Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തയ്വാൻ മിസൈൽ പദ്ധതിയുടെ ഉപമേധാവി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഹോട്ടൽ മുറിയിൽ ഇന്ന് പുലർച്ചെ; ഹൃദയാഘാതമെന്ന് സംശയം; ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം തയ്വാന്റെ മിസൈൽ നിർമ്മാണ പദ്ധതികളെ ബാധിക്കും; നിശബ്ദമായി ചൈന തായ് വാനെതിരെ പണി തുടങ്ങിയോ? അമേരിക്കയുടെ പ്രതികരണവും നിർണായകമാകും

തയ്വാൻ മിസൈൽ പദ്ധതിയുടെ ഉപമേധാവി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഹോട്ടൽ മുറിയിൽ ഇന്ന് പുലർച്ചെ; ഹൃദയാഘാതമെന്ന് സംശയം; ഉന്നത ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം തയ്വാന്റെ മിസൈൽ നിർമ്മാണ പദ്ധതികളെ ബാധിക്കും; നിശബ്ദമായി ചൈന തായ് വാനെതിരെ പണി തുടങ്ങിയോ? അമേരിക്കയുടെ പ്രതികരണവും നിർണായകമാകും

മറുനാടൻ ഡെസ്‌ക്‌

തായ്‌പേയ്: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനം ചൈനയെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ ചൈന യുദ്ധ കാഹളം മുഴക്കി രംഗത്തുവന്നിരുന്നു. എന്നാൽ ചൈനക്ക് മുന്നിലുള്ളത് യുക്രൈൻ അധിനിവേശം നടത്തിയ റഷ്യക്ക് സമാനമായ അവസ്ഥ ചൈന ആഗ്രഹിക്കുന്നില്ലെന്നതാണ് പുറത്തുവന്ന സൂചനകളും. എന്നാൽ, പ്രത്യക്ഷ യുദ്ധത്തിന് പകരം ചൈനയുടെ മാർഗ്ഗം ഒളിയുദ്ധമാണോ എന്ന സംശയം ഉയർത്തുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തായ്വാന്റെ മിസൈൽ വികസന പദ്ധതിക്കു നേതൃത്വം നൽകുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. തയ്വാൻ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസർച് ഡെവലപ്‌മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഹൃദയഘാതം മൂലമാണ് മരണമെന്നാണ് പുറത്തുവന്ന വാർത്തകൾ. ഇക്കാര്യമാണ് അദ്ദേഹത്തിന്റെ കുടുംബവും വ്യക്തമാക്കുന്നത്.

തയ്വാൻ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ ചുങ്ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ, ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ഇന്നു പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.

തയ്വാന്റെ മിസൈൽ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ചുമതല ഈ വർഷം ആദ്യമാണ് ഇദ്ദേഹം ഏറ്റെടുത്തതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തയ്വാന്റെ മിസൈൽ നിർമ്മാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയർത്താനുള്ള നടപടികൾ മുന്നോട്ടു പോകുമ്പോഴാണ് നേതൃസ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ മരണം. ചൈനയിൽ നിന്നുള്ള സൈനിക വെല്ലുവിളി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാനാണ് തയ്വാൻ മിസൈൽ സംവിധാനം പരിഷ്‌കരിക്കുന്നത്.

നാൻസി പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തയ്വാനെ ഉന്നമിട്ട് ചൈന നടത്തുന്ന സൈനിക അഭ്യാസം ശക്തമായി തുടരുന്നതിനിടെയാണ് രാജ്യത്തിന്റെ മിസൈൽ പദ്ധതിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അതേസമയം യു.എസ് പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിക്കും കുടുംബത്തിനും ഉപരോധം ഏർപ്പെടുത്തി ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്‌വാന് ചുറ്റും തുടരുന്ന ചൈനയുടെ സൈനികാഭ്യാസത്തിൽ നൂറിലധികം യുദ്ധവിമാനങ്ങളും പത്ത് യുദ്ധക്കപ്പലുകളും പങ്കെടുത്തുവെന്ന് ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസി 'സിൻഹുവ' വ്യക്തമാക്കി. തായ്‌വാൻ തീരത്ത് വിവിധ യുദ്ധാവശ്യങ്ങൾക്കുള്ള പടക്കപ്പലുകളും വിമാനങ്ങളും ചേർന്നുള്ള സംയുക്ത പരിശീലനമാണ് നടത്തിയത്. തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. നവീകരിച്ച മിസൈലുകളും ചൈന പരീക്ഷിച്ചിട്ടുണ്ട്. ഇത് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്ന് അവർ പറയുന്നു.

നാൻസി പെലോസിയുടെ സന്ദർശനത്തിലുള്ള പ്രതിഷേധമാണ് ചൈനയെ പ്രകോപിപ്പിച്ചത്. കാൽ നൂറ്റാണ്ടിനിടെ, തായ്‌വാനിലെത്തുന്ന ഏറ്റവും ഉയർന്ന യു.എസ് പ്രതിനിധിയാണ് പെലോസി. പെലോസിക്കും കുടുംബത്തിനുമുള്ള ഉപരോധത്തിന്റെ സ്വഭാവം, കാലപരിധി തുടങ്ങിയവ വെളിപ്പെടുത്തിയിട്ടില്ല. ചൈനയുടെ ഗൗരവകരമായ ആശങ്കകളെ പെലോസി അവഗണിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് പ്രകോപനപരമാണ്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കുറച്ചുകാണുന്നതുമാണ്. -ചൈന വ്യക്തമാക്കി.

തായ്‌വാൻ സ്വന്തംനിലക്ക് വിദേശ ബന്ധമുണ്ടാക്കുന്നത് ചൈന അംഗീകരിക്കുന്നില്ല. ദശാബ്ദങ്ങളായി ചൈനക്കും തായ്‌വാനുമിടയിൽ കരുതൽ മേഖലയായി (ബഫർ സോൺ) നിലനിൽക്കുന്ന കടലിടുക്കിലെ തായ്‌വാൻ ഭാഗത്തേക്ക് ചൈന വെള്ളിയാഴ്ച രാവിലെ പടക്കപ്പലുകളും സൈനിക വിമാനങ്ങളും അയച്ചതായി തായ്‌വാൻ വ്യക്തമാക്കി. വ്യാഴാഴ്ച ചൈന സൈനികാഭ്യാസം തുടങ്ങിയതു മുതൽ അഞ്ചു മിസൈലുകൾ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയുള്ള ഹതെറുമ ദ്വീപിന് സമീപം പതിച്ചതായി ജപ്പാൻ പ്രതിരോധ മന്ത്രി നൊബുവോ കിഷി പറഞ്ഞു. ഇതിൽ ജപ്പാൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ചൈനയുടെ ദക്ഷിണ-കിഴക്കൻ തീരമായ ഫുജിയാനിൽ നിന്ന് തൊടുത്ത നാലു മിസൈലുകൾ തായ്‌വാന് മുകളിലൂടെയാണ് പറന്നതെന്ന് കരുതുന്നതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യു.എസ് ഉദ്യോഗസ്ഥരുടെ തായ്‌വാൻ സന്ദർശനം തടയാൻ ചൈനക്കാവില്ലെന്ന് നാൻസി പെലോസി ടോക്യോയിൽ പറഞ്ഞു. പെലോസിയുടെ ഏഷ്യ സന്ദർശനം ജപ്പാനിൽ പൂർത്തിയാകും.സൈനികാഭ്യാസത്തിനെതിരെ പ്രതികരിച്ച ഏഴ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളെ ചൈന വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

അതിനിടെ, ചൈനയുടെ സൈനികാഭ്യാസത്തിനെതിരെ യു.എസും രംഗത്തുവന്നു. ഇത് പ്രകോപനപരവും നിരുത്തരവാദപരമായ നടപടിയുമാണെന്ന് യു.എസ് അഭിപ്രായപ്പെട്ടു. ചൈന 11 ബാലിസ്റ്റിക് മിസൈലുകളാണ് തായ്‌വാനു ചുറ്റും അയച്ചത്. അവർ അമിത പ്രതികരണം നടത്തുകയാണെന്നും ഇതിന് പെലോസിയുടെ സന്ദർശനം മറയാക്കുകയാണെന്നും യു.എസ് ദേശീയ സുരക്ഷ കോഓഡിനേറ്റർ (സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ്) ജോൺ കിർബി ആരോപിച്ചു. ചൈന ഇത്തരം നടപടികൾ സ്വീകരിക്കുമെന്ന് മുമ്പേ കരുതിയതാണെന്നും പടിഞ്ഞാറൻ പസഫിക്കിലെ കടലും ആകാശവും ഉപയോഗിക്കുന്നത് അമേരിക്ക അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP