Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നമ്മുടെ സർക്കാരൊക്കെയാണ്.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... ഭരണമൊന്നും നടക്കുന്നില്ല'; സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് കർണാടക നിയമമന്ത്രി; ഓഡിയോ ടേപ്പ് പുറത്തുവിട്ട് കോൺഗ്രസ്; ബിജെപിയിൽ ഭിന്നത രൂക്ഷം

'നമ്മുടെ സർക്കാരൊക്കെയാണ്.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം... ഭരണമൊന്നും നടക്കുന്നില്ല'; സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് കർണാടക നിയമമന്ത്രി; ഓഡിയോ ടേപ്പ് പുറത്തുവിട്ട് കോൺഗ്രസ്; ബിജെപിയിൽ ഭിന്നത രൂക്ഷം

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിലെ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് തുറന്നു പറയുന്ന സംസ്ഥാനത്തെ നിയമമന്ത്രിയുടെ ഓഡിയോ ടേപ്പ് പുറത്ത്. നിയമമന്ത്രി ജെ സി മധുസ്വാമിയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോർഡിങ് ആണ് പുറത്തായത്. സർക്കാർ പ്രവർത്തിക്കുന്നില്ലെന്നും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് ബിജെപി കൈകാര്യം ചെയ്യുന്നതെന്നുമാണ് ജെ സി മധുസ്വാമി പറയുന്നത്.

മധുസ്വാമിയും ചന്നപട്ടണ സ്വദേശി ഭാസ്‌കർ എന്ന സാമൂഹിക പ്രവർത്തകനും തമ്മിൽ നടത്തിയ സംഭാഷണമാണ് പുറത്തായത്. സർക്കാരിന്റെ ഭരണകാര്യങ്ങളിൽ മുതിർന്ന മന്ത്രിമാർ തമ്മിലുള്ള ഭിന്നതയെ സൂചിപ്പിക്കുന്നതാണ് ഓഡിയോ. കോൺഗ്രസ് പാർട്ടിയുടെ കർണാടക ഘടകമാണ് ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂവെന്നും, ഭരണത്തിൽ കാര്യമായി ഒന്നും സംഭവിക്കുന്നില്ല എന്ന തരത്തിൽ മന്ത്രി നടത്തിയ സംഭാഷണമാണു സർക്കാരിനു നാണക്കേടായത്. ഓഡിയോയിൽ സംസാരിക്കുന്നത് മന്ത്രി മധുസ്വാമിയാണെന്നു സ്ഥിരീകരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയതാണ് ഈ ഭാഗമെന്നും വിശദീകരിച്ചു.

സംസ്ഥാന ഭരണത്തെക്കുറിച്ചു വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു പാതിവഴിയിൽ സ്ഥാനം നഷ്ടമായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ്, ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ സംസാരിക്കുന്ന ഓഡിയോ പുറത്തായത്. 2021ൽ മുതിർന്ന നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ പിൻഗാമിയായാണ് അറുപത്തിരണ്ടുകാരനായ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. അന്ന് യെഡിയൂരപ്പ തന്നെയാണ് തന്റെ പിൻഗാമിയെ നിശ്ചയിച്ചത്.

സർക്കാർ കർഷകരുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തുടനീളമുള്ള കർഷകർ എടുത്ത 50,000 രൂപയുടെ വായ്പകൾ പുതുക്കാൻ 1300 രൂപ ആവശ്യപ്പെട്ട് സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥർ എത്തുന്നുവെന്ന് സംഭാഷണത്തിൽ ഭാസ്‌കർ പരാതിപ്പെടുന്നു. പലിശ അടയ്ക്കാനുള്ള ഫണ്ട് കവർന്നെടുക്കുകയാണെന്നും അധിക പേയ്‌മെന്റുകൾ ആവശ്യപ്പെടുന്നുണ്ടെന്നും സോമശേഖറിന്റെ (സഹകരണ മന്ത്രി) ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെല്ലാം എനിക്കറിയാം.

അദ്ദേഹം ഒരു നടപടിയും എടുക്കുന്നില്ല. എന്തുചെയ്യാൻ കഴിയും? ഓഡിയോ ക്ലിപ്പിൽ മധുസ്വാമി പറയുന്നു. 'ഞാൻ പോലും അധിക ചാർജുകൾ അടയ്ക്കാൻ നിർബന്ധിതനായി. ഇത് കർഷകർ മാത്രമല്ല. പ്രവർത്തനക്ഷമമായ ഒരു സർക്കാരില്ല, മന്ത്രി കൂട്ടിച്ചേർക്കുന്നു.

അതേസമയം തന്റെ വകുപ്പിനെ കുറിച്ചുള്ള ആരോപണം തെറ്റാണെന്ന് സഹകരണ മന്ത്രി എസ് ടി സോമശേഖർ പറഞ്ഞു. തെറ്റ് ചെയ്തതിന് തെളിവുണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും നടപടിയെടുക്കാൻ കഴിയൂ. അന്വേഷണത്തിന് മുമ്പ് നടപടിയെടുക്കാൻ കഴിയില്ല. മന്ത്രി അവകാശപ്പെട്ടതുപോലെ സർക്കാർ ഇഴഞ്ഞു നീങ്ങുന്നില്ല. ഒരുപക്ഷെ അദ്ദേഹത്തിന്റെ സ്വന്തം വകുപ്പ് ഇഴഞ്ഞുനീങ്ങുകയായിരിക്കാം,'' സോമശേഖർ പറഞ്ഞു.

'ഞങ്ങൾ വെറുതെയങ്ങു മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടെങ്കിൽ, എത്രയും വേഗം നിയമമന്ത്രി സ്ഥാനം രാജിവയ്ക്കണം. അദ്ദേഹവും ഈ സർക്കാരിന്റെ ഭാഗമാണെന്നു മറക്കരുത്. എല്ലാ മന്ത്രിസഭാ യോഗങ്ങളിലും പങ്കെടുത്ത് അവിടെ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഭാഗമാണ് അദ്ദേഹം. അത്തരമൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹവും അതിന്റെ ഭാഗമാണെന്നു കൂടി അർഥമുണ്ട്. മന്ത്രിയെന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ ഇത്തരം പ്രസ്താവന നടത്തുന്നത് ശരിയല്ല' സോമശേഖർ ചൂണ്ടിക്കാട്ടി.

'മന്ത്രി എന്ന നിലയിൽ അദ്ദേഹം ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നു. അദ്ദേഹം രാജിവയ്ക്കണം,'' ഹോർട്ടികൾച്ചർ മന്ത്രിയും സോമശേഖറിന്റെ അടുത്ത അനുയായിയുമായി മുനിരത്‌ന പറഞ്ഞു. അതേസമയം കർണാടകയിലെ ബിജെപി സർക്കാരിന്റെ കഴിവുകേടിന്റെ ഉദാഹരണമാണ് ഈ സംഭാഷണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ വിമർശനം.

സർക്കാരിന്റെ അവഗണനയും മന്ത്രിമാരുടെ കഴിവുകേടും കർഷകരോടുള്ള അനീതിയും മന്ത്രി മധുസ്വാമി വെളിപ്പെടുത്തിയിട്ടുണ്ട്. അഴിമതി മാനേജ്മെന്റ് സർവീസ് എന്ന നിലയിലാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ബൊമ്മൈ സർക്കാരിന്റെ കഴിവില്ലായ്മയ്ക്കും കർഷകരോടുള്ള അനീതിക്കും ഇതിലും നല്ല തെളിവില്ല,' കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനം അടുത്തിടെയായി ശക്തമാണ്. കഴിഞ്ഞ മാസം യുവമോർച്ച പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP