന്നീട് മലപ്പുറം ജില്ലയിലേക്ക് മാറി. അവിടെയും വൻ ഭൂരിപക്ഷത്തിന് ജയിച്ചു കയറി. ഒന്നാന്തരം പ്രാസംഗികനും ക്രൗഡ് പുള്ളറുമായിരുന്നു എം കെ മുനീർ. അതുകൊണ്ടുതന്നെ പാർട്ടിക്ക് വെറും എംഎൽഎ ആയി അദ്ദേഹത്തെ അധികാലം മാറ്റിനിർത്താൻ കഴിഞ്ഞില്ല. 2001ൽ 99 സീറ്റുകൾ നേടി എ കെ ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മുനീർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.

എക്സപ്രസ് വേ വിവാദവും ഇന്ത്യാവിഷനും

എം കെ മുനീർ എന്ന വ്യക്തിയുടെ ഒരു ആശയം കേരളത്തിൽ വലിയ ചർച്ചയാവുന്നത് അക്കാലത്താണ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വെറും ആറുമണിക്കുർ കൊണ്ട് എത്തുന്ന എക്സപ്രസ് വേ ആയിരുന്നു അദ്ദേഹം വിഭാവനം ചെയ്ത്. പദ്ധതിയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ വൻ എതിർപ്പുമായി ഇടതുപക്ഷവും, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളും രംഗത്ത് എത്തി. വലിയ പ്രതിഷേധങ്ങളും കോലഹാലങ്ങളുമായി . കേരളത്തെ രണ്ടായി വിഭജിക്കുമെന്നും വൻ പരിസ്ഥിതി പ്രശ്നം ഉണ്ടാകുമെന്നുമൊക്കെയുള്ള ആരോപണങ്ങൾക്ക് ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പക്ഷേ ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ കെ റെയിലിനെക്കുറിച്ചൊക്കെ ചർച്ചകൾ വരുന്ന കാലത്ത്, മുനീറിന്റെ ദീർഘവീക്ഷണം ചർച്ചയാവുന്നുണ്ട്. ഇതിന്റെ നാലിലൊന്ന് ചെലവ് മാത്രമായിരുന്നു, ഈ അതിവേഗ പാതക്ക്. (അന്ന് സിപിഎമ്മായിരുന്നു ഭരിച്ചിരുന്നതെങ്കിൽ അവർ എക്പ്രസ്വേയെ പിന്തുണക്കുമായിരുന്ന എന്നത് വേറെ കാര്യം)

അതിനിടെയാണ് മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തിൽ ഇന്ത്യാ വിഷൻ എന്ന മലയാളത്തിലെ ആദ്യത്തെ വാർത്താധിഷ്ഠിത ടെലിവിഷൻ ചാനൽ തുടങ്ങുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ന്യുസ് ചാനൽ എന്നത് അന്ന് മലയാളിക്ക് അത്ഭുദം ആയിരുന്നു. 2003ലാണ് ചാനൽ ആരംഭിച്ചത്. അന്ന് മുനീർ മന്ത്രിയാണ്. ചാനലിന് വിവാദവും കൂടെപ്പിറപ്പായിരുന്നു. പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ ഉണ്ടാക്കിയ അഴിമതിപ്പണമാണ് മുനീർ ഇന്ത്യവിഷനുവേണ്ടി നിക്ഷേപിച്ചത് എന്ന് പ്രതിപക്ഷം ആരോപിച്ചൂ. പക്ഷേ ഇതിലൊന്നും യാതൊരു കഴമ്പും ഇല്ലായിരുന്നു.

എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന് പുർണ്ണമായും എഡിറ്റോറിയൽ സ്വാതന്ത്ര്യമാണ്, ചാനൽ ചെയർമാൻ എന്ന നിലയിൽ എം കെ മുനീർ കൊടുത്തിരുന്നത്. ഇന്ത്യാവിഷൻ ശരിക്കും മലയാള മാധ്യമ രംഗത്തെ മാറ്റിമറിച്ചു. നിർഭയമായും സ്വതന്ത്രമായും മാധ്യമ പ്രവർത്തനം നടത്താമെന്ന് അവർ കാണിച്ചു തന്നു. പിന്നീട് ഇതിന്റെ പേരിൽ മുനീർ ഏറെ പഴിയും കേട്ടു. കടവും ജപ്തി ഭീഷണിയുമെല്ലാം അദ്ദേഹത്തിന് പല തവണയുണ്ടായി. തൊഴിലാളി തർക്കവും, സാമ്പത്തിക പ്രതിസന്ധിയും മൂലം, 2015 മാർച്ച് 31ന് പ്രവർത്തനം അവസാനിപ്പിച്ചു. പക്ഷേ ഇന്ത്യവിഷൻ കേരള മാധ്യമ രംഗത്ത് ഇന്നും ഒരു ലജൻഡായി നിലനിൽക്കുന്നു. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള എത് ചർച്ചയും, ഇന്ത്യാവിഷനും മുമ്പും ശേഷവും എന്ന നിലയിലായി.

ഐസ്‌ക്രീമിൽ കുഞ്ഞാലിക്കുട്ടിയെ കുടുക്കി

തുടക്കം മുതലേ മുസ്ലിം ലീഗിൽ, വിരുദ്ധ ചേരികളിൽ ആയിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും. സി എച്ച് മുഹമ്മദ് കോയയുടെ മകൻ എന്ന പേരും, എംബിബിഎസിന്റെ ഗ്ലാമറുമുള്ള ഒരു യുവനേതാവ് വളർന്നുവന്നാൽ അത് തനിക്ക് വലിയ ഭീഷണിയാവുമെന്ന്, പാർട്ടിയെ അടക്കി ഭരിച്ചിരുന്ന കുഞ്ഞാലിക്കുട്ടി കരുതി. തരം കിട്ടുമ്പോഴോക്കെ മുനീറിനെ അദ്ദേഹം ഒതുക്കാൻ ശ്രമിച്ചിരുന്നുവെന്നതും പരസ്യമായ രഹസ്യമാണ്. മുനീർ ആകട്ടെ കെ എം ഷാജിയടക്കമുള്ള യുവ നേതാക്കളെ കൂട്ടുപിടിച്ച് കുഞ്ഞാലിക്കുട്ടിക്ക് എതിരെ പൊരുതാനും തുടങ്ങി.

അങ്ങനെ ഇരിക്കയാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ കുപ്രസിദ്ധമായ ഐസ്‌ക്രീം പാർലർ കേസ് ഉണ്ടാവുന്നത്. കോഴിക്കോട്ടെ ശ്രീദേവിയുടെ ഐസ്‌ക്രീം പാർലറിന്റെ മറവിൽ നടന്ന പെൺവാണിഭത്തിൽ, പ്രമുഖർക്ക് പങ്കുണ്ടെന്ന്, മാധ്യമ പ്രവർത്തകർക്ക് ഒക്കെ അറിയമായിരുന്നു. ഇരയായ റജീന ഈ വാർത്തയുമായ പല തവണ പല മാധ്യമങ്ങളെയും സമീപിച്ചതാണ്. പക്ഷേ പേടിച്ച് ആരും കൊടുത്തില്ല. എന്നാൽ ഇന്ത്യാവിഷനും നികേഷ്‌കുമാറിനും ആ പേടി ഉണ്ടായിരുന്നില്ല. അവർ റജീന ഉയർത്തിയ കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന ആരോപണം അതേപടി എയർ ചെയ്തു. കേരളം ഞെട്ടി!

പക്ഷേ അതിന്റെ എല്ലാം പ്രഷർ പോയത് എ കെ മുനീറിലേക്കാണ്. മുനീർ അറിഞ്ഞുകൊണ്ടാണ് ഈ വാർത്ത എയർ ചെത്തത്് എന്നാണ്, കുഞ്ഞാപ്പ അന്നും ഇന്നും വിശ്വസിക്കുന്നത്. എന്നാൽ താൻ എഡിറ്റോറിയൽ ടീമിന് പുർണ്ണ സ്വതന്ത്ര്യം കൊടുത്തിരിക്കയാണെന്നും, ദൈനദിന വാർത്തകാര്യങ്ങളിൽ ഇടപെടാറില്ലെന്നുമായിരുന്നു മുനീറിന്റെ മറുപടി. അതോടെ കുഞ്ഞാലിക്കുട്ടിയുടെയും ലീഗിലെ ഭൂരിപക്ഷം വരുന്ന അദ്ദേഹത്തിന്റെ ആരാധകരുടെയും കടുത്ത ശത്രുവായി മുനീർ മാറി.

മറക്കാനാവാത്ത തോൽവി

2004 നവംബർ ഒന്നിന് കുഞ്ഞാലിക്കുട്ടി ഉംറ തീർത്ഥാടനം കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടെ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റതും വൻ വിവാദമായി. കരിപ്പൂർ വിമാനത്താവളത്തിന്റെ ടെർമിനലിൽ ഹരിത പതാക ഉയർത്തി മുസ്ലിംലീഗ് പ്രവർത്തകർ മുഷ്‌ക്ക് കാട്ടി. നിരവധി മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റ ആ സംഭവം, കേരള പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായും മാറി.

ഇതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ആക്രമണം കടുച്ചിച്ചു. വിഷയം കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിനും, രാജ്യാന്തര മാധ്യമങ്ങളിലും വാർത്തയായി. കുറേക്കാലം കുഞ്ഞാലിക്കുട്ടി പിടിച്ചുനിന്നെങ്കിലും, മകന്റെ വിവാഹം കഴിഞ്ഞതോടെ അദ്ദേഹം രാജിവെച്ച് ഒഴിഞ്ഞു. പകരം കുഞ്ഞാലിക്കുട്ടിയുടെ ആശ്രിതനെപ്പോലെ നടന്ന വി കെ ഇബ്രാഹിംകുഞ്ഞാണ് മന്ത്രിയായത്. ഈ സമയത്ത് മറ്റൊരു നീക്കം ലീഗിൽ നടക്കുന്നുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സമഗ്രാധിപത്യ പ്രവണതയോടും, പാർട്ടിക്കുള്ളിൽ നടന്ന സുനാമി ഫണ്ട് തട്ടിപ്പ് അടക്കമുള്ള കാര്യങ്ങും ചോദ്യം ചെയ്ത കെ ടി ജലീലിനെ ലീഗ് പുറത്താക്കി. മാത്രമല്ല കുറ്റിപ്പുറത്ത് വീണ്ടും മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് കെ ടി ജലീലിന്റെ വെല്ലുവിളിയിൽ തലവെച്ച കുഞ്ഞാലിക്കുട്ടി, 2006ലെ തെരഞ്ഞെടുപ്പിൽ നൈസായി തോറ്റു. വി എസ് തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ മങ്കടയിൽ ഇടതു സ്വതന്ത്രൻ മഞ്ഞളാംകുഴി അലിയോട് പൊരുതി തോൽക്കാനായിരുന്നു, മുനീറിന്റെ വിധി. അയ്യായിരത്തോളം വോട്ടുകൾക്കാണ് തോറ്റത്. സിറ്റിങ്ങ് എംഎൽഎ ആയ മഞ്ഞാളാംകുഴി അലിക്കെതിരെ, മണ്ഡലം മാറ്റി മുനീറിനെ മത്സരിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ചതി ആയിരുന്നെന്നും അന്ന് വിമർശനം ഉയർന്നിരുന്നു.

ആ തോൽവിയിൽ മുനീർ വല്ലാതെ ദുഃഖിതനായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമ സുഹൃത്തുക്കളോട് സംസാരിച്ചത്. 'ഇനി എന്നെ കുഞ്ഞാലിക്കുട്ടി തീർക്കും എന്നായിരുന്നു' അദ്ദേഹം വിലപിച്ചത്. ഐസ്‌ക്രീം കേസ് മനസ്സിൽവെച്ചുകൊണ്ട്, 'കണ്ണിൽ കരട് പോയതിന് മറ്റെവിടെയങ്കിലും തിരിഞ്ഞിട്ട് കാര്യമില്ല' എന്ന മുനീറിന്റെ പരസ്യ പ്രസ്താവനയും ഏറെ ചർച്ചയായിരുന്നു.

പക്ഷേ തോൽവിയെ തുടർന്നുള്ള ബ്രേക്കിനെ തുടർന്ന് കുഞ്ഞാലിക്കുട്ടി ശക്തമായി തിരിച്ചുവന്നു. ഒപ്പം മുനീറും. 2011ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിലേക്ക് മാറിയ മുനീർ പഴയ എതിരാളി സി പി കുഞ്ഞവിന്റെ മകൻ മുസഫർ അഹമ്മദിനെ തോൽപ്പിച്ച്, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ സാമൂഹിക ക്ഷേമ മന്ത്രിയുമായി. 2016ലും മുനീർ കോഴിക്കോട് സൗത്ത് നിലനിർത്തി. അവിടെ മുനീർ വിജയിച്ചെങ്കിലും സംസ്ഥാനത്ത് യുഡിഎഫീന് ഭരണം നഷ്ടമായി.

2021ൽ ആവട്ടെ കഴിഞ്ഞ തവണ വിമത പ്രശനംമൂലം കൈവിട്ട കൊടുവള്ളി എന്ന പൊന്നാപുരം കോട്ട തിരിച്ചുപിടിക്കാനാണ്, പാർട്ടി മുനീറിനെ നിയോഗിച്ചത്. കേരളം മുഴവൻ പിണറായി തരംഗം ആഞ്ഞടിച്ചപ്പോളും കൊടുവള്ളിയിൽ മുനീർ ജയിച്ചു കയറി. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയതോടെ, മുസ്ലിംലീഗിന്റെ നിയമസഭാകക്ഷി നേതൃത്വവും, പ്രതിപക്ഷ ഉപനേതാവ് എന്ന പദവിയും സി എച്ചിന്റെ മകന് കൈവന്നു.

നിലവിളക്ക് വിവാദവും കൈവെട്ട് കേസും

മറ്റ് ലീഗ് നേതാക്കളിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു, ആദ്യ കാലത്ത് എം കെ മുനീർ. 2005ലെ നിലവിളക്ക് വിവാദത്തിൽ, ഇത് പ്രകടമായിരുന്നു. ഒരു ചടങ്ങിൽ നിലവിളക്ക് കൊളുത്താൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിനെ നടൻ മമ്മൂട്ടി നിർബന്ധിച്ചതായിരുന്നു വിവാദത്തിന്റെ തുടക്കം. പക്ഷേ റബ്ബ് കൊളത്തിയില്ല. നിലവിളക്ക് കൊളുത്തുന്നതിൽ ഇസ്ലാമിക വിരുദ്ധമായി ഒന്നുമില്ലെന്ന് പറഞ്ഞ മമ്മൂട്ടിയെ സോഷ്യൽ മീഡിയയിൽ ലീഗ് അനുകൂലികൾ ആക്രമിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്്. അതിനിടെ ആരാധനയുടെ ഭാഗമല്ലാതെ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലെന്നാണ് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയും പ്രതികരിച്ചു. താൻ പൊതുപരിപാടികളിൽ വിളക്ക് കൊളുത്താറുണ്ടെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

എന്നാൽ കെഎം ഷാജിയുടെ അഭിപ്രായമല്ല, മുസ്ലിം ലീഗിലെ ഇ ടി മുഹമ്മദ് ബഷീറും കെപിഎ മജീദും അടക്കമുള്ളവർക്ക് ഉണ്ടായിരുന്നത്. നിലവിളക്ക് കൊളുത്തേണ്ട എന്നത് മുസ്ലിം ലീഗിന്റെ നയമാണെന്നാണ് അവർ പറഞ്ഞത്. നിലവിളക്ക് കൊളുത്തുന്നതിനെ മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നാണ് ഇ ടി വ്യക്തമാക്കിയത്. എന്നാൽ ഈ അഭിപ്രായത്തെ എം കെ മുനീർ പൂർണമായും തള്ളി. വ്യക്തിപരമായ സ്വാതന്ത്ര്യമാണ് നിലവിളക്കിന്റെ കാര്യത്തിലുള്ളതെന്നാണ് മുനീർ പറഞ്ഞത്. നിലവിളക്ക് കൊളുത്താനേ പാടില്ലെന്ന് പറയുന്നത് സങ്കുചിതത്വമാണെന്നും മുസ്ലിം ലീഗ് എന്ന പാർട്ടി ഒരിക്കലും തീരുമാനിച്ചിട്ടില്ലെന്നും മുനീർ പറഞ്ഞതോടെ, വിവാദം കൊഴുത്തു.

അതുപോലെ ഇല്ലാത്ത പ്രവാചകനിന്ദയുണ്ടാക്കി, പ്രൊഫ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലും അതിശക്തമായി പ്രതികരിച്ച് എത്തിയത് എം കെ മുനീർ ആയിരുന്നു. താൻ പോകുന്ന യോഗങ്ങളിൽ എല്ലാം അക്കാലത്ത് ഈ വിഷയം മുനീർ പറയുമായിരുന്നു. പ്രസംഗം കഴിയുമ്പോൾ പലരും വന്ന് അദ്ധ്യാപകൻ ചെത്ത തെറ്റിനുള്ള ശിക്ഷയല്ലേ കിട്ടിയത് എന്നും നിങ്ങൾ ഇത് ഇങ്ങനെ വികാരം കൊള്ളണമോ എന്ന് ചോദിക്കുമായിരുന്നെന്നും മുനീർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ധ്യാപകൻ തെറ്റു ചെയ്തിട്ടില്ല എന്ന നിലപാടാണ് മുനീർ എടുത്തത്. അന്ന് വിപ്ലവകേരളത്തിന്റെ ആശയയും അഭിലാഷവും ആയിരുന്നു എം എ ബേബി അദ്ധ്യാപകനെ 'മഠയൻ' എന്നാണ് വിളിച്ചിരുന്നത്.

താലിബാനെതിരെ പോസ്റ്റിട്ടതിന് വധ ഭീഷണി

അതുപോലെ തന്നെ എസ്ഡിപിഐ അടക്കമുള്ള ഇസ്ലാമിക മൗലികാവാദ സംഘടനകളുടെ കടുത്ത എതിരാളി ആയിരുന്നു മുനീർ. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ നിലപാട് എടുക്കുന്നതുകൊണ്ട് അദ്ദേഹം പലപ്പോഴും ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. താലിബാനെ വിസ്മയമായി കരുതുന്നവർ ഉള്ളകാലത്താണ്, അദ്ദേഹം ആ സംഘടനയെ നിശിതമായി വിമർശിച്ച് പോസ്റ്റ് ഇടുന്നത്. അതിന്റെ പേരിലും മുനീറിന് വധ ഭീഷണി കത്തിലൂടെ ലഭിച്ചു.

ആ കത്ത് ഇങ്ങനെയായിരുന്നു. 'ഫേസ്‌ബുക്ക് പോസ്റ്റ് ഉടൻ പിൻവലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലിം വിരുദ്ധ പോസ്റ്റാണത്. നിന്റെ തീരുമാനങ്ങൾ നിന്റെ പുരയിൽ മതി. 24 മണിക്കൂറിനുള്ളിൽ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ നിന്നേയും കുടുംബത്തേയും തീർപ്പ് കൽപിക്കും. ഈ കത്തും പൊക്കിപ്പിടിച്ച് ആളാകാൻ ഇറങ്ങരുത്. കുറെ കാലമായി മുസ്ലിം വിരുദ്ധതയും ആർഎസ് എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയിൽ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരൻ പിള്ളയുടെ ആർഎസ്എസ് പുസ്തക പ്രകാശനം നടത്തിയതും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജോസഫ് മാഷാകാൻ ശ്രമിക്കരുത്. അയാളുടെ അവസ്ഥ ഉണ്ടാക്കരത്'- ഇങ്ങനെയാണ് കത്തിലെ ഭീഷണി പോവുന്നത്. ' താലിബാൻ ഒരു വിസ്മയം' എന്ന പേരിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ പ്രതികൾ ആരെയും പടികിട്ടിയില്ല

കേസുകൾ ധാരാളം; ഒന്നിൽ ശിക്ഷ

പക്ഷേ ഇങ്ങനെ പുരോഗമന പക്ഷത്തുനിന്നുവെന്ന് അവകാശപ്പെടുമ്പോഴും, പൊതുമരാമത്ത് മന്ത്രിയായിരിക്കേയൊക്കെ മുനീറിന്റെ പേരിൽ ധാരാളം ആക്ഷേപങ്ങളും വന്നിട്ടുണ്ട്. വലിയ അഴിമതിയാണ് അക്കാലത്ത് ലീഗുകാർ നടത്തിയത്. അതുപോലെ ഇന്ത്യവിഷൻ ചെയർമാൻ എന്ന നിലനിലയിൽ ഉണ്ടായ കടബാധ്യതകൾ അദ്ദേഹത്തെ കുരുക്കി.

വ്യാജ ചെക്ക് കേസിലാണ് മുനീറിനെ കോട്ടയം സിജെഎം കോടതി ശിക്ഷിക്കുന്ന അവസ്ഥയുണ്ടായി. എന്നാൽ, ഹൈക്കോടതിയെ സമീപിച്ച മുനീർ സ്റ്റേവാങ്ങി. ഇതേപോലെ ഒമ്പത്് കേസുകൾ വേറെയുമുണ്ടായി. മാതൃഭൂമി അഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിൽ മുനീർ പറയുന്നുണ്ട്, ഇന്ത്യാവിഷൻ എന്ന വലിയ സ്വപ്നം പുർത്തീകരിക്കാനായി തലങ്ങും വിലങ്ങും ചെക്ക് കൊടുത്ത് പലപ്പോഴും തനിക്ക് വിനയായെന്ന്. അഴിമതി, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ മുനീറിനെതിരായ മൂന്നുകേസു ഉണ്ടാതിരുന്നു. ഇപ്പോൾ താരമമ്യേന സുരക്ഷിതനായ അവസ്ഥയിലാണ് മുനീർ. പക്ഷേ അപ്പോഴാണ് അദ്ദേഹം തന്റെ പുരോഗമനമുഖം എടുത്തുകളഞ്ഞുകൊണ്ട് മുജാഹിദ് ബാലുശ്ശേരിയെപ്പോലെ സംസാരിക്കുന്നത്.

എന്താണ് മുനീറിന്റെ യഥാർഥ പ്രശ്നം

പക്ഷേ മുനീറിന്റെ മൃദു താലിബാൻ നിലപാടുകൾ വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള നീക്കമാണെന്നാണ് അഡ്വ ജയശങ്കറിനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പാർട്ടിയിലെ സമ്പുർണ്ണ ആധിപത്യമാണ് മുനീർ ലക്ഷ്യമിടുന്നത്. ഇതുവരെ അദ്ദേഹം പിന്നിൽനിന്ന് കളിക്കയായിരുന്നു. ഇപ്പോഴാണ് മുന്നിലെത്തിയത്.

അടിസ്ഥാനപരമായി മുസ്ലിം ലീഗ് ഒരു മതാധിഷ്ഠിത പാർട്ടിയാണ്. അതിന്റെ അണികളെ പുർണ്ണമായും പിടിച്ചു നിർത്താനുള്ള പരിപാടി മതത്തിന്റെ നിലപാടിന് ഒപ്പച്ച് അഭിപ്രായം പറയുക എന്നയാണ്. മാത്രമല്ല കുഞ്ഞാലിക്കുട്ടിക്ക് പകരം മുനീർ എന്ന നിലയിൽ മുസ്ലീലീഗിന്റെ നേതൃത്വം മാറുകയാണെങ്കിൽ, സമസ്ത അടക്കമുള്ളവർ അംഗീകരിക്കേണ്ടതുണ്ട്. അതിനാണ് അദ്ദേഹം പുരോഗമന വാദിയിൽനിന്ന് മതവാദിയിലേക്ക് മാറുന്നത്. അടത്തുകാലത്ത് കണ്ട മുനീറിന്റെ പല പ്രസംഗങ്ങളിലും തക്‌ബീർ വിളിച്ച് തുടങ്ങുന്നതുകാണാം. മുമ്പൊന്നും അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യാറില്ല. മതം ഒരു സ്വകാര്യത ആവണം എന്ന് പറഞ്ഞ ആൾ തന്നെ ഇപ്പോൾ മതം കൊണ്ട് കളിക്കയാണ്.

കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്യം ഇപ്പോഴും പുലരുന്ന ലീഗ് എന്ന സംഘടനക്കകത്ത് തനിക്കൊന്നും കൂടുതലായി ചെയ്യാനില്ലെന്നും, തന്നെ ആരും ഗൗനിക്കുന്നില്ലെന്നും തോന്നിയിട്ടും ആവാം ഈ മാറ്റം എന്ന് കരുതുന്നവരും ഉണ്ട്. തുർക്കിലും, അറേബ്യൻ നാടുകളിലുമെല്ലാം പെൺകുട്ടികൾ യൂണിഫോമിന്റെ ഭാഗമായി പാന്റ്സ് ധരിക്കുമ്പോൾ അതിനെ ആരും എതിർക്കാറില്ല. ലീഗിന്റെയും ഇതര മുസ്ലിം സംഘടനാ നേതാക്കളുടെയും പെൺമക്കൾ, ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വൻകിട കോർപറേറ്റു കമ്പനികളിൽ സാരിയും ചൂരിദാറുമുടുത്തല്ല, പാന്റ്സും ഷേർട്ടും കോട്ടുമെല്ലാം ഇട്ടാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം നന്നായി അറിയുന്ന ആളാണ് മുനീർ. പക്ഷേ മതം എറിഞ്ഞ് കളിക്കുന്ന പ്രയോഗിക രാഷ്ട്രീയം അദ്ദേഹത്തിന് പയറ്റേണ്ടി വരുന്നുവെന്നത്, കേരള രാഷ്ട്രീയത്തിന്റെയും ഗതികേട് തന്നെയാണ്.

വാൽക്കഷ്ണം: ലീഗിന്റെ നേതാക്കളായ കെപിഎ മജീദോ, മായിൻ ഹാജിയോ, പിഎംഎ സലാമോ, ഇ ടിയോ ഒന്നും ഇത്തരം അഭിപ്രായം നടത്തിയാൽ ആർക്കും ഒരു അത്ഭുദവുമില്ല. മുനീറിന്റെ സംസർഗം കൊണ്ട് അവർ കൂടുതൽ മതേതരവാദികൾ ആവുമെന്നാണ് നാം കരുതിയത്. പക്ഷേ ബർഡാണ്ഷാ ഫലിതംപോലെ തിരിച്ചാണ് സംഭവിച്ചത്. അതാണ് മതരാഷ്ട്രീയം! അത് നല്ലതിനെയും ചീത്തയാക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP