Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമ്പതുവയസുകാരിക്ക് മേൽക്കൂരയുടെ ഉത്തരത്തിൽ കുരുക്കിടാനാവുമോ എന്നറിയാൻ ഡമ്മി പരീക്ഷണം; ഒമ്പതും പതിമ്മൂന്നും വയസുള്ള കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന വിചിത്രവാദം; ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണത; വാളയാർ കേസിൽ സി ബി ഐയുടെ തട്ടിക്കൂട്ട് അന്വേഷണം കോടതിയിൽ പൊളിയുമ്പോൾ

ഒമ്പതുവയസുകാരിക്ക് മേൽക്കൂരയുടെ ഉത്തരത്തിൽ കുരുക്കിടാനാവുമോ എന്നറിയാൻ ഡമ്മി പരീക്ഷണം; ഒമ്പതും പതിമ്മൂന്നും വയസുള്ള കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്ന വിചിത്രവാദം; ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണത; വാളയാർ കേസിൽ സി ബി ഐയുടെ തട്ടിക്കൂട്ട് അന്വേഷണം കോടതിയിൽ പൊളിയുമ്പോൾ

സായ് കിരൺ

തിരുവനന്തപുരം :പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ചകൾ കാരണം അട്ടിമറിക്കപ്പെട്ട വാളയാർ കേസിൽ സിബിഐ അന്വേഷണത്തിലും നീതിയുടെ പ്രകാശകിരണം തെളിയാതിരുന്നതോടെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. സഹോദരിമാരായ കുഞ്ഞുങ്ങളോട് കൊടുംക്രൂരത ചെയ്ത കേസിൽ നീതി നടപ്പാക്കാൻ വിചാരണക്കോടതിക്ക് കഴിഞ്ഞില്ലെന്ന് തുറന്നുപറഞ്ഞ ഹൈക്കോടതി, ഇരകൾ നിസഹായരാവുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന നിർദ്ദേശത്തോടെയാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.

എന്നാൽ വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒമ്പതും വയസുള്ള പെൺകുട്ടികളുടേത് ആത്മഹത്യ തന്നെയെന്നാണ് സിബിഐയുടെയും കുറ്റപത്രത്തിലുണ്ടായിരുന്നത്. ആദ്യ അന്വേഷണത്തിൽ പൊലീസ് ഉൾപ്പെടുത്തിയ നാല് പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈ.എസ്‌പി അനന്തകൃഷ്ണൻ പാലക്കാട് പോക്‌സോ കോടതിയിൽ കുറ്റപത്രം നൽകിയത്. ഈ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

പൊലീസും പ്രോസിക്യൂഷനും കോടതിയും ചേർന്ന് നീതിയുടെ കണ്ണുകൾ മൂടിക്കെട്ടിയതാണ് വാളയാർ കേസിൽ കണ്ടത്. പ്രതികളെ വെറുതേ വിട്ടത് മതിയായ തെളിവില്ലാത്തതു കൊണ്ടല്ല, വിചാരണയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലെ പിഴവുകളും അശ്രദ്ധയോടെ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനുമാണ് വിചാരണ നിരർത്ഥകമാക്കിയത്. സത്യം പുറത്തുകൊണ്ടുവരാൻ വിചാരണക്കോടതി ഫലപ്രദമായി ഇടപെട്ടതുമില്ല.

കുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന് തെളിവില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്. പ്രധാന സാക്ഷികളായ അമ്മയുടെയും രണ്ടാനച്ഛന്റെയും മൂത്ത പെൺകുട്ടിയുടെ സുഹൃത്തിന്റെയും മൊഴികളിൽ വിശ്വാസ്യതയില്ലെന്നും പ്രതികളാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് നേരിട്ടുള്ള തെളിവുകളില്ലെന്നുമാണ് യുക്തിരഹിതമായി വിചാരണക്കോടതി വിലയിരുത്തിയത്.

2016ലെ സ്‌കൂൾ അവധിക്കാലത്ത് മൂത്തകുട്ടിയെ 'വലിയ മധു' പീഡിപ്പിക്കുന്നത് നേരിൽ കണ്ടെന്ന രണ്ടാനച്ഛന്റെ മൊഴിയും ഇളയമകളുടെ പിറന്നാൾ ആഘോഷ ദിവസം അർദ്ധരാത്രിയിൽ ഉറക്കമുണർന്നപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ പെൺകുട്ടിയുടെ കൂടെ 'കുട്ടി മധുവിനെ' കണ്ടെന്ന അമ്മയുടെ മൊഴിയും കോടതി തള്ളിക്കളഞ്ഞു. രക്ഷിതാക്കൾ പീഡന വിവരം ആദ്യത്തെ അന്വേഷണ സംഘത്തോട് മറച്ചുവെച്ചതെന്തുകൊണ്ട് ? കുട്ടി മധു എന്ന പ്രതിയെ പെൺകുട്ടിയുടെ അടുത്ത് നഗ്‌നനായി കണ്ടെന്ന് അമ്മ പറഞ്ഞിട്ടും പ്രതിയെ പിന്നെയും വീട്ടിൽ താമസിപ്പിച്ചത് എന്തുകൊണ്ട് ? എന്നീ ചോദ്യങ്ങളാണ് വിചാരണക്കോടതി ഉന്നയിച്ചത്.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് കണ്ടെത്തിയ നാലുപേരെയാണ് സിബിഐ പ്രതിയാക്കിയത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.

2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. പക്ഷേ, പെൺകുട്ടികളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പൊലീസ് അന്വേഷിച്ചിരുന്നില്ല. സഹോദരിമാരുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും ശാസ്ത്രീയമായ തെളിവുകളും കൂടുതൽ സാക്ഷിമൊഴികളും എല്ലാം കോർത്തിണക്കിയുള്ള പഴുതടച്ചുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

കുഞ്ഞുങ്ങൾ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പൊലീസിന്റെ ഒറ്റവാദം മതി വാളയാർ കേസിലെ അട്ടിമറികളുടെ വ്യാപ്തി മനസിലാക്കാൻ. പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടിയുമായി സമ്മതപ്രകാരമുള്ള ബന്ധം പോലും കുറ്റകരമായ നാട്ടിലാണ് കുഞ്ഞുങ്ങളുടെ ഉഭയകക്ഷിസമ്മതം വിചിത്രവാദമുന്നയിച്ച് പൊലീസ് അപഹാസ്യരായത്. ഇതേ വാദമാണ് സിബിഐയും ഉയർത്തിയത്.

സിബിഐയുടെ കണ്ടെത്തലുകൾ ഇങ്ങനെയായിരുന്നു:- മൂത്ത കുട്ടി 2016 ഏപ്രിൽ മുതൽ നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ട്. 2017 ജനുവരിയിൽ മരിക്കും വരെ ഇത് തുടർന്നിരുന്നു. കുട്ടിയുടെ വീട്ടിലും വല്ല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമായാണ് പീഡനം നടന്നത്. ഈ വിവരങ്ങൾ പലപ്പോഴായി കൂട്ടുകാരിയോട് പറഞ്ഞിരുന്നു. നിരന്തര പീഡനം മൂലം ശരീരത്തിൽ മുറിവും പഴുപ്പുമുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നും കൂട്ടുകാരിയെ അറിയിച്ചിരുന്നു.

കേസിൽ കുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്തകുട്ടിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത് ഇളയ കുട്ടിയാണ്. ഈ സമയം രണ്ടുപേർ മുഖം മറച്ച് വീട്ടിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് കുട്ടി മൊഴി നൽകിയിട്ടും പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. വീട്ടിനകത്ത് കയറിയപ്പോൾ ചേച്ചി പിടയുകയായിരുന്നുവെന്നാണ് സഹോദരിയുടെ മൊഴി.

നാല് മിനുട്ടുകൾക്ക് ശേഷമാണ് ഇളയകുട്ടി മുറിയിലേക്ക് വന്നത്, തൂങ്ങി മരണമാണെങ്കിൽ പിടയാനുള്ള സാദ്ധ്യതയില്ല, സ്‌പോട്ട് ഡെത്തിനാണ് സാദ്ധ്യത. കൂടാതെ മൃതദേഹത്തിൽ അതിക്രമം നടന്നതിന്റെ പാടുകളോ, ക്ഷതങ്ങളോ കൊലപാതകമെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളോ, ശരീര ശ്രവങ്ങളോ കണ്ടെത്തിയിരുന്നില്ല. അതിനാൽ ആദ്യത്തെ മരണം ആത്മഹത്യ തന്നെയെന്ന നിഗമനത്തിലെത്തുകയായിരുന്നു.

ഒമ്പതു വയസുകാരിക്ക് ശക്തമായ ആത്മഹത്യ പ്രവണതയുണ്ടായിരുന്നതായി സിബിഐ കണ്ടെത്തി. ചേച്ചിയുടെ മരണശേഷം സഹോദരിയുടെ ഫോട്ടോ കാണിച്ച് അവൾ പോയ വഴിയേ ഞാനും പോകുമെന്ന് ഇളയ കുട്ടി ആവർത്തിച്ചിരുന്നതായി മൊഴികളുണ്ട്. ഉത്തരത്തിൽ കുരുക്കിടാൻ ഒമ്പതുകാരിക്ക് കഴിയുമോ എന്നതാണ് പിന്നീട് സിബിഐ അന്വേഷിച്ചത്. ഇതിനായി ഡമ്മി പരീക്ഷണം നടത്തി. 16 സെന്റീ മീറ്റർ ഉയരമുള്ള ഓടുകൊണ്ടുള്ള കട്ടകൾക്ക് മുകളിലായാണ് കട്ടിൽ വച്ചിരുന്നത്. ഇതിന് മുകളിൽ കസേരയിട്ടാണ് ഇളയ കുട്ടി ഉത്തരത്തിൽ കുരുക്കിട്ടത്. മൃതദേഹം ആദ്യം കണ്ടയാളുടെ മൊഴിയിൽ കുട്ടിയുടെ കാൽ കസേരയിൽ മുട്ടിയിരുന്നില്ല. 20 സെന്റീമീറ്റർ വ്യത്യാസം ഉണ്ടായിരുന്നതായും പറയുന്നു. ഇത് ഡമ്മി പരീക്ഷണത്തിലും തുടർന്ന് ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരെത്തി നടത്തിയ പരിശോധനയിലും തെളിയിക്കാൻ കഴിഞ്ഞു. ഈ കണക്കുകൾ പൊലീസ് കൃത്യമായി രേഖപ്പെടുത്താതിരുന്നതാണ് കേസിൽ തിരിച്ചടിയായതും കുറ്റവാളികൾ രക്ഷപ്പെടാൻ കാരണമായതും.

ആദ്യം കേസന്വേഷിച്ച എസ്‌ഐ ചാക്കോ ഗുരുതുര വീഴ്ചവരുത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. തെളിവുകൾ നശിപ്പിച്ചു. അളവുകൾ കൃത്യമായി രേഖപ്പെടുത്തിയില്ല. ആദ്യ കുട്ടി മരിച്ചതിന് ശേഷം മൊഴിനൽകിയ രണ്ടാമത്തെ കുട്ടിക്ക് സംരക്ഷണം നൽകിയില്ലെന്ന് വലിയ വീഴ്ചയാണ്. സർക്കാർ എസ്‌ഐ ചാക്കോയെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും കുറ്റാന്വേഷണ, ക്രമസമാധാന ചുമതല നൽകാത്തതിനാലും സിബിഐ കുടുതൽ ശിക്ഷ ശുപാർശ ചെയ്തിട്ടില്ല. പൊലീസിനെ കൂടാതെ പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. കാര്യങ്ങൾ പഠിക്കാതെയാണ് രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാരും കേസ് വാദിച്ചത്. തെളിവുകൾ നിരത്താനായില്ല. അതിനാലാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമായതെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP