Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലദ്വാരത്തിൽ, ആമാശയത്തിൽ, യോനിയിൽ, അണ്ണാക്കിൽ... എവിടെയും സ്വർണം ഒളിപ്പിക്കും; ഒരു കിലോ കടത്തുമ്പോൾ കിട്ടുക നാലുലക്ഷം; കുഴൽപ്പണം തകർന്നതോടെ യുവാക്കൾ കൂട്ടത്തോടെ സ്വർണ്ണക്കടത്തിലേക്ക്; ഒറ്റിയാൽ ശിക്ഷ മരണം; വിൻസന്റ് ഗോമസുമാർ തൊട്ട് സാഗർ ഏലിയാസ് ജാക്കിമാർ വരെ; ചോര മണക്കുന്ന കനകമാഫിയയുടെ കഥ!

മലദ്വാരത്തിൽ, ആമാശയത്തിൽ, യോനിയിൽ, അണ്ണാക്കിൽ... എവിടെയും സ്വർണം ഒളിപ്പിക്കും; ഒരു കിലോ കടത്തുമ്പോൾ കിട്ടുക നാലുലക്ഷം; കുഴൽപ്പണം തകർന്നതോടെ യുവാക്കൾ കൂട്ടത്തോടെ സ്വർണ്ണക്കടത്തിലേക്ക്; ഒറ്റിയാൽ ശിക്ഷ മരണം; വിൻസന്റ് ഗോമസുമാർ തൊട്ട് സാഗർ ഏലിയാസ് ജാക്കിമാർ വരെ; ചോര മണക്കുന്ന കനകമാഫിയയുടെ കഥ!

എം റിജു

ലദ്വാരത്തിൽ ഒളിപ്പിച്ച കടത്തിയ സ്വർണം പിടിച്ചു'- ഇങ്ങനെ ഒരു വാർത്ത മലബാറുകാർക്ക് കൗതുകം പോലും അല്ലാതായിരിക്കും. കാരണം കരിപ്പൂരിൽനിന്നും കണ്ണൂരിൽനിന്നും, ആഴ്ചക്ക് രണ്ടുതണയെങ്കിലും ഇത്തരം വാർത്തകൾ വരും. മലദ്വാരത്തിൽ മാത്രമല്ല മുനുഷ്യശരീരത്തലെ നവദ്വാരങ്ങളിൽ എവിടെവെച്ചും സ്വർണം ഒളിപ്പിക്കുന്നതിനുള്ള, പ്രത്യേക പരീശീലനം കിട്ടിയ നൂറുകണക്കിന് ആളുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. അണ്ണാക്കിൽ ഒട്ടിച്ചും, യോനിയിൽ ഒളിപ്പിച്ചും, ക്യാപ്സ്യൾ പരുവത്തിലാക്കി വിഴുങ്ങിയും, പേസ്റ്റാക്കി തേച്ച് പിടിപ്പിച്ചുക്കെയുള്ള സ്വർണ്ണക്കടത്ത് ഇന്നും സർവ സാധാരണമാണ്. സ്വർണ്ണപ്പല്ലിന്റെ പെട്ടിയും, അസംബിൾ ചെയ്യാൻ കഴിയുന്ന കൃത്രിമക്കാലായും, കാരറ്റ് ജ്യൂസായുമൊക്കെ ഇവിടെ നിന്ന് കനകം പിടിക്കുന്നു. കസ്റ്റംസിനെയും ഇഡിയുമൊക്കെയേക്കാൾ അപ്ഡേറ്റായാണ്, മലബാറിലെ വിൻസന്റ് ഗോമസുമാരും സാഗർ ഏലിയാസ് ജാക്കിമാരുമൊക്കെ പ്രവർത്തിക്കുന്നത്. കടത്തുന്നതിന്റെ നൂറിൽ ഒന്നേ പിടിക്കപ്പെടുന്നുള്ളൂ. അപ്പോൾ കേരളത്തിലേക്ക് ഗൾഫിൽനിന്നുള്ള സ്വർണ്ണക്കടത്തിന്റെ അളവ് ഒന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സ്വപ്ന സുരേഷ് ഉയർത്തിവിട്ട വിവാദങ്ങളും, നയതന്ത്ര ്വർണക്കടത്തുമൊക്കെ മൂലം വലിയ കോലാലഹലങ്ങൾ സൃഷ്ടിച്ചു. ഇഡിയും എൻഐഎയും തൊട്ട് സിബിഐവരെയുള്ള സകല ഏജൻസികളും ഈ കനകമാഫിയയെ പൊളിക്കാനായി രംഗത്തുണ്ട്. എന്നിട്ടും അവർ തടിച്ചുകൊഴുത്ത് വളരുന്നു. നികുതി വെട്ടിപ്പ് മാത്രമല്ല, ദേശദ്രോഹ പ്രവർത്തനത്തിനുവരെ ഈ പണം പോകുന്നുണ്ട്. കാരണം, ആഗോള അടിസ്ഥാനത്തിൽ ഐസിസും അൽഖായിദയും പോലുള്ള തീവ്രവാദ സംഘങ്ങളുടെ പ്രധാന വരുമാന മാർഗമാണ് ഇത്. പക്ഷേ 'ഈസി മണിക്കുവേണ്ടി' കാരിയർമാർ ആവുന്ന യുവാക്കൾ ഇത് അറിയുന്നില്ല.

ഇപ്പോൾ മലബാറിലെ കനകമാഫിയ വീണ്ടും ചർച്ചയാവാനുള്ള കാരണം, ത്രില്ലർ സിനിമകളോട് കിടപിടിക്കുന്ന രീതിയിലുള്ള ചില സംഭവവികാസങ്ങൾ ആണ്. ഗൾഫിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം അടിച്ചുമാറ്റിയെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് പന്തിരിക്കയിലെ ഇർഷാദ് എന്ന 26കാരനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതോടെയാണ് വാർത്തകളുടെ തുടക്കം. ഈ കേസുമായി ബന്ധപ്പെട്ട സംഭവത്തിലാണ്, തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം വിവാദത്തിലായത്.

 

ഈ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെ, ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കയായിരുന്നു. പക്ഷേ ഇപ്പോൾ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മരിച്ചത് ദീപക്ക് അല്ല, പന്തിരിക്കര സൂപ്പിക്കടയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്റെതാണെന്ന് മനസ്സിലാവുന്നത്. ഇതോടെ ദീപക് എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. ദീപക്കിന്റെ തിരോധാനത്തിനും പിന്നിലും സ്വർണ്ണമാഫിയ ആണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. അതായത് കള്ളക്കടത്ത് പൊന്നിൽ ചോര കലരുകയാണ്, അത് കണ്ണീർപ്പൊന്ന് അവുകയാണ്.

ഹലാൽ സ്വർണ്ണക്കടത്ത്

മലബാറിലെ സ്വർണ്ണക്കടത്തിന്റെ ഏറ്റവും വലിയ ആകർഷണം എളുപ്പത്തിൽ യുവാക്കൾക്ക് പണം ഉണ്ടാക്കാം എന്നതാണ്. ഒരു കിലോ കടത്തുമ്പോൾ കിട്ടുക നാലുലക്ഷം രൂപയാണ്. വിമാന ടിക്കറ്റ് ഫ്രീയാണ്. 'നമ്മൾ ഒന്നും അറിയേണ്ട. വെറുതെ ഇരുന്നുകൊടുത്താൽ മതി' എന്നാണ് കാരിയർമാരായ യുവാക്കൾ പറയുന്നത്. എങ്ങനെ കടത്തണം എന്നതിന് കൃത്യമായ പരിശീലനം നൽകാൻ ഒരു ടീം തന്നെ ഗൾഫിൽ ഉണ്ട്. ഈ കോവിഡ് കാലത്ത് പിപിഇ കിറ്റിനുള്ളിലിട്ടുപോലും അവർ സ്വർണം കടത്തി!

മലബാറിലെ സ്വർണ്ണക്കടത്തിന്റെ ചരിത്രത്തിന്, മലയാളിയുടെ ഗൾഫിലേക്കുള്ള പ്രവാസത്തിന്റെ അത്രതന്നെ, പഴക്കവുമുണ്ട്. എം ടിയും എം പി മുഹമ്മദും ചേർന്ന് എഴുതിയ 'അറബിപ്പൊന്ന്' എന്ന നോവലിലൊക്കെ ഇക്കാര്യങ്ങൾ എടുത്തുപറയുന്നുണ്ട്. പെട്ടെന്ന് സമ്പന്നനായി വരിക എന്ന മലയാളിയുടെ സ്വപ്നത്തെയാണ് സ്വർണ്ണമാഫിയ ചൂഷണം ചെയ്യുന്നത്. ( പക്ഷേ ഇതുകൊണ്ട് കാരിയർമാർ സമ്പന്നർ ആവാറില്ല. കിട്ടിയ കാശ് ദൂബായിലെ ആഡംബര ജീവിതത്തിനു ചൂതാട്ടത്തിനുമായി ചെലവാവുകയാണ്)
കോഴിക്കോട് കൊടുവള്ളിയിലും, കാസർകോട്ടും, തലശ്ശേരിയിലുമെല്ലാം അങ്ങനെയാണ് കുടിൽവ്യവസായംപോലെ കള്ളക്കടത്തു ഗ്രാമങ്ങൾ രൂപപ്പെട്ടത്.

ഇത്തരം കള്ളക്കടത്തു ഗ്രാമങ്ങൾക്ക് ഒരു പ്രത്യേകയുണ്ടാവും. ഇതൊക്കെ കുടുംബ ബിസിനസുകളാണ്. സഹോദരങ്ങളും, ബാപ്പയും, മക്കളുമെല്ലാം ഒരു ടീമായാണ് പ്രവർത്തിക്കുക. അത് പരസ്പരം ഒറ്റലും ശത്രുതയും ഇല്ലാതാക്കും. മാത്രമല്ല സ്വർണ്ണക്കടത്തിനെ ഒരു തൊഴിൽ ആയാണ് ഇവിടെ കണക്കാക്കപ്പെടുത്ത്. പലിശ ഹറാമാക്കിയ ഇസ്ലാമിൽ സ്വർണ്ണക്കള്ളക്കടത്തിനോട് യാതൊരു പ്രശ്നവുമില്ല. അത് അനൗദ്യോഗികമായി ഹലാലാണ്. അതല്ലെങ്കിൽ എല്ലാവരും കണ്ണടക്കുന്നു. ഒരു മൗലവിപോലും ഈ സംഘങ്ങൾക്കെതിരെ പ്രതികരിക്കാറില്ല.

കുഴൽപ്പണത്തിൽ നിന്ന് സ്വർണ്ണക്കടത്തിലേക്ക്

കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ കിഴക്കായി കോഴിക്കോട് വയനാട് ദേശീയപാത 212ൽ ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിച്ചാലും അവിടെ ഒരു കൊടുള്ളിക്കാരനുമുണ്ടാവും എന്നതാണ് ഇവിടെ പ്രചരിക്കുന്ന ഒരു തമാശ.

ഒരു വർഷം നൂറ് കിലോ സ്വർണമാണ് കൊടുവള്ളിയിലേക്ക് എത്തുന്നത് എന്നാണ് നേരത്തെ ഇഡി ഇതുസംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകളെയും കുട്ടികളെയുംവരെ കാരിയർമാരാക്കാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
നാലു മുറക്കാൻ കടയും ഒരു ഹോട്ടലും മാത്രമുള്ള നാടായിരുന്നു, ഇത്. 70കളുടെ തുടക്കത്തിലൊക്കെ കൊടുവള്ളി നഗരത്തിന്റെ ചിത്രം കണ്ടാൽ ആരും അതിശയിച്ചുപോകും. എന്നാൽ പിന്നീട് ഉണ്ടായ ശക്തമായ ഗൾഫ് കുടിയേറ്റം കൊടുവള്ളിയുടെയും ജാതകം തിരുത്തി. നിരവധിപേർ ഗൾഫ് നാടുകളിലേക്ക്, ജോലിയുമായി കടന്നതോടെ ഈ നാടും ചെറിയതോതിൽ സമ്പന്നമാവാൻ തുടങ്ങി.80കളുടെ പകുതിയോടെയാണ് കുഴൽപ്പണ ലോബിയുടെ പേരിൽ ഈ നാട്ടിലേക്ക് മാഫിയ ആദ്യമായി കാലെടുത്തുവെക്കുന്നത്. ജനങ്ങളെ സഹായിക്കുക എന്ന പേരിലാണ് ഇവർ ക്ലച്ചുപിടിച്ചത്. അക്കാലത്ത് സൗദിയിലും മറ്റും ജോലിചെയ്യുന്നവർ നാട്ടിലേക്ക് പണം അയക്കാൻ, ഒരു ദിവസത്തെ കഷ്ടപ്പാണ് ഉണ്ടായിരുന്നു. ഉൾഗ്രാമങ്ങളലുള്ളവർ നഗരത്തിൽ എത്തി പണം അയക്കണം. ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാണ് കുഴൽപ്പണ ലോബി രംഗത്ത് എത്തുന്നത്.

അതായത് നിങ്ങൾ പണം അവിടെ ഒരു ഏജന്റിന്റെ കൈയിൽ കൊടുത്താൽ മാത്രം മതി. സെക്കൻഡുകൾക്കുള്ളിൽ അത് നാട്ടിലെത്തും. ഒരു ട്രാൻസ്ഫർ മണിയുമില്ല. ദിർഹത്തിന്റെയും രൂപയുടെയും വില വ്യത്യാസം മുതലെടുത്ത് കളിക്കുന്ന സംഘമായിരുന്നു ഇതിന് പിറകിൽ.തുടക്കം മുതലേ, ഈ മേഖലയിൽ വന്ന ഒരു പ്രശ്നം ഇതൊരു ബിസിനസ് ആണെന്ന ചിന്ത നാട്ടിൽ പടർന്നു എന്നതാണ്. അല്ലായെ ഇതിനെ ഒരു നിയമ വിരുദ്ധ പ്രവർത്തനമായോ, രാജ്യദ്രോഹകുറ്റമായോ ആരും കണ്ടില്ല. കുഴൽപ്പണ മാഫിയക്ക് മറ്റൊരു സഹായിയേയും കിട്ടി. അതാണ് മണൽമാഫിയ. പൂനൂർ പൂഴയിൽനിന്നും ചെറുപുഴയിൽനിന്നും വൻ തോതിൽ മണൽ കടത്തപ്പെട്ട, ആ സുവർണ്ണകാലം, അടുത്തകാലംവരെയും തുടർന്നു. അങ്ങനെ ഈ മാഫിയാ വിങ്ങ് അതി ശക്തമായി. പക്ഷേ നോട്ട് നിരോധനവും, ജിഎസ്ടിയുമൊക്കെ വന്നതോടെ, ഈ സംഘത്തിന് വലിയ തിരിച്ചടിയായി. ഡിജിറ്റൽ പണമിടപാട് സാർവത്രികമായതും, എന്തിനും കെവൈസി വേണ്ടി വന്നതും അവരുടെ അടപ്പ് തെറിപ്പിച്ചു. അതോടെ കൊടുവള്ളിയിലടക്കമുള്ള കുഴൽപ്പണ സംഘം ഒന്നടങ്കം സ്വർണ്ണക്കടത്തിലേക്ക് മാറി.

വിൻസന്റ് ഗോമസും ജാക്കിമാരും

അധോലോക സംഘങ്ങളെ ആരാധിക്കുന്നവരും ഈ ലോകത്ത് വലിയൊരു വിഭാഗം ഉണ്ടല്ലോ. അങ്ങനെ സാഗർ ഏലിയാസ് ജാക്കിമാരും, വിൻസന്റ് ഗോമസുമാരും ഈ മേഖയിലുണ്ടായി. കൊടുവളൽിലെ വിൻസൻ ഗോമസ് എന്നാണ് മുൻ എം എൽ എ കൂടിയായ കാരാട്ട് റസാഖ് അറിയപ്പെട്ടിരുന്നത്. പത്താംക്ലാസും ഗുസ്തിയുമായി പൊതു രംഗത്ത് ഇറങ്ങിയ റസാഖ് മുസ്ലീലീഗിന്റെ സ്വാധീനംവെച്ച് വളരെ പെട്ടെന്ന് വളർന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഡംബര കാറുകളും കൂറ്റൻ വീടുകളും മറ്റുമുള്ള 'വ്യവസായ' പ്രമുഖനായി അദ്ദേഹം വളർന്നു. പിന്നെ ആയാൾ പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ ലീഗ് വിട്ട് സിപിഎം സഹായാത്രികനായി എത്തുന്നത്.
ഏത് കല്യാണത്തിന് പോയാലും ഒരു പവൻ സ്വർണം കൊടുക്കും, അനാഥാലയവും, സമൂഹവിവാഹം ഉൾപ്പടെ നടത്തി, കാരാട്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയായി. മുസ്ലിംലീഗിന്റെ കോട്ട അയാൾ 2016 അട്ടിമറിച്ച് എംഎൽഎ ആയതും ഈ 'ജനകീയത'മൂലമായിരുന്നു.

പല കള്ളക്കടത്ത് രാജാക്കന്മാരുടെ വീടുകൾ കണ്ടാൽ കണ്ണ് തള്ളിപ്പോകും. റിമോർട്ട് കൺട്രോൾ കൊണ്ട് തുറക്കാൻ കഴിയുന്ന ഗേറ്റും, നീന്തൽക്കുളവും, ഭൂഗർഭ അറയുമൊക്കെയായുള്ള കൊട്ടാര സദൃശ്യമായ വീടുകൾ. മുകളിൽ ഹെലിപ്പാഡ പോലുമുണ്ടെന്ന് പറയുന്ന വീടുകൾ പോലുമുണ്ട്. കനകമാഫിയയുടെ ടോർച്ചറിങ്ങ് കേന്ദ്രങ്ങൾ കൂടിയാണ് ഇത്തരം ഭവനങ്ങൾ. ഇവിടെനിന്ന് പലപ്പോഴും, സ്വർണം നഷ്ടമായ കാരിയർമാരുടെ നിലവിളികൾ കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അതുപോലെ തന്നെ ഒരുപാട് കൊച്ചുകൊച്ച് ഡോണുമാരും ഈ മേഖലയിൽ ഉയർന്നുവന്നു. അതിൽ എറ്റവും പ്രധാനിയാണ്, ഇപ്പോൾ ഇർഷാദിന്റെ മരണത്തിൽ പൊലീസ് തിരയുന്ന 916 നാസർ എന്ന് അറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹ്. സ്വർണം കള്ളക്കടത്തിലൂടെ കോടീശ്വരനായ ഇയാൾ ദുബൈയിലാണ്. നാസറിന്റെ സഹായി കണ്ണൂർ പിണറായി മർഹബയിൽ മർസീദ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു പ്രതി പന്തിരിക്കരയിലെ തറവട്ടത്ത് ഷെമീറിനെ കസ്റ്റഡിയിലെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ ചോദ്യംചെയ്യാനായില്ല.

സ്വർണ്ണക്കടത്തുകാരുടെ രാഷ്ട്രീയ ബന്ധവും പരസ്യമായ രഹസ്യമാണ്.
സ്വർണ്ണക്കടത്തുകാർക്ക് സഹായം ചെയ്യുന്നതിന്റെപേരിൽ എക്കാലത്തും പ്രതിക്കൂട്ടിൽനിന്ന് പാർട്ടിയാണ് മുസ്ലിം ലീഗ്. പക്ഷേ ഇടതുപക്ഷ സ്വതന്ത്രർ എന്നപേരിൽ അറിയപ്പെടുന്ന കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖിനെതിരെയും, കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെതിരെയും സ്വർണ്ണക്കടത്തുകാരെ സഹായിക്കുന്ന എന്ന ആരോപണം ഉയർത്തിരുന്നു. മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ് ഇരുവർക്കുമെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്.

നേരത്തെ കാരാട്ട് ഫൈസൽ എന്ന കള്ളക്കടത്തുകാരന്റെ അരക്കോടിയുടെ കൂപ്പറിൽ ഏറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൽ വിവാദത്തിൽ പെട്ടതും, സ്വർണ്ണക്കടത്തുകാരൻ ഫായീസ് അറബിവേഷത്തിൽ ജയിലിൽ എത്തി ടിപി വധക്കേസ് പ്രതികളെ കണ്ടതും കേരളം ഏറെ ചർച്ച ചെയ്തതാണ്.

വിശ്വാസം അതല്ലേ എല്ലാം

വിശ്വാസം അതല്ലേ എല്ലാം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ പ്രായോഗികമായിട്ടുള്ളത് സ്വർണ്ണക്കടത്തിലാണ്. വെറും വിശ്വാസത്തിന്റെ പുറത്താണ് ഈ കോടികൾ വെച്ചുള്ള കളികൾ. അതുകൊണ്ടുതന്നെ വിശ്വാസ വഞ്ചനക്ക് നൽകുന്ന ശിക്ഷ മരണമാണ്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ 20ഓളം പേരാണ്, പ്രത്യക്ഷമായോ പരോക്ഷമായോ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കള്ളക്കടത്ത് സ്വർണം റാഞ്ചാനായി അർജുൻ അയങ്കിയും കൊടിസുനിയും, കോടാലി ശ്രീധനരും, കാക്ക രഞ്ജിത്തും ഒക്കെ ഉൾപ്പെടുന്ന സംഘങ്ങൾ വേറയുമുണ്ട്. അതുകൊണ്ടുതന്നെ കനകത്തിലൂടെ പലപ്പോഴും ഇവിടെ ചോര ഒഴുകിയിട്ടുമുണ്ട്.

കഴിഞ്ഞ മെയ് 15ന് പെരിന്തൽമണ്ണയിൽ ഉണ്ടായി ഇതുപോലെ ഒരു ക്രൂരമായ കൊലപാതകം. അഗളി സ്വദേശി വാക്യത്തൊടി അബ്ദുൾ ജലീലി (42)ന് നാലുദിവസത്തോളമാണ് ക്രൂരമായ പീഡനമേറ്റത്. മെയ്‌ 15ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടുവന്ന സംഘം 19ന് രാവിലെയാണ് അവശനിലയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ജലീൽ മരിച്ചു. വിവിധ കേന്ദ്രങ്ങളിലെത്തിച്ച് മൂർച്ചയുള്ള ആയുധംകൊണ്ട് ശരീരമാസകലം കീറിവരഞ്ഞായിരുന്നു പീഡനം. ബോധരഹിതനായപ്പോൾ സ്വന്തംനിലയ്ക്ക് ചികിത്സ നൽകി. നില വഷളായപ്പോൾ അപകടത്തിൽ പരിക്കേറ്റ് കിടക്കുകയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു.

കോഴിക്കോട്ടെ ഇർഷാദിന്റെ മരണത്തിന് സമാനമായിരുന്നു ഒന്നരമാസം മുമ്പ് കൊല്ലപ്പെട്ട കാസർകോട് മുഗു സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകവും.
വിദേശത്തു നിന്നെത്തിയ അബൂബക്കർ സിദ്ദിഖിനെ ജൂൺ ഇരുപത്തി ആറിനാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. വിദേശത്തേക്ക് കടത്തിവിട്ട ഡോളർ അവിടെ എത്തിച്ചില്ലെന്ന പേരിലാണ് സിദ്ദിഖിനെയും സഹോദരൻ അൻവർ, സുഹൃത്ത് അൻസാരി എന്നിവരെ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. കോഴിക്കോട്ടെ ഇർഷാദിനുണ്ടായ അനുഭവവും സമാനം തന്നെ. സംസ്ഥാനത്ത് കള്ളക്കടത്തു സംഘം വിളയാടുന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവുകളാണ് ഇവർ രണ്ടു പേരും.

സിദ്ദിഖിന്റെ മരണത്തോടെ അനാഥരായത് പത്തുമാസം പ്രായമുള്ള കുഞ്ഞും ഭാര്യയുമാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കോഴിക്കോട്ടെ ഇർഷാദും. സിദ്ദിഖിന്റെ കൊലപാതകത്തിൽ ക്വട്ടേഷൻ നൽകിയ പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പക്ഷേ ഈ മാഫിയയുടെ വേര് അറുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ല. ഇതുപോലെ എത്രയെത്രപേർ.

അമിത്ഷാ പോരും പരാർമശിച്ച 'അപകടം'

വാഹനാപകടങ്ങളുടെ പേരിൽ ഈ മാഫിയ ഉണ്ടാക്കുന്ന ദുരൂഹ മരണങ്ങൾ ഇതിന് പുറമേയാണ്. രണ്ടുവർഷംമുമ്പ് ബിജെപിയുടെ വിജയയാത്ര സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്നാണ് മുഖ്യമന്ത്രിയോടുള്ള അമിത് ഷായുടെ എട്ടു ചോദ്യങ്ങളിൽ ഒന്ന്. ആരുടെ ദുരൂഹ മരണം ആണിതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി അന്ന് കൊടുവള്ളി എം എൽ എ ആതിരുന്ന കാരാട്ട റസാഖ് എംഎൽഎ രംഗത്തെത്തിയത്. തന്റെ സഹോദരന്റെ അപകടമരണത്തിൽ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്.

'സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടര വർഷമായി. മരണം സംബന്ധിച്ച ആദ്യ ഘട്ട അന്വേഷണത്തിൽ പാളിച്ചയുണ്ടായിരുന്നു. അന്ന് എഫ്. ഐ. ആർ ഇടാൻ അല്പം വൈകി. താനും മുഖ്യമന്ത്രിയും ഇടപെട്ടതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലായത്. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കിൽ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു'- കാരാട്ട് റസാഖ് പറഞ്ഞു.

കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ 2018 ഒക്ടോബറിലാണ് താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികൾക്ക് അപകടത്തിൽ സാരമായി പരിക്കേൽക്കുകയും ചെയ്തു. അബ്ദുൾ ഗഫൂറും സംഘവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പക്ഷേ ഈ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഇർഷാദും ദീപക്കും സൂചകങ്ങൾ

എറ്റവും ഒടുവിലായാണ് കോഴിക്കോട് നിന്ന് മൃതദേഹമാറ്റവും ഇർഷാദിന്റെ മരണവും, രഞ്ജിത്തിന്റെ തിരോധാനവും വലിയ ചർച്ചയാവുന്നത്. അബുദാബിയിലായിരുന്ന മേപ്പയ്യൂർ സ്വദേശി ദീപക് ഒന്നര വർഷം മുമ്പാണ്. നാട്ടിലെത്തിയത്. തുണിക്കട നടത്തിയിരുന്ന ഇയാൾ ജൂൺ മാസം ആറിനാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഇടയ്ക്ക് ദൂരെ യാത്ര ചെയ്യാറുണ്ടെങ്കിലും ഇക്കുറി ഒരുമാസമായിട്ടും വിവരം ഒന്നുമില്ലാതായതോടെയാണ് ജൂലൈ ഒൻപതിന് ബന്ധുക്കൾ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തി. ജീർണിച്ച മൃതദേഹം ദീപക്കിന്റെ ബന്ധുക്കൾ പരിശോധിച്ചു.

മൃതദേഹത്തിന് ദീപക്കുമായി സാമ്യമുണ്ടായിരുന്നെങ്കിലും അമ്മയ്ക്കം അടക്കം പലർക്കും സംശയമുണ്ടായിരുന്നു. തിരിച്ചറിയൽ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ മൃതദേഹം വിട്ടുനൽകിയെങ്കിലും സംശയമുള്ളതിനാൽ ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഈ പരിശോധനയിലാണ്് മരിച്ചത് ദീപക് അല്ലെന്ന് തിരിച്ചറിയാൻ കാരണം. മൃതദേഹം ഹൈന്ദവാചാര പ്രകാരമാണ് സംസ്‌ക്കരിച്ചത്. അമ്മയുടെ എതിർപ്പുണ്ടായിരുന്നിട്ടും എന്തിനാണ് ധൃതിപിടിച്ച് മൃതദേഹം സംസ്‌ക്കരിച്ചത് എന്ന ചോദ്യവും ഇപ്പോൾ ഉയരുകയാണ്. ദീപക്കും പ്രവാസിയായിരുന്നു എന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. ഇടക്കിടെ ഗൾഫിൽ പോയി വരുന്നത് സ്വർണ്ണക്കടത്തിന് വേണ്ടിയാണെന്നാണ് ആരോപണം.

അതിനിടെ നേരത്തെ കള്ളക്കടത്തുകാർ മൊഴി നൽകിയതിനിൽനിന്ന് ഭിന്നമായി ഇർഷാദിനെ കൊലപ്പെടുത്തുക ആയിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.തട്ടിക്കൊണ്ടുപോകപ്പെട്ട ഇർഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്നാണ് നേരത്തെ അറ്സ്റ്റിലായ, സ്വർണ്ണക്കടത്ത് സംഘത്തിനുള്ളവർ പറയുന്നത്. 916 നാസർ എന്ന കള്ളക്കടുത്ത രാജാവിന് വേണ്ടിയാണ് സ്വർണം കടത്തിയിരുന്നു. നാസർ സംഘമാണ് ഇർഷാദിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

മർദനമേറ്റ് അവശനായ ഇർഷാദിനെ കാറിൽ കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിട്ടതായിരിക്കാമെന്നാണ് പൊലീസ് നിഗമനം. തട്ടിക്കൊണ്ടുപോയവർ വീട്ടുകാർക്ക് അയച്ചുകൊടുത്ത ചിത്രത്തിൽ ഇർഷാദിന്റെ രണ്ടു കൈകളും ബന്ധിച്ചനിലയിലാണ്. മാരകമായ മർദനത്തിനിരയായിട്ടുണ്ടെന്ന് സംഘം അയച്ചുകൊടുത്ത ചിത്രത്തിൽ വ്യക്തമാണ്. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നെറ്റിയിൽ മുറിവുണ്ടായിരുന്നതായി വിവരമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇർഷാദിന്റെ മൃതദേഹം മേപ്പയ്യൂരിൽനിന്ന് കാണാതായ ദീപക്കിന്റേതാണെന്നുകരുതി ഏറ്റുവാങ്ങി ദഹിപ്പിച്ചതിനാൽ റീ പോസ്റ്റുമോർട്ടത്തിന് സാധ്യതയില്ല. ഈ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാണ്.

ദുബായിൽനിന്നു വരുമ്പോൾ കൊണ്ടുവന്ന 60 ലക്ഷംരൂപ വിലവരുന്ന സ്വർണം നൽകണമെന്നാവശ്യപ്പെട്ടാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

പ്രശ്നം നികുതിയിലെ അന്തരം

പക്ഷേ ഇങ്ങനെ പിടിക്കുന്നൊക്കെ ഉണ്ടെങ്കിലും കനകമാഫിയയുടെ വേര് അറുക്കാൻ ആർക്കും കഴിയുന്നില്ല. ഗൾഫിലെ ഭരണാധികാരികൾ തൊട്ട് കേരളത്തിലെ മന്ത്രിമാരും എംഎൽഎമാരും തൊട്ട് പ്രദേശികമായ ഗുണ്ടകൾവരെ അറിഞ്ഞോ അറിയാതെയോ അണിചേരുന്ന ഒരു വലിയ മനുഷ്യച്ചങ്ങലയാണിത്. പിന്നെ കള്ളക്കടത്തിന്റെ ചരിത്രം നോക്കിയാൽ അത് അങ്ങനെ തന്നെയാണ്. ലോകത്തിൽ ഒരിടത്തും നിയമമൂലം മാഫിയകളെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തിലെ എറ്റവും വലിയ മാഫിയാ തലവൻ എന്ന് അറിയപ്പെടുന്ന ലക്കി ലൂസിയാനോവരെ വളർന്നത്, അമേരിക്കയിലെ മദ്യ നിരോധനത്തിന്റെ ചുവടുപിടിച്ചാണ്. ഇന്ത്യയിൽ നരസിംഹറാവു സർക്കാർ കൊണ്ടുവന്ന ഉദാരീകരണത്തിന് മുമ്പുള്ള അവസ്ഥ ഓർത്തുനോക്കണം. വിദേശകമ്പനകളുടെ വാച്ചും, ടീവിയുമൊക്കെ ഇവിടെ കള്ളക്കടത്തിൽ വന്നിരുന്നു. തെക്കൻ കേരളത്തിലെ പലയിടത്തും ഇങ്ങനെയുള്ള ഗ്രാമങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്.

അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും വലിയ പോംവഴി സ്വർണ്ണത്തിന്റെ അധിക നികുതി എടുത്തകളയുക എന്നത് മാത്രമാണെന്നാണ് ചില സാമൂഹിക ശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇക്കണോമിസ്റ്റുകൾക്ക് ഇതിനോട് യോജിപ്പില്ല. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും നമ്മുടെ നാട്ടിൽ സ്വർണ്ണകള്ളക്കടത്ത് കുറയുകയുമില്ല.

വാൽക്കഷ്ണം: കസ്റ്റസിന്റെയും പൊലീസിന്റെയുമൊക്കെ ഐപിഎസ് ബുദ്ധിയേക്കാൾ മുകളിലാണ് പത്താംക്ലാസുകാരായ കള്ളക്കടത്തുകാരുടെ ബുദ്ധി. എറ്റവും ഒടുവിലായി, സ്വർണ മിശ്രിതം തേച്ചു പിടിപ്പിച്ച ജീൻസ് പാന്റ്സ് ധരിച്ച് കടത്താനുള്ള ശ്രമമാണ് കണ്ണൂരിൽ പിടികൂടിയത്. 15 ലക്ഷം രൂപയ്ക്ക് തുല്യമായ 302 ഗ്രാം സ്വർണമാണ പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം പാന്റിൽ തേച്ച് പിടിപ്പിച്ച് അതിനു മുകളിൽ തുണി തുന്നിച്ചേർത്താണു കടത്താൻ ശ്രമിച്ചത്. ഈ ബുദ്ധിയും പ്രതിഭയുമൊക്കെ ഇവർ നല്ല നിലക്ക് ഉപയോഗിക്കയാണെങ്കിൽ ഈ നാട് എവിടെ എത്തിയേനെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP