Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും': ദേവികുളം എംഎൽഎ എ.രാജയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കേസ് നൽകിയ യുഡിഎഫ് സ്ഥാനാർത്ഥി ഡി.കുമാറിന് വധഭീഷണി; ഫോണിലൂടെ ഭീഷണി മുഴക്കിയത് എംഎൽഎയുടെ സഹോദരൻ ശക്തിവേൽ; മൂന്നാർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്നും ആക്ഷേപം

'നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും': ദേവികുളം എംഎൽഎ എ.രാജയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കേസ് നൽകിയ യുഡിഎഫ് സ്ഥാനാർത്ഥി ഡി.കുമാറിന് വധഭീഷണി; ഫോണിലൂടെ ഭീഷണി മുഴക്കിയത് എംഎൽഎയുടെ സഹോദരൻ ശക്തിവേൽ; മൂന്നാർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്നും ആക്ഷേപം

പ്രകാശ് ചന്ദ്രശേഖർ

ദേവികുളം: സംവരണ മണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച ഇടതുസ്ഥാനാർത്ഥി അഡ്വ. എ.രാജയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. എ.രാജ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ടയാളെന്നും അതുകൊണ്ട് എംഎൽഎയെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ ഡി കുമാറാണ് നിയമ പോരാട്ടം നടത്തി വരുന്നത്.

എ. രാജായുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഡി. കുമാറിന് നേരേ വധഭീഷണി ഉയർന്നിരിക്കുകയാണ്. എംഎ‍ൽഎയുടെ സഹോദരനെന്ന് അവകാശപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ശക്തിവേൽ, മറ്റൊരു ഫോൺനമ്പർ ഉടമ എന്നിവർക്കെതിരേ ഡി. കുമാർ മൂന്നാർ ഡിവൈ.എസ്‌പിക്ക് പരാതി നൽകി.

കഴിഞ്ഞദിവസമാണ് രണ്ടു ഫോൺനമ്പരുകളിൽനിന്ന് കുമാറിനെ വിളിച്ച്, കേസിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് വധഭീഷണിയും അസഭ്യവർഷവുമുണ്ടായത്. 

തിരഞ്ഞെടുപ്പ് കേസ് നിലവിൽ ഹൈക്കോടതിയിൽ വിചാരണയിലിരിക്കുകയാണ്. രാജയുടെ സഹോദരനായ ശക്തിവേലും പേരറിയാത്ത മറ്റൊരാളും ചേർന്നാണ് ഫോണിൽ ഭീഷണി മുഴക്കിയത്. 8547773014 എന്ന നമ്പറിൽ നിന്ന് വിളിച്ചാണ് ശക്തിവേൽ ഭീഷണി മുഴക്കിയത്. തോട്ടം മേഖലയിൽ കൊലപ്പെടുത്തുമെന്ന് പറയുന്നതിന് പകരം പ്രചരിക്കുന്ന നീ ഹാജരായാൽ ഞാൻ ഹാജരാകും എന്ന രീതിയിൽ ആണ് ശക്തിവേൽ ഭീഷണി മുഴക്കിയിട്ടുള്ളത് എന്ന് ഡി.കുമാർ പറയുന്നു. നീ ഹാജരായാൽ നിന്നെ കൊന്നിട്ട് ഞാൻ ഹാജരാകും എന്നാണ് ശക്തിവേൽ പറഞ്ഞതിന്റെ അർത്ഥം. 7082860760 ഈ നമ്പറിൽ നിന്ന് പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി വിളിച്ച് കേട്ടാലറക്കുന്ന തെറിവിളിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ആണ് ചെയ്തിട്ടുള്ളത്.

ഈ രണ്ട് നമ്പറുകളിൽ നിന്നും വന്ന വധ ഭീഷണികാണിച്ച് മൂന്നാർ ഡി.വൈ.എസ്‌പി ഇടുക്കി എസ്‌പി എന്നിവർക്ക് പരാതി നൽകിയതായും താനും തന്റെ കുടുംബാംഗങ്ങളും ഏത് നിമിഷവും വധിക്കപ്പെടാമെന്നും സംരക്ഷണം നൽകണമെന്നും വധഭീഷണി മുഴക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആണ് കുമാറിന്റെ ആവശ്യം. ഹൈക്കോടതിയിൽ പരിഗണനയിലുള്ളതും വിചാരണഘട്ടത്തിലെത്തി നിൽക്കുന്നതുമായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വന്ന വധഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും എംഎ‍ൽഎ രാജയുടെ സഹോദരന്മാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തന്റെ കുടുംബാംഗങ്ങൾ ഭീതിയിലാണെന്നും താൻ പുറത്തുപോയാൽ തിരികെ എത്തുന്നത് വരെ പേടിച്ചാണ് കഴിയുന്നതെന്നും കുമാർ പറയുന്നു. ഭീഷണിക്ക് വഴങ്ങി കേസിൽനിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും രാജായ്‌ക്കെതിരേ കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്നും കുമാർ അറിയിച്ചു.

അതേസമയം, ഫോൺ വഴി ഭീഷണി മുഴക്കിയതിന് പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നും കോടതി വഴിയാണ് കേസെടുക്കേണ്ടതെന്നും മൂന്നാർ സിഐ അറിയിച്ചു. പരാതി ഡിവൈഎസ്‌പി ഓഫീസിൽ കിട്ടിയിട്ടുണ്ട്. അത് തങ്ങൾക്ക് കൈമാറിയാൽ അന്വേഷിക്കുമെന്നും സിഐ പറഞ്ഞു.

കേസ് നിർണായക ഘട്ടത്തിൽ

എ.രാജയ്ക്ക് എതിരായ കേസിൽ സാക്ഷി വിസ്താരം പൂർത്തിയായെന്നും താൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ട പ്രകാരമുള്ള രേഖകൾ ഹാജരാക്കാൻ സാക്ഷികളിൽ ഒരാളായ എല്ലപ്പെട്ടി സി.എസ്ഐ പാസ്റ്ററേറ്റിലെ പാസ്റ്ററായ അരുൾ രാജ് തയ്യാറാവുന്നില്ലെന്നും ഇതാണ് ഇപ്പോൾ കേസിൽ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും ഡി കുമാർ മറുനാടനോട് പറഞ്ഞിരുന്നു.

കേസിലെ അനുകൂല ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈ രേഖയെന്നും ഇത് നൽകാതിരിക്കാൻ അരുൾരാജിന് മേൽ എൽഡിഎഫിന്റെ ഭാഗത്തുനിന്നും സി പിഎമ്മിന്റെ ഭാഗത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും നിയമപരമായിത്തന്നെ ഇതിനെ നേരിടുമെന്നും ഡി കുമാർ വ്യക്തമാക്കി. എ.രാജ തമിഴ്പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് ഏറെ സ്വാധീനം ഉള്ള സംവരണമണ്ഡലമായ ദേവികുളം നിയോജകമണ്ഡലത്തിൽ നിന്ന് ജനവിധി തേടി നിയമസഭയിലെത്തിയ ആളാണ്.

കാലാകാലങ്ങളായി പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ദേവികുളം നിയോജകമണ്ഡലത്തിൽ മത്സരിച്ച രാജ പരിവർത്തിത ക്രിസ്ത്യൻ ആണ്. പരിവർത്തനം ചെയ്തതോടെ പട്ടികജാതിക്കാരനല്ലാതായി. ദേവികുളം സി.എസ്ഐ പള്ളിയിൽ നടന്ന രാജയുടെ വിവാഹച്ചടങ്ങുകളുടെ ഫോട്ടോ അടക്കമുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രിസ്തീയ മതവിശ്വാസിയല്ലാത്ത ഒരാളുടെ വിവാഹം പള്ളിയിൽ നടക്കാൻ സാധ്യതയില്ലെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. ഒന്ന് മുതൽ 2216 വരയുള്ള ക്രമനമ്പറിൽ ഉള്ള രജിസ്റ്ററുകൾ കാണാതായി എന്നാണ് പാസ്റ്റർ കോടതിയിൽ അറിയിച്ചിട്ടുള്ളത്.

സി.എസ്ഐ പള്ളിയിൽ 1982 മുതലുള്ള രാജയുടെ പിതാവിന്റെയും കുടുംബാഗങ്ങളുടെയും അംഗത്വ രേഖകളുടെ പകർപ്പും ആവ്യശ്യപ്പെട്ടിട്ടുണ്ട്്.2016ൽ രാജയുടെ മാതാവ് മരണപ്പെട്ട സമയത്ത് സെൽവകുമാർ എന്ന പാസ്റ്ററാണ് ക്രസ്തീയ മതാചാരപ്രകാരം ചടങ്ങുകൾ ചെയ്തിട്ടുള്ളത്.ഇതിന്റെയടക്കം രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. രാജയെ സംരക്ഷിക്കാൻ സിപിഎം -എൽ.ഡി.എഫ് നേതാക്കൾ പാസ്റ്ററെ ഭീഷണിപ്പെടുത്തി രേഖകൾ പുറത്തുവരാതിരിക്കാൻ ശ്രമിക്കുകയാണ്്.ഡി കുമാർ വിശദമാക്കി.

അതേസമയം വിഷയം കോടതിയിൽ ഇരിക്കുന്ന കേസായതിനാൽ പ്രതികരിക്കാൻ ഇല്ലെന്നാണ് എംഎൽഎ എ രാജ പറഞ്ഞത്. ഇടുക്കിയിലെ തോട്ടംമേഖല ഉൾക്കൊള്ളുന്ന ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിനായി സംവരണം ചെയ്ത മണ്ഡലമാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ ഇത്തരം മണ്ഡലങ്ങളിൽ മത്സരിക്കാൻ അവസാരമുള്ളൂ.

എന്നാൽ, ഈ നിയമം അട്ടിമറിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാണ് ദേവികുള എം എൽ എയായ അഡ്വ. എ രാജ മത്സരിച്ചതെന്ന് മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി കുമാറിന്റെ ആരോപണം. കമ്പനിയുടെ ഗുണ്ടള എസ്റ്റേറ്റിൽ താമസിക്കുന്ന രാജയും ബന്ധുക്കളും അവിടുത്തെ സിഎസ്ഐ പള്ളിയിൽ അംഗത്തമുള്ളവരാണ്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നടയാർ നോർത്ത് ഡിവിഷനിലെ സിഎസ്ഐ പള്ളിയിലും അംഗത്വമുണ്ടെന്ന് ഡി കുമാർ ആരോപിച്ചു.

മാത്രമല്ല , എംഎൽഎ എ രാജയുടെ വിവാഹം ക്രിസ്ത്യൻ ആചാരപ്രകാരം പള്ളിയിൽ വച്ചാണ് നടന്നിട്ടുള്ളത്. ജനനം മരണം അടക്കമുള്ള എല്ലാ കുടുംബകാര്യങ്ങളും ക്രസ്ത്യൻ ആചാരപ്രകാരം നടത്തുന്ന എ രാജ, പട്ടിക ജാതിയാണെന്ന വ്യാജ സത്യവാങ് മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കിയത്. ഇത്തരത്തിൽ തെരഞ്ഞടുപ്പിൽ കൃത്രിമത്വം കാണിച്ച രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ 10 ബാർ 2021 എന്ന ഫയൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായു ഡി കുമാർ ആരോപിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എ കെ മണിയെ പിൻതള്ളിയാണ് ഡി കുമാർ മത്സരരംഗത്ത് എത്തിയത്. മൂന്ന് പ്രാവശ്യം ജയിച്ച എസ് രാജേന്ദ്രന് പകരമാണ് അഡ്വ. എ രാജയെ സിപിഎം ഇത്തവണ ദേവികുളം സ്ഥാനാർത്ഥിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP