Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാരിസിലും മിലാനിലും റാംപ് വാക്ക്; പാരിസ് ഫാഷൻ വീക്കിലെ ആദ്യ ഷോയിൽ പങ്കെടുത്തത് ലൂയി വിറ്റോണിന് വേണ്ടി; സാക്ഷിയാകാൻ 14 ഗ്രാമി അവാർഡുകൾ നേടിയ കെൻഡ്രിക് ലമാറും; 21 വയസ്സിനിടെ മോഡലിങ്ങിൽ ആരും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കി മലയാളിയായ അമിത് ഈപ്പൻ എബ്രഹാം

പാരിസിലും മിലാനിലും റാംപ് വാക്ക്; പാരിസ് ഫാഷൻ വീക്കിലെ ആദ്യ ഷോയിൽ പങ്കെടുത്തത് ലൂയി വിറ്റോണിന് വേണ്ടി; സാക്ഷിയാകാൻ 14 ഗ്രാമി അവാർഡുകൾ നേടിയ കെൻഡ്രിക് ലമാറും; 21 വയസ്സിനിടെ മോഡലിങ്ങിൽ ആരും കൊതിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കി മലയാളിയായ അമിത് ഈപ്പൻ എബ്രഹാം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഇരുപത്തിയൊന്ന് വയസിനുള്ളിൽ മോഡലിങ്ങ് ലോകത്ത് തന്റേതായ ഇടംകണ്ടെത്തുക, അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾക്കായി പാരിസിലും മിലാനിലും റാംപ് വാക്ക് നടത്തി ശ്രദ്ധേനാകുക, ഫാഷൻ ലോകത്ത് ആരും കൊതിക്കുന്ന സ്വപ്‌ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മലയാളിയായ അമിത് ഈപ്പൻ എബ്രഹാം. കോട്ടയം പാലായ്ക്കടുത്ത് മരങ്ങാട്ടുപ്പിള്ളിയിൽ ജനിച്ച് കോഴിക്കോടും കൊച്ചിയിലുമായി പഠിച്ചു വളർന്ന അമിത് ഭാഗ്യത്തിന്റെ കൈപിടിച്ച് മോഡലിങ് ലോകത്തിന്റെ മുൻനിരയിലേക്ക് നടന്നുകയറുകയായിരുന്നു.

രാജ്യാന്തര മോഡലാവുക എന്നത് അമിതിന്റെ ഏറ്റവും വിദൂരമായ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നാലിപ്പോൾ ആ സ്വപ്നത്തിലാണ് ഈ 21കാരൻ ജീവിക്കുന്നത്. ഇതിലും നല്ലൊരു ജോലിയെക്കുറിച്ച് ഇനി ചിന്തിക്കാൻ പോലുമാവില്ല. തന്റെ സ്വപ്ന ജീവിതം പരമാവധി ആസ്വദിക്കുകയാണ് അമിത്. ബെർജർ പെയിന്റ്സ് ഡി.ജി.എം സെജു കെ.ഈപ്പന്റെയും മാധ്യമ പ്രവർത്തക വിൻസി സെജുവിന്റെയും മകനാണ് അമിത് ഈപ്പൻ എബ്രഹാം. രോഹിത് ജോസ് എബ്രഹാം, ഋതിക് ടോം എബ്രഹാം എന്നിവർ സഹോദരങ്ങളാണ്.

'ബിഗ് ഫോർ' എന്നറിയപ്പെടുന്ന ലോകത്തെ പ്രധാന നാല് ഫാഷൻ ഷോകളിൽ ഏതിലെങ്കിലും പങ്കെടുക്കുകയെന്നത് ലോകത്തെ ഏതൊരു മോഡലിന്റേയും സ്വപ്നമാണ്. ഇതിൽ പാരിസിലും മിലാനിലും റാംപ് വാക്ക് നടത്തിയാണ് മലയാളിയായ അമിത് ഈപ്പൻ എബ്രഹാം ശ്രദ്ധേയയാകുന്നത്. സാധാരണ ഒരു വിദ്യാർത്ഥിയിൽ നിന്നും അന്താരാഷ്ട്ര മോഡലിലേക്കുള്ള തന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്ന് അമിത് പറയുന്നു.

മുംബൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ആക്‌സസറി ഡിസൈൻ വിദ്യാർത്ഥിയാണ് അമിത്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾ അയച്ച ഒരു മെസേജാണ് വഴിത്തിരിവായത്. അനിമ ക്രിയേറ്റീവ്സ് എന്ന മോഡലിങ് ഏജൻസിയുടെ മോഡലുകളെ തെരഞ്ഞുകൊണ്ടുള്ള ഒരു പരസ്യമായിരുന്നു അത്. വെറുതെ കൊടുത്തു നോക്കാം എന്നു കരുതി അപേക്ഷിക്കുകയും ചെയ്തു. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഇന്ത്യയിലെ തന്നെ മുൻനിര മോഡൽ ഏജൻസിയാണ് അനിമ ക്രിയേറ്റീവ്സ് എന്ന് അമിത് അറിയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ അനിമ ക്രിയേറ്റീവ്സിനൊപ്പം മോഡലിങ് ചെയ്യുന്നുണ്ട് അമിത്. തുടക്കത്തിൽ ഇന്ത്യയ്ക്കകത്തു തന്നെയായിരുന്നു മോഡലിങ്. അമിതിന് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത് കമ്പനികളുമായി കരാർ ഒപ്പുവെപ്പിക്കുന്ന മദർ ഏജൻസിയാണ് ഇപ്പോൾ അനിമ ക്രിയേറ്റീവ്സ്.

മോഡലിങ്ങിലെ വലിയ ഞെട്ടൽ അമിതിന് നൽകിയതും അനിമ തന്നെയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ അമിത് ക്ലാസിൽ ഇരിക്കുമ്പോഴാണ് ഒരു വിഡിയോ കോൾ വരുന്നത്. മറു തലയ്ക്കൽ അനിമ ക്രിയേറ്റീവ്സിന്റെ സ്ഥാപകരായ മാർക് ലൂബ്രിക്കും ഗുനിത സ്റ്റോബുമായിരുന്നു. അവരാണ് ഏജൻസിയുടെ ഇന്റർനാഷനൽ പ്ലേസ്മെന്റ്സ് കൈകാര്യം ചെയ്യുന്നത്. 

ലണ്ടനിൽ ഒരു മീറ്റിങ്ങിനുശേഷം പുറത്തുവരികയാണ്. ഐ.എം.ജി. ലണ്ടൻ, മിലാൻ, പാരിസിലേക്ക് തന്നെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞു. അത് ശരിക്കും സ്വപ്നത്തിൽ നിന്നും ജീവിതത്തിലേക്കുള്ള ഒരു കോളായിരുന്നു. ലോകത്തെവിടെയുമുള്ള മോഡലുകളുടേയും ഒരു സ്വപ്ന ഏജൻസിയാണ് ഐ.എം.ജി. അവരുമായി കരാറിലെത്തിയെന്നത് വിശ്വസിക്കാൻ പോലും അമിതിന് സമയമെടുത്തു.

കരാറൊപ്പിട്ടത് വേറേതെങ്കിലും ഐ.എം.ജിയാവുമെന്ന് പോലും കരുതി. ഇന്ത്യയിൽ മോഡലിങ് തുടങ്ങി ആറ് മാസത്തിനുള്ളിൽ ഇത്ര വലിയ മോഡലിങ് ഏജൻസിയുമായി കരാർ ഒപ്പുവെക്കുകയെന്നത് അമിതിന്റെ സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. അനിമ വഴി ഐ.എം.ജിയുമായി കരാർ ഒപ്പുവെച്ചവരിൽ അമിതിന് പുറമേ മറ്റൊരു ഒരു ഇന്ത്യക്കാരൻ മാത്രമേയുള്ളൂ. ജർമനിയിൽ കൾട്ട് എന്ന ഏജൻസിയുമായും സ്പെയിനിൽ ട്രെൻഡ്സ് എന്ന ഏജൻസിയുമായും അമിത് കരാറിലെത്തിയിട്ടുണ്ട്.

ഏപ്രിലിൽ ഐ.എം.ജിയുമായി കരാർ ഒപ്പുവെക്കുകയും ജൂൺ നാലിന് പാരിസിലേക്ക് പറക്കുകയുമായിരുന്നു. പാരിസ് ഫാഷൻ വീക്കായിരുന്നു അന്താരാഷ്ട്ര തലത്തിലെ ആദ്യ ഷോ. ആദ്യ ഷോയിൽ അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന് വേണ്ടിയാണ് അമിത് ഇറങ്ങിയത്. നേരത്തെ ഒരൊറ്റ ഇന്ത്യൻ മോഡൽ മാത്രമാണ് ലൂയി വിറ്റോണിന് വേണ്ടി റാംപിലെത്തിയിട്ടുള്ളത്. അതുകൊണ്ടു ലൂയി വിറ്റോണിനുവേണ്ടി ഷോ ചെയ്യുന്നത് അഭിമാന നിമിഷമായിരുന്നു.

മോഡലുകളേയും തങ്ങളുടെ ഉത്പന്നങ്ങൾ അണിഞ്ഞ ശേഷമുള്ള റാംപ് വോക്കുമെല്ലാം നടത്തിയ ശേഷമാണ് ബ്രാൻഡുകൾ തിരഞ്ഞെടുപ്പ് നടത്തുക. അതുകൊണ്ടുതന്നെ ഫാഷൻ വീക്കിൽ പങ്കെടുക്കുകയെന്നതിന് പിന്നിൽ മോഡലുകൾക്കിടയിൽ മത്സരവുമുണ്ട്. 

ലൂയി വിറ്റോണിന്റെ ഒഡിഷന് പാരിസിൽ വന്നപ്പോൾ അന്താരാഷ്ട്ര മോഡലുകളുടെ നീണ്ട വരിയാണ് അമിത് കണ്ടത്. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 72 പേരിൽ ഒരാളായാണ് അമിത് പാരിസ് ഫാഷൻ വീക്കിൽ പങ്കെടുത്തത്.

അമേരിക്കൻ റാപ്പർ കെൻഡ്രിക് ലമാറിന്റെ പാട്ടാണ് അമിതിന്റെ പാരിസിലെ റാംപ് വാക്കിന് അകമ്പടിയായത്. പിന്നീടാണ് 14 ഗ്രാമി അവാർഡുകൾ നേടിയിട്ടുള്ള കെൻഡ്രിക് ലമാർ ലൈവായി ഷോയിൽ പെർഫോം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത്. കെൻഡ്രിക് ലമാറും ഷോക്ക് മുന്നോടിയായുള്ള റിഹേഴ്സലിന് എത്തിയിരുന്നു. റാംപ് വാക്കിന്റെ ഇരുവശത്തും ഷോ കാണാനിരുന്നവരുടെ കൂട്ടത്തിലിരുന്നായിരുന്നു അമേരിക്കൻ റാപ്പർ പാട്ടു പാടിയത്. അദ്ദേഹത്തിന്റെ തൊട്ടടുത്താണ് സൂപ്പർമോഡൽ നവോമി കാംപൽ ഇരുന്നിരുന്നത്. ഇവരുടെ മുന്നിലൂടെയാണ് ലൂയി വിറ്റോണിനുവേണ്ടി അമിത് റാംപിലെത്തിയത്.

മിലാനും പാരിസിനും പുറമേ ജർമ്മനിയിലേക്കും അമിത് മോഡലിങ്ങിനായി പോയിരുന്നു. വരുന്ന സെപ്റ്റംബറിൽ വുമൺസ് പാരിസ് ഫാഷൻ വീക്കുണ്ട്. പ്രാധാന്യം സ്ത്രീകൾക്കാണെങ്കിലും കുറച്ച് പുരുഷന്മാർക്കും അവസരം കിട്ടും. പിന്നെ അടുത്ത സീസണിൽ ലണ്ടൻ, മിലാൻ, പാരിസ് ഫാഷൻ വീക്കുകളിൽ പങ്കെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തവണ ഇംഗ്ലണ്ടിലേക്കുള്ള വിസ ലഭിക്കാൻ വൈകിയതിനാലാണ് ലണ്ടൻ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP