Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശനങ്ങൾ ഉണ്ടാക്കാതെ ഔചിത്യവും അന്തസ്സും ഉയർത്തി വേണം സമിതി അംഗങ്ങളുടെ യാത്രയെന്ന് ചട്ടം; ഭരണഘടനയിലെ അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും വ്യവസ്ഥ; 'ആസാദ് കാശ്മീരിൽ' നിയമസഭാ പെരുമാറ്റ ചട്ടത്തിലെ 27ഉം49ഉം വകുപ്പുകളുടെ ലംഘനം; സ്പീക്കർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല; ജലീൽ എല്ലാ അർത്ഥത്തിലും കുടുങ്ങും

വിമർശനങ്ങൾ ഉണ്ടാക്കാതെ ഔചിത്യവും അന്തസ്സും ഉയർത്തി വേണം സമിതി അംഗങ്ങളുടെ യാത്രയെന്ന് ചട്ടം; ഭരണഘടനയിലെ അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും വ്യവസ്ഥ; 'ആസാദ് കാശ്മീരിൽ' നിയമസഭാ പെരുമാറ്റ ചട്ടത്തിലെ 27ഉം49ഉം വകുപ്പുകളുടെ ലംഘനം; സ്പീക്കർക്ക് വെറുതെ ഇരിക്കാൻ കഴിയില്ല; ജലീൽ എല്ലാ അർത്ഥത്തിലും കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; 'ആസാദി കാശ്മീരും', ഇന്ത്യൻ അധിനിവേശ കാശ്മീരിലുമുള്ള കെടി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നിയമസഭയ്ക്കും ചട്ടലംഘനമാകും. നിയമസഭ അംഗങ്ങളുടെ പെരുമാറ്റ ചട്ടം പ്രത്യക്ഷത്തിൽ തന്നെ ജലീൽ ലംഘിച്ചിട്ടുണ്ട്. പെരുമാറ്റചട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്ന 27, 49 എന്നിവയ്ക്ക് വിരുദ്ധമാണ് ജലിലിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം. അതുകൊണ്ട് സ്പീക്കർക്ക് ജലീലിനെതിരെ നടപടിയെടുക്കാം. വിഷയം പരാതിയായി സ്പീക്കർക്ക് മുമ്പിലെത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ട് സ്പീക്കർ എംബി രാജേഷിന് ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടി വരും.

യാത്രകളിൽ കമ്മറ്റി അംഗങ്ങൾ ഒരു തരത്തിലുമുള്ള വിമർശനവും ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന തരത്തിൽ അന്തസ്സും ഔചിത്യവും പാലിക്കണമെന്ന് പെരുമാറ്റ ചട്ടത്തിലെ 27 പാരയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും ചട്ടം വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ജലീലിനെ വെറുതെ വിടാൻ സ്പീക്കർ കഴിയില്ല. കുറഞ്ഞത് ശാസനയെങ്കിലും നൽകേണ്ടി വരും. കഴിഞ്ഞ സമ്മേളന കാലത്ത് കെകെ രമയെ വിധവയെന്ന് വളിച്ചക്ഷേപിച്ച എംഎം മണിയെ സ്പീക്കർ തിരുത്തിയിരുന്നു. ഇതേ സമീപനം ഇവിടേയും സംഭവിക്കും.

സഭയ്ക്കുള്ളിൽ നടക്കുന്ന ചട്ട ലംഘനങ്ങളിൽ സ്പീക്കർക്ക് സ്വമേധയാ നടപടികൾ എടുക്കാം. മറ്റ് സംഭവങ്ങളിൽ നടക്കുന്ന പരാതി പ്രിവിലേജ്, എത്തിക്‌സ് കമറ്റികൾക്ക് വിടാം. സസ്പൻഷൻ അടക്കമുള്ള നടപടികളും ചട്ട ലംഘനം നടത്തുന്ന അംഗങ്ങൾക്കെതിരെ എടുക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ ജലീലിനെതിരായ പരാതി വന്നാൽ അതിന്റെ നടപടിക്രമങ്ങൾ സ്പീക്കർ പാലിക്കേണ്ടതുണ്ട്. അതുണ്ടാകുമെന്നാണ് നിയമസഭയിൽ നിന്നും ലഭിക്കുന്ന സൂചനയും. 

11 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണ്ണർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ 22ന് നിയമസഭ ചേരും. ഈ സമ്മേളനത്തിൽ ജലീലിന്റെ വിഷയവും ചർച്ചയാകും. സ്പീക്കർക്ക് മുമ്പിൽ പരാതിയും എത്തും. അതിനാൽ വൈകാതെ തന്നെ ജലീലിന്റെ കാര്യത്തിൽ സ്പീക്കർക്ക് നടപടി എടുക്കേണ്ടി വരും. നിയമസഭയിൽ ജലീൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും. പരാതി കിട്ടിയാൽ സ്പീക്കർ ജലീലിനോട് വിശദീകരണം ചോദിക്കും. ഈ വിശദീകരണം നിർണ്ണായകമാകും. ഇതുവരെ തനിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന നിലപാടിലാണ് ജലീൽ.

കെടി ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ രംഗത്തു വന്നിട്ടുണ്ട്. 'കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്,'- അദ്ദേഹം പറഞ്ഞു.

ആയുധം എടുക്കില്ലെന്നതല്ല അഹിംസയെന്ന് ഗവർണർ പറഞ്ഞു. അഹിംസയും സത്യാഗ്രഹവുമായിരുന്നു ഗാന്ധിയുടെ ആയുധം. എന്നാൽ ഇക്കാര്യത്തിൽ ചില ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. സൈനിക ശക്തി പ്രതിരോധത്തിന് മാത്രം ഉള്ളതാണ്. ആയുധം എടുക്കില്ല എന്നതല്ല അഹിംസ. കടന്നു കയറ്റം അനുവദിക്കില്ല. ഭീരുത്വമല്ല അഹിംസ. എല്ലാ വൈവിധ്യങ്ങളും അംഗീകരിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. അകത്തു നിന്നുള്ള ഭീഷണിനായാലും പുറത്തു നിന്നുള്ള ഭീഷണി ആയാലും സ്വയം പ്രതിരോധിക്കാൻ ആയുധം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ജലീലിനുള്ള പ്രതികരണത്തിന്റെ സമയമല്ലെന്ന് പറഞ്ഞ അദ്ദേഹം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം വിശദമായി പറയുമെന്ന സൂചന കൂടിയാണ് മുന്നോട്ട് വെക്കുന്നത്. അതേസമയം കെടി ജലീൽ ഡൽഹിയിലെ പരിപാടികൾ റദ്ദാക്കി ഇന്ന് പുലർച്ചെ നാട്ടിലേക്കുള്ള വിമാനത്തിൽ കോഴിക്കോടെത്തി. സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് 'ആസാദ് കശ്മീർ' എന്നടക്കം പരാമർശിക്കുന്ന വിവാദ പോസ്റ്റ് പിൻവലിച്ചെങ്കിലും ഡൽഹിയിലെ കേസും സംസ്ഥാനത്തെ പ്രതിപക്ഷ വിമർശനങ്ങളും ജലീലിനെ പിന്തുടരുമെന്ന് ഉറപ്പ്.

അതേസമയം, വീട്ടിൽ നിന്ന് വിളിച്ചതിനെ തുടർന്നാണ് കെ.ടി. ജലീൽ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന് മുൻ മന്ത്രിയും നിയമസഭ സമിതി അധ്യക്ഷനുമായ എ.സി. മൊയ്തീൻ പറഞ്ഞു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എ.സി. മൊയ്തീൻ പറഞ്ഞു. കശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളെ കുറിച്ച് വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ജലീൽ പ്രതികരിച്ചില്ല. ജലീലിനെതിരെ ഡൽഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.

പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാൽ ഇന്നലത്തെ ഫേസ്‌ബുക് പോസ്റ്റിൽ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് ജലീൽ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മു കാശ്മീർ താഴ്‌വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകാശ്മീർ എന്നും പറഞ്ഞിരുന്നു. ജലീലിന്റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP