Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ

ക്ലർക്കായി തുടങ്ങി ഒരു വർഷം കൊണ്ട് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ വരെ എത്തിച്ചു; മന്ത്രി വി.ശിവൻകുട്ടിയുടെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി ഉത്തരവ്; ഖജനാവിനെ ചോർത്തി 'പഴ്സനൽ' സ്റ്റാഫുകളോടുള്ള കരുതൽ തുടർന്നു പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസിലെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി. അഡിഷനൽ പിഎ തസ്തികയിൽ ജോലി ചെയ്തിരുന്ന പി.എസ്.ആനന്ദിനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന കെ.സന്തോഷ് കുമാറിനെ അഡിഷനൽ പിഎയായും തസ്തിക പുനർനിർണയിച്ചു. ഇത് സംബന്ധിച്ച പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

ഈ മാസം 17നാണ് പൊതുഭരണ വകുപ്പ് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 2നു വി.ശിവൻകുട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണവകുപ്പിന്റെ തീരുമാനം. പഴ്‌സനൽ സ്റ്റാഫുകളുടെ നിയമന അധികാരിയായ മുഖ്യമന്ത്രിയുടെ അംഗികാരം ലഭിച്ച ശേഷമാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

ഇതോടെ ആനന്ദിന്റെ ശമ്പളം 60,000 രൂപയിൽനിന്ന് 75,500 രൂപയായി ഉയരും. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിന്റെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായി ഉയരും. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി വർധിക്കും.

അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതാണ്. അഡിഷനൽ പിഎയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫിസറുടേതാണ്. പഴ്‌സനൽ സ്റ്റാഫിൽ ക്ലർക്കായി കയറിയ സന്തോഷ് കുമാറിന്, ഒരു വർഷം കൊണ്ടാണ് ഗസറ്റഡ് തസ്തികയായ അഡിഷനൽ പിഎ പോസ്റ്റു ലഭിച്ചത്.

ക്ലർക്ക്: 31,100- 66,800 വരെയാണ് ശമ്പള സ്‌കെയിൽ. അഡിഷണൽ പിഎ: 50,200 - 1,05,300, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 63700- 1,23,700 എന്നിങ്ങനെയാണ് ശമ്പള സ്‌കെയിൽ.

ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന മുൻ മന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായി പുനർ നിയമനം നൽകിയും 'പ്രത്യേക കരുതൽ' പിണറായി സർക്കാർ തെളിയിച്ചിരുന്നു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേയും കായിക മന്ത്രി അബുറഹിമാന്റേയും സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവന്റേയും പേഴ്സണൽ സ്റ്റാഫിലേക്കാണ് ഇവരെ മാറ്റി നിയമിച്ചത്. ഇതോടെ, മൂന്നു മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചിരുന്നു. പഴ്സനൽ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കെയാണ് രാജിവച്ച മന്ത്രിയുടെ സ്ഥാഫിലെ അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ശമ്പളം സർക്കാർ ജീവനക്കാരുടെ ഹെഡിൽനിന്നാണ്. സർക്കാർ ജീവനക്കാർക്ക് 30 വർഷം സർവീസുണ്ടെങ്കിൽ മുഴുവൻ പെൻഷനും അതിൽ കുറവാണെങ്കിൽ സർവീസ് കാലയളവനുസരിച്ചുള്ള പെൻഷനുമാണ്. ശമ്പള സ്‌കെയിൽ പ്രകാരം നിയമിക്കപ്പെടുന്നവർക്ക് സർക്കാർ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിർബന്ധമാണ്. അഞ്ചുവർഷത്തേക്ക് നിയമനമുള്ളു അവർക്ക്. പക്ഷേ രണ്ടുവർഷം പൂർത്തിയാക്കിയാൽ ആജീവനാന്തം പെൻഷൻ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തിൽ അയോഗ്യരായവർക്ക് രാഷ്ട്രീയ പ്രവർത്തകരായതിന്റെ പേരിൽ നിയമനം ലഭിക്കുന്നു.

പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാൽ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. എന്തിനേറെ വെറും രണ്ട് വർഷം മാത്രം സർവീസിലിരുന്നാൽ പോലും മൂന്ന് വർഷത്തെ സർവീസ് കണക്കാക്കി പെൻഷനും ആനുകൂല്യങ്ങളും വേറെ. നിലവിൽ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേർന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്‌സണൽ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും. ഇവർക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.

പേഴ്‌സണൽ സ്റ്റാഫുകളിലെ ബമ്പർ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകൾ. കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വർഷങ്ങളുടെ സർവീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്‌കെയിൽ.

ഏകദേശം 1,07,800- 1,60,000 വരെ വരും. ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് പാചകക്കാരനാണ്- പരമാവധി 50200 രൂപവരെ. 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് യാത്രയ്ക്ക് ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് നിരക്കാണ് ടിഎ ആയി ലഭിക്കുക. 77,000 ന് മുകളിലാണെങ്കിൽ വിമാന ടിക്കറ്റ് നിരക്കും ക്ലെയിം ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP