Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരിക്ക് തുടക്കം; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; രാജ്യത്തിനാകെ മാതൃകയായ പദ്ധതിയെന്ന് പിണറായി  

സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരിക്ക് തുടക്കം; മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; രാജ്യത്തിനാകെ മാതൃകയായ പദ്ധതിയെന്ന് പിണറായി   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം മോട്ടോർ തൊഴിലാളികൾക്ക് ഉറപ്പിക്കാൻ തൊഴിൽ വകുപ്പ് ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് കേരള സവാരിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു കൊണ്ട് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൈലറ്റ് അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നടപ്പാക്കുന്ന പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുമെന്നും പദ്ധതി ആരംഭിച്ചതിനു ശേഷം എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത. ഓരോ ഡ്രൈവർക്കും പൊലീസ് ക്ലിയറൻസ് ഉണ്ടായിരിക്കും.അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി കേരള സവാരി ആപ്പിൽ ഒരു പാനിക്ക് ബട്ടൺ സംവിധാനമുണ്ട് . ഡ്രൈവർക്കോ യാത്രികർക്കോ പരസ്പരം അറിയാതെ ഈ ബട്ടൺ അമർത്താനാകും. ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ സേവനം വേഗത്തിൽ നേടാൻ ഇത് ഉപകരിക്കും.തൊഴിലാളികളുടെയും യാത്രക്കാരുടെയും താല്പര്യങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടണമെന്നും അക്കാര്യം സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.

കേരള സവാരി വെബ്‌സൈറ്റ് ഗതാഗത മന്ത്രി അഡ്വ ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ ആദ്യ സവാരി ബുക്ക് ചെയ്ത് യാത്ര ചെയ്തു. കേരള സവാരി പ്രവർത്തനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.

കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് അഭിപ്രായങ്ങളും പരാതികളും അറിയിക്കാവുന്നതാണ്. കേരള സവാരി ആപ്പ് ഇന്ന് അർ്ധരാത്രി മുതൽ പ്ലേസ്റ്റോറിൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ 541 വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 22 പേർ വനിതകളാണ്. രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 321 ഓട്ടോ റിക്ഷകളും 228 എണ്ണം കാറുകളുമാണ്.

പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ്‌കുമാർ,തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ,ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ഐ ടി ഐ ലിമിറ്റഡ് ജനറൽ മാനേജർ കെ വി നാഗരാജ്, തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP