Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാജ്പേയ്ക്കൊപ്പം നിന്ന് ബീഹാറിൽ താരമായി; അദ്വാനിയെ വെട്ടി മോദി എത്തിയപ്പോൾ യുദ്ധപ്രഖ്യാപനം; ബിജെപി ക്ലീൻ സ്വീപ്പിൽ രാജി; തേജ്വസിയുടെ വളർച്ചയിൽ വീണ്ടും മോദിക്കൊപ്പം; ഓപ്പറേഷൻ താമരയെ ഭയന്ന് മറുകണ്ടം ചാടൽ; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ

വാജ്പേയ്ക്കൊപ്പം നിന്ന് ബീഹാറിൽ താരമായി; അദ്വാനിയെ വെട്ടി മോദി എത്തിയപ്പോൾ യുദ്ധപ്രഖ്യാപനം; ബിജെപി ക്ലീൻ സ്വീപ്പിൽ രാജി; തേജ്വസിയുടെ വളർച്ചയിൽ വീണ്ടും മോദിക്കൊപ്പം; ഓപ്പറേഷൻ താമരയെ ഭയന്ന് മറുകണ്ടം ചാടൽ; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 പാട്ന: ഇനി ബീഹാറിലും ഓപ്പറേഷൻ ലോട്ടസിന്റെ സാധ്യത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തേടും. മഹാരാഷ്ട്രയിലെ ശിവസേനയെ പോലെ വിശ്വസിച്ച് കൂടെ നിർത്തിയ ജനതാദൾ യുണൈറ്റഡ് വഞ്ചിക്കുകയാണ് ബിജെപിയെ. മുന്നണിയിലെ വലിയ കക്ഷിയായിട്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി കാട്ടിയ രാഷ്ട്രീയ മാന്യതയ്ക്ക് വഞ്ചനയാണ് പകരം കിട്ടിയത്. ഇതിന് പ്രതികാരം ചെയ്യാൻ അമിത് ഷാ എന്ന രാഷ്ട്രീയ ചാണക്യൻ ബീഹാറിലും നിറയും. ഇതിനെ അതിജീവിക്കാൻ നിതീഷിനും കൂടെയുള്ളവർക്കും കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ നിതീഷിന് വീണ്ടും അധികാരത്തിലെത്താം. എന്നാൽ ഭാവിയിൽ അട്ടിമറിക്കാൻ അമിത് ഷാ അവസരം നോക്കി കാത്തു നിൽക്കും.

ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രധാനിയാണ് നിതീഷ് കുമാർ. ജനതാദൾ രാഷ്ട്രീയത്തിന്റെ അവശേഷിപ്പ് ഇപ്പോഴുമുള്ള ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് ബീഹാർ. ലാലു പ്രസാദ് യാദവും ശരത് യാദവും നിതീഷ് കുമാറും ചേർന്നുണ്ടാക്കിയ മുന്നണി. പക്ഷേ തൊണ്ണൂറുകളുടെ അവസാനം ഈ സമവാക്യങ്ങൾ മാറിമറിഞ്ഞു.

ജോർജ് ഫെർണാണ്ടസ് എന്ന സോഷ്യലിസ്റ്റ് വിപ്ലവകാരിക്കൊപ്പം നിതീഷ് കുമാറും ശരത് യാദവുമെല്ലാം ബിജെപി ക്യാമ്പിലെത്തി. വാജ്പേയ് എന്ന നേതാവിന്റെ പൊതു സ്വീകാര്യതയായിരുന്നു ഇതിന് പ്രേരക ഘടകം. പിന്നീട് ബീഹാർ എന്ന തട്ടകത്തിലേക്ക് ഡൽഹിയിൽ നിന്നും നിതീഷ് മാറി. 2000ൽ ആദ്യം മുഖ്യമന്ത്രി. പിന്നീട് 2005 വീണ്ടും അധികാര കസേരയിൽ. അതിന് ശേഷം ബിഹാറിലെ ഭരണം നിതീഷിന് മാത്രം അവകാശപ്പെട്ടതായി.

ചെറിയൊരു കാലയളവിൽ നിതീഷ് മാറി നിന്നതൊഴിച്ചാൽ ബാക്കി എല്ലാ സമയവും മുഖ്യമന്ത്രി. അധികാരം ഉറപ്പിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും നിതീഷ് കുമാർ ചാടി. മോദി തള്ളി പറഞ്ഞ നിതീഷ് അധികാര കസേരയ്ക്ക് വേണ്ടി അതേ ക്യാമ്പിൽ പിന്നീട് വീണ്ടുമെത്തി. ഇപ്പോൾ മുമ്പുണ്ടായിരുന്ന കരുത്ത് നിതീഷിന്റെ ജെഡിയുവിന് ബീഹാറിൽ ഉണ്ടോ എന്ന് ആർക്കും അറിയില്ല. സംസ്ഥാനത്തെ മൂന്നാമത്തെ പാർട്ടിയാണ് നിയമസഭയിലെ അംഗബലത്തിൽ നീതീഷിന്റേത്. ലാലുവിന്റെ മകൻ തേജസ്വി യാദവ് നയിക്കുന്ന ആർജെഡിക്കും ബിജെപിക്കും പിന്നിലെ പാർട്ടി. എന്നിട്ടും മുഖ്യമന്ത്രി കസേരയിൽ തുടരാൻ നിതീഷിന് കഴിയുന്നുവെന്നതാണ് പ്രത്യേകത.

മഹാരാഷ്ട്രയിൽ എൻഡിഎയ്ക്കൊപ്പം നിന്ന് ശിവസേന ജയിച്ചു. അധികാരം ഉറപ്പിച്ചപ്പോൾ കൂറുമാറി. കോൺഗ്രസിനും എൻസിപിക്കും ഒപ്പം ചേർന്ന് കാലുവാരി. അങ്ങനെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി. ശിവസേനയെ ഒന്നാകെ എൻഡിഎയിലേക്ക് കൊണ്ടു വന്നാണ് ബിജെപി പ്രതികാരം വീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി അമിത് ഷാ നടത്തിയ ഓപ്പറേഷൻ. ശിവസേനാ വിമതൻ ഏകനാഥ് ഷിൻഡേയെ കൂടെ നിർത്തി അട്ടിമറിച്ചു. ഷിൻഡേയെ മുഖ്യമന്ത്രിയുമാക്കി. സമാന നീക്കം ബീഹാറിലും ബിജെപി നടത്തിയെന്നാണ് നിതീഷിന്റെ ആരോപണം.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറയെ അട്ടിമറിച്ചതിന് സമാനമായ ഒരും നീക്കം ബിജെപി. ബിഹാറിലും നടത്താൻ ശ്രമിച്ചെന്നും അത് തങ്ങൾ മുളയിലെ നുള്ളി കളഞ്ഞെന്നുമാണ് ജെ.ഡി.യു. നേതാക്കൾ ഉയർത്തുന്ന പ്രധാന ആരോപണം. അടുത്തിടെ പാർട്ടി വിട്ട നിതീഷിന്റെ മുൻ വിശ്വസ്തനും കേന്ദ്രമന്ത്രി കൂടിയായിരുന്ന ആർ.സി.പി. സിങിനെ മുൻനിർത്തിയാണ് ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിച്ചതെന്നാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാനെ മുൻനിർത്തി തങ്ങളുടെ സീറ്റുകൾ വെട്ടികുറയ്ക്കാൻ ബിജെപി. ഗൂഢനീക്കം നടത്തിയെന്നും ജെ.ഡി.യു. ആരോപിക്കുന്നു.

ഈ രണ്ട് നീക്കങ്ങളിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈകളുണ്ടെന്നാണ് നിതീഷ് ഉറച്ച് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നിതീഷുമായി അടുപ്പം പുലർത്തുന്നവരെ മന്ത്രിസഭയിൽനിന്ന് മാറ്റി നിർത്തുകയും ചില അപ്രതീക്ഷിത മുഖങ്ങളെ കൊണ്ടുവരികയും ചെയ്തതിന് പിന്നിലും ഗൂഢാലോചനകളുണ്ടെന്നാണ് ജെ.ഡി.യു. പറയുന്നത്. ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ അടക്കം മാറ്റിയതും ഇതിന്റെ ഭാഗമാണ്.

2000ൽ ആണ് നിതീഷ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാവുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവച്ചൊഴിഞ്ഞു. പിന്നീട് 2005-ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി. നയിച്ച എൻ.ഡി.എ. സഖ്യം ബീഹാറിൽ അധികാരത്തിൽ എത്തിയതോടെയാണ് നിതീഷിന് 5 വർഷം കാലാവധി തികച്ച് ഭരിക്കാനായത്. ജംഗിൾരാജിന്റെ പിടിയിൽ നിന്നും ബീഹാറിനെ പൂർണമായും മോചിപ്പിച്ചതോടെ 2010-ൽ എൻ.ഡി.എ.സഖ്യം വീണ്ടും ബീഹാറിൽ ജയിച്ചു. നിതീഷ് കുമാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി. വാജ്‌പേയുമായും എൽകെ അദ്വാനിയുമായി അടുത്ത ബന്ധമാണ് നിതീഷിനുണ്ടായിരുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ 2013-ൽ എൻ.ഡി.എ. സഖ്യം വിട്ട് യു.പി.എയിൽ ചേർന്നു. ആർജെഡിയും കോൺഗ്രസും കൂട്ടുകാരായി. എന്നാൽ കാത്തിരുന്നത് വലിയ തിരിച്ചടിയാണ്. മോദി പ്രഭാവത്തിൽ യുപിയിൽ ബിജെപി തൂത്തുവാരൽ നടത്തി. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് രാജിവച്ചു. ജിതിൻ റാം മാഞ്ചി മുഖ്യമന്ത്രിയായി. അപ്പോഴും ഭരണത്തിന്റെ നിയന്ത്രണം നിതീഷിന് തന്നെയായിരുന്നു. സോഷ്യലിസത്തിന്റെ മുഖം സർക്കാരിന് കൊടുക്കാനും ശ്രമിച്ചു.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്റെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം 2015-ൽ രാജിവെച്ചെങ്കിലും 2015-ൽ പാർട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിൽ തന്നെ വിശ്വാസമർപ്പിച്ചതിനെ തുടർന്ന് നാലാം തവണയും മുഖ്യമന്ത്രിയായി. 2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു. 2017-ൽ മഹാഗഡ്ബന്ധൻ പിളർന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു.

ലാലുവിന്റെ മകൻ തേജ്വസി യാദവ് ഈ സമയം നേതാവായി മാറിയിരുന്നു. അതുകൊണ്ട് തന്നെ തേജ്വസിയെ മുഖ്യമന്ത്രിയാക്കാനുള്ള ജെഡിയു നീക്കം മനസ്സിലാക്കിയായിരുന്നു ഈ മാറ്റം. 2017-ൽ ബിജെപിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു. 2020-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി. അങ്ങനെ ഏഴാമത്തെ തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സ്ഥാനമേറ്റു. എന്നാൽ ബിജെപിക്കുള്ളിൽ ബിഹാർ പിടിക്കാനുള്ള മോഹം ശക്തമാണെന്ന് നിതീഷിന് അറിയാം. ഇത് മനസ്സിലാക്കിയാണ് കസേര ഉറപ്പിക്കാനുള്ള നിതീഷിന്റെ ചാട്ടം.

243 ബിഹാർ നിയമസഭയിലേക്ക് 2020-ൽ നടന്ന തിരഞ്ഞെടുപ്പിൽ 75 സീറ്റുകൾ നേടി ആർ.ജെ.ഡി. ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകൾ നേടി ബിജെപി. രണ്ടാമതെത്തി. 43 സീറ്റുകൾ ജെ.ഡി.യുവിനും ലഭിച്ചു. ജെ.ഡി.യു.-ബിജെപി. സഖ്യം അധികാരത്തിലേറി. ഇതിനിടെ എൻ.ഡി.എ. സഖ്യകക്ഷിയായ വികാസ്ഷീൽ ഇഹ്‌സാൻ പാർട്ടിയെ പിളർത്തി അവരുടെ നാലിൽ മൂന്ന് എംഎ‍ൽഎമാരേയും ബിജെപിയിൽ ചേർത്തു. ഇതോടെ 77 സീറ്റുകളോടെ ബിജെപി. ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കൃത്യമായ അജണ്ടകളോടെയായിരുന്നു ബിജെപി. ഈ നീക്കം നടത്തിയതെന്നാണ് ജെ.ഡി.യു. ഇപ്പോൾ ആരോപിക്കുന്നത്.

തൊട്ടുപിന്നാലെ ഒവൈസിയുടെ പാർട്ടിയുടെ നാല് എംഎ‍ൽഎമാരെ അടർത്തികൊണ്ട് ആർ.ജെ.ഡി. ഈ സ്ഥാനം തിരിച്ചുപിടിക്കുന്ന കാഴ്ചയും കണ്ടു. ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആർ.ജെ.ഡിക്ക് നിലവിൽ 80 സീറ്റുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP