Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും; കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി; ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപി ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയും; ഷാജഹാന്റെ മൃതദേഹം ഖബറടക്കി

സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും; കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകി; ഷാജഹാന്റെ കൊലപാതകത്തിൽ ബിജെപി ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയും; ഷാജഹാന്റെ മൃതദേഹം ഖബറടക്കി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും. ഇന്നു വൈകുന്നരത്തോടെയാണ് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ അനുശോചനം രേഖപ്പെടുത്തിയത്. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പറഞ്ഞ മുഖ്യമന്ത്രി എന്നാൽ, സംഭവത്തിന് പിന്നിൽ ആർഎസ്എസും, ബിജെപിയുമാണെന്ന സിപിഎ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് ഏറ്റുപിടിക്കാൻ തയ്യാറായില്ല.

സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെ്ന്നായിരുന്നു മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത്. അതേസമയം രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യത്തിൽ സിപിഎമ്മിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനൽക്കുന്നണ്ടെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. നേരത്തെ കേസിൽ അന്വേഷണം നടക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത്.

അതേസമയം ഷാജഹാന് ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. മുദ്രാവാക്യം വിളികളോടെ ഷാജഹാനെ നാട് യാത്രയാക്കി. പാർട്ടി ഓഫീസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ മൃതദേഹം ഖബറടക്കി. പകൽ 12 ന് പോസ്റ്റുമാർട്ടത്തിന് ശേഷം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷാൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ശശി, പി മമ്മിക്കുട്ടി എംഎൽഎ, വി ചെന്താമരാക്ഷൻ, ടി എം ശശി, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങി നിരവധി നേതാക്കൾ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് കല്ലേപ്പുള്ളിയിലെ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നു. ഒന്നരയോടെ പാർട്ടി ഓഫീസിൽ നിന്ന് വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക്.

കാലിനും കൈയിനുമേറ്റ വെട്ടിൽ ചോരവാർന്നാണ് മരണമെന്ന് പോസ്റ്റുമാർട്ടത്തിനെ പ്രാഥമിക നിഗമനം. പൊലീസ് സർജൻ ഡോ പി ബി ഗുജ്റാളിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമാർട്ടം. അതേസമയം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആർ. ഇത് രാഷ്ട്രീയ സമ്മർദ്ദം കൊണ്ടാണെന്ന് ബിജെപി ആരോപിക്കുന്നു. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചിരുന്നു. കൊലയാളികൾക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘവുമായും ബന്ധമുണ്ട്. കഞ്ചാവ് വിൽപന ഷാജഹാൻ ചോദ്യംചെയ്തതാണ് കൊലപാതക കാരണം. കൊല നടത്തിയവർ മറ്റു കേസുകളിലും പ്രതികളാണ്. കൊല നടത്തിയിട്ട് ആർഎസ്എസ് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

എന്നാൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കേസ് പൊലീസ് അന്വേഷിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിലാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. കൊലപാതകമുണ്ടായാൽ ഉടൻതന്നെ ആരോപണമുന്നയിക്കുന്നത് ശരിയല്ല. സമാധാനം തകർക്കാർ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. നിയമസഭയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.

അതേസമയം, മതരാഷ്ട്രവാദത്തെ എതിർക്കുന്നതിനാലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നും ഇതിനുപിന്നിൽ ആർഎസ്എസ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആരോപിച്ചു. പാലക്കാട് കൊട്ടേക്കാട് സിപിഎം നേതാവ് ഷാജഹാനെ വധിച്ചവരെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. എട്ടുപേരടങ്ങിയ സംഘമാണ് കൊല നടത്തിയത്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP