Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ അദ്ദേഹം പ്രചോദിപ്പിച്ചു; ഫത്വ അവർ മറന്നുപോയതല്ല; അവർ ഒരിക്കലും മറക്കില്ല; എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലും'; പാക്കിസ്ഥാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തസ്ലീമ നസ്രിൻ

'ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ അദ്ദേഹം പ്രചോദിപ്പിച്ചു; ഫത്വ അവർ മറന്നുപോയതല്ല; അവർ ഒരിക്കലും മറക്കില്ല; എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലും'; പാക്കിസ്ഥാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് തസ്ലീമ നസ്രിൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. പാക് മതനേതാവായ അല്ലാമാ ഖാദിം ഹുസൈൻ റിസ്വി തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി പാക് ഭീകരരെ പ്രേരിപ്പിച്ചുവെന്നും തസ്ലീമ ട്വീറ്റ് ചെയ്തു.

ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ച ശേഷമാണ് എഴുത്തുകാരിയുടെ വെളിപ്പെടുത്തൽ. മുമ്പും ഇസ്ലാം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നിരവധി ഫത്വകൾ തസ്ലീമയ്ക്കെതിരെ വിവിധയിടങ്ങളിലായി പുറപ്പെടുവിച്ചിരുന്നു.

''ഈ മതനേതാവ് എന്നെ കൊല്ലാൻ ആഗ്രഹിച്ചു, ഇസ്ലാമിന്റെ പേരിൽ എന്നെ കൊല്ലാൻ ദശലക്ഷക്കണക്കിന് പാക്കിസ്ഥാൻ തീവ്രവാദികളെ അദ്ദേഹം പ്രചോദിപ്പിച്ചു. എന്റെ പുസ്തകം വായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ തീർച്ചയായും അദ്ദേഹം വായിച്ചിട്ടില്ല. അയാൾ കള്ളം പറയുകയാണ്', തസ്ലീമ നസ്രീൻ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ പ്രഭാഷണം നടത്താനിരിക്കെ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റതിന് പിന്നാലെ താൻ കൊല്ലപ്പെടുമെന്ന് തസ്ലീമ പറഞ്ഞിരുന്നു. . ''സൽമാൻ റുഷ്ദി ന്യൂയോർക്കിൽ ആക്രമിക്കപ്പെട്ടതായി ഞാൻ അറിഞ്ഞു. ശരിക്കും ഞെട്ടിപ്പോയി. അത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇസ്ലാമിനെ വിമർശിക്കുന്ന ആരും ആക്രമിക്കപ്പെടാം. ഞാൻ ഭയക്കുന്നു'', തസ്ലീമ ട്വീറ്റ് ചെയ്തു. എനിക്കെതിരെ വളരെക്കാലം മുമ്പ് പുറപ്പെടുവിച്ച ഫത്വ അവർ മറന്നുപോയതല്ല. അവർ ഒരിക്കലും മറക്കില്ല. എന്തെങ്കിലും അവസരം കിട്ടിയാൽ അവർ എന്നെ കൊല്ലും, തസ്ലീമ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സ്ത്രീകളെ അടിച്ചമർത്തുന്നതിന് എതിരെയും മതവിമർശിച്ചുമുള്ള രചനകളിലൂടെയാണ് തസ്ലീമ പ്രസിദ്ധയായത്. തസ്ലീമയുടെ പല കൃതികളും ബംഗ്ലാദേശിൽ നിരോധിച്ചിരിക്കുന്നു. 1994 മുതൽ പ്രവാസ ജീവിതം നയിക്കുകയാണ് തസ്ലീമ. യൂറോപ്പിലും യുഎസിലുമായി 10 വർഷത്തിലേറെയായി താമസിച്ച ശേഷം 2004 ൽ ഇന്ത്യയിലേക്ക് മാറുകയായിരുന്നു.

സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തിന് പിന്നാലെ ഹാരി പോട്ടർ രചയിതാവ് ജെകെ റൗളിങ്ങിനെതിരെയും വധഭീഷണിയുണ്ടായിരുന്നു. സൽമാൻ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതോടെയാണ് ഭീഷണി ഉയർന്നത്. 57 കാരിയായ റൗളിങ് തന്നെയാണ് ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കിട്ടത്.

തനിക്ക് വളരെ ബുദ്ധിമുട്ട് തോന്നുന്നുവെന്നും സൽമാൻ റുഷ്ദി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റൗളിങ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി 'വിഷമിക്കേണ്ട. അടുത്തത് നിങ്ങളാണ്', എന്നായിരുന്നു ഭീഷണി. റുഷ്ദിയെ വധിക്കാൻ ശ്രമിച്ച അക്രമി ഹാദി മാതറിനെ പ്രശംസിക്കുന്ന ട്വീറ്റുകൾ റൗളിങ്ങിനെതിരെ ഭീഷണി മുഴക്കിയ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഷിയ തീവ്രവാദത്തോടും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനോടും അനുഭാവം പുലർത്തിയിരുന്നയാളാണ് ഹാദി മതർ. മതറിനെതിരെ കൊലപാതകശ്രമം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം പൊലീസ് അന്വേഷിക്കുന്നു.

മതനിന്ദ ആരോപിച്ച് റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്‌സ്' എന്ന പുസ്തകം 1988 മുതൽ ഇറാനിൽ നിരോധിച്ചിരിക്കുകയാണ്. അന്തരിച്ച നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി 1989 ൽ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ വധിക്കാനും ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തെ കൊല്ലുന്നവർക്ക് 3 മില്യൺ ഡോളറിലധികം പാരിതോഷികമാണ് വാഗ്ദാനം ചെയ്തത്. വധഭീഷണിയെ തുടർന്ന് സൽമാൻ റുഷ്ദി ഒരു പതിറ്റാണ്ടോളം ഒളിവിലായിരുന്നു. ആവർത്തിച്ച് വീടുകൾ മാറുകയും താൻ എവിടെയാണ് താമസിക്കുന്നതെന്ന് മക്കളോട് പോലും പറയാൻ കഴിയാതെ വരികയും ചെയ്തു. 1998ൽ ഇറാൻ കൊലപാതകത്തെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞതിന് ശേഷമാണ് 1990 കളുടെ അവസാനത്തിൽ സൽമാൻ റുഷ്ദി പൊതുവേദികളിൽ സജീവമാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP