Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ലെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തത് മേയിൽ; രണ്ടു മാസം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിനും കാര്യം ബോധ്യപ്പെട്ടു! കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും തീരുമാനം; ഇനി മുൻകൂട്ടി ഓർഡർ നൽകും; തെറ്റു തിരുത്താൻ ആരോഗ്യ വകുപ്പ്

ആശുപത്രിയിൽ മരുന്നുകൾ കിട്ടാനില്ലെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തത് മേയിൽ; രണ്ടു മാസം കഴിഞ്ഞപ്പോൾ ആരോഗ്യ വകുപ്പിനും കാര്യം ബോധ്യപ്പെട്ടു! കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും തീരുമാനം; ഇനി മുൻകൂട്ടി ഓർഡർ നൽകും; തെറ്റു തിരുത്താൻ ആരോഗ്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : കേരളത്തിലെ മരുന്ന് ക്ഷാമത്തിന് പിന്നിൽ ഡോക്ടർമാർ അല്ലെന്ന് ഒടുവിൽ ആരോഗ്യ വകുപ്പ് സമ്മതിച്ചു: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്. അത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പും സമ്മതിച്ചു. തിരുവല്ല ആശുപത്രിയിൽ എത്തിയ മന്ത്രി വീണാ ജോർജ് പോലും മരുന്ന് ക്ഷാമം അറിഞ്ഞ് ഞെട്ടിയിരുന്നു. മെയ്‌ 24ന് ഇക്കാര്യം വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ആ റിപ്പോർട്ടും ആരോഗ്യ വകുപ്പ് ഗൗരവത്തോടെ എടുക്കും.

സംസ്ഥാനത്തെ ആരോഗ്യരംഗം ലോകനിലവാരത്തിലുള്ളതാണെന്ന് മേനിനടിക്കുമ്പോഴും ആശുപത്രികളിൽ അവശ്യമരുന്നുകൾ കിട്ടാക്കനിയാണ്. സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴക്കാല രോഗങ്ങൾ പൊട്ടിപുറപ്പെടുന്നതോടെ ജീവൻ രക്ഷാമരുന്നുകളുടെ രൂക്ഷമായ ക്ഷാമം മൂലം രോഗികൾ വലയുകയാണ്. മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ വൈകിയതാണ് ക്ഷാമത്തിനിടയാക്കുന്നത്. ഈ സാമ്പത്തിക (2022 23) വർഷത്തേക്കുള്ള ടെൻഡർ നടപടി മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെയും ടെൻഡർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. അത് പൂർത്തിയാക്കാൻ ഇനിയും ഒരുമാസത്തിലേറെ സമയമെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. കാലവർഷക്കാലത്ത് ആശുപത്രികളിൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമായേക്കാം. ഇപ്പോൾ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മുതൽ പിഎച്ച്സി വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്-ഇതായിരുന്നു മറുനാടൻ റിപ്പോർട്ട്.

ഇത് ശരിയാണെന്ന് സർക്കാരും സമ്മതിക്കുന്നു. ഈ സാഹചര്യത്തിൽ മരുന്ന് സംഭരണത്തിന്റെ ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിനായി ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറെ ചുമതലപ്പെടുത്തി അടിയന്തര ഉത്തരവ് ഇറക്കി. മരുന്ന് ക്ഷാമത്തിന് അടിയന്തര ഇടപെടലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെ എടുക്കുകയാണ്. കെഎംഎസ്സിഎലിന്റെ ടെൻഡർ നടപടികൾ 3 മാസത്തോളം വൈകിയതിനെ തുടർന്ന് മരുന്നു സംഭരണം താളം തെറ്റിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയിട്ടും മരുന്നുക്ഷാമം ഇല്ലെന്ന നിലപാടെടുത്ത ആരോഗ്യ വകുപ്പാണ് ഇപ്പോൾ പ്രശ്‌നം പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയത്.

കെഎംഎസ്സിഎലിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ പോരായ്മകൾ ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരിഗണനാ വിഷയങ്ങൾ. അവശ്യ മരുന്നുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്ന് അതതു സമയം മനസ്സിലാക്കാൻ കഴിയുന്ന നിരീക്ഷണ സംവിധാനം ഒരുക്കുക, ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓർഡർ നൽകാനുള്ള സംവിധാനം നിർദേശിക്കുക, നിലവിലുള്ള മരുന്നു സംഭരണ സംവിധാനം പരിശോധിച്ചു ഭേദഗതികൾ നിർദേശിക്കുക, മരുന്നു സംഭരണത്തിന് കോർപറേഷൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ പരിഷ്‌കാരങ്ങൾ നിർദേശിക്കുക, കാരുണ്യ, കെഎംഎസ്സിഎൽ വെയർഹൗസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശുപാർശകൾ തയാറാക്കുക, കോർപറേഷനിലെ ജീവനക്കാരുടെ പ്രവർത്തന മികവു വിലയിരുത്തി ഭേദഗതികൾ നിർദേശിക്കുക തുടങ്ങിയവയാണു ഡയറക്ടറുടെ ചുമതലകളായി ഉത്തരവിൽ ഉള്ളത്. സഹായങ്ങൾ നൽകാൻ കെഎംഎസ്സിഎൽ മാനേജിങ് ഡയറക്ടറോട് പ്രത്യേകം നിർദേശിച്ചിട്ടുമുണ്ട്.

രണ്ടു മാസം മുമ്പാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നിരക്ക് അന്തിമമാക്കിയത്. അതുതന്നെ 50 കോടി വിറ്റുവരവുള്ള കമ്പനികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയെന്ന വ്യവസ്ഥയോടെ ആയിരുന്നു. അതിനാൽ 25 ഉം 30 ഉം കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് മാറിനിൽക്കേണ്ടിവന്നു. ഇങ്ങനെ വന്നപ്പോൾ വൻകിട കമ്പനികൾ ഏകപക്ഷീയമായ ഉപാധികൾ മുന്നോട്ടുവച്ചതാണ് ടെൻഡർ നടപടികൾ വൈകിച്ചത്. കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നത് മത്സരം കൂടാനും മരുന്ന് വില കുറയാനും ഇടയാക്കും. ഇതാണ് ഇത്തവണ ഇല്ലാതായത്. വലിയ കമ്പനികളുമായി സർക്കാർ ഇനി കരാർ ഒപ്പിടണം. തുടർന്ന് നിരതദ്രവ്യം കെട്ടിവയ്ക്കണം. പിന്നീട് വേണം പർച്ചേസ് ഓർഡർ നൽകാൻ. ഈ സാഹചര്യത്തിൽ മരുന്നെത്താൻ വൈകും. -ഇതാണ് മറുനാടൻ ഉയർത്തിയ വിഷയം.

  1. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം; ജീവൻ രക്ഷാ മരുന്നുകൾ കിട്ടാതെ രോഗികൾ വലയുന്നു; അമിതവില നൽകി മരുന്ന് വാങ്ങിക്കൂട്ടാനുള്ള കൃത്രിമ ക്ഷാമം സൃഷ്ടിക്കലാണോയെന്ന് സംശയം; ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ ഇനിയും കാലതാമസം

ആശുപത്രികളോട് ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും മരുന്നില്ല. പ്രമേഹ, രക്തസമ്മർദ്ദ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം മരുന്നുകൾ തീരുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സോഫ്റ്റ്‌വെയറിൽ ഓരോ സ്ഥാപനവും സ്റ്റോക്ക് വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താത്തതാണ് ക്ഷാമം രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇക്കാര്യം ശ്രദ്ധിച്ച് വീഴ്ചവരുത്തന്നവരെ ശിക്ഷിക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതൊന്നും സമയത്ത് ഉത്തരവാദപ്പെട്ടവർ ചെയ്യുന്നില്ലെന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. എന്തായാലും സംസ്ഥാനത്തെ സാധാരണക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമെന്ന നിലയിൽ ആരോഗ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്നത് ആശ്വാസമാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ജീവൻ രക്ഷാമരുന്നുകളും,ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ഉൾപ്പെടെ പ്രധാനപ്പെട്ട മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ കൂടുതൽ മരുന്നുകളുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറാനുള്ള നടപടികൾ പോലും കാര്യക്ഷമമായി നടക്കുന്നില്ല.

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഏതാണ്ട് 1500 കോടി രൂപയുടെ അഴിമതി നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അമിത വില നൽകി പ്രതിരോധമരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. അത്തരമൊരു സാഹചര്യം ഒരുക്കാനാണോ ഇപ്പോഴത്തെ മരുന്ന് ക്ഷാമമെന്നും സംശയം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP