Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനവകുപ്പും മന്ത്രിസഭയും ഒന്നും അറിഞ്ഞില്ല; ബേക്കലിൽ സ്വകാര്യ വ്യക്തികൾക്ക് 3.15 കോടി പാട്ട തുക ഒഴിവാക്കി നൽകിയ ടൂറിസം മന്ത്രി; കോളടിച്ച് റിസോർട്ട് ഉടമകൾ; വിനോദ സഞ്ചാരത്തിൽ 'മന്ത്രിക്ക്' സ്വയം ഭരണാവകാശമോ? ആരുമറിയാതെ നൽകിയ സാമ്പത്തിക ഇളവ് വിവാദത്തിലേക്ക്; മന്ത്രി റിയാസിന്റെ 'ബേക്കൽ' ഇടപെടൽ ചർച്ചകളിലേക്ക്

ധനവകുപ്പും മന്ത്രിസഭയും ഒന്നും അറിഞ്ഞില്ല; ബേക്കലിൽ സ്വകാര്യ വ്യക്തികൾക്ക് 3.15 കോടി പാട്ട തുക ഒഴിവാക്കി നൽകിയ ടൂറിസം മന്ത്രി; കോളടിച്ച് റിസോർട്ട് ഉടമകൾ; വിനോദ സഞ്ചാരത്തിൽ 'മന്ത്രിക്ക്' സ്വയം ഭരണാവകാശമോ? ആരുമറിയാതെ നൽകിയ സാമ്പത്തിക ഇളവ് വിവാദത്തിലേക്ക്; മന്ത്രി റിയാസിന്റെ 'ബേക്കൽ' ഇടപെടൽ ചർച്ചകളിലേക്ക്

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: സ്വകാര്യ വ്യക്തികൾക്ക് 3.15 കോടി പാട്ടതുക ഒഴിവാക്കി നൽകിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ നടപടി വിവാദമാകുന്നു. ബേക്കൽ റിസോർട്‌സ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ പാട്ടക്കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളുടേയും ടൂറിസം യൂണിറ്റുകളുടേയും പാട്ട തുകയാണ് ഒഴിവാക്കി നൽകിയത്.

2020 മാർച്ച് 23 മുതൽ ഒക്ടോബർ 31 വരെയും 2021 മെയ് 8 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ കോവിഡ് - 19 കാരണം റിസോർട്ടുകളും ടൂറിസം യൂണിറ്റുകളും അടഞ്ഞുകിടക്കുകയായിരുന്നു എന്ന കാരണം ചൂണ്ടികാട്ടിയാണ് പാട്ടതുക ഒഴിവാക്കി നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഈ മാസം 10 ന് ടൂറിസം വകുപ്പിൽ നിന്ന് ഇറങ്ങി. 11 സ്ഥാപനങ്ങളുടെ പാട്ട തുകയാണ് ഒഴിവാക്കി നൽകിയത്. കെ.റ്റി.ഡി.സി ഒഴികെ ബാക്കി എല്ലാം സ്വകാര്യ വ്യക്തികളുടേതാണ്.

പാട്ട തുക ഒഴിവാക്കി നൽകുന്നതിനുള്ള അനുമതി ധനവകുപ്പിൽ നിന്ന് നേടിയിട്ടില്ല എന്നാണ് ഇറക്കിയ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. ധനവകുപ്പോ , മന്ത്രിസഭയോ കാണാതെ എങ്ങനെയാണ് പാട്ട തുക ഒഴിവാക്കി ഉത്തരവിറക്കി എന്ന ചോദ്യമാണ് ഉയരുന്നത്. സർക്കാർ പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമിയിൽ സ്ഥാപനങ്ങൾ നങ്ങൾ നടത്തുന്നവരും സമാന ആവശ്യവുമായി സർക്കാരിനെ സമീപിച്ചാൽ നഷ്ടപ്പെടുന്നത് കോടികളാണ്. 1992ൽ ഇന്ത്യാ ഗവൺമെന്റ് ബേക്കലിനെ സ്പെഷ്യൽ ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചു.

1995ൽ ബേക്കൽ ടൂറിസം വികസനത്തിനായി ഗവൺമെന്റ് മുൻകൈയെടുത്ത് ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷൻ എന്ന സ്വതന്ത്ര ഏജൻസി രൂപീകരിച്ചു. 1996ൽ അന്നത്തെ ഇടുതപക്ഷ ഗവൺമെന്റ് ബേക്കൽ ടൂറിസത്തിന്റെ സാങ്കേതിക സാധ്യതാ പഠനത്തിനായി കോഴിക്കോട് ആസ്ഥാനമായ എൻ.എ സലീം അസോസിയേറ്റ്സ് എന്ന സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഈ കമ്പനി നടത്തിയ പഠന റിപ്പോർട്ട് പ്രകാരം പദ്ധതി നടപ്പിലാക്കിയാൽ തീരദേശ നിയമലംഘനം ഉൾപ്പടെയുള്ള ഗുരുതരമായ നിയമലംഘനം ഉണ്ടാകാൻ ഇടയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഗവൺമെന്റ് ഈ റിപ്പോർട്ട് തള്ളി.

പക്ഷേ 1996ൽ അന്നത്തെ ടൂറിസം വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചില ഭേദഗതികളോടെ ഈ റിപ്പോർട്ട് തന്നെ അംഗീകരിച്ചു. ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷന് പദ്ധതി നടപ്പിലാക്കാനുള്ള ചുമതലകൾ നൽകി. ചീഫ് സെക്രട്ടറി ചെയർമാനും മറ്റു ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ ഡയരക്ടർമാരായുള്ള ഈ കോർപ്പറേഷന് റിസോർട്ടുകൾക്കാവശ്യമായ സ്ഥലം കണ്ടെത്തുക, റോഡ്, വൈദ്യുതി, സാനിറ്റേഷൻ, ജലവിതരണം, നിക്ഷേപകരെയും പ്രൊമോട്ടർമാരെയും ക്ഷണിക്കൽ, ബേക്കലിന്റെ മാർക്കറ്റ് വികസിപ്പിക്കൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണുള്ളത്. പരിസ്ഥിതിക്കിണങ്ങുന്നതും പരിസ്ഥിതിയെ പ്രയോജനപ്പെടുത്തിയും തദ്ദേശീയർക്ക് ഉപകാരപ്രദവുമായ ''വികസനമാണ്'' ഇതെന്നാണ് ബി.ആർ.ഡി.സിയുടെ അവകാശ വാദം.

ജനങ്ങളുടെ ഭൂമി തുഛമായ നഷ്ടപരിഹാരം കൊടുത്ത് ഒഴിപ്പിച്ചെടുത്ത് വൻകിട റിസോർട്ടുകൾക്ക് 30 മുതൽ 98 വർഷം വരെ കുറഞ്ഞ തുകക്ക് പാട്ടത്തിന് നൽകുക എന്ന ദൗത്യമാണ് ബി.ആർ.ഡി.സിക്കുള്ളത്. ടൂറിസം വികസനമെന്നാൽ റിസോർട്ട് വികസനമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ട് ഉൾപ്പെടുന്ന ഹോസ്ദുർഗ്ഗ് താലൂക്കിലെ പള്ളിക്കര, അജാനൂർ, ഉദുമ, ചെമ്മാട് എന്നീ പഞ്ചായത്തുകളിലായി 220 ഏക്കർ നെൽപ്പാടങ്ങളും, പുകയിലപ്പാടങ്ങളും കടലോര ഭൂമിയുമാണ് ബി.ആർ.ഡി പിടിച്ചെടുത്തിരിക്കുന്നത്.

സെന്റിന് 6000 മുതൽ 8000 രൂപ വരെയുള്ള തുഛമായ നഷ്ടപരിഹാരവും കൊടുത്ത് 100 കണക്കിന് മനുഷ്യരെ ഈ പദ്ധതിയിലൂടെ തെരുവിലേക്കിറക്കി. ഇങ്ങനെ വാങ്ങിച്ചെടുത്ത ഭൂമിയിൽ 185 (ആറ് സൈറ്റുകൾ) സ്വകാര്യ കമ്പനികൾക്ക് റിസോർട്ട് പണിയാൻ പാട്ടത്തിന് നൽകിക്കഴിഞ്ഞു. ജി.എച്ച് എർത്ത് ആൻഡ് എയർട്രാവൽസ് എന്റർ പ്രൈസസ്, ഗ്ലോബ് ലിങ്ക് ഹോട്ടൽ (ജാഷെഡ്പൂർ), ഖന്ന ഹോട്ടൽ (മുംബൈ), ഭാരത് ഹോട്ടൽ (ഡൽഹി), ഹോളിഡേ ഗ്രൂപ്പ് ഇൻ എന്നീ വൻകിട ഹോട്ടൽ ഗ്രൂപ്പുകൾക്കാണ് ബേക്കലിലെ നെൽപ്പാടങ്ങളും പുഴകളും കായലുകളുമെല്ലാം നികത്തി റിസോർട്ട് പണിയാൻ ബി.ആർ.ഡി.സി ഭൂമി വിട്ടുകൊടുത്തിരിക്കുന്നത്. ഒരു കൂട്ടം സമ്പന്നർക്കാണ് പാട്ട തുക ഒഴിവാക്കി കൊടുത്തിരിക്കുന്നത് എന്നതാണ് ശ്രേദ്ധേയം.

പാട്ടക്കാരനും ഒഴിവാക്കി കൊടുത്ത പാട്ട തുകയും

1. ഗ്ലോബ് ലിങ്ക് ഹോട്ടൽ - 49.38 ലക്ഷം
2. ഖന്ന ഹോട്ടൽ - 58.61 ലക്ഷം
3. ഭാരത് ഹോട്ടൽ - 81.50 ലക്ഷം
4.കെ.റ്റി.ഡി.സി - 4.88 ലക്ഷം
5. അബ്ദു സനാഫ് - 3.25 ലക്ഷം
6. പള്ളിക്കര സർവീസ് സഹകരണ ബാങ്ക് - 83.26 ലക്ഷം
7. ഡിസ്‌കവർ കേരള ഹോളിഡേ സ് - 26.90 ലക്ഷം
8. ഡിസ്‌കവർ കേരള ഹോളിഡേസ് - 1.81 ലക്ഷം
9. വലിയ പറമ്പ് കായൽ ടൂറിസം സഹകരണ സംഘം - 0.70 ലക്ഷം
10.വലിയ പറമ്പ് കായൽ ടൂറിസം സഹകരണ സംഘം - 0.75 ലക്ഷം
11. വിഷ്ണു സ്റ്റോക്ക് ഹോൾഡിങ് കമ്പനി - 4.24 ലക്ഷം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP