Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റനിൽ ഇന്ത്യൻ ആധിപത്യം; സ്വർണമണിഞ്ഞ് പി വി സിന്ധുവും ലക്ഷ്യ സെന്നും; മലേഷ്യൻ താരം സെ യോങ്ങിനെ ലക്ഷ്യ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക്; വനിതാ ഡബിൾസിൽ ട്രീസ -ഗായത്രി സഖ്യത്തിനും സിംഗിൾസിൽ കെ ശ്രീകാന്തിനും വെങ്കലം

കോമൺവെൽത്ത് ഗെയിംസ്: ബാഡ്മിന്റനിൽ ഇന്ത്യൻ ആധിപത്യം; സ്വർണമണിഞ്ഞ് പി വി സിന്ധുവും ലക്ഷ്യ സെന്നും; മലേഷ്യൻ താരം സെ യോങ്ങിനെ ലക്ഷ്യ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക്; വനിതാ ഡബിൾസിൽ ട്രീസ -ഗായത്രി സഖ്യത്തിനും സിംഗിൾസിൽ കെ ശ്രീകാന്തിനും വെങ്കലം

സ്പോർട്സ് ഡെസ്ക്

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റനിൽ ഇന്ത്യൻ ആധിപത്യം. പുരുഷ സിംഗിൾസിലും വനിതാ സിംഗിൾസിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. പി.വി. സിന്ധുവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി സ്വർണമണിഞ്ഞത്.

പുരുഷ വിഭാഗം ബാഡ്മിന്റൻ ഫൈനലിൽ മലേഷ്യയുടെ സെ യോങ് എൻഗിയെ തകർത്താണ് ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ ഒന്നാമതെത്തിയത്. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും വർധിത വീര്യത്തോടെ തിരിച്ചടിച്ച ലക്ഷ്യ സെൻ പിന്നീടുള്ള രണ്ട് ഗെയിമുകളും സ്വന്തമാക്കിയാണ് ബർമിങ്ങാമിൽ ഇന്ത്യയുടെ 20ാം സ്വർണ മെഡൽ ഉറപ്പിച്ചത്. സ്‌കോർ: 19-21, 21-9, 21-16

ആദ്യ ഗെയിമിൽ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം നിന്നു. സ്‌കോർ 19-19 ൽ നിൽക്കേ പിഴവുകൾ വരുത്തിയ ലക്ഷ്യ സെൻ ഗെയിം കൈവിട്ടു. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന താരം മലേഷ്യൻ താരത്തെ നിലംതൊടാനനുവദിച്ചില്ല. ഗെയിം അനായാസം ലക്ഷ്യ സെൻ സ്വന്തമാക്കി. മൂന്നാം ഗെയിമിൽ തുടക്കം തൊട്ട് ലക്ഷ്യ സെൻ ലീഡ് നേടി. ആ ലീഡ് ഗെയിം അവസാനിക്കുന്നതുവരെ താരം നിലനിർത്തി. ഇതോടെ സ്വർണമെഡൽ ഇന്ത്യ സ്വന്തമാക്കി. ഇതോടെ ബാഡ്മിന്റണിൽ വനിതാ സിംഗിൾസിന് പിന്നാലെ പുരുഷ സിംഗിൾസിലും ഇന്ത്യ വിജയം നേടി. വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു സ്വർണംനേടിയിരുന്നു.

വനിതാ സിംഗിൾസ് ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെയാണു സിന്ധു തോൽപിച്ചത്. സ്‌കോർ 21 - 15, 21 - 13. ആദ്യ ഗെയിം 21 - 15 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11 - 8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12- 7 എന്ന നിലയിൽനിന്ന് 13- 10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവർത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ സിന്ധുവിന്റെ ആദ്യ സ്വർണമാണിത്. 2014 ൽ വെള്ളിയും 2018 ൽ വെങ്കലവും താരം സ്വന്തമാക്കിയിട്ടുണ്ട്. ലോകചാംപ്യൻഷിപ്പിൽ അഞ്ചു തവണയും (1 സ്വർണം, 2 വെള്ളി, 2 വെങ്കലം) ഒളിംപിക്‌സിൽ രണ്ടു വട്ടവും സിന്ധു മെഡലുകൾ (വെള്ളി, വെങ്കലം) നേടി.

ലക്ഷ്യ സെന്നിന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡലാണിത്. 2021 ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി ഏവരെയും അത്ഭുതപ്പെടുത്തിയ താരം യൂത്ത് ഒളിമ്പിക്സിൽ വെള്ളിയും നേടിയിട്ടുണ്ട്. 2022 കോമൺവെൽത്ത് ഗെയിംസിലെ ലക്ഷ്യയുടെ രണ്ടാം മെഡലാണിത്. നേരത്തേ ബാഡ്മിന്റൺ മിക്സഡ് ടീം ഇനത്തിൽ താരം വെള്ളി മെഡൽ നേടിയിരുന്നു.

കൂടാതെ ബാഡ്മിന്റൺ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി ഉൾപ്പെട്ട ടീം വെങ്കലം നേടിയിരുന്നു. ട്രീസ ജോളി-ഗായത്രി സഖ്യം ഓസ്‌ട്രേലിയൻ ജോഡിയയാണ് തോൽപ്പിച്ചത്. സ്‌കോർ 21-15 21-18. ട്രീസ ജോളിയുടെ രണ്ടാം മെഡലാണിത്. നേരത്തെ ട്രീസ ഉൾപ്പെട്ട മിക്‌സ്ഡ് ടീം വെള്ളി നേടിയിരുന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ ശ്രീകാന്ത് വെങ്കലം നേടിയതും ബാഡ്മിന്റൺ കോർട്ടിൽ നിന്നുള്ള സന്തോഷ വാർത്തയാണ്. സിംഗപ്പൂർ താരത്തെ തോൽപ്പിച്ച് ശ്രീകാന്തിന്റെ വെങ്കലനേട്ടം. സ്‌കോർ 21-15,21-18.

പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരും സ്വർണ മെഡലിനായി ഇറങ്ങുന്നു. പുരുഷ ഹോക്കി ടീമിന് ഫൈനലിൽ ഓസ്‌ട്രേലിയയാണ് എതിരാളികൾ. ടേബിൾ ടെന്നിസ് പുരുഷ സിംഗിൾസിൽ അചന്ദ ശരത് കമലും ഫൈനൽ കളിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP