Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി ടി ഉഷയുടെ ഏറ്റവും വലിയ എതിരാളി; 1980ൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ച പെൺകരുത്ത്; ഏഷ്യൻ ട്രാക്കിലെ ഇതിഹാസം ലിഡിയ ഡി വേഗ ഇനി ഓർമ്മ; ഏഷ്യൻ സ്പ്രിന്റ് റാണിയുടെ അന്ത്യം അർബുദരോഗത്തെത്തുടർന്ന്

പി ടി ഉഷയുടെ ഏറ്റവും വലിയ എതിരാളി; 1980ൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ച പെൺകരുത്ത്; ഏഷ്യൻ ട്രാക്കിലെ ഇതിഹാസം ലിഡിയ ഡി വേഗ ഇനി ഓർമ്മ; ഏഷ്യൻ സ്പ്രിന്റ് റാണിയുടെ അന്ത്യം അർബുദരോഗത്തെത്തുടർന്ന്

സ്പോർട്സ് ഡെസ്ക്

മനില: ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിത, ഏഷ്യൻ ട്രാക്കിലെ ഇതിഹാസമെന്ന് അറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു. കഴിഞ്ഞ നാല് വർഷമായി സ്തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഫിലിപ്പൈൻസിലെ പ്രശസ്ത കായികതാരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ലിഡിയ 57-ാം വയസ്സിലാണ് അന്തരിച്ചത്.

100മീറ്ററിലും 200 മീറ്ററിലും മത്സരിച്ച് നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.11.28 സെക്കൻഡാണ് 100 മീറ്ററിലെ താരത്തിന്റെ മികച്ച സമയം. 200 മീറ്ററിൽ ഇത് 23.35 സെക്കൻഡാണ്.ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയ ലിഡിയ ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. ദക്ഷിണേഷ്യൻ ഗെയിംസിലും സാന്നിധ്യമറിയിച്ച താരം ഒൻപത് സ്വർണവും രണ്ട് വെള്ളിയും നേടി.

100, 200 മീറ്ററുകളിലല്ലാതെ 4ഃ400 മീറ്ററിലും ലോങ് ജംപിലും ലിഡിയ പങ്കെടുത്തിട്ടുണ്ട്. 1987-ൽ ജക്കാർത്തയിൽ വെച്ച് നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ ലിഡിയ സ്വർണം നേടിയിരുന്നു. 1984, 1988 ഒളിമ്പിക്സുകളിലും പങ്കെടുത്തു. 1994-ൽ മത്സരരംഗത്തുനിന്ന് വിരമിച്ചു.
സിനിമാതാരത്തിന്റെ സൗന്ദര്യവും കായികരംഗത്തെ തകർപ്പൻ പ്രകടനവും കാരണം ലിഡിയക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

തന്റെ കരിയറിൽ 15 സ്വർണ്ണ മെഡലുകൾ ലിഡിയ നേടിയിട്ടുണ്ട്. ഇതിൽ 9 എണ്ണവും നേടിയത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലാണ്. 18-ാം വയസ്സിൽ തന്നെ അവർ ഫിലിപ്പൈൻസിൽ ട്രാക്കിലെ സൂപ്പർതാരമായി മാറിയിരുന്നു. 1981ലെ മനില സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും അവർ സ്വർണം നേടിയിരുന്നു.

ഏഷ്യയിലെ ട്രാക്ക് മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ മലയാളി അത്‌ലറ്റ് പിടി ഉഷയായിരുന്നു ലിഡിയയുടെ ഏറ്റവും വലിയ എതിരാളി.ലിഡിയയും ഉഷയും തമ്മിലുള്ള അതിവേഗ പോരാട്ടം 1980-ൽ അത്ലറ്റിക്സ് വേദികളെ ആവേശം കൊള്ളിച്ചു.1982ലെ ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഇരുവരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ന്യൂഡൽഹിയിലായിരുന്നു അത്തവണ ഏഷ്യൻ ഗെയിംസ് നടന്നത്. മത്സരത്തിന്റെ പാതിവഴിയിൽ വെച്ച് മുന്നേറ്റം നടത്തിയ ലിഡിയ തന്നെയായിരുന്നു ആ മത്സരത്തിലെ വിജയി.

എന്നാൽ 1985ൽ ഉഷ തിരിച്ചടിച്ചു. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5 സ്വർണ മെഡലുകളാണ് പിടി ഉഷ നേടിയത്. 1986ലെ സിയോൾ ഏഷ്യൻ ഗെയിംസിലും പയ്യോളി എക്സ്‌പ്രസ് ആധിപത്യം തുടർന്നു. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ഉഷ മുന്നേറ്റം നടത്തിയപ്പോൾ തന്റെ പ്രിയപ്പെട്ട 100 മീറ്ററിൽ ലിഡിയ തന്നെ വിജയം നേടി.

അത്തവണ ഏഷ്യൻ ഗെയിംസിലെ 200 മീറ്റർ വിഭാഗത്തിൽ 0.3 സെക്കന്റിന് ലിഡിയയെ പിന്തള്ളിയാണ് ഉഷ സ്വർണം നേടിയത്. 1987ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വീണ്ടും ലിഡിയ തിരിച്ചുവരവ് നടത്തി. 200 മീറ്ററിലും 100 മീറ്ററിലും അവർ ഉഷയെ പിന്തള്ളി ജേതാവായി. പിടി ഉഷയും ലിഡിയയും 1964ൽ തന്നെയാണ് ജനിച്ചത് എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

2018ലാണ് ലിഡിയക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. പിന്നീട് കഠിനമായ ചികിത്സകളിലൂടെയാണ് അവർ കടന്നുപോയത്. കഴിഞ്ഞ മാസം തലച്ചോറിൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. 1994ലാണ് ലിഡിയ ട്രാക്കിൽ നിന്ന് വിരമിച്ചത്. 1993ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടമായിരുന്നു ട്രാക്കിലെ അവസാന വിജയം. പിന്നീട് രാഷ്ട്രീയത്തിലും സർക്കാർ സർവീസിലുമൊക്കെ ലിഡിയ പ്രവർത്തിച്ചിരുന്നു. 2005 മുതൽ സിംഗപ്പൂരിലെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കായിക പരിശീലനവും നൽകിയിരുന്നു. 2019ലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലാണ് ലിഡിയ അവസാനമായി പൊതുവേദിയിൽ എത്തിയത്.

 

'അവർ വലിയ പോരാട്ടം തന്നെ നടത്തി, ഇനി സമാധാനമായി ഇരിക്കട്ടെ' ലിഡിയയുടെ മരണത്തിന് ശേഷം മകൾ സ്റ്റെഫാനി ഡി കൊയിനിഗ്സ്വാർട്ടർ ട്വീറ്റ് ചെയ്തു. 'അവസാനത്തെ മത്സരവും പൂർത്തിയാക്കി അവർ പോയിരിക്കുകയാണ്. ആ പോരാളിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,' ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP