Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇർഷാദ് കൊലപാതകത്തിലെ ഒന്നാം പ്രതി 916 നാസർ എന്ന സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു; അന്വേഷണം തുടങ്ങിയതോടെ സ്വാലിഹ് കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടന്നു; പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചു; സിബിഐ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസിന്റെ നീക്കം

ഇർഷാദ് കൊലപാതകത്തിലെ ഒന്നാം പ്രതി 916 നാസർ എന്ന സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു; അന്വേഷണം തുടങ്ങിയതോടെ സ്വാലിഹ് കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടന്നു; പ്രതികളുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ചു; സിബിഐ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസിന്റെ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഇർഷാദിന്റെ കൊലപാതകത്തെ കുറിച്ച് വ്യക്തമായ അറിവുള്ള സ്വാലിഹ് സ്വർണ്ണക്കടത്തിലെ വമ്പൻ കണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. താമരശ്ശേരി കൈതപ്പൊയിൽ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി വിമാനത്താവളം വഴിയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. വിദേശത്തുള്ള സ്വാലിഹിനെ നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി മുഹമ്മദ് സ്വാലിഹ്, സഹോദരൻ ഷംനാദ് എന്നീ പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്‌പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സിബിഐ മുഖേനയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ മാസം 19ന് ആണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്നും പൊലീസ് കണ്ടെത്തി.

കൊയിലാണ്ടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സ്വാലിഹ് വിദേശത്തേക്ക് രക്ഷപ്പെട്ടത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് നാസർ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, കൊല്ലപ്പെട്ട ഇർഷാദ് അവസാനമായി സഹോദരനുമായി നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. എങ്ങനെയെങ്കിലും പണം നൽകി തന്നെ രക്ഷിക്കണമെന്നാണ് ഇർഷാദ് സഹോദരൻ ഫർഷാദിനോട് ആവശ്യപ്പെടുന്നത്.

പന്തിരിക്കര കൊലപാതകത്തിലെ മുഖ്യപ്രതി പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി ഇർഷാദിന്റെ പിതാവ് നാസറും വെളിപ്പെടുത്തിയിട്ടുണ്ട്. ഇർഷാദിന്റെ ഉമ്മയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമയച്ചത്. കേസ് കൊടുത്താൽ ശവം വീട്ടിൽ കൊണ്ടിടുമെന്ന് പറഞ്ഞാണ് സന്ദേശമയച്ചത്. പൊലീസിൽ പരാതിപ്പെട്ട ശേഷവും ഭീഷണിയുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയി രണ്ട് ദിവസം കഴിഞ്ഞാണ് ഇർഷാദ് തന്നെ വിളിച്ചത്. താൻ സ്വർണം കൊടുത്ത ആള് മാറിപ്പോയെന്നും ഉപ്പ അതുപോയി വാങ്ങണമെന്നും പറഞ്ഞു. സമീർ എന്നയാളെ പോയി കണ്ടെങ്കിലും അവൻ നേരിട്ടു വന്നാലെ തരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇതിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. രാഷ്ട്രീയപ്പാർട്ടി നേതാക്കളെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതികൾ ആരായാലും അവരെ പിടിക്കണമെന്നും ഇർഷാദിന്റെ പിതാവ് പറഞ്ഞു. അതിനിടെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തലും പുറത്തുവന്നു. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷി സജിലേഷ് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരൻ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളിൽ ചുവന്ന കാർ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു.

ഇർഷാദിന്റെത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടി?ക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ഫോട്ടോയിൽ ഇർഷാദി?ന്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. ഇർഷാദ് ക്രൂരമായമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി പറയുന്നുണ്ട്.

ഇർഷാദിന്റെ കൈവശം കൊടുത്തയച്ച സ്വർണം കൈമാറാതിരുന്നതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്. ഇർഷാദിനെ കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ അന്വേഷണസംഘം നടപടികൾ തുടങ്ങി. കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP