Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോത്തൻകോട്, ആറ്റിങ്ങൽ മേഖലയിൽ മാൻഹോൾ മൂടികൾ മോഷ്ടിച്ചു കടത്തുന്നു; കള്ളന്മാർ കൊണ്ടു പോയത് ഒന്നിന് 20,000 രൂപ വിലയുള്ള ഏഴ് മൂടികൾ

പോത്തൻകോട്, ആറ്റിങ്ങൽ മേഖലയിൽ മാൻഹോൾ മൂടികൾ മോഷ്ടിച്ചു കടത്തുന്നു; കള്ളന്മാർ കൊണ്ടു പോയത് ഒന്നിന് 20,000 രൂപ വിലയുള്ള ഏഴ് മൂടികൾ

സ്വന്തം ലേഖകൻ

ആറ്റിങ്ങൽ: പോത്തൻകോട്, ആറ്റിങ്ങൽ മേഖലയിൽ വാട്ടർ അഥോറിറ്റിയുടെ മാൻഹോൾ മൂടികൾ മോഷണം പോകുന്നത് പതിവായി. രണ്ടാഴ്ചയ്ക്കിടെ ഏഴ് മാൻഹോൾ മൂടികളാണ് കള്ളന്മാർ കൊണ്ടു പോയത്. ഒന്നിന് 20,000 രൂപ വിലയുള്ള മാൻഹോൾ മൂടികളാണ് മോഷണം പോയത്. പോത്തൻകോട്, മുദാക്കൽ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നായാണ് ഏഴ് മാൻഹോൾ മൂടികൾ കവർച്ച ചെയ്യപ്പെട്ടത്. തിരക്കേറിയ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ഭാരമേറിയ മാൻഹോൾ മൂടികളാണ് കവർച്ച ചെയ്യപ്പെട്ടത്.

മുദാക്കൽ പഞ്ചായത്തിൽ അയിലം പാറയടി റോഡിലും , വാളക്കാട് ചെമ്പകമംഗലം റോഡിൽ തേമ്പ്രാക്കോണം ഭാഗത്തും സ്ഥാപിച്ചിരുന്ന രണ്ട് വീതം മാൻഹോൾ കവറുകളും , പോത്തൻകോട് പഞ്ചായത്തിൽ വെള്ളാണിക്കൽപാറ വേങ്ങോട് റോഡിൽ തച്ചപ്പള്ളി ദേവി ക്ഷേത്രത്തിന് സമീപവും , മുരുക്കുംപുഴ പോത്തൻകോട് റോഡിൽ വാവറയമ്പലം ജംക്ഷന് സമീപവും വാവറയമ്പലം മണ്ണറയിലും സ്ഥാപിച്ചിരുന്ന ഓരോ മാൻഹോൾ കവറുകളും ആണ് മോഷണം പോയത്.

മോഷണം പോയ മാൻഹോൾ മൂടികൾക്ക് 80 കിലോയോളം ഭാരവും വരുമെന്ന് അധികൃതർ പറഞ്ഞു. അതുകൊണ്ട് തന്നെ മൂന്നിലധികം പേർ ചേർന്നാവും മോഷണം നടത്തിയതെന്നാണ് നിിഗമനം. കാസ്റ്റ് അയൺ നിർമ്മിത മൂടികളാണ് കവർച്ച ചെയ്യപ്പെട്ടത്. വാട്ടർ അഥോറിറ്റി ആറ്റിങ്ങലിലെ അസിസ്റ്റന്റ് എൻജിനീയർ ഒന്നിന് ആറ്റിങ്ങൽ പൊലീസിലും , ആറിന് പോത്തൻകോട് പൊലീസിലും പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

റോഡരികിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈനുകളുടെ വാൽവുകൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മാൻഹോൾ കവറുകളാണ് കവർച്ച ചെയ്യപ്പെട്ടത്. മാൻഹോൾ കവറുകൾ നഷ്ടപ്പെട്ടതോടെ വൻ റോഡപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ടാറിനടിയിലൂടെയാണ് പൈപ്പ് ലൈനുകൾ കടന്നു പോകുന്നത്. മാൻഹോളുകളുടെ മൂടി നഷ്ടപ്പെട്ടതോടെ ഇവിടെ തുറന്ന് കിടക്കുകയാണ്.

രണ്ട് മീറ്ററോളം താഴ്ചയും ഒരു മീറ്ററോളം വീതിയും മാൻഹോളുകൾക്കുണ്ട്. വാഹനങ്ങൾ പലപ്പോഴും അടുത്തെത്തിയാൽ മാത്രമേ മാൻഹോളുകളുടെ മൂടിയില്ലാത്തത് കാണാൻ കഴിയുകയുള്ളു.എന്നാൽ കവർച്ച സംഘത്തിൽ മൂന്നിലധികം ആൾക്കാർ ഉൾപ്പെട്ടിരിക്കാമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ പറഞ്ഞു. പ്രത്യേകതരം ലോക്കിങ് സംവിധാനത്തിലാണ് ഭാരമേറിയ മൂടികൾ സ്ഥാപിക്കുന്നത്. ഇവ ലോക്ക് ഇളക്കി ഉയർത്തണമെങ്കിൽ മൂന്നിലധികം ആൾക്കാർ വേണമെന്നാണ് അധികൃതർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP