Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വതന്ത്ര ഇടതു എംഎൽഎ ഡൽഹിയിൽ എത്തിയത് സിപിഎം പ്രതിഷേധം തിരിച്ചറിഞ്ഞ്; ആരോടും ഒന്നും മിണ്ടാത്തത് വിവാദം ഇനിയും കത്തിക്കാതിരിക്കാൻ; ഡൽഹി പൊലീസിനെ ഭയന്ന് പോസ്റ്റ് പിൻവലിച്ചു; ''ആസാദ് കാശ്മീർ'' ജലീൽ ഇന്ന് കേരളത്തിലേക്ക്

സ്വതന്ത്ര ഇടതു എംഎൽഎ ഡൽഹിയിൽ എത്തിയത് സിപിഎം പ്രതിഷേധം തിരിച്ചറിഞ്ഞ്; ആരോടും ഒന്നും മിണ്ടാത്തത് വിവാദം ഇനിയും കത്തിക്കാതിരിക്കാൻ; ഡൽഹി പൊലീസിനെ ഭയന്ന് പോസ്റ്റ് പിൻവലിച്ചു; ''ആസാദ് കാശ്മീർ'' ജലീൽ ഇന്ന് കേരളത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒന്നും മിണ്ടാതെ കെടി ജലീൽ ഡൽഹിയിൽ എത്തി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫേസ്‌ബുക്ക് പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എംഎ‍ൽഎ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചിരുന്നു. ആസാദ് കാശ്മീരും ഇന്ത്യൻ അധിനിവേശ കാശ്മീരിലും മാധ്യമങ്ങളോട് ജലീൽ മിണ്ടില്ല. കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയ ജലീലിനെ കാത്ത് നിന്ന മാധ്യമ പ്രവർത്തകരെ നിരാശരാക്കിയാണ് ജലീൽ കേരളാ ഹൗസിലെത്തിയത്.

വിവാദ ഫെയ്‌സ് ബുക്ക് പരാമർശങ്ങളിൽ ഡൽഹി പൊലീസിന് പരാതി കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡൽഹി പൊലീസ് എന്തു ചെയ്യുമെന്നതാണ് നിർണ്ണായകം. അറസ്റ്റ് ഭീഷണി ഭയന്നാണ് വിവാദ പോസ്റ്റുകൾ ജലീൽ പിൻവലിച്ചത്. കേരളത്തിലെ സർക്കാരിന്റെ പിന്തുണയിൽ കേരളാ പൊലീസിന്റെ നടപടി ഒഴിവാക്കാമെന്ന് ജലീൽ തിരിച്ചറിഞ്ഞിരുന്നു. സ്വർണ്ണ കടത്ത് കേസിലെ വിവാദങ്ങൾ ഉള്ളതുകൊണ്ട് പിണറായി സർക്കാരിന് ജലീലിനെ തൊടാൻ കഴിയാത്ത സാഹചര്യവുമുണ്ട്. എന്നാൽ ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്.

പരാമർശത്തെ മന്ത്രി എം വി ഗോവിന്ദൻ തള്ളിപ്പറയുകയും അഭിഭാഷകനായ ജി.എസ്. മണി ഡൽഹി പൊലീസിൽ പരാതി നൽകുകയും ബിജെപിയും സംഘ്പരിവാറും രംഗത്തെത്തുകയും ചെയ്തതോടെ പുലിവാല് പിടിച്ച ജലീൽ വിവാദവരികൾ പിൻവലിച്ചതായി ഫേസ്‌ബുക്കിൽ പോസ്റ്റിടുകയായിരുന്നു. നിയമസഭ പ്രവാസി ക്ഷേമ സമിതി അംഗമെന്ന നിലയിൽ നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ച് വെള്ളിയാഴ്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിവാദ പരാമർശം നടത്തിയത്. ഡൽഹി പൊലീസിന് കിട്ടിയ പരാതിയാണ് ജലീലിനെ വെട്ടിലാക്കിയത്.

ജലീലിനെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യത്തിൽ ഡൽഹി പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. രാജ്യദ്രോഹമെങ്കിലും അഭിപ്രായം പറയുന്നവർക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നതിന് നിലവിൽ ചില പ്രശ്‌നങ്ങളുണ്ട്. ഈ വകുപ്പ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യമെല്ലാം പരിശോധിച്ച് ഡൽഹി പൊലീസ് അന്തിമ തീരുമാനം എടുക്കും. ഈ സാഹചര്യത്തിലാണ് പ്രതികരണങ്ങൾ നടത്തി കൂടുതൽ വിവാദം ഉണ്ടാക്കാൻ ഡൽഹിയിൽ ജലീൽ ശ്രമിക്കാത്തത്.

ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങുന്ന മേഖലയെ 'ഇന്ത്യൻ അധീന കശ്മീരെ'ന്നും പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീർ' എന്നുമാണ് വിശേഷിപ്പിച്ചത്. ഇത് വിവാദമായതോടെ വിശദീകരണമായി പോസ്റ്റിന്റെ അവസാനം 'വാൽക്കഷ്ണം: 'ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കാശ്മീർ' എന്നെഴുതിയാൽ അതിന്റെ അർഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം' എന്ന് ചേർക്കുകയായിരുന്നു. പോസ്റ്റിലെ 'ആസാദ് കശ്മീർ' വിവാദത്തിൽ വിശദീകരണം നൽകിയ ജലീൽ പക്ഷേ, 'ഇന്ത്യൻ അധീന കശ്മീർ' പരാമർശത്തെക്കുറിച്ച് മൗനം പാലിച്ചു.

ഒടുവിൽ, കശ്മീർ യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടയാക്കിയതായും താനുദ്ദേശിച്ചതിന് വിരുദ്ധമായി അവ ദുർവ്യാഖ്യാനം ചെയ്തതായും കുറിപ്പിലെ വരികൾ നാടിന്റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായും അറിയിച്ച് ജലീൽ പോസ്റ്റിടുകയായിരുന്നു. വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രിമാരായ പ്രൾഹാദ് ജോഷി, വി. മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു

സിപിഎം കണ്ണുരുട്ടുകയും കേരളത്തിലും പുറത്തും നിയമനടപടികൾക്കു വഴിയൊരുങ്ങുകയും ചെയ്തതോടെയാണു ചുവടുമാറ്റം.കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക് കുറിപ്പിൽ പാക്ക് അധിനിവേശ കശ്മീരിനെ 'ആസാദ് കശ്മീർ' എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് 'ഇന്ത്യൻ അധീന കശ്മീർ' എന്നും ജലിൽ വിശേഷിപ്പിച്ചിരുന്നു. വിശേഷണങ്ങൾ അനുചിതമായെന്നു സിപിഎം വിലയിരുത്തി. പാർട്ടി കേന്ദ്രത്തിൽനിന്നു ജലീലിനു തിരുത്തൽ നിർദ്ദേശം ലഭിക്കുകയും ചെയ്തു. മുഖ്യമന്ത്രിയോ സിപിഎം നേതൃത്വമോ ഔദ്യോഗിക പ്രതികരണത്തിനു തയാറായില്ല. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എം വിഗോവിന്ദൻ കണ്ണൂരിൽ ജലീലിനെ തള്ളിപ്പറഞ്ഞു.

കശ്മീർ വിഷയത്തിൽ സിപിഎമ്മിനു പ്രഖ്യാപിത നിലപാടുണ്ടെന്നും അതിൽനിന്ന് ആരും വ്യതിചലിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പിന്നാലെ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ സമിതിയുടെ ഭാഗമായുള്ള കശ്മീർ സന്ദർശനത്തിലെ പ്രതികരണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു സപീക്കർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു.

ജലീലിന്റെ ഫേസ്‌ബുക് കുറിപ്പിനെതിരെ എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി.ശ്രീഹരി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കു വെള്ളിയാഴ്ച പരാതി നൽകി. പൊലീസ് തുടർനടപടി സ്വീകരിച്ചിട്ടില്ല. നിയമോപദേശം തേടിയതായി സൂചനയുണ്ട്. അതേസമയം, പരാതി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നു കമ്മിഷണർ ജി.സ്പർജൻ കുമാർ പ്രതികരിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജി.എസ്.മണി ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ രാത്രി ശ്രീനഗറിൽനിന്ന് ഡൽഹിയിലെത്തിയ ജലീൽ, വിമാനത്താവളത്തിലും കേരള ഹൗസിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഇന്ന് ഉച്ചയോടെ കേരളത്തിലേക്കു യാത്ര തിരിക്കുമെന്നാണു വിവരം. വ്യാഴാഴ്ചയാണ് ജലീലും നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിലെ മറ്റ് അംഗങ്ങളും ശ്രീനഗറിലെത്തിയത്. മുന്മന്ത്രി എ.സി. മൊയ്തീനാണ് സമിതി അധ്യക്ഷൻ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മൂന്നാം തവണയാണ് ജലീലിനെ സിപിഎം തള്ളിപ്പറയുന്നത്. മലപ്പുറം എആർ നഗർ സഹകരണ ബാങ്കിനെതിരായ ആരോപണങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നീരസം പ്രകടിപ്പിച്ചിരുന്നു. ഇഡിക്കെതിരായ സിപിഎമ്മിന്റെ പൊതുനിലപാടിനു വിരുദ്ധമായിരുന്നു ജലീലിന്റെ ആവശ്യം. മുൻപു മന്ത്രിയായിരിക്കെ, മാധ്യമം ദിനപത്രം നിരോധിക്കണമെന്ന ആവശ്യവുമായി യുഎഇ ഭരണാധികാരിയെ സമീപിച്ച വിവരം പുറത്തുവന്നപ്പോഴും സിപിഎമ്മും മുഖ്യമന്ത്രിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പാർട്ടി അംഗമല്ലാത്ത സ്വതന്ത്ര എംഎൽഎ എന്ന പഴുത് ജലീൽ പ്രയോജനപ്പെടുത്തുകയോ സിപിഎം അക്കാര്യം പറഞ്ഞ് കൈകഴുകുകയോ ആണ് മൂന്നു സന്ദർഭങ്ങളിലും സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP