Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിംഗ സമത്വ യൂണിഫോമിൽ ലീഗിനോട് കാന്തപുരം അടുക്കുന്നു; കരുതലോടെ സി പി എമ്മും ഇടതുപക്ഷവും; കാന്തപുരത്തിന് അനുകൂലമായി ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടും ഗുണമായില്ലെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; യൂണിഫോം വിഷയം ലീഗിനൊപ്പം സമസ്തക്കും ജമാഅത്തെ ഇസ് ലാമിക്കും എസ് ഡി പി ഐക്കുമെല്ലാം നിലനിൽപ്പിന്റെ വിഷയമാകുമ്പോൾ

ലിംഗ സമത്വ യൂണിഫോമിൽ ലീഗിനോട് കാന്തപുരം അടുക്കുന്നു; കരുതലോടെ സി പി എമ്മും ഇടതുപക്ഷവും; കാന്തപുരത്തിന് അനുകൂലമായി ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടും ഗുണമായില്ലെന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി; യൂണിഫോം വിഷയം ലീഗിനൊപ്പം സമസ്തക്കും ജമാഅത്തെ ഇസ് ലാമിക്കും എസ് ഡി പി ഐക്കുമെല്ലാം നിലനിൽപ്പിന്റെ വിഷയമാകുമ്പോൾ

എം എ എ റഹ്‌മാൻ

കോഴിക്കോട്: ദീർഘകാലമായി വേദി പങ്കിടുന്നതിൽപോലും പരമാവധി അകലം പാലിച്ചുനിൽക്കുന്ന ഇ കെ വിഭാഗം സുന്നികളായ സമസ്തയും എ പി അബൂബക്കർ മുസ് ലിയാർ നേതൃത്വം നൽകുന്ന എ പി വിഭാഗവും ലിംഗ സമത്വ യൂണിഫോമിന്റെ കാര്യത്തിൽ എല്ലാ അഭിപ്രായഭിന്നതയും മാറ്റിവച്ച് മുസ് ലിം ലീഗിന്റെ കുടക്കീഴിൽ ഒന്നിച്ചുപോകാൻ തീരുമാനിച്ചെന്ന് സൂചന. ഇതിനെ ഏറെ കരുതലോടെയാണ് സി പി എം കാണുന്നത്.

മലബാറിൽ എ പി വിഭാഗം തങ്ങളോട് ചേർന്നു നിൽക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമാണെന്ന് ഇടതുപക്ഷത്തിന് അറിയാവുന്ന കാര്യമാണ്. ആ തിരിച്ചറിവ് തന്നെയായിരുന്നു സിറാജ് ലേഖകൻ കെ എം ബഷീറിന്റെ മരണത്തിൽ പങ്കാളിയാണെന്നു ആരോപിക്കപ്പെടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കി ദിവസങ്ങൾക്കകം കാന്തപുരത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പിൻവലിപ്പിക്കുന്നതിലേക്ക് എത്തിയത്.

കേരളത്തിന്റെ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷം നേടി ഭരണത്തിൽ എത്തിയിട്ടും സി പി എംപോലുള്ള സർവസന്നാഹങ്ങളുള്ളതും സംഘടനാ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതുമായ എൽ ഡി എഫിലെ വല്ല്യേട്ടന്റെ നേതൃത്വത്തിൽ കാന്തപുരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന പല കോണുകളിൽനിന്നുമുള്ള ആരോപണങ്ങൾ ഉയർന്നതിനെ പാർട്ടിയിലെ ഒരു വിഭാഗം ഏറെ ഗൗരവത്തോടയാണ് നോക്കികാണുന്നത്.

സി പി എം പോലുള്ള ഒരു പാർട്ടി ഒരിക്കലും ഒരു സമുദായ നേതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി കുറ്റവാളിയാവാൻ സാധ്യതയുണ്ടെന്ന കാരണത്താലാണെങ്കിൽ കൂടി സ്ഥാനത്തുനിന്നു മാറ്റരുതെന്നായിരുന്നുവെന്നാണ് സി പി എമ്മിലെയും എൽ ഡി എഫിലെയും ഒരു വിഭാഗത്തിന്റെ അഭിപ്രായപ്പെടുന്നത്. ഇതിൽ കാര്യമുണ്ട്. ഇതുപോലുള്ള നിർണായക ഘട്ടങ്ങളിൽ മത സംഘടനകൾക്കും അവയുടെ നേതൃത്വത്തിനും വഴങ്ങി തീരുമാനം കൈക്കൊള്ളുന്നത് ആത്മഹത്യാപരമാണ്.

ശ്രീറാം എന്ന കലക്ടർ കൊലപാതകിയാണെന്നു കേരള പൊതുസമൂഹം വിലയിരുത്തുമ്പോഴും എന്നും പിന്തിരിപ്പൻ നിലപാടുമായി യാതൊരു അനുരഞ്ജനങ്ങൾക്കും നിൽക്കാത്ത കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർക്ക് വഴങ്ങിയത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ഈ വിഭാഗം വിലയിരുത്തിയിരുന്നു. നാളെ ഇതിലും ഗൗരവകരമായ ഏതെങ്കിലും വിഷയത്തിലും സർ്്ക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇക്കൂട്ടർ തുനിയുന്നത് ജനാധിപത്യ കേരളത്തിന് ഒരിക്കലും അഭിലഷണീയമായ കാര്യമല്ലെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ മുസ് ലിംകൾക്കിടയിൽ പ്രത്യേകിച്ചും മലബാറിലെ മുസ് ലിം സംഘടനകൾക്കിടയിൽ ഇപ്പോഴത്തെ ചൂടുള്ള ചർച്ചാ വിഷയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമെല്ലാം ഒരുപോലെ ബാധകമാക്കാൻ ഒരുങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷേർട്ടുമാണ്. സംസ്ഥാനം ഉന്നവയക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ യൂണിഫോം. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഈജിപ്ത്, മൊറോക്കോ, തുർക്കി, ലബനോൺ, ജോർദാൻ, യു എ ഇ തുടങ്ങിയ നാടുകളിലെല്ലാം ബിസിനസ് എക്സിക്യൂട്ടീവുകളും കോർപറേറ്റ് കമ്പനി ജീവനക്കാരുമെല്ലാം ബഹൂഭൂരിപക്ഷവും ധരിക്കുന്ന വേഷമാണ് പാന്റ്സും ഷേർട്ടും.

ഈ നാടുകളിലെ വിദ്യാലയങ്ങളിലും ഈ വേഷം സാർവത്രികമായി അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ യുക്തിഹീനമെന്നും മതവിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിൽ കൈകടത്തലെന്നുമെല്ലാം ആരോപിച്ച് ഇപ്പോൾ എല്ലാവരും ഏക മനസ്സോടെ അണിനിരന്നിരിക്കുന്ന വിഷയമാണ് ലിംഗ സമത്വ യൂണിഫോമിനെതിരായ ആകമണങ്ങൾ. മുത്തലാഖ് വിഷയത്തിലും ശരീഅത്ത് വിവാദത്തിലുമെല്ലാം തോളോടു തോൾചേർന്നുനിന്നു പ്രവർത്തിച്ചവരാണ് ഇവിടെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരേ മതമെന്ന വികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന ആഹ്വാനവുമായി ഒന്നിക്കാൻ തുനിഞ്ഞിരിക്കുന്നത്.

സുന്നികളും മുജാഹിദുകളും മതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും രണ്ടു ധ്രുവങ്ങളിലാണെങ്കിലും ചില അവശ്യഘട്ടങ്ങളിൽ ഒന്നിച്ചുനിൽക്കാറുണ്ട്. അതുവരെ പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെല്ലാം അവധി നൽകുന്ന കാലംകൂടിയാണിത്. ഇവരുടെ അണികളെല്ലാം താത്വികമായ ചർച്ചകളിൽനിന്നും പരസ്പരമുള്ള വെറുപ്പിന്റെ മേലാപ്പിൽനിന്നുമെല്ലാം ചെറുതായി മോചിപ്പിക്കപ്പെടുന്ന ഒരു കാലം. എന്നാൽ മുസ് ലിം സംഘടനകൾ മിക്കപ്പോഴും തീവ്രവാദ സംഘടനയെന്നു മുഖമുദ്രയുള്ള ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും പോപ്പുലർ ഫ്രണ്ടിനെയുമൊന്നും അത്തരം കൂട്ടായ്മകളിൽ ഉൾക്കൊള്ളിക്കാറില്ല.

കേരളമെന്ന പൊതുസമൂഹം മുസ് ലിം സമുദായം മാത്രമല്ലെന്ന തിരിച്ചറിവിനാലാണ് എല്ലാവരാലും മാറ്റിനിർത്തപ്പെടുന്ന ഈ സംഘടനകളെ അകറ്റിനിർത്തുന്നത്. എന്നാൽ ബദ്ധവൈരികളായ ഇ കെ വിഭാഗം സുന്നികളും എ പി വിഭാഗം സുന്നികളും ഒന്നിക്കുന്നതിനൊപ്പം ഇവിടെ സംഭവിച്ചിരിക്കുന്നത് തങ്ങളുടെ ആവശ്യത്തിന് വേണ്ടത്ര ശക്തി പകരാനായി തീർത്തും വ്യത്യസ്തമായതും പലപ്പോഴും രാജ്യദ്രോഹപരമായതുമായ നിലപാടുകളുള്ള സംഘടനകളെക്കൂടി ഒപ്പം കൂട്ടിയിരിക്കുന്നൂവെന്നതാണ്. ഇതും സി പി എമ്മിന് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പ്ര്ത്യേകിച്ച അവർ ഭരണത്തിലിരിക്കുമ്പോൾ.

ലീഗാണ് എല്ലാറ്റിനും ചുക്കാൻപിടിക്കുന്നത്. തങ്ങളുടെ വോട്ട് ബാങ്ക് ചിന്നിച്ചിതറിപോകാതെ കാക്കേണ്ടത് ലീഗിന്റെ ഉത്തരവാദിത്വമാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ മുസ് ലിം ലീഗ് നേതാക്കൾ ഇടപെട്ട് എൻ ഡി എഫിന്റെയും എസ് ഡി പി ഐയുടെയും പോപുലർ ഫ്രണ്ടിന്റെയുമെല്ലാം എത്രയോ കേസുകൾ തേച്ചുമാച്ചു കളഞ്ഞതും ചരിത്രം. യു ഡി എഫിലെ രണ്ടാമത്തെ ഏറ്റവും കരുത്തനായ നേതാവായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു അന്ന് അവയെല്ലാം കഴുകിവൃത്തിയാക്കിയതെന്ന ആരോപണവും കേരളത്തിൽ ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു ലീഗിനോട് എല്ലായിപ്പോഴും അകലം പാലിക്കുകയും സി പി എമ്മുമായി ഒട്ടിനിൽക്കുകയും ചെയ്യുന്ന എ പി വിഭാഗം സുന്നികളും പങ്കെടുത്തത്. മുൻകാല ചരിത്രം പരിശോധിച്ചാൽ എപ്പോഴും ലീഗ് നേതൃത്വം നൽകുന്ന ഇത്തരം യോഗങ്ങളിൽനിന്നെല്ലാം വിട്ടുനിൽക്കാറാണ് ചെങ്കൊടിയോട് ഒട്ടിനിന്ന് അരിവാൾ സുന്നികളെന്ന പഴികേട്ടുകൊണ്ടിരിക്കുന്ന കാന്തപുരം വിഭാഗം ചെയ്യാറ്.

വഖഫ് ബോർഡ് നിയമന വിഷയത്തിലുൾപ്പെടെ കാന്തപുരം സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അനുകൂലിക്കുന്ന നിലപാടെടുത്ത കാന്തപുരം വിഭാഗം മറുകണ്ടം ചാടാൻ തുനിയുമോയെന്നാണ് ഇപ്പോൾ സി പി എം നേതൃത്വത്തിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാൽ മലബാർ മേഖലയിൽ പ്ര്ത്യേകിച്ചും മുസ് ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിൽ അതുണ്ടാക്കുന്ന പരുക്ക് ചെറുതാവില്ലെന്നും സി പി എമ്മിനും ഇടതുമുന്നണിക്കുമറിയാം. വരും നാളുകളിൽ ഇതിനെ ഏതു രീതിയിൽ പ്രതിരോധിക്കാനാവുമെന്ന ചർച്ചകൾക്കാവും മുന്നണി നേതൃത്വം സമയം കണ്ടെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP