Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് തലശേരിയിലെ ലോഡ്ജിൽ; ഒരുകിലോ സ്വർണവും റാഞ്ചി; സൂത്രധാരൻ കൊടി സുനിയും സംഘവും എന്ന് സൂചന; സ്വർണം പൊട്ടിക്കലിൽ ടിപി കേസ് പ്രതികളുടെ ഇടപെടൽ സ്ഥിരീകരിച്ച് പൊലീസ്

നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത് തലശേരിയിലെ ലോഡ്ജിൽ; ഒരുകിലോ സ്വർണവും റാഞ്ചി; സൂത്രധാരൻ കൊടി സുനിയും സംഘവും എന്ന് സൂചന; സ്വർണം പൊട്ടിക്കലിൽ ടിപി കേസ് പ്രതികളുടെ ഇടപെടൽ സ്ഥിരീകരിച്ച് പൊലീസ്

അനീഷ് കുമാർ

തലശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരെ തട്ടിക്കൊണ്ടുപോയി സ്വർണം കവരുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് ടി.പി വധക്കേസ് പ്രതിയാണെന്ന വിവരം പൊലീസിന് ലഭിച്ചു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ തൃശൂർ സ്വദേശി ഹഫ്സലിനെ തട്ടിക്കൊണ്ടുപോയ സംഘം തലശേരിയിൽ പിടിയിലായതോടെയാണ് പൊലീസിന് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മസ്‌കറ്റിൽ നിന്ന് ശനിയാഴ്‌ച്ച രാവിലെ ഇൻഡിഗോ വിമാനത്തിലെത്തിയ ഹഫ്സലിനെ തലശേരിയിലെ ലോഡ്ജിലാണ് തട്ടിക്കൊണ്ടുപോയി പാർപ്പിച്ചത്.

ലോഡ്ജിൽ നിന്നും 13 പേരെ തലശേരി പൊലീസിന്റെ സഹായത്തോടെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയിരുന്നു. കരുതൽ തടങ്കലെന്ന നിലയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസ് പിടിയിലായവരിൽ ഒരാൾ 2010-ൽ മാഹിപാലത്തിന് സമീപത്തുനിന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബിജെപി പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ പതിനാലാം പ്രതിയായ പി. പി ഫൈസലാണ്. ഈ കേസിലെ രണ്ടാംപ്രതി ടി.പി വധക്കേസിലെ പ്രധാനപ്രതിയായ കൊടിസുനിയാണ്. ജയിലിൽ കഴിയുന്ന കൊടിസുനിയാണ് സ്വർണം പൊട്ടിക്കൽ(സ്വർണം കടത്തുന്നവരെ റാഞ്ചുന്ന) സംഘത്തിനെ നിയന്ത്രിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ടി.പി വധക്കേസിലെ പ്രതികൾ സ്വർണക്കടത്ത് സംഘത്തെ റാഞ്ചുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. പരോളിലിറങ്ങുന്ന പ്രതികൾ നേരിട്ടുതന്നെ ഇത്തരം ഇടപാടുകളിൽ പങ്കാളികളാവുന്നതായി പൊലിസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയായ ഹഫ്സലിനെ ഇവർ റാഞ്ചിയത്് സ്വർണം തട്ടാനാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ഹഫ്സൽ ആദ്യം ഈക്കാര്യം നിഷേധിക്കുകയും പിന്നീട് സമ്മതിക്കുകയുമായിരുന്നു.

ഇയാളിൽ നിന്നും ഒരുകിലോയോളം സ്വർണം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഹഫ്സലിനെ തട്ടിക്കൊണ്ടുപോയതിന് കണ്ണൂർ പാനൂർ സ്വദേശികളായ അഞ്ചു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ രാഷ്ട്രീയ കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രതികളും ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലിസിന് ലഭിച്ചവിവരം.

എന്നാൽ തലശേരിയിൽ നിന്നും പിടികൂടിയ മറ്റുള്ളവരിൽ ചിലർ ഹഫ്സലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ വന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരെ വെറുതെ വിട്ടേക്കും. ഇവർക്കു വേണ്ടി ഹഫ്സൽ ഒരുക്കിയ പാർട്ടിയിൽ പങ്കെടുക്കാനാണത്രെ വിവിധസ്ഥലങ്ങളിൽ നിന്നും ഇവർ തലശേരിയിൽ ഒത്തുകൂടിയത്. ഇതിനിടെ വിമാനത്താവളത്തിൽ നിന്നും കൈമാറേണ്ട സ്വർണവുമായി ഹഫ്സൽ സ്വർണം പൊട്ടിക്കൽ സംഘത്തോടൊപ്പം തലശേരിയിലേക്ക് വന്നതാണെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ചു നെടുമ്പാശേരി പൊലിസ് നടത്തിവരുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP