Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൾ സെന്റർ സംവിധാനം; പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും; ഇനി തർക്കമില്ലാത്ത സുരക്ഷിത യാത്ര; സർക്കാറിന്റെ ഓൺലൈൻ ടാക്സി സർവീസ് 'കേരള സവാരി' നാളെമുതൽ

കോൾ സെന്റർ സംവിധാനം; പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും; ഇനി തർക്കമില്ലാത്ത സുരക്ഷിത യാത്ര; സർക്കാറിന്റെ ഓൺലൈൻ ടാക്സി സർവീസ് 'കേരള സവാരി' നാളെമുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന 'കേരള സവാരി' ഓൺലൈൻ ടാക്‌സി സർവീസിന് ബുധനാഴ്ച തുടക്കമാകും. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് ബുധനാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ കേരള സവാരി പ്രവർത്തനമാരംഭിക്കും.

ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ സജ്ജമായി. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാവുന്നതാണ്.

കോൾ സെന്ററിൽ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികൾ ഈ സമയ പരിധിക്കുള്ളിൽ തന്നെ രണ്ടാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. അവിടെയും പരിഹരിക്കാനാവാത്ത പരാതികൾ മൂന്നാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും.

അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂർ ആണ്. ഇപ്രകാരം 48 മണിക്കൂറിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തിൽ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികൾ സിഇഒ തലത്തിൽ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തും.അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടന സമയം മുതൽ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. തുടർന്ന് ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികൾ നേരിടുന്ന ടാക്‌സി ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോടാക്സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ് മാത്രമാണ് ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സി സർവീസുകളിൽ അത് 25 ശതമാനത്തിനും മുകളിലാണ്. സർവീസ് ചാർജായി ഈടാക്കുന്ന എട്ടു ശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷനൽ ഇൻസെന്റീവ്‌സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്. തിരക്കുള്ള സമയങ്ങളിൽ കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ് വർധിപ്പിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. കേരള സവാരിയിൽ അത്തരം നിരക്ക് വർധനവ് ഉണ്ടാവില്ലെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ കൂലി ഉറപ്പാക്കുമെന്നും തൊഴിൽവകുപ്പു മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്ലാനിങ് ബോർഡ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP