Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി ലീഗുമായി സഖ്യമുണ്ടാക്കണം, മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം; കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്; ലീഗ് തറവാടികളുടെ പാർട്ടിയാണ്, അവർ വാക്കുമാറില്ല; കേരളത്തിൽ ബിജെപി ക്ലച്ചുപിടിക്കാൻ ടി.ജി മോഹൻദാസ് ഉപദേശിക്കുന്ന തന്ത്രം ഇങ്ങനെ

ബിജെപി ലീഗുമായി സഖ്യമുണ്ടാക്കണം, മുഖ്യമന്ത്രി സ്ഥാനം ലീഗിന് നൽകണം; കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്; ലീഗ് തറവാടികളുടെ പാർട്ടിയാണ്, അവർ വാക്കുമാറില്ല; കേരളത്തിൽ ബിജെപി ക്ലച്ചുപിടിക്കാൻ ടി.ജി മോഹൻദാസ് ഉപദേശിക്കുന്ന തന്ത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ മുന്നോട്ടു പോക്ക് തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. ആകെ ഉണ്ടായിരുന്ന ഒരു നിയമസഭാ സീറ്റും കഴിഞ്ഞ തവണ നഷ്ടമായി. ഇപ്പോൾ പാർട്ടി ആകെ പ്രതിസന്ധിയിൽ ഉഴറുന്ന അവസ്ഥയിലാണ്. നേതൃത്വത്തിനെതിരെ അണികളുടെ വിമർശനം കടുക്കുക്കയും ചെയ്യുന്നു. ജനകീയരായ, നിരന്തരം ഇടപെടൽ നടത്തുന്ന നേതാക്കൾ ഇല്ലാത്തതാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി ആർഎസ്എസ് സൈദ്ധാന്തികനും ബിജെപിയുടെ ബൗദ്ധിക സെല്ലിന്റെ മുൻ തലവനുമായ ടി.ജി മോഹൻദാസും രംഗത്തുവന്നിരുന്നു. നേതാക്കൾ ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി.

ഇപ്പോൾ ടി ജി മോഹൻദാസ് പറഞ്ഞ മറ്റൊരു അഭിപ്രായം ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്നുണ്ട്. മുസ്ലിംലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം എന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടി ജി മോഹൻദാസ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ലീഗുമായി തെരഞ്ഞെടുപ്പ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗിനു കൊടുക്കണം. മുസ്‌ലിം ലീഗ് തറവാടികളുടെ പാർട്ടിയാണ്. അവർ വാക്കുമാറില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'എന്റെ വിലയിരുത്തലിൽ കേരള രാഷ്ട്രീയത്തിലെ തറവാടികൾ മുസ്‌ലിം ലീഗാണ്. അവർ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓർക്കാപ്പുറത്തു കാലുമാറുക, പുറകിൽ നിന്ന് കുത്തുക, വാഗ്ദാനങ്ങളിൽ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‌ലിം ലീഗുകാർ. ഒരു കമ്യൂണൽ പാർട്ടിയല്ല, ഒരു കമ്യൂണിറ്റി പാർട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‌ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫിൽ നിറച്ചു മുസ്‌ലിംകളുണ്ടാകും. അതവർ മുസ്‌ലിംകളയതുകൊണ്ടല്ല, മുസ്‌ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്യൂണൽ എന്നുവിളിക്കരുത്. ആർ.എസ്.എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാൽ പേഴ്‌സനൽ സ്റ്റാഫ് മുഴുവൻ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബിജെപിക്കാരായതുകൊണ്ടാണ്. ആശ്രിതന്മാരാണ് ഒരുപാടു കഷ്ടപ്പെട്ടവരാണ് '.

കശ്മീരിൽ ബിജെപി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. പി.ഡി.പി മുസ്‌ലിം പാർട്ടി മാത്രമല്ല, വിഘടനവാദികൾ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബിജെപി കോമൺ മിനിമം പ്രോഗ്രാമുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മർദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കിൽ അത്രയൊന്നുമില്ലാത്ത മുസ്‌ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ടി.ജി മോഹൻദാസിന്റെ ചോദ്യം. ഇവിടെ പോപ്പുലർ ഫ്രണ്ടുകാർ ഭീഷണിപ്പെടുത്തിയേക്കാം. അവിടെ ജെയ്‌ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലർ ഫ്രണ്ടൊക്കെ നിസ്സാരമല്ലേ അവരുടെ മുന്നിൽ? ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിന് വെടിവെച്ചു കൊല്ലുന്നവരാണ്. ഇവിടെ വാചകമല്ലേ അടിക്കുകയുള്ളൂ- 'ടി ജി മോഹൻദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മുസ്‌ലിം ലീഗിനു കൊടുക്കണം. സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബിജെപി പിന്തുണയ്ക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി മോഹൻദാസ് ആവശ്യപ്പെട്ടു. 'കേരളത്തിൽ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. ശിഹാബ് തങ്ങൾ വിളിച്ചിട്ടില്ല, അതിനു ശേഷമുള്ള തങ്ങൾ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങൾ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. എന്റെ ഓർമയിൽ കെ.പി.എ മജിദോ മറ്റോ ഒരു തവണ വിളിച്ചിട്ടുണ്ട്.

പി.കെ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ കെ.എം മാണിയോ പി.ജെ ജോസഫോ പറഞ്ഞിട്ടില്ല. പി.സി ജോർജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നതു മുഴുവൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ്. ആർഎസ്എസ് വർഗീയമാണ്, മോദി ഫാഷിസ്റ്റാണ് എന്നൊന്നും അനാവശ്യമായി ലീഗ് ഇന്നേവരെ പറയുന്നില്ല. കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താൽ 20ആം സ്ഥാനമൊക്കെയേ ലീഗിനുണ്ടാവൂ'- ടി.ജി മോഹൻദാസ് വിശദീകരിച്ചു. രാഷ്ട്രീയത്തിൽ സ്ഥിരമായിട്ട് ശത്രുക്കൾ പാടില്ല, എതിരാളികളേ പാടുള്ളൂവെന്നും ടി.ജി മോഹൻദാസ് പറഞ്ഞു- 'നിങ്ങൾ നരേന്ദ്ര മോദിയെ നോക്കുക. അദ്ദേഹത്തെ ചീത്ത പറഞ്ഞ എത്ര പേർ ഇപ്പോൾ എൻ.ഡി.എയിലുണ്ടെന്ന് നോക്കുക.

രാപ്പകൽ നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞയാളാണ് രാം വിലാസ് പാസ്വാൻ. മോദിയുടെ മന്ത്രിസഭയിൽ മന്ത്രിയായി. നരേന്ദ്ര മോദിക്കും വിഷമമുണ്ടായില്ല, പാസ്വാനും വിഷമമുണ്ടായില്ല'. കോൺഗ്രസിന് ഇനി തിരിച്ചുവരവ് പ്രയാസമാണെന്നും ടി.ജി മോഹൻദാസ് അഭിപ്രായപ്പെട്ടു. അതേസമയം ഒരു ചിട്ടയും ക്രമവുമുള്ള പാർട്ടിയാണ് സിപിഎം. ഇപ്പുറത്തു അത് കാണുന്നില്ലെന്നും ടി.ജി മോഹൻദാസ് പറഞ്ഞു.

കുറച്ചുകാലമായി ബിജെപിയുടെ വിമർശന പക്ഷത്താണ് ടി ജി മോഹൻദാസ്. ബിജെപി അനുഭാവിയായി ചാനലുകളിൽ ചർച്ചയ്‌ക്കെത്തുന്ന ടി.ജി.മോഹൻദാസ് നേതാക്കന്മാരുടെ മോശം സ്വഭാവം കാരണം പൊറുതിമുട്ടിയ കാര്യം സൂചിപ്പിച്ചു പോസ്റ്റിട്ടിരുന്നു. നേതാക്കളേ, ജനങ്ങൾ വിളിക്കുമ്പോൾ ദയവായി ഫോണെടുക്കൂ. പോസ്റ്റ് 10 മണിക്കൂറിനുള്ളിൽ വൻ ഹിറ്റായി. ആയിരത്തോളം കമന്റുകളും എഴുന്നൂറോളം ഷെയറുകളും. കമന്റടിച്ചതും ഷെയറടിച്ചതുമൊക്കെ നല്ല ശതമാനവും ബിജെപി അനുഭാവികൾ തന്നെ എന്നതും ശ്രദ്ധേയം.

കേരളത്തിലെ ജനങ്ങളിൽ നിന്നു ബിജെപി നേതാക്കൾ അകലുന്നവരായി മാറിയെന്ന ഒട്ടേറെ കമന്റുകളാണ് ഈ പോസ്റ്റിനു പിന്നാലെ ഒഴുകിയത്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിലെ ബിജെപി നേതാക്കൾ മൂഡസ്വർഗത്തിലാണെന്നും വിശേഷണമുണ്ടായി. ബിജെപി ഗ്രൂപ്പുകളിൽ വൻ സ്വീകരണമാണ് ഈ പോസ്റ്റിനു ലഭിച്ചത്. 'വീട്ടിൽ കോവിഡുള്ള സമയത്ത് വോട്ടുചെയ്യാൻ പോകാൻ കഴിയാതിരുന്ന ആറുവോട്ടുള്ള കുടുംബത്തെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോകണമെന്നു ബിജെപി തൃശൂർ ഓഫിസിൽ പലതവണ വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞുനോക്കിപോലുമില്ല, വീട്ടുകാർക്കു മുന്നിൽ നാണം കെട്ടെന്ന്' പാലക്കാടുള്ള ഒരു ബിജെപി പ്രവർത്തകൻ കമന്റായി കുറിച്ചു.

ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന 4 നേതാക്കന്മാർ അത്യാവശ്യഘട്ടത്തിൽ വിളിച്ചിട്ടു ഫോണെടുത്തില്ലെന്നും അതോടെ ബിജെപിക്കുവേണ്ടി സോഷ്യൽ മീഡിയ പോരാളിയാവുന്നത് നിർത്തിയെന്നുമായിരുന്നു മറ്റൊരു പ്രവർത്തകന്റെ വിലാപം. കണ്ണുകൾ ഉണ്ടായിട്ടും അന്ധരായും ചെവികൾ ഉണ്ടായിട്ടും ബധിരരായുമാണ് ചില നേതാക്കൾ പ്രവർത്തിക്കുന്നതെന്നാണു മറ്റൊരു വിമർശനം. വാചകമടിയിൽ മാത്രം ശ്രദ്ധിക്കുന്ന നേതാക്കൾ മാറണമെന്നാണ് വേറൊരു പ്രവർത്തകന്റെ ഉപദേശം.

ഒരു നേതാവും മാറണമെന്നു താൻ പറഞ്ഞില്ലെന്നും ദയവായി ഫോണെടുക്കണമെന്ന അപേക്ഷയാണു നൽകിയതെന്നും ടി.ജി.മോഹൻദാസ് ഇതിനടിയിൽ വ്യക്തമാക്കി. 'ഒന്നോ രണ്ടോ പേർ ഫോണെടുക്കാത്തതിന് അടച്ച് ആക്ഷേപിക്കരുതെന്നും അങ്ങനാണെങ്കിൽ ടിജി സംസ്ഥാന പ്രസിഡന്റാവൂ' എന്ന ഒളിയമ്പും കമന്റുകളിലുണ്ട്. ബിജെപി നേതാക്കൾ അണികളിലും ജനങ്ങളിലും നിന്ന് അകലെയാണെന്ന മട്ടിൽ മുൻപേ ആരോപണങ്ങൾ ഉയരുന്നുണ്ട്. പാർട്ടി പണക്കാർക്കു മാത്രം ഇടം നൽകുന്ന കൂട്ടായ്മയായെന്നും ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP