Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനീസ് കപ്പലുകൾക്ക് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കുകയാണു ജിബ്ബൂട്ടി താവളത്തിന്റെ ദൗത്യം; വിമാനവാഹിനി കപ്പലിനു നിലയുറപ്പിക്കാൻ പാകത്തിൽ താവളം വികസിപ്പിക്കാനും നീക്കം; ഹംബൻതോട്ടയിൽ നങ്കൂരമിട്ട ചാരക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യൻ സമുദ്രത്തിൽ ചൈനയുടെ ലക്ഷ്യം സംശയത്തിൽ

ചൈനീസ് കപ്പലുകൾക്ക് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കുകയാണു ജിബ്ബൂട്ടി താവളത്തിന്റെ ദൗത്യം; വിമാനവാഹിനി കപ്പലിനു നിലയുറപ്പിക്കാൻ പാകത്തിൽ താവളം വികസിപ്പിക്കാനും നീക്കം; ഹംബൻതോട്ടയിൽ നങ്കൂരമിട്ട ചാരക്കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യൻ സമുദ്രത്തിൽ ചൈനയുടെ ലക്ഷ്യം സംശയത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈന നിലയുറപ്പിക്കാൻ എത്തുന്നു. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ ലോകരാജ്യങ്ങൾ സംശയത്തോടെയാണ് കാണുന്നത്. ഇതിനൊപ്പമാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ചൈന നിർമ്മിച്ച നാവികത്താവളം പൂർണ പ്രവർത്തന സജ്ജമായതു സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. 2016ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പലുകൾക്ക് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കുകയാണു ജിബ്ബൂട്ടി താവളത്തിന്റെ ദൗത്യം. ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ കരുതൽ എടുക്കുന്നുണ്ട്. 'യുവാൻ വാങ് 5' എന്ന കപ്പൽ ഇന്ത്യയുടെ നിരീക്ഷണവലയത്തിലാണ്. ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ സമുദ്ര മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകളാണു ചാരക്കപ്പലിനെ നിരീക്ഷിക്കുന്നത്. കപ്പൽ സമുദ്ര ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാർഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. ചാരക്കപ്പൽ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയിൽ കൂടുതൽ ചൈനീസ് കപ്പലുകൾ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം. അതിനു തടയിടാൻ നയതന്ത്ര, സേനാ തലങ്ങളിൽ ശ്രീലങ്കയുമായി ഇന്ത്യ ചർച്ചകൾ നടത്തും.

ഇതിനൊപ്പമാണ് ജിബൂട്ടിയിലെ ചൈനീസ് നീക്കവും. ജിബൂട്ടിയിൽ വിമാനവാഹിനി കപ്പലിനു നിലയുറപ്പിക്കാൻ പാകത്തിൽ താവളം വികസിപ്പിക്കാനും ചൈന നീക്കം നടത്തുന്നുണ്ട്. യുഎസ്, ഫ്രാൻസ്, ജപ്പാൻ, ഇറ്റലി എന്നിവയ്ക്കും ജിബൂട്ടിയിൽ തുറമുഖ താവളങ്ങളുണ്ട്. സൗദി അറേബ്യയും താവളം നിർമ്മിക്കുന്നു. ശ്രീലങ്കയ്‌ക്കൊപ്പം ജിബൂട്ടിയിലും ചൈനയ്ക്ക് വ്യക്തമായ താൽപ്പര്യമുണ്ട്. ഇന്ത്യൻ രഹസ്യങ്ങൾ ചോർത്തുകയാണ് ചൈനീസ് ചാരക്കപ്പലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

യുവാൻ വാങ്ങ് പരമ്പരയിലെ മൂന്നാം തലമുറ കപ്പലാണ് യുവാൻ വാങ് 5. ചൈനീസ് പ്രതിരോധവിഭാഗത്തിന്റെ ഗവേഷണവിഭാഗം രൂപകൽപന ചെയ്ത കപ്പൽ 2007 സെപ്റ്റംബർ മുതലാണ് സർവീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്റ്റാട്രറ്റജിക് സപ്പോർട്ട് ഫോഴ്‌സ് യൂണിറ്റ് ആണ് കപ്പലിനെ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബർ, ഇലക്ട്രോണിക് വാർഫെയർ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിഭാഗമാണ് സ്റ്റാട്രറ്റജിക് സപ്പോർട്ട് ഫോഴ്‌സ്.

മിസൈലുകളുടേയും റോക്കറ്റുകളുടേയും വിക്ഷേപണത്തിനും ട്രാക്കിംഗിനേയും സഹായിക്കുന്നതിനുള്ള മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളമുള്ള അത്യാധുനിക മിസൈൽ റേഞ്ച് ഇൻസ്ട്രുമെന്റേഷൻ കപ്പലാണിത്. ചൈനയെ കൂടാതെ ഫ്രാൻസ്, ഇന്ത്യ, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകളും സമാന സംവിധാനങ്ങളുള്ള കപ്പലുകൾ സൈനിക ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.

യുവാൻ വാങ് 5 ഒരു സാധാരണ കപ്പൽ അല്ലെന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം. സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടുകൾ പ്രകാരം ബാലിസ്റ്റിക് മിസൈലുകൾ നിരീക്ഷിക്കുന്നതുൾപ്പെടെ സാറ്റലൈറ്റ് ട്രാക്കിങ്ങിനു പോലും ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഈ കപ്പലിലുള്ളത്. ചാരക്കപ്പൽ എന്ന നിലയിലാണ് യുവാൻ വാങ് 5നെ ഇന്ത്യ വിലയിരുത്തുന്നത്. ഇന്ധനം നിറയ്ക്കാനായാണ് കപ്പൽ ഹംബൻതോട്ട തുറമുഖ യാർഡിലെത്ത് എത്തിയത് എന്നാണ് വിശദീകരണം.

അതേസമയം ഇന്ത്യയെ സംബന്ധിച്ചടുത്തോളം വിശ്വാസയോഗ്യമായ വിശദീകരണമല്ല ഇത്. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിൽ ചൈന അവരുടെ സ്വാധീനം വർധിപ്പിക്കുന്നത് സംശയകണ്ണോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. സ്പേസ് ട്രാക്കിങ്ങിനും ഉപഗ്രഹനിരീക്ഷണത്തിനുമായി യുവാൻ വാങ്ങ് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP