Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടുവയേ പിടിക്കും കിടുവ! സ്വർണക്കടത്തിന് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്ന ഇടനിലക്കാർ പണം മുടക്കുന്നവരെ വഞ്ചിക്കും; കരിപ്പൂരിലെ സ്വർണ്ണ തട്ടലുകൾ ഏറെയും ചതിയുടെ ഭാഗം; നടക്കുന്നതെല്ലാം കാരിയറും ക്വട്ടേഷൻസംഘങ്ങളും തമ്മിലുള്ള വെറും നടകം; കടത്തിൽ പുതിയ ട്വിസ്റ്റ്; പണത്തിന് പിന്നാലെ പറക്കുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്തവർ

കടുവയേ പിടിക്കും കിടുവ! സ്വർണക്കടത്തിന് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്ന ഇടനിലക്കാർ പണം മുടക്കുന്നവരെ വഞ്ചിക്കും; കരിപ്പൂരിലെ സ്വർണ്ണ തട്ടലുകൾ ഏറെയും ചതിയുടെ ഭാഗം; നടക്കുന്നതെല്ലാം കാരിയറും ക്വട്ടേഷൻസംഘങ്ങളും തമ്മിലുള്ള വെറും നടകം; കടത്തിൽ പുതിയ ട്വിസ്റ്റ്; പണത്തിന് പിന്നാലെ പറക്കുന്നവർ എന്തും ചെയ്യാൻ മടിയില്ലാത്തവർ

ജംഷാദ് മലപ്പുറം

മലപ്പുറം: ഗൾഫിൽനിന്നും നാട്ടിലേക്കു സ്വർണം കടത്താൻ സ്വർണക്കടത്തു സംഘങ്ങൾക്ക് കാരിയർമാരെ ഒരുക്കിക്കൊടുക്കുന്നവർ തന്നെ അവസാനം സ്വർണക്കടത്ത് സംഘങ്ങളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുക്കുന്നു. സ്വർണം കൊണ്ടുവരുന്ന കാരിയറുമായി രഹസ്യധാരണയുണ്ടാക്കി 'ക്വട്ടേഷൻ സംഘം' വന്നു സ്വർണം തട്ടിയെടുക്കുന്നതായി തിരക്കഥയുണ്ടാക്കി സ്വർണം തട്ടിയെടുത്ത് മുങ്ങി സ്വർണക്കടത്ത് സംഘത്തെ വഞ്ചിക്കും.

കരിപ്പൂരിൽ ക്വട്ടേഷൻ സംഘങ്ങൾ സ്വർണം തട്ടിയെടുക്കുന്നതായി വന്ന പരാതികളിൽ പലതും ഇത്തരത്തിലുള്ളതാണെന്നാണു കരിപ്പൂർ പൊലീസിന് ലഭിച്ച വിവരം. ഇന്നലെ കരിപ്പൂരിൽ സ്വർണക്കടത്ത് മാഫിയയെ പറ്റിച്ച് 46ലക്ഷം രൂപയും സ്വർണം മുക്കാൻ ശ്രമിച്ച കാരിയറുടെയും ഇടനിലക്കാരുടേയും നീക്കം പൊലീസ് പൊളിച്ചിരുന്നു. ഇതാണ് തട്ടിപ്പിൽ കൂടുതൽ വ്യക്തത വരുത്തുന്നത്. സമാനമായ പല സംഭവങ്ങളും ഉണ്ടായി എന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്തവളംവഴി ഒളിപ്പിച്ചു കടത്തിയ സ്വർണം കാരിയറായ യാത്രക്കാരന്റെ അറിവോടെ തട്ടിയെടുക്കാനെത്തിയ സംഘത്തേയും യാത്രക്കാരനെയും കരിപ്പൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരക്കൽ മൊയ്തീൻ കോയ(52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ്(32), നിറമരുതൂർ ആലിൻചുവട് പുതിയന്റകത്ത് സുഹൈൽ(36), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരക്കൽ അബ്ദുൾ റൗഫ്(36), യാത്രക്കാരനായ തിരൂർ കാലാട് കവീട്ടിൽ മഹേഷ്(42) എന്നിവരാണ് അറസ്റ്റിലായത്.

ജിദ്ദയിൽ നിന്നു കരിപ്പൂരിലെത്തിയ മഹേഷ് മലദ്വരത്തിൽ മൂന്നു ക്യാപ്സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് 974 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയിരുന്നു. എന്നാൽ ഈ സ്വർണം ഇയാളുടെ അറിവോടെ തന്നെ തട്ടിയെടുക്കാൻ നാൽവർ സംഘം കരിപ്പൂരിലെത്തി. ക്വട്ടേഷൻ സംഘം സ്വർണം തട്ടിയെടുക്കാൻ എത്തുന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് നാലുപേരെ വിമാനത്താവള പരിസരത്ത് വച്ചു തന്നെ പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യാത്രക്കാരൻ തന്നെയാണ് തട്ടിക്കൊണ്ടു പോകാൻ ഇവരെ ഏൽപ്പിച്ചതെന്നു കണ്ടെത്തിയത്. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു കണ്ടെടുത്ത സ്വർണ മിശ്രിതത്തിൽ നിന്നു 885 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. ഇതിന് 46ലക്ഷം രൂപ വിലവരുമെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. കരിപ്പൂർ പൊലീസ് പിടികൂടുന്ന 50 മത്തെ സ്വർണക്കടത്ത് കേസാണിത്.

ഗൾഫിലുള്ള സ്വർണക്കടത്ത് സംഘത്തിന് കാരിയറാവാൻ മഹേഷിനെ ഏൽപിച്ചതും പിടിയിലായ ഈ സംഘത്തിന്റെ തലവൻ തന്നെയാണ്. സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുള്ള സംഘം ഗൾഫിൽനിന്നും നാട്ടിലേക്കുവരുന്നവരെ പലപ്പോഴായി കാരിയർമാരായി ഏൽപിക്കാറുണ്ട്. ഇത്തരം കാരിയർമാരിൽ പലർക്കും വിമാനടിക്കറ്റും ചെറിയ തുകയും മാത്രമാണ് നൽകാറുള്ളത്. വിശ്വസിക്കാൻ കഴിയുന്നവരെമാത്രം ഏൽപിക്കാൻ പാടുള്ളുവെന്ന നിബന്ധനയും ഇവർ തമ്മിൽ നേരത്തെയുണ്ടാക്കിയിരുന്നു.

ഇത്തരത്തിൽ കാരിയറെ ഏർപ്പാടാക്കിയ ശേഷം ഈ സംഘം പിന്നീട് കാരിയറുമായി രഹസ്യമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കും. തനിക്ക് ലഭിക്കുന്നത് വെറും തുച്ഛമായ പണമാണെന്നും നമുക്ക് ഒന്നിച്ച് സ്വർണം തട്ടിയെടുത്ത് വീതംവെക്കാമെന്നും പറയും. ഇതിന് തെയ്യാറായാൽ പിന്നീട് ക്വട്ടേഷൻ സംഘം കരിപ്പൂരിൽവെച്ച് സ്വർണം തട്ടിയെടുക്കുന്ന രീതിയിൽ തിരക്കഥയുണ്ടാക്കി ഇതുപ്രകാരം എല്ലാവരും അഭിനയിച്ചു തകർക്കും. ഇതെ രീതിയിൽ സ്വർണം തട്ടാനുള്ള നീക്കമാണ് ഇന്നലെ കരിപ്പൂർ പൊലീസ് തടഞ്ഞത്.

ഇവരുടെ നീക്കത്തെ കുറിച്ചു കരിപ്പൂർപൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. രണ്ടുവർഷത്തിനു ശേഷമാണ് മഹേഷ് നാട്ടിൽവരുന്നത്. മഹേഷിനെ കാരിയറാവാൻ നിർബന്ധിപ്പിച്ചതും ഈ സംഘം തന്നെയാണെന്നാണു പൊലീസിന് നൽകിയ മൊഴി. തുടർന്നു ഇവർ പറഞ്ഞ പ്രകാരമുള്ള തിരക്കഥപോലെ ചെയ്യുകയായിരുന്നുവെന്നുമാണ് ചോദ്യംചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. ഈ സംഘം സമാനമായ രീതിയിൽ വേറെയും ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. സ്വർണക്കട്ത്തു തട്ടിക്കൊണ്ടുപോകലിലും കൊലപാതകത്തിലുംവരെ കലാശിച്ച കരിപ്പൂരിലെ പുത്തൻ രീതി കണ്ടു വിസമയപ്പെട്ടിരിക്കുകയാണ് പൊലീസും. പണത്തിന്റെ പിറകെപോകുന്ന സ്വർണക്കടത്ത് സംഘങ്ങൾ രാജ്യദ്രോഹ പ്രവർത്തനങ്ങൾ മാത്രമല്ല മനുഷ്യ ജീവനു വിൽകൽപിക്കാത്ത രീതിയിലുള്ളപ്രവർത്തനങ്ങളാണു നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP