Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാമറയെ ജീവനുതുല്യം സ്‌നേഹിച്ചു; മരണത്തിലും കൈവിടാതെ ക്യാമറ തൊട്ടരികെ; ആശ്രയമായ മകൻ മരിച്ചതറിയാതെ വർത്തമാനംപറഞ്ഞ് കിടപ്പിലായ അമ്മ; റിപ്പോർട്ടർ വിജയന്റെ വിയോഗം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

ക്യാമറയെ ജീവനുതുല്യം സ്‌നേഹിച്ചു; മരണത്തിലും കൈവിടാതെ ക്യാമറ തൊട്ടരികെ; ആശ്രയമായ മകൻ മരിച്ചതറിയാതെ വർത്തമാനംപറഞ്ഞ് കിടപ്പിലായ അമ്മ; റിപ്പോർട്ടർ വിജയന്റെ വിയോഗം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: വർഷങ്ങളായി ഹരിപ്പാട്ടെ പൊതുപരിപാടികളിലെ സ്ഥിരം ഫോട്ടോഗ്രാഫറായിരുന്ന, അടുപ്പക്കാർ റിപ്പോർട്ടർ വിജയൻ എന്നു വിളിക്കുന്ന വിജയകുമാറിന്റെ വിയോഗം വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ. ക്യാമറയെ ജീവനുതുല്യം സ്‌നേഹിച്ച വിജയകുമാർ മരണത്തിലും ക്യാമറയെ കൈവിടാതെ ചേർത്തണച്ചിരുന്നു. പള്ളിപ്പാട് തെക്കുംമുറി കൊച്ചുമഠത്തിൽ പുത്തൻവീട്ടിൽ വിജയകുമാറിന്റെ(62) വിയോഗം നാടിനെയൊന്നാകെ ദുഃഖത്തിലാഴ്‌ത്തി.

ശനിയാഴ്ച ഉച്ചയായിട്ടും പുറത്തെ ലൈറ്റ് കെടുത്താത്തത് ശ്രദ്ധയിൽപ്പെട്ട അയൽവാസി വീട്ടിൽ വന്നുനോക്കിയപ്പോൾ വിജയൻ മേശപ്പുറത്തു തലവെച്ചു കിടക്കുകയായിരുന്നു, രണ്ടുകൈയും ക്യാമറയിൽ ചേർത്തുപിടിച്ച്. മകനു സുഖമില്ലെന്നും ഉറങ്ങുകയാണെന്നുമാണ് കട്ടിലിൽക്കിടന്നുകൊണ്ട് അമ്മ പറഞ്ഞത്. രാവിലെ മുതൽ അവനോട് കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നുകൂടി അമ്മ പറയുന്നുണ്ടായിരുന്നു.

അതോടെ അയൽവാസി വിജയന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. എല്ലാവരുംചേർന്ന് ഗവ. ആശുപത്രിയിലെത്തിച്ചു. ഏറെനേരംമുമ്പേ മരിച്ചതാണെന്നു ഡോക്ടർമാർ സ്ഥിരികരിച്ചു.

മുട്ടത്താണു വിജയകുമാറിന്റെ കുടുംബവീട്. ഏറെക്കാലമായി ഹരിപ്പാട്ട് വാടകവീടുകളിലായിരുന്നു താമസം. കൂട്ടിനു പ്രായമായ അമ്മ അമ്മുക്കുട്ടിയമ്മ മാത്രം. ഹരിപ്പാട് ക്ഷേത്രത്തിൽ അമ്മയ്ക്കു നിത്യവും പോകാനുള്ള ആഗ്രഹം പാലിക്കാനായിരുന്നു വിജയകുമാറിന്റെ ജീവിതം.

1980 മുതൽ എട്ടുവർഷത്തോളം ഹരിപ്പാട് ഭാസി സ്റ്റുഡിയോയിൽ ജോലിചെയ്തിരുന്നു. തുടർന്ന് മാവേലിക്കര തിലക് ഉൾപ്പെടെ ഏതാനും സ്റ്റുഡിയോകളിലും. പിന്നീട് സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി കുറച്ചുകാലം പ്രവർത്തിച്ചു. അതിനുശേഷമാണ് ഹരിപ്പാട്ടു മടങ്ങിയെത്തി അമ്മയ്‌ക്കൊപ്പം താമസംതുടങ്ങിയത്. നഗരി ക്ഷേത്രത്തിനു സമീപമായിരുന്നു വിജയനും അമ്മയും താമസിച്ചിരുന്നത്. അടുത്തിടെ വീണതിനെത്തുടർന്ന് അമ്മ കാലൊടിഞ്ഞു കിടപ്പിലായിരുന്നു.

വിജയകുമാറിനു ക്യാമറ ജീവനായിരുന്നു, ജീവിതവും. കണ്ണിൽക്കാണുന്ന ചിത്രങ്ങളെല്ലാമെടുക്കും. പത്രലേഖകർക്കയച്ചുകൊടുക്കും. പ്രസിദ്ധീകരിച്ചുവന്നാൽ സന്തോഷം. ഇല്ലെങ്കിലും പിണക്കമില്ല. പിന്നെയും പടങ്ങൾ എടുത്തുകൊണ്ടേയിരിക്കും.

അമ്മയ്ക്കു മരുന്നും ഭക്ഷണവും കൃത്യസമയത്തു കൊടുക്കണം. അതിനുള്ള വക ഫോട്ടോയെടുത്തു കിട്ടണം എന്നതുമാത്രമായിരുന്നു വിജയന്റെ വലിയ ആഗ്രഹം. പരിപാടികളുടെ ചിത്രമെടുക്കാൻ എല്ലാവരും വിളിക്കാറുണ്ടായിരുന്നെങ്കിലും പ്രതിഫലം കൊടുക്കുന്നവർ തീരെ കുറവായിരുന്നു. അതിലും പരിഭവമുണ്ടായിരുന്നില്ല. അടുത്തപ്രാവശ്യം വിളിച്ചാലും കൃത്യസമയത്തു വിജയൻ ഹാജരാകും.

എല്ലാവരോടും ചിരിച്ചുകൊണ്ടിടപെടുന്നതായിരുന്നു വിജയന്റെ ശീലം. തലയിൽ തൊപ്പി ചരിച്ചുവെച്ച് പരിചയക്കാരെയല്ലാം അഭിവാദ്യംചെയ്തു നടന്നുപോകുന്ന വിജയന്റെ ചിത്രം സൃഹൃത്തുക്കളുടെ മനസ്സിൽ മായാതെയുണ്ടാകും. അച്ഛൻ: പരേതനായ ശ്രീധരൻപിള്ള. ഹരികുമാർ, ശശി, ഗീതാകുമാരി, നന്ദകുമാർ എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഞായറാഴ്ച രണ്ടിന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP