Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 468 കിലോമീറ്റർ പാത; നിർമ്മാണ ചെലവ് വരുന്നത് 6500 കോടി രൂപ; രണ്ട് റീച്ചിൽ നിർമ്മാണം തുടങ്ങി; ഡിപിആർ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ; കെ റെയിൽ പദ്ധതിയിലെ മോഹം പൊലിഞ്ഞപ്പോൾ റോഡ് വികസനത്തിന്റെ വേഗം കൂട്ടാൻ പിണറായി സർക്കാർ

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 468 കിലോമീറ്റർ പാത; നിർമ്മാണ ചെലവ് വരുന്നത് 6500 കോടി രൂപ; രണ്ട് റീച്ചിൽ നിർമ്മാണം തുടങ്ങി; ഡിപിആർ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ; കെ റെയിൽ പദ്ധതിയിലെ മോഹം പൊലിഞ്ഞപ്പോൾ റോഡ് വികസനത്തിന്റെ വേഗം കൂട്ടാൻ പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നര ലക്ഷം കോടി ചിലവു വരുന്ന കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഇനി അധികം മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരള സർക്കാർ. പദ്ധതിക്ക് അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വന്നിട്ടില്ല. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും പരിതാപകരമായ അവസ്ഥയിലാണ്. അതുകൊണ്ടും കെ റെയിൽ മുന്നോട്ടു പോകില്ലെന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ റെയിൽ മോഹം തൽക്കാലം ഉപേക്ഷിച്ചു റോഡ് മാർഗ്ഗത്തിൽ യാത്ര ചെയ്യാനാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്.

കാലങ്ങൾക്ക് മുമ്പ് എ കെ ആന്റണി സർക്കാറിന്റെ കാലത്ത് തുടങ്ങിവെച്ച തീരദേശ ഹൈവേ നിർമ്മാണം ത്വരിതപ്പെടുത്താനാണ് സർക്കാറിന്റെ തീരുമാനം. സംസ്ഥാനത്തു തെക്ക് - വടക്ക് തീരദേശത്തെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന തീരദേശ ഹൈവേയുടെ നിർമ്മാണം രണ്ടു റീച്ചുകളിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ പടിഞ്ഞാറേക്കര -ഉണ്യാൽ, മൊയ്തീൻ - പള്ളികെട്ടുങ്ങൽ റീച്ചുകളിലാണു കരാർ നൽകി നിർമ്മാണം തുടങ്ങിയത്. തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കിലോമീറ്റർ പാതയിൽ 468 കി.മീ. റോഡ് ആണ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) നിർമ്മിക്കുന്നത്. 155 കി.മീ. ഭാഗം ഒഴിവാക്കിയത് തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചു ദേശീയപാത അഥോറിറ്റി നിർമ്മിക്കുന്ന ഭാരത്മാല പദ്ധതിയിൽ ഏകദേശം 120 കി.മീറ്ററും മറ്റു റോഡ് നിർമ്മാണ പദ്ധതികളിലായി 35 കി.മീറ്ററും ഉൾപ്പെടുന്നതിനാലാണ്.

തിരുവനന്തപുരം ജില്ലയിലെ രണ്ടു റീച്ചുകൾ, കോഴിക്കോട് ജില്ലയിലെ ഒരു റീച്ച് ഒഴികെ സ്ഥലങ്ങളിൽ സ്ഥലമേറ്റെടുക്കാൻ വിജ്ഞാപനം ഇറങ്ങിയിരുന്നു. ചിലയിടങ്ങളിൽ നിർമ്മാണത്തിനു കരാറും ആയി. ചില റീച്ചുകൡ കരാർ നടപടികൾ പുരോഗമിക്കുന്നു. തീരദേശ ഹൈവേയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. നാറ്റ്പാക് തയാറാക്കിയ അലൈന്മെന്റിന് 5 വർഷം മുൻപ് സർക്കാർ അംഗീകാരം നൽകിയെങ്കിലും ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കലിനു തടസ്സമുള്ളതിനാലും വളവുകൾ നിവർക്കേണ്ടതിനാലും അലൈന്മെന്റ് മാറ്റം വരുത്തിയിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചില മാറ്റങ്ങൾ വരുത്താനുണ്ട്.

ഓരോ ജില്ലയിലെയും മാറ്റം വരുത്തിയ അലൈന്മെന്റ് മാത്രം തുടർന്നു സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സ്ഥലമെടുപ്പ് പൂർണമാകാൻ 2 വർഷം വരെ വേണ്ടി വരും. വികസന പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയാണു തീരദേശ ഹൈവേക്കും. പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതു തീരദേശ വികസന കോർപറേഷനാണ്. ആകെ 6500 കോടി രൂപയാണു പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ്.

അതേസമയം സ്ഥലം ഏറ്റെടുക്കൽ അടക്കം വിവാദത്തിന് ഇടയാക്കാൻ സാധ്യതയുള്ളപ്പോൾ സ്ഥലമേറ്റെടുക്കുമ്പോൾ പതിവായി സ്ഥാപിക്കുന്ന മഞ്ഞ നിറത്തിലുള്ള കല്ലുകൾക്കു പകരം തീരദേശ ഹൈവേക്കു പിങ്ക് നിറമുള്ള കല്ല് സ്ഥാപിക്കാൻ തീരുമാനം. സിൽവർലൈൻ പദ്ധതിക്കു മഞ്ഞക്കുറ്റികൾ നാട്ടിയത് വിവാദമായിരുന്നു. എന്നാൽ തീരദേശത്തു കൂടി നിർമ്മിക്കുന്ന റോഡ് ആയതിനാൽ പലയിടത്തും തീരപരിപാലന നിയമപ്രകാരം അതിർത്തി തിരിച്ചിട്ടുള്ളതു മഞ്ഞ കല്ലുകൾ ഉപയോഗിച്ചാണെന്നും ആശയക്കുഴപ്പം ഒഴിവാക്കാനാണു സ്ഥലമെടുപ്പിന്റെ കല്ലിനു നിറം മാറ്റിയതെന്നുമാണു വിശദീകരണം.

ദേശീയപാത 66 വഴി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദൂരം 574 കിലോമീറ്ററാണ്. ഈ ദൂരത്തേക്കാൾ 106 കിലോമീറ്ററോളം കുറവാണെന്നതിനാൽ അതിലും വേഗത്തിൽ എത്താമെന്നതാണ് തീരപാതയുടെ പ്രധാന നേട്ടം. വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുമെന്നതിനാൽ ചരക്ക് നീക്കത്തിനും തീരദേശ ഹൈവേ വേഗം കൂട്ടും. തീരദേശ മേഖലയുടെ വികസനത്തിന് പുറമെ വിനോദ സഞ്ചാരരംഗവും പുരോഗമിക്കും. സ്ഥലമേറ്റെടുപ്പിന് തുക അനുവദിക്കാനാവില്ലെന്ന ആദ്യ നിലപാട് കിഫ്ബി മാറ്റിയതോടെയാണ് നടപടിക്ക് വേഗമായത്. നിർമ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് അവലോകനത്തിനുശേഷം കിഫ്ബിക്ക് സമർപ്പിക്കും.

പാത കടന്നു പോകുന്ന ജില്ലകളിൽപ്പെട്ട 44 നിയോജക മണ്ഡലങ്ങളിലെ എംഎ‍ൽഎമാരുടെ സഹായത്തോടെ സ്ഥലം ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലംതീരെ ഇല്ലാത്ത ഭാഗത്ത് പാത തിരിച്ചു വിടുകയോ ഫ്‌ളൈഓവർ നിർമ്മിക്കുകയോ ചെയ്യും.2022ൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2019 മാർച്ച് 10ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മലപ്പുറം ജില്ലയിൽ ഒന്നാം സ്‌ട്രെച്ചിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.പിങ്ക് കല്ലുകൾസർവേയ്ക്ക് സാധാരണ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് ഇടാറുള്ളതെങ്കിലും സിൽവർലൈൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിങ്ക് കല്ലുകളാവും ഉപയോഗിക്കുക. ഒൻപത് ജില്ലകൾപത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ഒഴികെയുള്ള ഒൻപത് ജില്ലകളെ പാത ബന്ധിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP