Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിനും വിശ്രമം; സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകനായി വിവി എസ് ലക്ഷ്മൺ; ഒപ്പം സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറും; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിനും വിശ്രമം; സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകനായി വിവി എസ് ലക്ഷ്മൺ; ഒപ്പം സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറും; പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനും വിശ്രമം അനുവദിച്ച് ബിസിസിഐ. സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ പരിശീലകനായി വിവി എസ് ലക്ഷ്മൺ എത്തും. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനാണ് ലക്ഷ്മൺ. നേരത്തെ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യിലും ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനായിരുന്നു.

ദ്രാവിഡിന് പുറമെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിനും ബൗളിങ് പരിശീലകനായ പരസ് മാംബ്രെക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ താരങ്ങളായ സായ്‌രാജ് ബഹുതുലെയും ഋഷിരാജ് കനിത്കറുമാകും ലക്ഷ്മണൊപ്പം സിംബാബ്വെയിലേക്ക് പരിശീലകരായി പോവുക.

ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമും സപ്പോർട്ട് സ്റ്റാഫും ഈ മാസം 20നാണ് യുഎഇയിലേക്ക് പോകുക. 27ന് തുടങ്ങുന്ന ഏഷ്യാ കപ്പിൽ 28ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാബ്വെക്കെതിരായ ഏകദിന പരമ്പര.

ഏകദിന ടീമിന്റെ നായകനായ കെ എൽ രാഹുൽ, ഏഷ്യാ കപ്പ് ടീമിലുള്ള ദീപക് ഹൂഡ, ആവേശ് ഖാൻ എന്നിവർ പരമ്പര പൂർത്തിയായശേഷം യുഎഇയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ദ്രാവിഡിന് കുറച്ചു ദിവസക്കെ വിശ്രമം അനുവദിക്കുകയാണെന്നും ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പം സിംബാബ്വെയിലേക്ക് പോകുമെന്നും ജയ് ഷായെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. സിംബാബ്വെ പര്യടനത്തിന് പോയാൽ 20ന് ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പോകാൻ ദ്രാവിഡിന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അതുകൊണ്ടാണ് ലക്ഷ്മണെ പരിശീലകനായി സിംബാബ്വെയിലേക്ക് അയക്കുന്നതെന്നും ജയ് ഷാ വ്യക്തമാക്കി.

രവി ശാസ്ത്രിയിൽ നിന്ന് പരിശീലക ചുമതല ഏറ്റെടുത്തശേഷം ദ്രാവിഡിന് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഐപിഎല്ലിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകൾ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾ എന്നിവയിൽ ദ്രാവിഡ് ഭാഗമായി. ഇതിനിടക്ക് വന്ന അയർലൻഡ് പരമ്പരയിൽ ലക്ഷ്മണും പരിശീലകനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP