Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ സ്പിരിറ്റും നാർക്കോടിക് ഡ്രഗ്സും ഉപയോഗിക്കാൻ ആശുപത്രികൾക്ക് വേണ്ടത് പ്രത്യേക ലൈസൻസ്; കണ്ണൂർ ജില്ലയിൽ എക്സൈസ് ലൈസൻസ് ലഭിച്ച ആശുപത്രികൾ 11 എണ്ണം മാത്രം; വൻകിട ആശുപത്രികളിൽ പോലും ലൈസൻസില്ലാതെ ഡ്രഗ്‌സ് സംഭരണവും ഉപയോഗവും; പരിശോധനകൾ ഇല്ലാത്തതിനാൽ ദുരുപയോഗ സാധ്യതകളും കൂടതൽ

മെഡിക്കൽ സ്പിരിറ്റും നാർക്കോടിക് ഡ്രഗ്സും ഉപയോഗിക്കാൻ ആശുപത്രികൾക്ക് വേണ്ടത് പ്രത്യേക ലൈസൻസ്; കണ്ണൂർ ജില്ലയിൽ എക്സൈസ് ലൈസൻസ് ലഭിച്ച ആശുപത്രികൾ 11 എണ്ണം മാത്രം; വൻകിട ആശുപത്രികളിൽ പോലും ലൈസൻസില്ലാതെ ഡ്രഗ്‌സ് സംഭരണവും ഉപയോഗവും; പരിശോധനകൾ ഇല്ലാത്തതിനാൽ ദുരുപയോഗ സാധ്യതകളും കൂടതൽ

അനീഷ് ചെമ്പേരി

കണ്ണൂർ: സർജിക്കൽ സ്പിരിറ്റ് കഴിച്ച് ആളുകൾ മരിച്ച സംഭവങ്ങൾ കോവിഡ് കാലത്ത് കേരളത്തിൽ വാർത്തയായിരുന്നു. ആശുപത്രി ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിറ്റ് എന്ന എത്തനോൾ കുടിച്ചായിരുന്നു ഇത്തരം മരണങ്ങൾ. എന്നാൽ, എങ്ങനെയാണ് ഇവർക്ക് എത്തനോൾ ലഭിച്ചത് എന്നത് അടക്കം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാൻ സാധിക്കാതെ പോയി.

മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി ലഹരി ഗുളികളും മെഡിക്കൽ സ്പിരിറ്റും സൂക്ഷിക്കാൻ എക്സൈസ് വിഭാഗത്തിൽ നിന്നും ലൈസൻസ് ആവശ്യമുണ്ട്. എന്നാൽ, സംസ്ഥാനത്തെ മിക്ക ആശുപത്രികളും ഇത്തരം ലൈസൻസ് എടുക്കുന്നതിൽ വീഴ്‌ച്ച വരുത്തുന്നുണ്ട് എന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളിൽ നിന്നും വ്യക്തമാകുന്നത്. ഇങ്ങനെ ലൈസൻസ് ഇല്ലാതെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ദുരുപയോഗ സാധ്യതയും കൂടുന്നതായി എക്സൈസ് വിഭാഗവും സംശയിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ സുലഭമായി ലഹരി വസ്തുക്കൾ ലഭിക്കുന്ന അവസ്ഥയുണ്ട്. മെഡിക്കൽ ആവശ്യത്തിന് പോലും ഉപയോഗിക്കുന്ന നാർക്കോടിക് ഡ്രഗ് പുറത്തു പോകുന്നുണ്ടോ എന്ന സംശയമാണ് ഇപ്പോൾ സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ അറുപതോളം ആശുപത്രികൾ ഉണ്ടായിട്ടും ഭൂരിപക്ഷവും പ്രവർത്തിക്കുന്നത് എക്‌സൈസ് നൽകേണ്ടുന്ന നാർക്കോട്ടിക് ഡ്രഗ്‌സ് ലൈസൻസുകൾ ഇല്ലാതെയാണ്. ജില്ലയിൽ ആകെ പതിനോന്ന് ആശുപത്രികൾക്ക് മാത്രമാണ് ഇത്തരം ലൈസൻസുകൾ ഉള്ളതെന്നാണ് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയുടെ മറുപടിയായി ലഭിച്ചിരിക്കുന്നത്.

നാർക്കോടിക് ഡ്രഗ് (എൻഡി3), റെക്ടിഫൈഡ് സ്പിരിറ്റ് (ആർഎസ്1), ഡീന്യൂട്രേറ്റഡ് സ്പിരിറ്റ് (ഡി1) എന്നീ ലൈസൻസുകളാണ് സർജറി നടക്കുന്ന ആശുപത്രികളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് എന്നതാണ് ചട്ടം. പ്രധാനമായും പ്രസവസംബന്ധമായ ശസ്ത്രക്രീയകളും ചികിത്സയും നടത്തുന്ന ആശുപത്രികളിൽ മോർഫിൻ, മിഥലിൻ മരുന്നുകൾ ഉപയോഗിക്കേണ്ടതുണ്ട്. ബോധം കെടുത്തുന്ന ഈ മരുന്നുകൾ ഉപയോഗിക്കുന്ന ആശുപത്രികൾക്ക് എക്‌സൈസ് വകുപ്പിൽ നിന്നും ലഭിക്കുന്ന ലൈസൻസ് ഉണ്ടായിരിക്കണം എന്നാണ് നിയമം.

സ്പിരിറ്റ് അടങ്ങിയിട്ടുള്ള മരുന്നുകൾക്കും ഈ ലൈസൻസ് ആവിശ്യമാണ്. എന്നാൽ ലൈസൻസ് എടുക്കാൻ ആശുപത്രികൾ പണം കെട്ടിവെയ്‌ക്കേണ്ടതുണ്ട്. അതിനാലാണ് മിക്ക ആശുപത്രികളും ലൈസൻസ് എടുക്കാത്തത്. കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളേജ് അടക്കമുള്ള വമ്പന്മാരായ ആശുപത്രികളുടെ പ്രവർത്തനവും ഇത്തരം ലൈസൻസ് ഇല്ലാതെയാണ് എന്നാണ് വ്യക്തമാകുന്നത്. മോർഫിൽ പോലുള്ള മരുന്നുകൾ കോളേജ് വിദ്യാർത്ഥികൾ അടക്കം ലഹരിക്കായി ഉപയോഗിക്കുന്നയി അടുത്തിടെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇത്തരം ലൈസൻസ് എടുക്കാൻ ആശുപത്രികൾ മടിക്കുന്നത് സർക്കാറിന് നികുതി നഷ്ടവും വരുത്തുന്നുണ്ട്. ഈ മരുന്നുകളുടെ ദുരുപയോഗമാണ് ലൈസൻസുകൾ ഇല്ലാത്തതുകൊണ്ടുള്ള മറ്റോരു പ്രശ്‌നം. മയക്കുമരുന്നായി ഇതിൽ ചില മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന സംശയവും ശക്തമാണ്. ലൈസൻസ് ഇല്ലാത്തതിനാൽ ഇതിന്റെ കണക്കോ അളവോ രേഖപ്പെടുത്താൻ ആശുപത്രികൾ തയ്യാറാവില്ല.

ഹോസ്പിറ്റലിലെ സെക്യൂരിറ്റി വിചാരിച്ചാൽ പോലും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ലഭ്യമാകാൻ എളുപ്പമാകുന്ന സാഹച്ര്യവും നിലനിൽക്കുന്നുണ്ട്. എന്നാൽ ലൈസൻസ് ഉണ്ട് എങ്കിൽ കണക്കുകളും അളവും കൃത്യമായിരിക്കണം. ഇത് ഇടയ്ക്ക് പരിശോധിക്കാൻ എക്‌സൈസിന് അധികാരമുണ്ട്. ഈ പരിശോധനയാണ് ലൈസൻസ് എടുക്കാതിരിക്കുന്നതിലൂടെ ആശുപത്രി മാനേജുമെന്റുകൾ തടയുന്നത്.

കേരളത്തിലെ മിക്ക വൻകിട ഹോസ്പിറ്റലുകൾക്കും ഈ ലൈസൻസ് ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. കെമിസ്ട്രി ലാബുകളുള്ള കോളേജുകളിലും ഈ ലൈസൻസുകൾ നിർബന്ധമാണ്. കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, എഞ്ചിനിയറിങ് കോളേജുകൾ ഉൾപ്പെടെ പല കോളേജുകളും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP