Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നല്ല സിനിമകളുടെ വിജയം; 25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'ന്നാ താൻ കേസ് കൊട്'; നേട്ടം, സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ; ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് തല്ലുമാലയും; ഇതുവരെ നേടിയ കളക്ഷൻ 30.5 കോടി

'നല്ല സിനിമകളുടെ വിജയം; 25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് 'ന്നാ താൻ കേസ് കൊട്'; നേട്ടം, സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ; ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് തല്ലുമാലയും; ഇതുവരെ നേടിയ കളക്ഷൻ 30.5 കോടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുഞ്ചാക്കോ ബോബൻ കേന്ദ്രകഥപാത്രമായി എത്തിയ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയും ടൊവിനോ തോമസ് ചിത്രം തല്ലുമാല ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 25 കോടി ക്ലബ്ബിൽ ഇടംപിടിച്ചുകഴിഞ്ഞു. കുഞ്ചാക്കോ ബോബൻ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം. ഈ സിനിമ നിങ്ങളുടേതാക്കി മാറ്റിയ എല്ലാവർക്കും അഭിനന്ദനങ്ങൾ- കുഞ്ചാക്കോ ബോബൻ കുറിച്ചു.കുഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ വൻ വിജയത്തിനിടയിൽ ന്നാ താൻ കേസ് കൊട് ജിസിസി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 18 മുതൽ സിനിമ ജിസിസി കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. ഗായത്രി ശങ്കറാണ് നായിക. ഗായത്രി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പർ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളിൽ ആണ് ഗായത്രി ശങ്കർ അഭിനയിച്ചിട്ടുള്ളത്. കാസർഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വാർത്തകളിലിടം നേടിയിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ഈ പരസ്യവാചകം സർക്കാരിനുള്ള 'കൊട്ടാ'യി കണ്ടാണ് ഒരുവിഭാഗം സിനിമാ ബഹിഷ്‌കരണവുമായി ഇറങ്ങിയത്. സിനിമ ബഹിഷ്‌കരിക്കാൻ സൈബറിടങ്ങളിൽ ആഹ്വാനവുമുണ്ടായി. ആദ്യഷോതന്നെ കാണാൻ തീരുമാനിച്ചിരുന്നതാണെന്നും എന്നാലിനി പരസ്യം പിൻവലിച്ച് മാപ്പുപറഞ്ഞാലേ ഈ സിനിമ കാണൂവെന്നും ചിലർ പ്രഖ്യാപിച്ചു. 'ദേശീയപാതകളെ മാത്രം ഉദ്ദേശിച്ചാണ്' എന്നാശ്വാസംകൊള്ളുന്നവരും ഉണ്ടായിരുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ,കനകം കാമിനി കലഹം എന്നി ചിത്രങ്ങൾക്കു ശേഷം രതീഷ് പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

25 കോടി കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ തല്ലിന്റെ പൊടിപൂരവുമായെത്തിയ ടൊവിനോ തോമസിന്റെ 'തല്ലുമാല'യും ഇടംപിടിച്ചിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാല റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ നേടിയത് 30.5 കോടി രൂപയാണ്.

സ്വാതന്ത്ര്യദിനത്തിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയത് 2.85 കോടി രൂപയാണ്. മറ്റിടങ്ങളിൽ നിന്നായി ആകെ നേടിയത് 4 കോടി രൂപയാണ്. ചിത്രം ഇത് വരെ നേടിയ കളക്ഷൻ 30.5 കോടി രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം 13.85 കോടി രൂപ നേടി.ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനത്തിൽ റെക്കോർഡ് കളക്ഷനാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 3.55 കോടി രൂപ കളക്ഷൻ കിട്ടിയെന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ടൊവിനോയുടെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണിത്. രണ്ടാം ദിവസം യുഎഇയിൽ മാത്രം 4.30 കോടിയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.

ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടി തന്നെ നേടുന്നുണ്ട്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക അഭിപ്രായം..ചെമ്പൻ വിനോദ്, ജോണി ആന്റണി, ഓസ്റ്റിൻ, അസീം ജമാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദർശനും എത്തുന്നു.മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ രചന. ഗാനരചനയും മുഹ്സിൻ പരാരിയാണ്.

സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയത്തിന് ചേരുന്ന നിലയിലാണ് വസീമിന്റെ കൂട്ടുകാരെയും കാസ്റ്റ് ചെയ്തത്. വസിം വേണ്ടെന്നു വച്ചാലും 'വസിയേ' എന്ന വിളിയിൽ അടുത്ത അടിക്ക് സെറ്റിടാൻ ഇവർ ധാരാളം. വസീമിന്റെ കൂട്ടുകാരായി ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായ അദ്രി ജോ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരുണ്ട്. കൂടാതെ ലുക്മാൻ അവറാൻ, 'വിജയ് സൂപ്പറും പൗർണ്ണമിയും' സിനിമയിലെ അതിഥിവേഷം ചെയ്ത് ശ്രദ്ധ നേടിയ അസിസ്റ്റന്റ് ഡയറക്ടർ ഓസ്റ്റിൻ എന്നിവരും കൂടി ചേർന്നാൽ സുഹൃദ് സംഘം പൂർണ്ണം. യൂത്തന്മാരുടെ പ്രതീകമായി ടൊവിനോ തോമസും, അടിയുണ്ടാക്കുന്നവന്മാരെക്കാൾ തല്ലു പ്രിയനായ എസ്‌ഐ. റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP