Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ

സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യ പോസ്റ്റർ വിവാദമാക്കിയവർ ഒടുവിൽ ശരിക്കും പുലിവാല് പിടിച്ചു. സൈബറിടത്തിൽ രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കാൻ ഇറങ്ങി തിരിച്ചവരാണ് ഇപ്പോൾ സൈബറിടത്തിൽ റോസ്റ്റിംഗിന് വിധേയരായിരിക്കുന്നത്. വിഷയത്തിൽ സിപിഎം പ്രതിരോധത്തിൽ ആയതോടെ വിമർശനത്തിന് തുടക്കമിട്ടവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും തള്ളിപ്പറഞ്ഞു. 'ന്നാ താൻ കേസ് കൊട്' എന്ന സിനിമാ പോസ്റ്ററിലെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതിയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. വിമർശനങ്ങൾ സ്വാഭാവികമാണ്. സിനിമയുടെ പരസ്യത്തെ ആ നിലയിലെടുക്കണം. ചിത്രത്തിനെതിരെയുള്ള സൈബർ ആക്രമണത്തെക്കുറിച്ചറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളമുണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുതാര്യമായ രീതിയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും വ്യക്തിക്കോ സംഘടനക്കോ സിനിമക്കോ വിമർശിക്കാമെന്നും മന്ത്രി പറഞ്ഞു. സിനിമയുടെ 'തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'..എന്ന പോസ്റ്ററിനെതിരെയാണ് ഇടതു അനുകൂല പ്രൊഫൈലുകൾ വിമർശനമുയർത്തുന്നത്. സർക്കാറിനെ അപകീർത്തിപ്പെടുത്തുന്നുവെന്നായിരുന്നു ആരോപണം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണുമെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, നമ്മൾ കാര്യങ്ങളെ അതീവഗൗരവമായിട്ട് കാണുന്നതിനു പകരം കുറച്ചുകൂടി സരസമായിട്ട് കാണുകയാണെങ്കിൽ സ്മൂത്ത് ആയിട്ട് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നായിരുന്നു വിഷയത്തിൽ കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

വിവാദങ്ങളിൽ പ്രതികരണവുമായി നിർമ്മാതാവ് ബാദുഷ. സിനിമ താൻ കണ്ടുവെന്നും നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേത് എന്നും അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി എന്നും മുന്നിൽ നിൽക്കുന്ന ജനതയാണ് മലയാളികൾ. ഇപ്പോൾ ഈ സിനിമയ്ക്കെതിരെ നിൽക്കുന്ന പല നേതാക്കന്മാരും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരുമാണ് എന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.'പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

ഈ സിനിമയിലെ പോസ്റ്റർ വച്ച് സൈബർ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാ?. ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്ന ചിത്രമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാൽ സിനിമ പോസ്റ്ററിലെ കേവലം ഒരു വാചകത്തിന്റെ പേരിൽ ആ സിനിമയ്‌ക്കെതിരെ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്‌കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കിൽ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല.''സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടത്? ഇപ്പോൾ സിനിമയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നവരുടെ നേതാക്കന്മാരും മുൻ തലമുറയിലെ സമാദരണീയരായവരുമൊക്കെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണ്. ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണൂ. ഞാൻ ജോലി ചെയ്യാത്ത ഒരു സിനിമയാണിത്.

മലയാളത്തിലിറങ്ങുന്ന എല്ലാ നല്ല സിനിമകളും ഞാൻ കാണുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്. അതിനിയും തുടരും. കാരണം സിനിമ ഉപജീവനമായി കരുതുന്ന ആയിരക്കണക്കിന് ആൾക്കാർ ഈ ഇൻഡസ്ട്രിയിലുണ്ട്. അതിന്റെ പേരിൽ എന്റെ നേർക്ക് വാളോങ്ങേണ്ട.പിന്നെ സിനിമയിലും 'കുഴി' ഒരു പ്രശ്‌നം തന്നെയാണ്. എന്നാൽ, കുഴി പ്രശ്‌നത്തിനു പരിഹാരവുമാണ്', ബാദുഷ കുറിച്ചു.

അതേസമയം കടുത്ത വിമർശനമാണ് ഇടതു അനുഭാവികളും സിനിമാ ബഹിഷ്‌ക്കരണ ആഹ്വാനത്തോട്് നടത്തിയത്. സിനിമക്ക് പിന്തുണയുമായി സാഹിത്യകാരൻ ബെന്യാമിനും രംഗത്തുവന്നിരുന്നു. ഒരു സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്നും, സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിൻ അഭിപ്രായം പങ്കുവെച്ചത്.

അങ്കമാലിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചതിന് പിന്നാലെ റോഡിലെ പാതയിലെ കുഴികൾ സമീപകാലത്ത് വലിയ ചർച്ചയായിരുന്നു. വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് രൂക്ഷമാകവെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പോസ്റ്ററിൽ റോഡിലെ കുഴിയെ പറ്റിയുള്ള പരാമർശമുണ്ടായത്.

അവിടെ 'ലാൽ സിങ് ചദ്ദ', ഇവിടെ 'ന്നാ താൻ കേസ് കൊട്'

അതേസമയം രാജ്യത്ത് ഒരേ ദിവസം ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് ബഹിഷ്‌ക്കരണാഹ്വാനം നേരിട്ടത്. ആമീർ ഖാൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ലാൽ സിങ് ചദ്ദ'യാണ് ഒരു ചിത്രം. മറ്റൊരു ചിത്രം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ മലയാള ചിത്രം 'ന്നാ താൻ കേസ് കൊട്' ആണ്.'ലാൽ സിങ് ചദ്ദ'ക്കെതിരെ നേരത്തെ മുതൽ തന്നെ വലതുഗ്രൂപ്പുകൾ ബഹിഷ്‌ക്കരണാഹ്വാനം മുഴക്കിയിട്ടുണ്ട്. ആമിർ ഖാന്റെ മുൻ ചിത്രം പികെ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചാണ് അവരുടെ ബഹിഷ്‌ക്കരണാഹ്വാനം. ചിത്രത്തെ ബഹിഷ്‌ക്കരണാഹ്വാനത്തോട് ആമിർ ഖാൻ തന്നെ പ്രതികരിച്ചിരുന്നു.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാവിലെയാണ് ബഹിഷ്‌ക്കരണാഹ്വാനമുണ്ടായത്. പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ 'തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ബഹിഷ്‌ക്കരണാഹ്വാനത്തിന് കാരണമായത്.ഇടത് സഹയാത്രികരായ പ്രേംകുമാറും അഡ്വ. രശ്മിത രാമചന്ദ്രനുമടക്കം വിയോജിപ്പ് പരസ്യമാക്കി. ഉത്തരവാദിത്തപ്പെട്ട പ്രവർത്തകർ മാപ്പ് പറയാതെ ചിത്രം കാണില്ലെന്നും പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിനെതിരെയാണ് ഈ പരസ്യമെന്നും ആ ജനവിരുദ്ധ മുന്നണിയുടെ ഭാഗമായി പരസ്യം മാറിയതിനാൽ ചിത്രം കാണേണ്ടതില്ല എന്ന ആഹ്വാനമാണ് പിന്നീട് ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP