Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ

കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: 2015 ലാണ് മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പക്ടർ രാജേദ്ര ദോണ്ഡു ഭോസ്‌ലെ വിരമിച്ചത്. അതിന് മുമ്പ് എട്ടുവർഷത്തോളം, 166 പെൺകുട്ടികളെ കാണാതായ കേസുകൾ കൈകാര്യം ചെയ്തു. 165 മിസിങ് കേസുകളിലും ആളെ കണ്ടെത്തി. എന്നാൽ, ഗേൾ നം:166 മാത്രം കാണാമറയത്തായിരുന്നു. പൊലീസിലിരിക്കെ രണ്ടുവർഷവും, വിരമിക്കലിന് ശേഷം ഏഴു വർഷവും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

എന്നാൽ, വ്യാഴാഴ്ച രാത്രി ആ അദ്ഭുതം സംഭവിച്ചു. 2013 ജനുവരി 22 ന്് കാണാതായ പെൺകുട്ടി കുടുംബവുമായി വീണ്ടും ഒത്തുചേർന്നു. കാണാതാകുമ്പോൾ വെറും ഏഴുവയസുപ്രായം. ഇപ്പോൾ 16 വയസ്. കൗതുകകരമായ കാര്യം അന്ധേരി വെസ്റ്റിൽ അവളുടെ സ്വന്തം വീടിന് 500 മീറ്റർ അകലെ താമസിക്കുമ്പോഴാണ് അവളെ കണ്ടെത്തിയത് എന്നതാണ്. ദി ഇന്ത്യൻ എക്‌സപ്രസാണ് ഈ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തത്. 2015 ൽ ഭോസ്‌ലെയുടെ പെൺകുട്ടിയെ തേടിയുള്ള അന്വേഷണത്തെ കുറിച്ച് സൺഡേ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

കാലം മാറി കഥ മാറി

9 വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ, കാര്യങ്ങൾ പാടേ മാറി. പെൺകുട്ടി അന്ധേരിയിലെ ഒരു സൊസൈറ്റിയിൽ കുഞ്ഞുങ്ങളെ നോക്കുന്ന ആയയാണ്. അവളുടെ അച്ഛൻ ഇതിനകം മരിച്ചുപോയിരുന്നു. മകളെ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കണ്ടയുടൻ തന്നെ അമ്മയെയും, അമ്മാവനെയും അവൾ തിരിച്ചറിഞ്ഞു. ശ്വാസമടക്കി പിടിച്ചാണ് പൊലീസ് സംഘം ഈ പുനഃ സമാഗമത്തിന് സാക്ഷ്യം വഹിച്ചത്. ഇരുകൂട്ടരും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞപ്പോൾ പല പൊലീസുകാരും കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു.

കഥ ഇങ്ങനെ:

2013 ജനുവരി 22 ന് മൂത്തസഹോദരനുമായി ഉണ്ടായ ചെറിയ സൗന്ദര്യ പിണക്കമാണ് പെൺകുട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചുകളഞ്ഞത്. മുനിസിപ്പൽ സ്‌കൂളിലേക്ക് പോകുന്ന വഴി ചേട്ടനുമായി പോക്കറ്റ് മണിയെ ചൊല്ലി വഴക്കിട്ടു. പെൺകുട്ടി ആകെ മൂഡൗട്ടായി. ഈ സമയത്താണ് കഥയിലെ വില്ലന്റെ രംഗപ്രവേശം. ഏറെ നാളായി കുട്ടികളില്ലാതിരുന്ന ഹാരി ഡിസൂസ(50) സ്‌കൂളിന് അടുത്ത അലഞ്ഞുതിരിയുന്ന കുട്ടിയെ കണ്ടു. തന്റെയും, ഭാര്യ സോണി(37)യുടെയും കുഞ്ഞിനായുള്ള ദീർഘനാളത്തെ ആവശ്യം ദൈവം സാധിച്ചുതന്നതായി ഡിസൂസയ്ക്ക് തോന്നി. ഡിസൂസ തന്ത്രപൂർവം കുട്ടിയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.

പെൺകുട്ടി വീട്ടിലെത്താതിരുന്നതോടെ, കുടുംബം ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭോസ്ലയാണ് കേസ് അന്വേഷിച്ചത്. പൊലീസ് കുട്ടിയെ അന്വേഷിക്കുന്നതായി അറിഞ്ഞതോടെ ഡിസൂസ വിരണ്ടു. കളി കാര്യമായെന്ന് അയാൾക്ക് മനസ്സിലായി. മാധ്യമങ്ങളിലും വാർത്ത വന്നു. നാട്ടുകാരും പെൺകുട്ടിയെ തിരഞ്ഞ് പ്രചാരണം തുടങ്ങി. പണി പാളുമെന്ന് മനസ്സിലായ ഡിസൂസ പെൺകുട്ടിയെ തന്റെ സ്വദേശമായ കർണാടകയിലെ റായ്ച്ചൂരിലെ ഒരു ഹോസ്റ്റലിലാക്കി.

സ്വന്തം കുഞ്ഞായപ്പോൾ പെൺകുട്ടി അധികപറ്റായി

2016 ൽ ഡിസൂസയ്ക്കും സോണിക്കും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് ജനിച്ചു. പെൺകുട്ടിയെ ഇതിനകം കർണാടകയിൽ നിന്ന് മുംബൈയിൽ തിരിച്ചെത്തിച്ചിരുന്നു. രണ്ടുകുട്ടികളുടെയും കൂടി ചെലവ് താങ്ങാൻ വയ്യാതെ വന്നതോടെ, തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ ബേബി സിറ്ററാക്കി. ഇതിനിടെ, കുടുംബം പല വട്ടം വീടു മാറി. ഒടുവിൽ എത്തിയത് പെൺകുട്ടിയുടെ സ്വന്തം വീടിന്റെ അയൽപക്കമായ അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഭാഗത്തും.

പെൺകുട്ടി വളർന്നതുകൊണ്ട് ആരും തിരിച്ചറിയില്ലെന്നായിരുന്നു ദമ്പതികൾ കരുതിയത്. കാണാതായെന്ന് കാട്ടിയുള്ള പോസ്റ്ററുകളും അപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. മാത്രമല്ല, പെൺകുട്ടി സ്ഥലത്ത് ആരോടും അധികം സംസാരിച്ചിരുന്നുമില്ല. അതിന് ഡിസൂസ അനുവദിച്ചിരുന്നുമില്ല.

പെൺകുട്ടിയോട് ക്രൂരത

ഡിസൂസയുടെ ഭാര്യ സോണി പെൺകുട്ടിയെ പലപ്പോഴും അടിച്ചിരുന്നു. ഡിസൂസയാകട്ടെ മദ്യപിച്ച് വീട്ടിൽ വന്നാലുടൻ, നിന്നെ ഞാൻ തെണ്ടിത്തിരിഞ്ഞു നടക്കുന്നതിനിടെ, കൂട്ടിക്കൊണ്ടുവന്നതാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. തന്റെ മാതാപിതാക്കൾ അല്ല അവരെന്ന് പെൺകുട്ടിക്ക് മനസ്സിലായെങ്കിലും, അവരെ വല്ലാതെ പേടിയായിരുന്നു. എങ്ങനെ രക്ഷപ്പെടണമെന്ന് ഒരു രൂപവും ഇല്ലായിരുന്നു.

വിരമിച്ചിട്ടും അന്വേഷണം തുടർന്ന് ഭോസ്ലെ

വിരമിച്ച ശേഷവും ഭോസ്ലെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞാഴ്ചയും അദ്ദേഹം പെൺകുട്ടിയുടെ അമ്മാവനെ കാണാൻ എത്തിയിരുന്നു. അപ്പോൾ എല്ലാവരും കൂട്ടത്തോടെ കരഞ്ഞു. അവർ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ, താൻ അവളെ കണ്ടെത്തുമെന്ന് ഭോസ്ലെ അപ്പോഴും ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.

രക്ഷകയായത് വീട്ടുജോലിക്കാരി

കഴിഞ്ഞ ഏഴുമാസമായി പെൺകുട്ടി ജോലി ചെയ്തിരുന്ന വീട്ടിലെ ജോലിക്കാരിയാണ് ഒടുവിൽ അവളുടെ രക്ഷകയായത്. അവളുടെ കഥ കേട്ടതോടെ, ജോലിക്കാരി, പെൺകുട്ടിയുടെ പേര് ഗൂഗിൾ ചെയ്തു. കൂടെ 2013 എന്ന വർഷവും. ഡിസൂസ പറഞ്ഞ അറിവ് മാത്രമായിരുന്നു പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. അപ്പോഴാണ് മിസിങ് കേസിനെ കുറിച്ചും തിരച്ചിലിനെ കുറിച്ചുമുള്ള ലേഖനങ്ങളും മറ്റും വായിച്ചത്. ആ ലേഖനങ്ങളിൽ, തന്റെ ഫോട്ടോകൾ കണ്ടതോടെ പഴയ കാര്യങ്ങളെല്ലാം പെൺകുട്ടിക്ക് ഓർമ വന്നു. തന്നെ കാണാതായ അതേ സ്ഥലത്ത് തന്നെയാണ് താൻ ഇപ്പോഴും ജീവിക്കുന്നത് എന്നതടക്കം എല്ലാം കാര്യങ്ങളും ഫ്‌ളാഷ് ബാക്ക് പോലെ മനസ്സിലായി. വീട്ടുജോലിക്കാരിക്കൊപ്പം ഗൂഗിളിൽ തിരഞ്ഞപ്പോൾ, ഒരു മിസിങ് പോസ്റ്ററും, അതിൽ അഞ്ച് കോണ്ടാക്റ്റ് നമ്പറുകളും കണ്ടു. നാലെണ്ണത്തിൽ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. അഞ്ചാമത്തേതിൽ വിളിച്ചപ്പോൾ, അയൽപക്കക്കാരനായ റഫീഖ് ഫോൺ എടുത്തു.

പിടിവള്ളിയായി അയൽക്കാരന്റെ ഫോൺ നമ്പർ

ആദ്യം ഫോൺ കിട്ടിയപ്പോൾ റഫീഖിന് ആകെ സംശയമായിരുന്നു. കാരണം വർഷങ്ങളായി ഇത്തരം നിരവധി കോളുകൾ നമ്പറിലേക്ക് എത്തിയിരുന്നു. ഒരു ഫോട്ടോ കാണിക്കാമോ എന്ന് റഫീഖ്് ചോദിച്ചു. ചൊവ്വാഴ്ച രണ്ടുപേരും കൂടി റഫീഖിനെ വീഡിയോകോൾ ചെയ്തു. റഫീഖ് അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിയുടെ അമ്മയെയും അമമാവനെയും കാണിച്ചു. പെൺകുട്ടിയെ തിരിച്ചറിഞ്ഞതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.

പെൺകുട്ടി ജോലി ചെയ്തിരുന്ന ജൂഹു സൊസൈറ്റിയുടെ വിവരങ്ങൾ ശേഖരിച്ച് ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് സംഘത്തൊടൊപ്പം കുടുംബം അവിടെ എത്തിയപ്പോൾ, താൻ ആയയായി ജോലി നോക്കുന്ന വീട്ടിലെ കുട്ടിയെ പുറത്ത് നടക്കാൻ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് പെൺകുട്ടി പറത്തിറങ്ങിയത്. രാത്രി 8.20 ഓടെ, 9 വർഷത്തിന് ശേഷം പെൺകുട്ടി തന്റെ അമ്മയെ വീണ്ടും കണ്ടു.

മനുഷ്യത്വം ഒരിക്കലും വിരമിക്കുന്നില്ല

തനിക്ക് ആദ്യം കോൾ കിട്ടിയപ്പോൾ, ഭോസ്ലെയ്ക്ക് വിശ്വസിക്കാനായില്ല. മുതിർന്ന ഇൻസ്പക്ടറെ വിളിച്ചാണ് അദ്ദേഹം കാര്യം സ്ഥിരീകരിച്ചത്. പിന്നീട്, താൻ പെൺകുട്ടിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന വി ഡി ഭോയ്‌ട്ടെയെ വിളിച്ചു. 'നിങ്ങൾ, കഴിവിന്റെ പരമാവധി ശ്രമിച്ചു, 99 ശതമാനം സാധ്യതകളും പരീക്ഷിച്ചു. ഒരു ശതമാനം ദൈവാനുഗ്രഹമാണ്', ഭോയ്‌ട്ടെ പറഞ്ഞു.

ഒരു പൊലീസുകാരൻ എന്ന നിലയിൽ നമ്മൾ വിരമിക്കുമായിരിക്കാം. എന്നാൽ, മനുഷ്യത്വം എന്നത് റിട്ടയർമെന്റിന് ഒപ്പം അവസാനിക്കുന്നതല്ല, ഒരുമകളെ നഷ്ടപ്പെടുന്നതിന്റെ വേദന നിങ്ങൾ മനസ്സിലാക്കണം. അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ മനുഷ്യനല്ല, ഭോസ്ലെ പറഞ്ഞു.

ഏതായാലും, ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കും ഭാര്യ സോണിക്കും എതിരെ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, അന്യായമായി തടങ്കലിൽ വയ്ക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദമ്പതികളുടെ ആറുവയസുകാരി മകളെ നോക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ട് സോണിയെ തൽകാലം അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡിഎൻ നഗർ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP