Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലബാറിലെ കനകമാഫിയ ആളെ കൊല്ലുമ്പോൾ സ്വർണം പൊട്ടിക്കൽ സംഘവും വാർത്തകളിൽ; പൊട്ടിക്കലിലെ മുഖ്യകണ്ണി അർജുൻ ആയങ്കി; ജയിലിൽ കഴിയുന്ന കൊടി സുനിക്കും ഷാഫിക്കും പങ്കെന്ന് കസ്റ്റംസ്; ആയങ്കിയുടെ പങ്ക് അക്കമിട്ട് നിരത്തിയത് കസ്റ്റംസ് പ്രതികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ

മലബാറിലെ കനകമാഫിയ ആളെ കൊല്ലുമ്പോൾ സ്വർണം പൊട്ടിക്കൽ സംഘവും വാർത്തകളിൽ; പൊട്ടിക്കലിലെ മുഖ്യകണ്ണി അർജുൻ ആയങ്കി; ജയിലിൽ കഴിയുന്ന കൊടി സുനിക്കും ഷാഫിക്കും പങ്കെന്ന് കസ്റ്റംസ്; ആയങ്കിയുടെ പങ്ക് അക്കമിട്ട് നിരത്തിയത് കസ്റ്റംസ് പ്രതികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസ്. സ്വർണം പിന്തുർന്നു പോയപ്പോൾ ഉണ്ടായ വാഹനാപകടത്തിൽ യുവാക്കൾ കൊല്ലപ്പെട്ടത് അടക്കം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ കേസിലെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കടത്ത് സ്വർണം കവർന്ന ക്രിമിനൽ സംഘത്തിലെ പ്രധാന കണ്ണി അർജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി, കേസന്വേഷിക്കുന്ന കസ്റ്റംസ് സംഘം പ്രതികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിലാണ് അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നത്.

സ്വർണം പൊട്ടിക്കൽ എന്ന കോഡ് വാക്കിൽ വിശേഷിപ്പിക്കുന്ന ഈ കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രമാണ് നടക്കുന്നത്. സ്വർണം കടത്താൻ വന്ന മറ്റൊരു സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നപ്പോഴാണ് രാമനാട്ടുകരയിൽ അപകടമുണ്ടായത്. ഈ പൊട്ടിക്കൽ സംഘത്തിന്റെ നിർണായക കണ്ണി അർജുൻ ആയങ്കിയാണ്. സംഭവത്തിന് പിന്നിലെ മുഴുവൻ തെളിവുകളും അടങ്ങിയ ഐ ഫോൺ അർജുൻ ആയങ്കി നശിപ്പിച്ചതായും 75 പേജുള്ള കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.

സ്വർണക്കടത്തിൽ കൊടിസുനിക്കും സഹായി ഷാഫിക്കും ആകാശ് തില്ലങ്കേരിക്കും പങ്കുണ്ട്. സ്വർണം കവർന്നാൽ ഷാഫി നേരിട്ടുവിളിച്ച് ഉടമയെ ഭീഷണിപ്പെടുത്തും. ഷാഫിയും കൊടിസുനിയും സുരക്ഷ നോക്കുമെന്ന് കേസിലെ പ്രതിയായ ഷഫീഖ് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സുരക്ഷയ്ക്ക് പുറത്ത് വേറേയും ആൾക്കാർ ഉണ്ടാകുമെന്നും സ്വർണം കവരാൻ അർജുൻ ആയങ്കി അഞ്ച് ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തതെന്നും ഷഫീഖിന്റെ മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളും നോട്ടീസിൽ പറയുന്നുണ്ട്.

അതേസമയം കാപ്പയുടെ കുരുക്കഴിച്ച അർജുൻ ആയങ്കിക്ക് വലിയ തിരിച്ചടിയാണ് കസ്റ്റംസിന്റെ ഇപ്പോഴത്തെ നീക്കം. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ കണ്ണൂർ ജില്ലാ പൊലിസ് ചുമത്തിയ കാപ്പ റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് തിരിച്ചടിയായിരുന്നു. കാപ്പ അഡൈ്വസറി ബോർഡിന്റെതാണ് നടപടി. തനിക്കെതിരെ കാപ്പ ചുമത്തിയതിനെതിരെ അർജുൻ ആയങ്കി നൽകിയ അപ്പീൽ ഹരജിയിലാണ് നടപടി.

സാധാരണ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെയാണ് കാപ്പ ചുമത്താറുള്ളതെങ്കിലും രാഷ്ട്രീയ ഇടപെടൽ കാരണം അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുകയായിരുന്നു. 2017-ന് ശേഷം സ്വർണക്കടത്ത് കേസല്ലാതെ മറ്റു കേസുകൾതനിക്കെതിരെയില്ലെന്ന് അർജുൻ ആയങ്കി തന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത്കേസിൽ പൊലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അർജുൻ ആയങ്കി ജയിൽമോചിതനാണ്.

ഇതിനിടെയാണ് ഡി.വൈ. എഫ്. ഐ നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയിയൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന്ആരോപിച്ചു അന്നത്തെ ജില്ലാസെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. ഡി.വൈ. എഫ്. ഐ ജില്ലാപ്രസിഡന്റ് മനുതോമസിനെ പൊതുസമൂഹത്തിൽ അപമാനിക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിലൂടെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു പരാതി. ഇതേ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആയങ്കിക്കെതിരെ കേസെടുത്തിരുന്നു.

പാർട്ടിക്ക് നിരന്തരമായ തലവേദനയായതിനെ തുടർന്നാണ് സി.പി. എം ഭരിക്കുന്ന ആഭ്യന്തരവകുപ്പ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം നടത്തിയത്. ഇതേ തുടർന്നാണ് സ്വർണക്കടത്ത് കേസിൽ മാത്രം പ്രതിയായ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി നാടുകടത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇതു പിൻവലിക്കേണ്ടി വന്നത് ആഭ്യന്തരവകുപ്പിനും പൊലിസിനും തിരിച്ചടിയായിരിക്കുകയാണ്.

ജില്ലാകലക്ടർ അധ്യക്ഷനായ അഡൈ്വസറി ബോർഡാണ് കാപ്പ ചുമത്തുന്നതിൽ തീരുമാനമെടുക്കുന്നത്. കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായപത്തിലേറെപ്പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടുണ്ട്. ഇതിൽ ആർ. എസ്. എസ്- എസ്.ഡി.പി. ഐ പ്രവർത്തകരുമുണ്ട്. സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി.ജയരാജനെ അനുകൂലിച്ചു കൊണ്ടു സോഷ്യൽമീഡിയയിൽ ആശയപ്രചരണം നടത്തിയവരിൽ പ്രമുഖരാണ് അർജുൻ ആയങ്കിയും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും.പി.ജെ. ആർമിക്ക് നേതൃത്വംനൽകിയവരിൽ പ്രമുഖരായിരന്നു. ഇവർ. ഇവരെ പാർട്ടിയും പി.ജയരാജനും പിന്നീട് തള്ളിപ്പറഞ്ഞിരുന്നുവെങ്കിലും സോഷ്യൽമീഡിയിൽ ഇവരുടെ ഫോളോവേഴ്സ് കൂടുതൽ ഇടതുപക്ഷ അനുകൂലികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP