Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂജപ്പുരയിലെ രാജീവ് ഗാന്ധി സെന്റർ വെറും നോക്കുകുത്തിയാകും; ലാബ് പരിശോധന അടക്കം പ്രധാന പ്രവർത്തനങ്ങളെല്ലാം ഗോൾവർക്കറുടെ പേരിലെ രണ്ടാം സെന്ററിലേക്ക്; 120 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയെന്നും ആക്ഷേപം; ആർഎസ്എസ് മുൻ തലവന്റെ പേരിൽ തിരുവനന്തപുരത്ത് സ്ഥാപനം ഉറപ്പായി; പൽപ്പുവിന്റെ ഹീറോയിസം കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം

പൂജപ്പുരയിലെ രാജീവ് ഗാന്ധി സെന്റർ വെറും നോക്കുകുത്തിയാകും; ലാബ് പരിശോധന അടക്കം പ്രധാന പ്രവർത്തനങ്ങളെല്ലാം ഗോൾവർക്കറുടെ പേരിലെ രണ്ടാം സെന്ററിലേക്ക്; 120 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയെന്നും ആക്ഷേപം; ആർഎസ്എസ് മുൻ തലവന്റെ പേരിൽ തിരുവനന്തപുരത്ത് സ്ഥാപനം ഉറപ്പായി; പൽപ്പുവിന്റെ ഹീറോയിസം കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർഎസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവർക്കറുടെ പേര് തന്നെ നൽകും. കേരള സർക്കാരിന്റെ എതിർപ്പ് അവഗണിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. 120 കോടി മുടക്കി ആക്കുളത്താണ് കേന്ദ്രം ഒരുങ്ങുന്നത്. പണി പൂർത്തിയാകുന്നതോടെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പ്രധാന വിഭാഗങ്ങലെല്ലാം ആക്കുളത്തേക്ക് മാറും. പരിശോധന അടക്കമുള്ള പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതെല്ലാം പുതിയ ക്യാമ്പസിലാകുന്നതോടെ ഫലത്തിൽ പ്രധാന കേന്ദ്രമായി ഗോൾവർക്കർ ഇൻസ്റ്റിറ്റൂട്ട് മാറും.

തിരുവനന്തപുരത്തെ സ്ഥാപനത്തിന് ഗോൾവർക്കറുടെ പേര് കൊടുക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും കോൺഗ്രസും രംഗത്തു വന്നിരുന്നു. കേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതകരിച്ചിരുന്നു. കേന്ദ്ര സർക്കാരിന് പിണറായി കത്തെഴുതുകയും ചെയ്തു. 120 കോടി മുടക്കിലുള്ള കേന്ദ്രത്തിൽ ഇപ്പോൾ പുതിയ യന്ത്രങ്ങളും മാറ്റും വാങ്ങുകയാണ്. ഇതിന് പിന്നിൽ വലിയ ക്രമക്കേടുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഇതിനൊപ്പമാണ് സെന്ററിന്റെ പേരിനെ ചൊല്ലിയുള്ള കേരള സർക്കാരിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളുന്നത്.

ആദ്യം തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പേരു തന്നെ ഗോൾവർക്കറിന്റെ പേരിലേക്ക് മാറ്റാനായിരുന്നു പദ്ധതി. ഇതിനെതിരെ എതിർപ്പ് ശക്തമായി. പിന്നാലെയാണ് ആക്കുളത്ത് പുതിയ സെന്റർ തുടങ്ങാനും അതിന് ഗോൾവർക്കറിന്റെ പേര് നൽകാനും നിർദ്ദേശം എത്തിയത്. കേന്ദ്ര ഫണ്ടുകളുടെ ആവശ്യം അനിവാര്യതയായതിനാൽ അത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ നേതൃത്വവും അംഗീകരിച്ചു. ലാബ് സൗകര്യങ്ങളെല്ലാം ആക്കുളത്തേക്ക് മാറുമ്പോൾ ആർഎസ്എസ് നേതാവിന്റെ പേരിലെ സ്ഥാപനത്തിന് കൂടുതൽ പ്രാധാന്യവും പ്രസക്തിയും കൈവരും. എല്ലാ കത്തിടപാടുകളും ഗോൾവർക്കറിന്റെ പേരിലെ സ്ഥാപനത്തിന്റെ പേരിലായിരിക്കും. ഇതോടെ പൂജപ്പുരയിലെ രാജീവ് ഗാന്ധി സെന്റർ വെറും നോക്കുകുത്തിയാകും. ഭരണപരമായ ഓഫീസായി അതു മാറും.

കോടിക്കണക്കിന് രൂപയുടെ പരിശോധനാ യന്ത്രങ്ങളാണ് ആക്കുളത്തേക്ക് പുതുതായി വാങ്ങുന്നത്. ഇതിലാണ് ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നത്. നിയമനങ്ങളിൽ അടക്കം സുതാര്യത ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും ആരോപണം സജീവമാണ്. അതിവേഗം രണ്ടാം സെന്റർ തുറക്കുകായണ് ലക്ഷ്യം. ഗോൾവർക്കറിന്റെ പേരിലെ കേരളത്തിലെ ആദ്യ കേന്ദ്ര സർക്കാർ സ്ഥാപനമായതു കൊണ്ടു ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി നേരിട്ട് എത്തിയേക്കും. ഇത്തരത്തിലെ ചർച്ചകളെല്ലാം സെന്ററിന്റെ ഭാഗമായി നടക്കുന്നുണ്ട്.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഡോ.പൽപ്പുവിന്റെ പേര് നൽകണമെന്ന് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായി ശശി തരൂരും ആവശ്യപ്പെട്ടിരുന്നു. 1863-ൽ തീരുവനന്തപുരത്ത് ജനിക്കുകയും, സാമൂഹിക പരിഷ്‌കർത്താവ്, ബാക്ടീരിയോളജിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുകയും ചെയ്ത ഡോ.പൽപ്പു എല്ലാക്കാലത്തും തിരുവനന്തപുരം ജില്ലയുടെ ഹീറോയാണ്. അതുകൊണ്ടുതന്നെ ക്യാംപസിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്രസർക്കാർ പരിഗണിച്ചില്ല.

ഡോക്ടർ പൽപ്പു സിറം തെറാപ്പിയിലും ട്രോപ്പിക്കൽ മെഡിസിനിലും പ്രാവീണ്യം നേടിയ വ്യക്തിയാണ്. വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന അദ്ദേഹത്തിന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരാണ് ക്യാംപസിന് നൽകേണ്ടതെന്നും തരൂർ പറഞ്ഞിരുന്നു. വർഗീയതയെ പ്രോത്സാഹിപ്പിച്ച ഗോൾവാൾക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളത്. അതേസമയം, രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായുള്ള ബന്ധം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഹിറ്റ്ലർ ആരാധകനായ ഗോൾവാൾക്കർ ഓർമിക്കപ്പെടേണ്ടത് മതത്തിന് ശാസ്ത്രത്തിനുമേൽ മേധാവിത്വം വേണമെന്ന അദ്ദേഹത്തിന്റെ പരാമർശത്തിലൂടെ ആകണമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർഎസ്എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർഎസ്എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർഎസ്എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർഎസ്എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർഎസ്എസ് മേധാവിയുടെ കീഴിലായിരുന്നുവെന്നാണ് എംഎ ബേബി കുറ്റപ്പെടുത്തിയത്.

ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ഉറ്റ ചങ്ങാതി ആയിരുന്നു ഗോൾവർക്കർ. ഗാന്ധി വധത്തിന്റെ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവർക്കറെ അറസ്റ്റു ചെയ്തു. ആറു മാസം ജയിലിൽ കിടന്ന ശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവർക്കർക്ക് ജാമ്യം കിട്ടിയത്. ആർ എസ് എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മന്റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽഇടപെടില്ല എന്നും ഗോൾവർക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്‌റുസർക്കാരും ആർ എസ് എസിന്റെ മേലുള്ള നിരോധനം പിൻവലിച്ചതെന്നും സിപിഎം ആരോപിക്കുന്നു.

ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വർഗീയവാദി. ജി ഡി സവർക്കർ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരിൽ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോൾവൾക്കർ ചെയ്തത്. ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസർ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്. ആധുനിക ഇന്ത്യയുടെ വർഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്:

നവോത്ഥാനനായകരുടേയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെപ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേ സമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവ്വശക്തിയും സമാഹരിച്ച് എതിർക്കുകയും വേണമെന്നായിരുന്നു എംഎ ബേബിയുടെ ആഹ്വാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP