Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപിനോട് ഒട്ടി നിൽക്കുന്ന രണ്ടു സംവിധായകരും എന്റെ ശിഷ്യനായ സംവിധായകനും അടക്കമുള്ളവരാണ് വ്യാജ പരാതിക്ക് പിന്നിൽ; ശാന്തിവിള ദിനേശ് അടുത്ത സുഹൃത്തായിരുന്നെങ്കിലും പിന്നീട് ശത്രുവായി മാറി; മകന് സ്‌കൂളിൽ നിന്ന് മോശം പെരുമാറ്റം അടക്കം തനിക്ക് നഷ്ടങ്ങൾ മാത്രമെന്ന് ബാലചന്ദ്രകുമാർ

ദിലീപിനോട് ഒട്ടി നിൽക്കുന്ന രണ്ടു സംവിധായകരും എന്റെ ശിഷ്യനായ സംവിധായകനും അടക്കമുള്ളവരാണ് വ്യാജ പരാതിക്ക് പിന്നിൽ; ശാന്തിവിള ദിനേശ് അടുത്ത സുഹൃത്തായിരുന്നെങ്കിലും പിന്നീട് ശത്രുവായി മാറി; മകന് സ്‌കൂളിൽ നിന്ന് മോശം പെരുമാറ്റം അടക്കം തനിക്ക് നഷ്ടങ്ങൾ മാത്രമെന്ന് ബാലചന്ദ്രകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ഈ പശ്ചാത്തലത്തിൽ, തനിക്ക് എതിരെയുള്ള പരാതിക്ക് പിന്നിൽ ദിലീപിനോട് അമിതമായി ആരാധനയുള്ള ഒരുകൂട്ടം ആളുകളാണെന്ന് സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞു. റിപ്പോർട്ടർ ടിവിയോടാണ് അദ്ദേഹം ഇത് പറഞ്ഞത്.

സ്‌കൂൾ കാലം മുതൽ ദിലീപിനോടൊപ്പമുള്ള സംവിധായകനായ ഒരു സുഹൃത്ത്, കഴിഞ്ഞ അഞ്ചാറ് വർഷമായി ചാനലുകളിൽ വന്ന് അദ്ദേഹത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന മറ്റൊരു സംവിധായകൻ, തന്റെ ശിഷ്യനായിരുന്ന മറ്റൊരു സംവിധായകൻ, ദിലീപിന്റെ ഫാൻസ് അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന ഒരാൾ, ദിലീപിന് വേണ്ടി മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഉടമസ്ഥൻ, അതിന്റെ രണ്ട് പ്രവർത്തകർ എന്നിവരാണ് ഈ വ്യാജപരാതിക്ക് പിന്നിലെന്നും ഇക്കാര്യങ്ങൾ പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

ശാന്തിവിള ദിനേശ് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് തോന്നിയ ശത്രുതയായിരിക്കാം വ്യാജ പരാതിക്ക് കൂട്ടുനിന്നതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ശാന്തിവിള ദിനേശ് എന്റെ അടുത്ത സുഹൃത്തായിരുന്നു. ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് നടന്നവരുടെ കൂട്ടത്തിൽ ഞാനും അദ്ദേഹവുമുണ്ടായിരുന്നു. പിന്നീടാണ് ഞാൻ പലതിനും സാക്ഷിയാകുന്നതും കഥ മാറുന്നതും. വർഷങ്ങൾക്ക് ശേഷം ഞാൻ ഇത് തുറന്നുപറയാൻ തയ്യാറായപ്പോൾ എനിക്കെതിരെ ആദ്യം തിരിഞ്ഞത് അദ്ദേഹമായിരുന്നു. ദിലീപിനോട് അദ്ദേഹത്തിന് ഭയങ്കര കൂറാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് എന്നോട് ശത്രുത തോന്നിയിരിക്കാം. ശാന്തിവിള ദിനേശ് ക്വാളിറ്റിയുള്ള ആളാണ്, അതാണ് ഇതുവരെ അദ്ദേഹത്തിന്റെ പേര് പറയാതിരുന്നത്.'

'ദിലീപിന്റെ പങ്കില്ലാതെ ഒന്നും നടക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഈ പരാതിമൂലം എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി, ഒരു സിനിമ നഷ്ടപ്പെട്ടു, നാട്ടിലും ബന്ധുക്കൾക്കിടയിലും ചീത്തപ്പേരുണ്ടായി. എന്റെ മകന് സ്‌കൂളിൽ കൂട്ടുകാർക്കിടയിൽ നിന്നും അദ്ധ്യാപകരിൽ നിന്ന് പോലും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ഇതൊക്കെ വളരെ വേദനിപ്പിക്കുന്ന കാര്യമാണ്', ബാലചന്ദ്ര കുമാർ പറഞ്ഞു.

പീഡന പരാതി വ്യാജമെന്ന പൊലീസ് കണ്ടെത്തലിൽ സന്തോഷമുണ്ട്. പൊലീസ് വളരെ വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. റിപ്പോർട്ട് 40ഓളം പേജുണ്ട്, തെളിവുകൾ കൃത്യമായി പൊലീസ് പറയുന്നുണ്ട്. കേരളത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് അത്ഭുതകരമായി തോന്നുന്നു. വേറെ ഏതെങ്കിലും സ്ഥലത്തൊക്കെയാണെങ്കിൽ വിശ്വസിക്കാം. കേരളത്തിലും ഇതൊക്കെ സംഭവിച്ചുതുടങ്ങിയിരിക്കുന്നു എന്നത് കാണുമ്പോൾ അതിശയം തോന്നുന്നു.

ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീയെ വാടകയ്ക്ക് എടുത്ത്, അവർക്ക് കാശ് നൽകിയാണ് വ്യാജ പരാതി നൽകിയത്. പൊലീസ് വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോർട്ടിൽ തെളിവുകൾ കൃത്യമായി പറയുന്നുണ്ടെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

'പരാതിക്കാരിയുടെ വിലാസം വ്യാജമായാണ് നൽകിയിരിക്കുന്നത്, 44 വയസെന്ന് പറയുന്നു പക്ഷെ അവർ 58 വയസുള്ളയാളാണ്. അവർക്കിത് എങ്ങനെ ചെയ്യാൻ തോന്നി എന്നത് തന്നെ അതിശയം തോന്നുന്നു. പൊലീസിനോട് പേരും തെറ്റിച്ചാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് വായിച്ചതിൽ നിന്നും മനസിലായത്. അത് വായിക്കുമ്പോൾ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നാണ് അതിശയം തോന്നിയത്. എന്തായാലും റിപ്പോർട്ട് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. അടുത്ത നടപടിക്ക് വേണ്ടിയുള്ള ചർച്ചയിലാണ്', ബാലചന്ദ്ര കുമാർ കൂട്ടിച്ചേർത്തു.

ആരോപണം വ്യാജമെന്ന് പൊലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ് ആരോപണം വ്യാജമാണെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കള്ളപരാതിയിൽ ദിലീപിനെതിരെ പുതിയ കേസെടുക്കാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്.

ദിലീപിന്റെ മുൻ മാനേജറും ഓൺലൈൻ മീഡിയ പ്രവർത്തകർക്കും എതിരെയാണ് പൊലീസ് റിപ്പോർട്ട്. പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ഓൺലൈൻ മീഡിയ പ്രവർത്തകരാണെന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടർ പരാതിക്കാരിക്ക് പണം നൽകിയെന്നും ഇതിൽ പറയുന്നു. പൊലീസിനെയും കോടതിയെയും കബളിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്. പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വന്നിട്ടുണ്ട്. നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസ് വന്നത്. എറണാകുളത്തെ വീട്ടിൽ വെച്ചും മറ്റ് പല സ്ഥലത്ത് വെച്ചും പീഡിപ്പിച്ചെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്തി. ഡിജിപി നിർദ്ദേശത്തെ തുടർന്ന് ഹൈടെക് സെൽ എസ് പിക്ക് അന്വേഷണ ചുമതല നൽകി. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ അടക്കം തെറ്റായിരുന്നു. 58കാരിയായ പരാതിക്കാരി 44 വയസാണെന്നാണ് പരാതിയിൽ പറഞ്ഞത്. വിവാഹം അടക്കമുള്ള കാര്യങ്ങൾ തെറ്റായാണ് രേഖപ്പെടുത്തിയത്. പരാതിക്കാരി ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പൊലീസ് വ്യാജ പരാതിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ ഓൺലൈൻ മാധ്യമ പ്രവർത്തകയ്ക്കെതിരെയാണ് കുറ്റപ്പെടുത്തൽ എന്നാണ് പുറത്തു വരുന്ന സൂചന.

അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചെന്നാണ് മറ്റൊരു കണ്ടെത്തൽ. ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇവർക്ക് ഇതിന് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതി വന്നത് മുതൽ പരാതിക്കാരിയെ കൊച്ചിയിലെ അവരുടെ സ്ഥാപനത്തിൽ എത്തി കണ്ടവരുടെ അടക്കം പേര് വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിക്ക് സമൻസ് കൊടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇവർ ഒളിവിലാണെന്നാണ് കരുതുന്നത്. ഇവർക്കെതിരെ കോടതിക്ക് ആവശ്യമെങ്കിൽ നടപടിക്ക് നിർദ്ദേശം നൽകാവുന്നതാണ്. ഇതിനൊപ്പം ബാലചന്ദ്രകുമാർ പരാതി നൽകിയാലും വ്യാജ പരാതിയിലെ ഗൂഢാലോചനയിൽ പൊലീസ് കേസെടുക്കും.

ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു - ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസൻ, സംവിധായകൻ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമ ജസ്റ്റിൻ ഡൊണാൾഡ് എന്നിവർക്കും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നതായി യുവതി പറഞ്ഞ വീട്ടിൽ ജസ്റ്റിൻ ഡൊണാൾഡും ദിലീപിന്റെ സുഹൃത്തായ മറ്റൊരു സിനിമ പ്രവർത്തകനും സന്ദർശിച്ചതായും റിപ്പോർട്ടിലുണ്ട്. അതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ ഗുരുതരമായ വെളിപ്പെടുത്താണ് റിപ്പോർട്ടർ ടിവി നടത്തുന്നത്.

പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനും ബാലചന്ദ്രകുമാറിനുമെതിരേ ഡിജിപിക്ക് പരാതിയുമായി യുവതി നേരത്തെ രംഗത്തു വന്നിരുന്നു. പൊലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി.

ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഇതിൽ പൊലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റർ ചെയ്തതുമാണ്. ഈ കേസാണ് എഴുതി തള്ളാൻ പൊലീസ് നോട്ടീസ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP