Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതി അനുവദിച്ച സമയത്തിൽ ഇനിയുള്ളത് വെറും 18 ദിവസം; പഠനം നടന്നത് ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രം; 14 സങ്കേതങ്ങളിൽ കൂടി പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുക അസാധ്യം; ബഫർസോണിൽ വനംവകുപ്പിൽ വലിയ അനാസ്ഥ; കർഷക വേദന സർക്കാർ കാണാതെ പോകുമ്പോൾ

സുപ്രീംകോടതി അനുവദിച്ച സമയത്തിൽ ഇനിയുള്ളത് വെറും 18 ദിവസം; പഠനം നടന്നത് ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രം; 14 സങ്കേതങ്ങളിൽ കൂടി പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുക അസാധ്യം; ബഫർസോണിൽ വനംവകുപ്പിൽ വലിയ അനാസ്ഥ; കർഷക വേദന സർക്കാർ കാണാതെ പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ (ബഫർ സോൺ / ഇഎസ്സെഡ്) കേരളത്തിലെ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന വനം വകുപ്പിന്റെ പഠനം എങ്ങുമെത്തുന്നില്ല. ഇത് വനമേഖലയിലെ കർഷകർക്ക് തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്. വലിയ വീഴ്ച സർക്കാരിന്റെ ഭാഗത്തുണ്ടായി എന്നാണ് വസ്തുത. ബഫർ സോൺ വിഷയങ്ങളെ ഗൗരവത്തോടെ വനം വകുപ്പ് കാണുന്നില്ലെന്നാണ് ഉയരുന്ന വിവാദം.

വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്നു ജൂൺ മൂന്നിനു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതിലോല മേഖലയാക്കിയാൽ (ഇഎസ്സെഡ്) ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു സംസ്ഥാനങ്ങൾ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം പഠനം തുടങ്ങേണ്ടതായിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുള്ള നടപടികൾ വൈകി.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെയാണു (കെഎസ്ആർഇസി) സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനം വകുപ്പും കെഎസ്ആർഇസിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞമാസം 11ന് ആണ്. സുപ്രീം കോടതി ഉത്തരവു വന്നിട്ട് അപ്പോഴേക്കും ഒരു മാസം കഴിഞ്ഞിരുന്നു. ഇതാണ് വൈകാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് വലിയ വീഴ്ചയാണ്.

ഏതായാലും പഠനം രണ്ടരമാസത്തോളമായിട്ടും പകുതി പോലുമായില്ല. മൂന്നു മാസത്തിനകം പഠിച്ചു റിപ്പോർട്ട് നൽകണമെന്നാണു സുപ്രീം കോടതി നിർദ്ദേശം. സമയപരിധിക്കു 18 ദിവസം മാത്രം ബാക്കി നിൽക്കെ, ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രമാണ് ഇതുവരെ പഠനം പൂർത്തിയായത്. ബാക്കി 14 വന്യജീവിസങ്കേതങ്ങളിൽ പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുക അസാധ്യമാണ്. ഇത് ബഫർ സോണിലെ സുപ്രീംകോടതി തീരുമാനങ്ങളെ സ്വാധീനിക്കും. തുടർനടപടികളെ ഇതു ഗുരുതരമായി ബാധിക്കുമെന്ന വാദവും ഉയർന്നുകഴിഞ്ഞു.

പഠനത്തിന് കൂടുതൽ സമയം അനുവദിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നുമാണു പ്രതീക്ഷ. സുപ്രീം കോടതി വിധി വരുന്നതിനു മുൻപും കേരളം പഠനം നടത്തിയിരുന്നു. കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മേഖലകളിൽ, ഇതിനകം സിറ്റിങ് നടത്തി. എത്രയും വേഗം സർവേ പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ സുപ്രീംകോടതി അധിക സമയം അനുവദിച്ചില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധിയായി അത് മാറും.

അതിനിടെ കർഷക ദിനം കരിദിനമായി ആചരിക്കാൻ സംയുക്ത കർഷക സമിതി തീരുമാനിച്ചിട്ടുണ്ട്. ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകളും പരിസ്ഥിതി നിയമത്തിന്റെ അപകടങ്ങളും പരിഹരിക്കാൻ തയാറാകാത്ത സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾ നടത്താനും പാലക്കാട് സമാപിച്ച 'അതിജീവനം' കർഷക സംഘടനാ പ്രതിനിധി കൂട്ടായ്മ തീരുമാനിച്ചു. ബഫർ സോൺ ബാധിക്കുന്ന പ്രദേശത്തെ കർഷകരുടെ വിവരശേഖരണം പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തും. 17ന് 10ന് പാലക്കാട് കോട്ട മൈതാനത്ത് പതിനായിരം കർഷകരെ അണിനിരത്തി കർഷക കരിദിനാചരണം നടത്തും.

ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ കബളിപ്പിക്കുകയാണ്. കർഷക അനുകൂലം എന്നവകാശപ്പെട്ടു സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവ് കർഷകരെ സംരക്ഷിക്കുന്നതല്ലെന്നും യോഗം വിലയിരുത്തി. സുപ്രീം കോടതി ഇളവുകൾക്കു വേണ്ടി നൽകിയ സമയ പരാതി കഴിയാൻ ഏതാനും ആഴ്ചകളേയുള്ളൂ. പരിസ്ഥിതിലോല പ്രദേശത്തെ വിവരശേഖരണം ഇതുവരെ നടത്താത്ത സർക്കാർ സെൻട്രൽ എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുന്നതിനുള്ള വിവരശേഖരണം നടത്താൻ മടിക്കുകയാണ്. ബഫർസോൺ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൃഷി വകുപ്പിനെയും റവന്യു വകുപ്പിനും ഉത്തരവാദിത്തം നൽകാതെ വനം വകുപ്പിനെ ഏൽപ്പിക്കുന്നത് അപകടകരമാണെന്നും കർഷകർ ആരോപിച്ചു.

സംസ്ഥാന തലത്തിൽ കെസിബിസിയുടെ നേതൃത്വത്തിൽ 61 കർഷക സംഘടനകളുടെ സംയുക്ത സമിതിയാണ് 'അതിജീവനം'. കർഷക കർമസേന, പാലക്കാടൻ കർഷക മുന്നേറ്റം, രാഷ്ട്രീയ കിസാൻ മഹാസംഘ്, ഡികെഎഫ്, എകെസിസി, കിഫ, ആർപിഎസ്- പാലക്കാട്, നെല്ലിയാമ്പതി പ്ലാന്റേഴ്‌സ് അസോസിയേഷൻ, കർഷക രക്ഷാ വേദി, കേരള കർഷക സംരക്ഷണ അസോസിയേഷൻ, ദേശീയ കർഷക സമാജം, മലയോര കർഷക സംരക്ഷണ സമിതി എന്നീ സംഘടനകൾ ഇതുമായി സഹകരിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP