Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്; ഗവർണർ ഇപ്പോഴാണ് ശരി ചെയ്തത്; സർവകലാശാലകളിലെ 6 വർഷത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്നും വി ഡി സതീശൻ

ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്; ഗവർണർ ഇപ്പോഴാണ് ശരി ചെയ്തത്; സർവകലാശാലകളിലെ 6 വർഷത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കണമെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സിവിക് ചന്ദ്രൻ കേസിൽ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമർശങ്ങൾ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നീതി കൊടുക്കേണ്ട സ്ഥാപനങ്ങൾ ഇങ്ങനെ ചെയ്താൽ നീതി തേടി മനുഷ്യർ എവിടേക്ക് പോകും. ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19 നൂറ്റാണ്ടിലെ സ്പെയിനിലാണോ, അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും വേണ്ടി പാർലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ദൗർഭാഗ്യകരമായ പരാമർശത്തിൽ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നത്. തിരുവനന്തപുരം ഡിസിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ ചെയ്തത് ശരി

നിയമവിരുദ്ധമായ നിയമനം നടത്താനുള്ള കണ്ണൂർ സർവകലാശാലയുടെ ശ്രമത്തെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഗവർണർ തടഞ്ഞത്. കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം. പരസ്യമായാണ് അർഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വർഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവൻ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാൻ ഗവർണർ നടപടി എടുക്കണം.

സർവകലാശാലകളിലെ അദ്ധ്യാപക ജോലി സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കായി റിസർവ് ചെയ്തിരിക്കുകയാണ്. 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത അദ്ധ്യാപകന് ലഭിച്ച സ്‌കോർ 651 ആയിരുന്നു. എന്നാൽ നിയമനം നൽകാൻ തീരുമാനിച്ചയാളുടെ സ്‌കോർ 156 ആണ്. ഇന്റവ്യൂവിൽ 156 സ്‌കോറുള്ള ആൾക്ക് 32 മാർക്കും 651 സ്‌കോറുള്ളയാൾക്ക് 30 മാർക്കും നൽകിയാണ് നിയമനം അട്ടിമറിച്ചത്. ഡോക്ടറേറ്റും അധ്യപന പരിചയവുമുള്ളവർക്ക് അവസരം നൽകാതെ അർഹതയില്ലാത്തവരെയാണ് സർക്കാർ നിയിക്കുന്നത്. സർവകലാശാല ഭേദഗതി ബിൽ നിയമസഭയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതും അദ്ധ്യാപക നിയമനത്തിന് വേണ്ടിയാണ്. ഇഷ്ടക്കാരായ ആളുകളെ വൈസ് ചാൻസിലർമാരാക്കി അദ്ധ്യാപക നിയമനത്തിൽ ക്രമക്കേട് നടത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സെർച്ച് കമ്മിറ്റിയിൽ യുജിസി, സെനറ്റ്, ചാൻസിലറായ ഗവർണർ എന്നിവരുടെ പ്രതിനിധികളാണുള്ളത്. അതിലേക്കാണ് സർക്കാർ പ്രതിനിധിയേയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനെയും ഉൾപ്പെടുത്തുന്നത്. എന്നിട്ട് ഭൂരിപക്ഷം ലഭിക്കുന്ന ആളുടെ പേര് മാത്രമെ ഗവർണർക്ക് മുന്നിലേക്ക് ശിപാർശ ചെയ്യൂ. ഇതിലൂടെ അർഹതപ്പെട്ടവരെ ഒഴിവാക്കാനും ഇഷ്ടക്കാരെ നിയമിക്കാനും സർക്കാരിന് സാധിക്കും. അത്തരത്തിൽ നിയമിക്കപ്പെടുന്ന വി സിമാർ സർക്കാരിന് മുന്നിൽ അടിമകളെ പോലെ നിൽക്കും. അതാണ് കണ്ണൂർ സർവകലാശാലയിൽ നടന്നത്.

നിയമനം റദ്ദാക്കിയ ഗവർണറുടെ നടപടിക്കെതിരെ കോടതിയിലേക്ക് പോകുമെന്ന് പറയുന്നത് അനീതി പുനഃസ്ഥാപിക്കാനാണ്. അങ്ങനെയെങ്കിൽ യു.ഡി.എഫും നിയമവഴി തേടും. ഇത്തരം നിയമ ലംഘനങ്ങൾ ഇനിയും കേരളത്തിൽ നടക്കാൻ പാടില്ല. അനധ്യാപക നിയനം യു.ഡി.എഫ് സർക്കാർ പി.എസ്.സിക്ക് വിട്ടതു കൊണ്ടാണ് കേരള സർവകലാശാലയിൽ നടന്നതു പോലുള്ള നിയമന അഴിമതി ഇപ്പോൾ നടക്കാത്തത്. അതുകൊണ്ട് സർവകലാശാലകളിലെ അദ്ധ്യാപക നിയമനവും പി.എസ്.സിക്ക് വിടാൻ സർക്കാർ തയാറാകണം.

നിയമസഭ പാസാക്കിയ നിയമം അനുസരിച്ച് നിയമവിരുദ്ധമായ നിയമനങ്ങൾ റദ്ദാക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ അതിനെ പ്രതിപക്ഷം എതിർക്കും. കണ്ണൂർ വി സിയെ ഗവർണർ നിയമിച്ചതും മന്ത്രി കത്തെഴുതിയതും നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിന്നീട് ഗവർണറും ഇത് സമ്മതിച്ചു. നിയമനം നിയമവിരുദ്ധമാണെന്ന് അംഗികരിച്ച സാഹചര്യത്തിൽ വി സി പുറത്താക്കാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവർണർ അതിന് തയാറായില്ല. അനീതി കാട്ടിയിട്ട് ബിജെപിയെന്നും കേന്ദ്രമെന്നുമുള്ള രാഷ്ട്രീയം പറഞ്ഞ് സർക്കാരിന് രക്ഷപ്പെടാനാകില്ല. നിയമനം ഗവർണർ റദ്ദാക്കിയത് നിയമപരമായാണ്. ഇപ്പോഴാണ് ഗവർണർ ശരി ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP