Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാ കടുവകളെ വിറപ്പിച്ച ശൗര്യം ഇന്ത്യക്ക് മുന്നിൽ വിലപ്പോയില്ല; ഒന്നാം ഏകദിനത്തിൽ സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ; അനായാസ ജയമൊരുക്കിയത് തിരിച്ചുവരവ് ഗംഭീരമാക്കിയ ദീപക് ചഹാറും അർധസെഞ്ച്വറി നേടിയ ഒപ്പണർമാരും; ക്യാപ്റ്റനായി രാഹുലിന് ആദ്യ ജയം

ബംഗ്ലാ കടുവകളെ വിറപ്പിച്ച ശൗര്യം ഇന്ത്യക്ക് മുന്നിൽ വിലപ്പോയില്ല; ഒന്നാം ഏകദിനത്തിൽ സിംബാബ്‌വേയെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ; അനായാസ ജയമൊരുക്കിയത് തിരിച്ചുവരവ് ഗംഭീരമാക്കിയ ദീപക് ചഹാറും അർധസെഞ്ച്വറി നേടിയ ഒപ്പണർമാരും; ക്യാപ്റ്റനായി രാഹുലിന് ആദ്യ ജയം

സ്പോർട്സ് ഡെസ്ക്

ഹരാരെ: ബംഗ്ലാദേശിനെ ഞെട്ടിച്ച് ഏകദിന പരമ്പര സ്വന്തമാക്കിയ സിംബാബ്‌വേക്ക് പക്ഷെ ആ മികവ് ഇന്ത്യക്ക് മുന്നിൽ പുറത്തെടുക്കനായില്ല.ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിനാണ് ആതിഥേയരെ തകർത്തുവിട്ടത്.190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 30.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.81 റൺസോടെ ശിഖർ ധവാനും 82 റൺസോടെ ശുഭ്മാൻ ഗില്ലും പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാൾ നടക്കും.

ശുഭ്മാൻ ഗിൽ 72 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 82 റൺസ് നേടിയും ശിഖർ ധവാൻ 113 പന്തുകളിൽ നിന്ന് ഒൻപത് ബൗണ്ടറിയുടെ അകമ്പടിയോടെ 81 റൺസെടുത്തും പുറത്താവാതെ നിന്നു.ബംഗ്ലാദേശിനെ വിറപ്പിച്ചുവിട്ട സിംബാബ്വെ ബൗളർമാരിൽ നിന്ന് കുറച്ചുകൂടി കടുത്ത മത്സരം ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും ധവാനും ഗില്ലിനും ഭീഷണിയാവാൻ അവർക്കായില്ല. തുടക്കത്തിൽ ആക്രമണം നയിച്ചത് ധവാനായിരുന്നെങ്കിൽ പിന്നീട് അത് ഗിൽ ഏറ്റെടുത്തു.

76 പന്തിലാണ് ധവാൻ അർധസെഞ്ചുറിയിലെത്തിയത്. വെസ്റ്റ് ഇൻഡീസിലും ഓപ്പണിംഗിൽ തിളങ്ങിയെങ്കിലും ധവാന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. സിംബാബ്വെക്കെതിരെയും അതിൽ മാറ്റമൊന്നും ഉണ്ടായില്ല.ഇരുപതാം ഓവറിൽ ഇന്ത്യ 100 കടന്നു. കഴിഞ്ഞ നാലു ഇന്നിങ്‌സിൽ മൂന്നാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്. മറുവശത്ത് പതുക്കെ തുടങ്ങിയ ഗിൽ പിന്നീട് കത്തിക്കയറി.ആദ്യ 15 പത്തിൽ 10 റൺസ് മാത്രമെടുത്ത ഗിൽ 51 പന്തിൽ അർധസെഞ്ചുറിയിലെത്തി. അർധസെഞ്ചുറിക്ക് ശേഷം ഗിൽ അതിവേഗം സ്‌കോർ ചെയ്തതോടെ 30.5 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ആദ്യം ബാറ്റുചെയ്ത സിംബാബ്വെ 40.2 ഓവറിൽ 189 റൺസിന് ഔൾ ഔട്ടായി. 35 റൺസെടുത്ത നായകൻ റെഗിസ് ചക്കാബ്വയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത നായകൻ കെ.എൽ.രാഹുലിന്റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ പുറത്തെടുത്തത്.ഒരു ഇടവേളക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ ദീപക് ചഹാർ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി.7 ഓവറിൽ 27 റൺസ് വഴങ്ങി ചഹാർ 3 വിക്കറ്റ് വീഴ്‌ത്തി.

സിംബാബ്വെ ബാറ്റിങ് നിരയെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും നിലയുറപ്പിക്കാൻ ബൗളർമാർ അനുവദിച്ചില്ല. ടീം സ്‌കോർ 25-ൽ നിൽക്കേ ഓപ്പണർ ഇന്നസെന്റ് കായിയയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെ കൈയിലെത്തിച്ച് ദീപക് ചാഹർ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. വെറും നാല് റൺസാണ് താരത്തിന്റെ സമ്പാദ്യം.പിന്നാലെ മറ്റൊരു ഓപ്പണറായ തഡിവാനാഷി മറുമാനിയെയും മടക്കി ചാഹർ തുടക്കത്തിൽ തന്നെ സിംബാബ്വെയ്ക്ക് പ്രഹരമേൽപ്പിച്ചു. മറുമനിയെയും ചാഹർ സഞ്ജുവിന്റെ കൈയിലെത്തിച്ചു. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ സിംബാബ്വെ 26 ന് രണ്ട് എന്ന സ്‌കോറിലേക്ക് വീണു.

പിന്നീട് മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നു. നാലാമനായി വന്ന സീൻ വില്യംസിനെ നിലയുറപ്പിക്കുംമുൻപ് സിറാജ് ശിഖർ ധവാന്റെ കൈയിലെത്തിച്ചു. വെറും ഒരു റണ്ണാണ് താരത്തിന്റെ സ്‌കോർ.മൂന്നാമനായി ഇറങ്ങിയ വെസ്ലി മധേവെരേയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസ് മാത്രമെടുത്ത വെസ്ലിയെ ചാഹർ വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ സ്പെല്ലിൽ തന്നെ ചാഹർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി സിംബാബ്വെയുടെ നടുവൊടിച്ചു. ഇതോടെ സിംബാബ്വെ വെറും 31 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച സിക്കന്ദർ റാസയും നായകൻ റെഗിസ് ചക്കാബ്വയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് സിംബാബ്വെയെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ ഈ കൂട്ടുകെട്ടിന്് അധികം ആയുസ്സുണ്ടായില്ല. ടീം സ്‌കോർ 66-ൽ നിൽക്കേ ടീമിന്റെ പ്രതീക്ഷയായിരുന്ന സിക്കന്ദർ റാസ കൂടാരം കയറി. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ശിഖർ ധവാന് ക്യാച്ച് നൽകി 12 റൺസെടുത്ത് റാസ പുറത്തായി.

ഇതോടെ നായകൻ ചക്കാബ്വ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. മികച്ച ഷോട്ടുകളുമായി നായകൻ കളം നിറഞ്ഞു. കൂട്ടിന് റയാൻ ബേളുമെത്തി. എന്നാൽ 11 റൺസെടുത്ത ബേളിനെ പ്രസിദ്ധ് കൃഷ്ണ മടക്കി. പിന്നാലെ ചക്കാബ്വയും മടങ്ങി. 51 പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 35 റൺസെടുത്ത സിംബാബ്വെ നായകനെ അക്ഷർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. ചക്കാബ്വയ്ക്ക് പകരം വന്ന ലൂക്ക് യോങ്വെയെയും മടക്കി അക്ഷർ സിംബാബ്വെയുടെ എട്ടാം വിക്കറ്റെടുത്തു. യോങ്വെ മടങ്ങുമ്പോൾ സിംബാബ്വെ സ്‌കോർ വെറും 110 റൺസ് മാത്രമായിരുന്നു.

എന്നാൽ ഒൻപതാം വിക്കറ്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻഗാറാവയും ചെറുത്തുനിന്നു. ഇരുവരും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ചെറുതായി ഒന്നുപതറി. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ നായകൻ രാഹുലിന് സാധിച്ചില്ല. വാലറ്റത്ത് 70 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. സിംബാബ്വെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

എന്നാൽ 40-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ഈ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 34 റൺസെടുത്ത എൻഗാറവയെ ക്ലീൻ ബൗൾഡാക്കി പ്രസിദ്ധ് ഈ കൂട്ടുകെട്ട് പൊളിച്ചു.അവസാനക്കാരനായി വന്ന വിക്ടർ ന്യായുച്ചിയെ മടക്കി അക്ഷർ പട്ടേൽ സിംബാബ്വെ ഇന്നിങ്സിന് തിരശ്ശീലയിട്ടു. 40.3 ഓവറിൽ ടീം ഓൾ ഔട്ടായി.29 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 33 റൺസെടുത്ത ബ്രാഡ് ഇവാൻസ് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, അക്ഷർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP